വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 54

ലോകത്തിൻറെ ആഡംബരം

1. ജോബ് പറയുന്നു; “ശവക്കുഴി മാത്രമാണ് എനിക്കായി അവശേഷിക്കുന്നത്”. ദിനങ്ങളും വർഷങ്ങളും കടന്നുപോകുന്നു, ആനന്ദങ്ങളും ബഹുമാനങ്ങളും സമ്പത്തും കടന്നുപോകുന്നു, അവസാനം എന്തായിരിക്കും? മരണം വന്ന്, എല്ലാവരിലും നിന്നു നമ്മെ വേർപെടുത്തും. ചീഞ്ഞളിയുന്നതിനും ദ്രവിച്ചു പൊടിയാകുന്നതിനും നമ്മെ ശവക്കുഴിയിൽ അടക്കം ചെയ്യും. നാം എല്ലാവരാലും ഉപേക്ഷിക്കപ്പെടുകയും മറന്നുപോകപ്പെടുകയും ചെയ്യും. കഷ്ടം! നമ്മുടെ ജീവിതാവസാനത്തിൽ, ഈ ലോകത്തു നാം സമ്പാദിച്ച എല്ലാറ്റിൻറെയും ഓർമ, നമ്മുടെ തീവ്രമായ മാനസിക വേദനയും, രക്ഷയുടെ അനിശ്ചിതത്വവും വർദ്ധിപ്പിക്കുകയല്ലാതെ, മറ്റൊന്നിനും ഉപകരിക്കില്ല!  ഓ മരണമേ, മരണമേ, എൻറെ കൺമുമ്പിൽനിന്നു ഒരിക്കലും വേർപിരിഞ്ഞു പോകരുതേ. ഓ ദൈവമേ, അങ്ങ് എനിക്കു വെളിച്ചം തരണമേ.  

2. ഒരു നെയ്ത്തുകാരൻ നൂൽ  മുറിക്കുന്നതുപോലെ, എൻറെ ജീവിതം ഛേദിക്കപ്പെട്ടിരിക്കുന്നു. എത്രയോപേർ, ദീർഘകാലമായി ആലോചിച്ചു മെനഞ്ഞെടുത്ത പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ, മരണത്തിനു വിധേയരാകുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു! ഹാ, ഈ ലോക വസ്തുക്കളോട് അനുചിതമായി ബന്ധപ്പെട്ടിരിക്കുന്നവർ, അവരുടെ മരണശയ്യയിൽ, എന്തു വേദനയോടും പശ്ചാത്താപത്തോടും കൂടിയായിരിക്കും അവയെ കാണുക! ആത്മീയമായി അന്ധരായ ശുദ്ധലൗകിക മനുഷ്യർക്ക് ഈ ജീവിതത്തിലെ വസ്തുവകകൾ വളരെ വലുതാണെന്നു തോന്നും; എന്നാൽ അവ വെറും പൊടിയും, പുകയും, മായയും മാത്രമാണെന്നു മരണം വെളിപ്പെടുത്തും. അവസാന ശ്വാസത്തിനുമുമ്പ് ഈ ലോകത്തിലെ മിന്നുന്ന പ്രതാപങ്ങളെല്ലാം ഇല്ലാതാവുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഏറ്റവും വലിയ ഭാഗ്യം, ഉയർന്ന ബഹുമതികൾ എന്നിവയുടെ എല്ലാ മൂല്യവും ആഡംബരവും മരണശയ്യയിൽ കിടന്നുകൊണ്ടു  ചിന്തിക്കുമ്പോൾ  ഒന്നുമല്ലാതാകും. മരണത്തിൻറെ നിഴൽ, കിരീടങ്ങളെയും ചെങ്കോലുകളെയും പോലും മറയ്ക്കും. ദൈവമേ, അങ്ങയുടെ പരിശുദ്ധ കൃപ എനിക്കു തരണമേ. ഞാൻ അതു മാത്രമാണ് ആഗ്രഹിക്കുന്നത്. അത്തരമൊരു നിധിയെ  തുടർച്ചയായി നിന്ദിച്ചതിൽ ഞാൻ ദുഃഖിക്കുന്നു. യേശുവേ, എൻറെമേൽ കരുണയായിരിക്കണമേ.

3. മരം കൊണ്ടുള്ള ഒരു ശവപ്പെട്ടി, ശവം പൊതിയുന്ന കച്ച എന്നിവയല്ലാതെ മറ്റൊന്നും നമുക്കുവേണ്ടി അവശേഷിക്കുകയില്ലാത്ത നമ്മുടെ മരണസമയത്തു നമ്മുടെ സമ്പത്തുകൊണ്ടു നമുക്ക് എന്തു പ്രയോജനം? നമ്മുടെ ആത്മാക്കൾ നഷ്ടപ്പെട്ടാൽ, നമുക്ക് ഒട്ടും സംതൃപ്തി തരാൻ കഴിയാത്ത ഒരു ശവസംസ്കാര ഘോഷയാത്രയും ശവകുടീരവും അല്ലാതെ മറ്റൊന്നും നമുക്കായി അവശേഷിക്കാത്തപ്പോൾ, നാം നേടിയ ബഹുമതികൾ കൊണ്ടു നമുക്ക് എന്തു പ്രയോജനം? ശരീരംതന്നെ പുഴുക്കളുടെ കൂട്ടമായിത്തീരുകയും, അതു കാണുന്ന എല്ലാവരിലും ഭീതി ഉളവാക്കുകയും, അതിൻറെ ദുർഗന്ധം അന്തരീക്ഷത്തെ  ബാധിക്കുകയും ചെയ്യുമ്പോൾ, ശരീരത്തിൻറെ ഭംഗികൊണ്ട്  എന്തു പ്രയോജനം? എൻറെ പ്രിയപ്പെട്ട രക്ഷകാ, പാപം ചെയ്യുന്നതിലൂടെ അങ്ങയുടെ സൗഹൃദം  നഷ്ടപ്പെടുത്തുകയാണെന്നു  ഞാനറിഞ്ഞിരുന്നു, എന്നിട്ടും ഞാൻ പാപം ചെയ്തുപോയി; എന്നാൽ എനിക്കുവേണ്ടി പാപമോചനം  വിലയ്ക്കു വാങ്ങുവാനായി മരണം വരിച്ച അങ്ങയിൽ നിന്ന് എനിക്കു മാപ്പു ലഭിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഓ, എൻറെ നല്ല ദൈവമായ അങ്ങയെ ഞാൻ ഒരിക്കലും ദ്രോഹിച്ചിട്ടില്ലായിരുന്നെങ്കിൽ!  അങ്ങ് എന്നോടു കാണിച്ച സ്നേഹം ഞാൻ കാണുന്നു; അത്, ഇത്ര നല്ല പിതാവായ അങ്ങേയ്‌ക്ക്‌ അനിഷ്‌ടം വരുത്തിയതിലുള്ള എൻറെ സങ്കടം വർദ്ധിപ്പിക്കുന്നു. ഓ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ സ്നേഹിക്കാതെ ഞാൻ ഒരിക്കലും ജീവിക്കുകയില്ല; എനിക്കു സ്ഥിരോത്സാഹം തരണമേ. എൻറെ അമ്മയായ പരിശുദ്ധ മറിയമേ, എനിക്കുവേണ്ടി ഈശോയോടു  പ്രാർത്ഥിക്കണമേ.