വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 59

ആത്മനഷ്ടം അപരിഹാര്യം 

1. നിത്യരക്ഷ നഷ്ടപ്പെടുത്താനിടയാക്കുന്ന പാപത്തേക്കാൾ മാരകമായ മറ്റൊന്നില്ല.  മറ്റു  തെറ്റുകൾ  ഒരുപക്ഷേ പരിഹരിക്കാൻ സാധിച്ചേക്കാം.; ഒരു വ്യക്തിക്ക് ഏതെങ്കിലും  പദവി നഷ്‌ടപ്പെടുകയാണെങ്കിൽ, ഒരുപക്ഷേ കാലക്രമേണ അയാൾക്ക് അതു വീണ്ടെടുക്കാൻ സാധിച്ചേക്കാം; വസ്തുക്കൾ  നഷ്ടപ്പെട്ടാൽ, അവയ്ക്കു പകരം വേറെ സാധനങ്ങൾ നേടിയെടുക്കാൻ  അയാൾക്കു കഴിഞ്ഞേക്കാം, എന്നാൽ സ്വന്തം  ആത്മാവു  നഷ്ടപ്പെട്ടാൽ, അയാൾക്കു പിന്നെ അതിനു പരിഹാരമോ ഇനിയുമൊരു വീണ്ടെടുപ്പിൻറെ പ്രതീക്ഷയോ ഒന്നുമില്ല. മനുഷ്യന്  ഒരിക്കൽ മാത്രമേ  മരിക്കാൻ  കഴിയുകയുള്ളൂ;  ഒരിക്കൽ അവൻറെ ആത്മാവു  നഷ്ടപ്പെട്ടാൽ, അത് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. നിത്യത മുഴുവനിലും അതിനെ സംരക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഓ ദൈവമേ, കഴിഞ്ഞ കാലങ്ങളിൽ  മോക്ഷം കിട്ടാൻ യാതൊരു പ്രത്യാശയും ഇല്ലാത്ത വിധത്തിൽ  നരകത്തിൽ പാർക്കാൻ അർഹതപ്പെട്ടിരുന്നതും, എന്നാൽ ഇപ്പോൾ അങ്ങയെ സ്നേഹിക്കുകയും മറ്റെല്ലാ തിന്മകൾക്കുമുപരിയായി അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിൽ ദുഃഖിക്കുകയും, അങ്ങയുടെ കരുണ പ്രതീക്ഷിക്കുകയും, അങ്ങയുടെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന ഈ നികൃഷ്ട പാപിയെ കടാക്ഷിക്കണമേ. 

2. “അതിനാൽ ഞങ്ങൾ കുറ്റക്കാരാണ്, ഞങ്ങളുടെ തെറ്റിനു പരിഹാരമില്ല, ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം  പരിഹാരം ഉണ്ടാവുകയുമില്ല” എന്നു പറഞ്ഞുകൊണ്ടു കഠിനമായി വിലപിക്കുകയല്ലാതെ, നരകത്തിലുള്ള നിർഭാഗ്യരായ ആത്മാക്കൾക്കു മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുമോ?  ഓ! എൻറെ രക്ഷകാ, ഞാൻ നരകത്തിലായിരുന്നുവെങ്കിൽ, എനിക്കു പിന്നീടൊരിക്കലും  പശ്ചാത്തപിക്കാനോ അങ്ങയെ സ്നേഹിക്കാനോ കഴിയുമായിരുന്നില്ല. ഞാൻ നരകത്തിന് അർഹനായിരുന്നെങ്കിലും, വളരെയധികം ക്ഷമയോടെ അങ്ങ് എന്നെ സഹിച്ചതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു; ഇപ്പോൾ എനിക്കു പശ്ചാത്തപിക്കുവാനും അങ്ങയെ സ്നേഹിക്കുവാനും കഴിയുന്നതുകൊണ്ടു അങ്ങയുടെ അനന്തനന്മയെ നിന്ദിച്ചതിൽ ഞാൻ ആത്മാർഥമായി പശ്ചാത്തപിക്കുകയും എല്ലാറ്റിനുമുപരി, ഞാൻ എന്നെ സ്നേഹിക്കുന്നതിനെക്കാൾ അധികമായിത്തന്നെ, അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. ഓ യേശുവേ, അങ്ങയെ സ്നേഹിക്കുന്നതിൽ നിന്നു വിരമിക്കാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ. 

3. ഓ, നരകത്തിലുള്ള ആത്മാക്കളെ  സംബന്ധിച്ചിടത്തോളം, തങ്ങൾ നശിച്ചുപോകുന്നതിനുമുൻപ്   സ്വന്തം   തെറ്റ് അവർ അറിഞ്ഞിരുന്നുവെന്നും, തങ്ങൾ  നശിക്കുന്നത്  പൂർണ്ണമായും തങ്ങളുടെ  സ്വന്തം പ്രവൃത്തി മൂലമാണെന്നും ചിന്തിക്കുന്നതുതന്നെ  എത്രയോ  കഠിനമായ ശിക്ഷയായിരിക്കണം! ഒരു സ്വർണ്ണമോതിരമോ അല്ലെങ്കിൽ വിലയേറിയ ഒരു നാണയമോ അശ്രദ്ധമൂലം ഒരു വ്യക്തിക്കു നഷ്ടപ്പെട്ടാൽ, അയാളുടെ സ്വന്തം തെറ്റുകൊണ്ടാണ് അതു നഷ്ടപ്പെട്ടതെന്നു ചിന്തിക്കുമ്പോൾ അയാൾക്ക് ഒരു സമാധാനവുമുണ്ടാകില്ല. ഓ ദൈവമേ, “എനിക്ക് എൻറെ ആത്മാവ് നഷ്ടമായി, എനിക്കു സ്വർഗ്ഗം നഷ്ടപ്പെട്ടു, എനിക്ക് എൻറെ ദൈവം നഷ്ടപ്പെട്ടു; എനിക്ക് എൻറെ എല്ലാം നഷ്ടപ്പെട്ടു; ഇത് എൻറെ സ്വന്തം തെറ്റുകൊണ്ടാണ്!” എന്നു പാപികളുടെ  ആത്മാക്കൾ ഉറക്കെ വിലപിക്കുമ്പോൾ അവർ അനുഭവിക്കുന്ന  ആന്തരിക യാതനകൾ എത്ര വലുതായിരിക്കും. ഓ എൻറെ പ്രിയപ്പെട്ട രക്ഷകനേ! ഒരിക്കലും അങ്ങയെ നഷ്ടപ്പെടരുതെന്നു ഞാൻ ആഗ്രഹിക്കുന്നു: ഇതുവരെ ഞാൻ അങ്ങയെ നഷ്ടപ്പെടുത്തിയെങ്കിൽ, ഞാൻ തെറ്റു ചെയ്തിട്ടുണ്ട്; എൻറെ മുഴുവൻ ആത്മാവോടുംകൂടെ ഞാനതിൽ ദുഃഖിക്കുകയും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. ഓ യേശുവേ! ഞാൻ അങ്ങയെ സ്നേഹിക്കേണ്ടതിന് അങ്ങ് എന്നെ നരകത്തിൽ നിന്നു രക്ഷിച്ചു. അതിനാൽ സത്യമായും ഞാൻ അങ്ങയെ സ്നേഹിക്കും. ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങൾക്ക് എൻറെ സ്നേഹംകൊണ്ടു പരിഹാരം ചെയ്യുവാൻ എന്നെ പ്രാപ്തനാക്കണമേ. പരിശുദ്ധ കന്യാമറിയമേ, അങ്ങാണ് എൻറെ പ്രത്യാശ.