വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -53

മരണം സുനിശ്ചിതം

1. ഓ ദൈവമേ! എല്ലാവരും ഒരു ദിവസം മരിക്കണമെന്നും  മരണാനന്തരം സന്തോഷത്തിൻറെയോ ദുരിതത്തിൻറെയോ ഒരു നിത്യത അവരെ കാത്തിരിക്കുന്നു എന്നും, ഓരോരുത്തരും  എന്നേക്കും സന്തുഷ്ടരായിരിക്കുമോ അതോ ദുഖിതരായിരിക്കുമോ എന്നു തീരുമാനിക്കപ്പെടുന്നത്  അവരുടെ മരണ നിമിഷമായിരിക്കുമെന്നും  വിശ്വസിക്കുകയും അറിയുകയും  ചെയ്തിട്ടും  തങ്ങൾക്ക് ഒരു നല്ല മരണം എന്ന  അനുഗ്രഹം ഉറപ്പിക്കുന്നതിനുള്ള   എല്ലാ മാർഗങ്ങളും സ്വീകരിക്കാതിരിക്കുന്ന  ക്രിസ്ത്യാനികൾ ഉണ്ടായിരിക്കുക എന്നത് എങ്ങനെ സംഭവിക്കുന്നു? ഓ കർത്താവേ, ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങളെപ്രതി വിലപിക്കാൻ എനിക്ക്  അനുതാപത്തിൻറെ കണ്ണുനീർ തരണമേ.  അങ്ങേയ്‌ക്കെതിരായി പാപം ചെയ്യുക വഴി അങ്ങയുടെ കൃപയെ നഷ്ടപ്പെടുത്തിക്കൊണ്ടു ഞാൻ എന്നെത്തന്നെ നിത്യമായ പീഡനത്തിനു ശിക്ഷിക്കുകയാണെന്നു ഞാനറിയുന്നു; അത് അറിഞ്ഞിരുന്നിട്ടും, പാപം ചെയ്യുന്നതിൽ നിന്ന്  ഞാൻ  എന്നെത്തന്നെ തടഞ്ഞില്ല. ഓ ദൈവമേ, എൻറെ നികൃഷ്ടമായ താത്പര്യങ്ങൾക്കുവേണ്ടി അങ്ങയെ ത്യജിച്ചുകൊണ്ട്  അങ്ങയെ അപമാനിച്ചതിൽ ഞാൻ ദുഃഖിക്കുന്നു; എൻറെമേൽ കരുണയുണ്ടാകണമേ.

2. മരണത്തിന് ഒരുക്കമില്ലാതെ ജീവിച്ചിരുന്ന ഒരാൾ പെട്ടെന്നു മരിച്ചതായി  കേട്ടാൽ, നാം അയാളോടു  സഹതപിച്ചുകൊണ്ട്, “കഷ്ടം! അയാളുടെ  പാവം ആത്മാവിനു എന്തു സംഭവിച്ചു?” എന്നു പറയും. എന്നിട്ടും, എന്തുകൊണ്ടാണ് എപ്പോഴും നാം മരിക്കാൻ ഒരുങ്ങിയിരിക്കാൻ തയ്യാറാകാത്തത്? പെട്ടെന്നുള്ള മരണം എന്ന ദൗർഭാഗ്യം നമുക്ക് ഏതുസമയവും സംഭവിച്ചേക്കാം; എന്നാൽ നേരത്തെയായാലും താമസിച്ചായാലും, തയ്യാറായിരിക്കുമ്പോഴായാലും തയ്യാറാകാതെയിരിക്കുമ്പോഴായാലും, നാം അതിനെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴായാലും അല്ലെങ്കിലും, ഒരു ദിവസം നാം നമ്മുടെ ആത്മാക്കളെ ദൈവത്തിൻറെ കൈകളിൽ ഏൽപ്പിക്കണം. നമ്മുടെ ന്യായവിധി നടപ്പാക്കാനുള്ള സ്ഥലം ഇതിനകം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു, ഈ ലോകത്തിൽ നിന്നു നമ്മെ കൊണ്ടുപോകുകയും നമ്മുടെ ശിക്ഷ നടപ്പാക്കുകയും ചെയ്യാനുള്ള ആരാച്ചാരാകുന്ന രോഗം നാമറിയാതെതന്നെ , കള്ളനെപ്പോലെ നമ്മെ അതിവേഗം  സമീപിച്ചുകൊണ്ടിരിക്കുകയാണ്; എന്നിട്ടും, താമസംവിനാ  നമ്മുടെ ന്യായാധിപനാകാൻ പോകുന്ന യേശുക്രിസ്തുവുമായി ദിനംപ്രതി കൂടുതൽ കൂടുതൽ ഐക്യപ്പെടാൻ നാം ശ്രമിക്കാത്തത് എന്തുകൊണ്ട്? എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങയുടെ മരണത്തിൻറെ യോഗ്യതകളിലൂടെ, അങ്ങയുടെ കൃപയിലും പ്രീതിയിലും ജീവിച്ചു മരിക്കാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഓ അനന്ത നന്മയാകുന്ന അങ്ങയെ ഞാൻ സ്നേഹിക്കുന്നു, ഈ ജീവിതത്തിലും വരാനിരിക്കുന്ന നിത്യത മുഴുവനിലും, എപ്പോഴും അങ്ങയെ സ്നേഹിക്കാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

3. ഓരോ കാലഘട്ടത്തിലും, നഗരങ്ങളും രാജ്യങ്ങളും പുതിയ മനുഷ്യരാൽ  അധിവസിക്കപ്പെടുന്നു. അവരുടെ മുൻഗാമികൾ അവരുടെ കല്ലറകളിൽ  അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഇവിടെ താമസിച്ചിരുന്നവർ ഇപ്പോൾ എവിടെയാണ്! നിത്യതയിലേക്കു പോയി! പ്രിയ വായനക്കാരാ, അപ്രകാരം ഇനിയൊരു നൂറുവർഷത്തിനുള്ളിൽ, അല്ല, അതിലും വളരെ ചുരുങ്ങിയ ഒരു സമയത്തിനുള്ളിൽ, നിങ്ങളും ഞാനും ഈ ലോകത്തു ജീവിച്ചിരിക്കുകയില്ല, എന്നാൽ അടുത്തതിൽ നാം എന്നേക്കും സന്തുഷ്ടരോ ദുഃഖിതരോ ആയിരിക്കും; ഒന്നുകിൽ നിത്യതയ്ക്കായി സംരക്ഷിക്കപ്പെടും, അല്ലെങ്കിൽ നഷ്ടപ്പെടും, തീർച്ചയായും ഇതിലേതെങ്കിലും ഒന്നായിരിക്കും നമ്മുടെ ഭാഗധേയം.   ഓ ദൈവമേ! അപ്പോൾ, ഞാൻ പ്രതീക്ഷിക്കുന്നതുപോലെ ഒന്നുകിൽ രക്ഷിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ എൻറെ പാപങ്ങൾ നിമിത്തം ഞാൻ നഷ്ടപ്പെട്ടേക്കാം; എന്നാൽ ഞാൻ നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ടായിരുന്നിട്ടും എൻറെ രക്ഷ നേടുന്നതിനുള്ള എല്ലാ മാർഗങ്ങളും ഞാൻ സ്വീകരിക്കാതിരിക്കുന്നതു ശരിയാണോ? കർത്താവേ, എന്നെ പ്രബുദ്ധനാക്കണമേ. രക്ഷിക്കപ്പെടാൻ ഞാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിവു തരണമേ; അങ്ങയുടെ സഹായത്താൽ അങ്ങ് എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ ചെയ്യും. എൻറെ പിതാവേ, അങ്ങയോടുള്ള ബഹുമാനം പലതവണ എനിക്കു നഷ്ടപ്പെട്ടു, എന്നാൽ അങ്ങ് എന്നെ സ്നേഹിക്കുന്നത്  അവസാനിപ്പിച്ചില്ല.  ഓ ദൈവമേ, അങ്ങേയ്‌ക്കെതിരായി ചെയ്ത എൻറെ എല്ലാ പാപങ്ങളും ഞാൻ വെറുക്കുന്നു, എൻറെ മുഴുവൻ ആത്മാവോടും കൂടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പിതാവേ, അങ്ങയുടെ അനുഗ്രഹം എനിക്കു തരേണമേ, അങ്ങയിൽ നിന്നു  വേർപിരിയാൻ  എന്നെ ഒരിക്കലും അനുവദിക്കരുതേ. പരിശുദ്ധ മറിയമേ, എൻറെ അമ്മേ, എൻറെമേൽ കരുണയായിരിക്കണമേ.