പാപം കൊണ്ടു ദൈവത്തെ പ്രകോപിപ്പിക്കുന്നത്
1. രാജപ്രവാചകൻ പാപികളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ‘അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ദൈവത്തിനു ദുഃഖിക്കാൻ കഴിയില്ല; എന്നാൽ ദൈവത്തിനു ദുഃഖിക്കാൻ കഴിയുമെങ്കിൽ അവിടുത്തെ ആഴത്തിൽ ക്ളേശിപ്പിക്കുന്നതും അവിടുത്തെ സന്തോഷത്തെ നഷ്ടപ്പെടുത്തുന്നതും മനുഷ്യർ ചെയ്യുന്ന ഓരോ പാപങ്ങളുമാണ്. ഓ ദൈവമേ, അങ്ങയുടെ സ്നേഹത്തിനു ഞാൻ നൽകിയ പ്രതിഫലമാണു പാപം! ഓ അനന്തനന്മയേ, നികൃഷ്ടമായ ചില സ്വാർത്ഥസന്തോഷങ്ങൾക്കുവേണ്ടി അങ്ങയുടെ സൗഹൃദം ഞാൻ എത്രയോ തവണ ഉപേക്ഷിച്ചു! അങ്ങ് അനന്തനന്മയാകയാൽ എൻറെ പാപങ്ങൾ എന്നോടു ക്ഷമിക്കണമേ.
2. മാത്രമല്ല, പാപത്തിൻറെ ദ്രോഹം വളരെ വലുതാണെന്നും, സാധിക്കുമായിരുന്നെങ്കിൽ അതു ദൈവത്തെ ഉന്മൂലനം ചെയ്യുമായിരുന്നെന്നും വിശുദ്ധ ബെർണാഡ് കൂട്ടിച്ചേർക്കുന്നു. ദൈവത്തിനു മരിക്കാൻ കഴിയുമായിരുന്നെങ്കിൽ , മാരകമായ പാപത്തിനേ അവിടുത്തെ ജീവൻ അപഹരിക്കാനാവൂ എന്നും വിശുദ്ധൻ പറയുന്നു.
അത് എങ്ങനെ? ഫാദർ മെഡീന ഉത്തരം നൽകുന്നു, “കാരണം അത് ദൈവത്തിന് അനന്തമായ ദുഃഖം നൽകും.” സവിശേഷമായ ചങ്ങാത്തവും സ്നേഹവുമുള്ളവരാൽ നാം മുറിവേൽപ്പിക്കപ്പെടുന്നതു നമുക്ക് എത്രമാത്രം ദുഖകരമാണ്! അപ്പോൾ, മനുഷ്യർക്കു വളരെയധികം അനുഗ്രഹങ്ങൾ നൽകുകയും, സ്വന്തം രക്തം ചൊരിയാനും ജീവൻ അർപ്പിക്കാനും പോലും തയ്യാറായിക്കൊണ്ടു മനുഷ്യരെ വളരെയധികം സ്നേഹിക്കുകയും ചെയ്ത ദൈവത്തിന്, ആ മനുഷ്യർ ഒരു വികാരത്തള്ളലിൽ, ക്ഷണികമായ ഒരു ആനന്ദത്തിനുവേണ്ടി, ദൈവകൃപയെ നിരസിച്ചുകൊണ്ടു തന്നോടു പുറംതിരിഞ്ഞുനിൽക്കുന്നത് എങ്ങനെ കണ്ടുനിൽക്കാൻ കഴിയും? ദൈവത്തിനു ദുഃഖിക്കാനും സങ്കടപ്പെടാനും സാധിക്കുമെങ്കിൽ, അത്തരം പ്രവൃത്തികൾ മൂലമുണ്ടാകുന്ന കയ്പുകൊണ്ട് അവിടുന്നു മരിക്കും. പ്രിയപ്പെട്ട യേശുവേ, ഞാനാണു നഷ്ടപ്പെട്ട ആട്; ആടുകൾക്കുവേണ്ടി ജീവൻ അർപ്പിച്ച നല്ല ഇടയൻ അങ്ങാണ്; എൻറെമേൽ കരുണയായിരിക്കണമേ; എൻറെ പാപങ്ങൾ മൂലം അങ്ങേയ്ക്കുണ്ടായ എല്ലാ അനിഷ്ടങ്ങൾക്കും എന്നോടു ക്ഷമിക്കണമേ. ഓ യേശുവേ, അങ്ങയെ മുറിവേൽപ്പിച്ചതിൽ ഞാൻ ദുഃഖിക്കുന്നു; എൻറെ മുഴുവൻ ആത്മാവോടും കൂടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
3. നമ്മുടെ സ്നേഹനിധിയായ രക്ഷകൻ നമ്മുടെ പാപങ്ങൾ അവിടുത്തെ കൺമുമ്പിൽ നിരന്തരം കണ്ടിരുന്നതിനാലാണ് അവിടുത്തെ ജീവിതം വളരെ വേദനാജനകവും കയ്പു നിറഞ്ഞതുമായിരുന്നത്. ഗെത് സമൻ തോട്ടത്തിൽ വച്ച് “എൻറെ ആത്മാവ് മരണത്തോളം ദുഖിതമായിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുന്നു രക്തം വിയർത്തതിൻറെയും മരണവേദന അനുഭവിച്ചതിൻറെയും കാരണമിതാണ്. മനുഷ്യരുടെ പാപങ്ങളുടെ കാഴ്ചയല്ലാതെ മറ്റെന്താണ് അവിടുത്തെ രക്തം വിയർക്കുകയും അതിഭയാനകമായ വേദനയിലാഴ്ത്തുകയും ചെയ്തത്? ഓ യേശുവേ, എൻറെ പാപങ്ങൾ നിമിത്തം, അപ്പോൾ ഞാൻ അങ്ങയെ പീഡിപ്പിച്ച ദുഖത്തിൻറെ ഒരു പങ്ക്, ഇപ്പോൾ എനിക്കു തരണമേ; എൻറെ ജീവിതത്തിലുടനീളം, അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ മരണം വരെ പോലും അതെന്നെ സങ്കടപ്പെടുത്തട്ടെ. ഓ യേശുവേ! അങ്ങയെ മേലിൽ ഒരിക്കലും അപ്രീതിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അങ്ങയെ ഒരിക്കലും വിഷമിപ്പിക്കുകയില്ല, പിന്നെയോ, എൻറെ സ്നേഹവും ജീവനും എൻറെ ഒരേയൊരു നന്മയുമായ അങ്ങയെ എൻറെ എല്ലാ ശക്തിയോടെയും ഞാൻ സ്നേഹിക്കും. ഇനിയൊരിക്കലും അങ്ങേയ്ക്കെതിരായി പാപം ചെയ്യാതിരിക്കാൻ എന്നെ സഹായിക്കണമേ. എൻറെ പ്രത്യാശയായ പരിശുദ്ധ മറിയമേ, എന്നോട് അനുകമ്പ കാണിക്കണമേ.