വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 52

രക്ഷ അല്ലെങ്കിൽ നാശം ഉറപ്പാണ് 

1. അപ്പോസ്തലൻ ഭയത്തോടും വിറയലോടുംകൂടെ പറയുന്നു: നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക. രക്ഷിക്കപ്പെടാൻ നാം വിറയ്ക്കണം, അല്ലാത്തപക്ഷം നാം നശിക്കും, കാരണം വേറെ വഴിയില്ല; ഒന്നുകിൽ നാം രക്ഷിക്കപ്പെടണം, അല്ലെങ്കിൽ നാം എന്നേയ്ക്കുമായി നഷ്ടപ്പെടണം. വിറയ്ക്കാത്തവൻ നഷ്ടപ്പെടുമെന്ന വലിയ അപകടത്തിലാണ്, കാരണം രക്ഷ നേടുന്നതിനുള്ള മാർഗ്ഗങ്ങൾ പ്രയോഗിക്കാൻ അവൻ ഒട്ടുംതന്നെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും രക്ഷിക്കപ്പെടണമെന്നു ദൈവം ആഗ്രഹിക്കുകയും എല്ലാവർക്കും അവിടുത്തെ കൃപ നൽകുകയും ചെയ്യുന്നു; എന്നാൽ ഈ ഉദ്ദേശ്യത്തിനായി എല്ലാവരും സഹകരിക്കണമെന്നും  ദൈവം ആഗ്രഹിക്കുന്നു. രക്ഷിക്കപ്പെടാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഉപയോഗിക്കാത്തതിനാൽ  പലരും നഷ്ടപ്പെട്ടുപോകുന്നു. “സ്വർഗ്ഗം മടിയന്മാർക്കുള്ളതല്ല” എന്നു വിശുദ്ധ ഫിലിപ്പ് നേരി പറയാറുണ്ടായിരുന്നു:  ഓ കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടതെന്നും  എന്താണു  ചെയ്യാതിരിക്കേണ്ടതെന്നും  അറിയേണ്ടതിന് എന്നെ പ്രബുദ്ധനാക്കണമേ, എന്തെന്നാൽ ഞാൻ ചെയ്യണമെന്ന് അങ്ങ് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ കൃപയാൽ എൻറെ ആത്മാവിനെ രക്ഷിക്കാൻ ഞാൻ ദൃഡനിശ്ചയം ചെയ്തിരിക്കുന്നു. 

2. വിശുദ്ധ തെരേസ, തൻറെ ശിഷ്യകളോടു പറഞ്ഞു, “എൻറെ മക്കളേ, ഒരേയൊരു  ആത്മാവ്! ഒരേയൊരു  നിത്യത!” ഈ ലോകത്തു  നാം നമ്മുടെ ആത്മാക്കളുടെ രക്ഷയല്ലാതെ മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നാണ് അവർ ഉദ്ദേശിച്ചത്; കാരണം ആത്മാവു  നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടും; മാത്രമല്ല, ആത്മാവ് ഒരിക്കൽ നഷ്ടപ്പെട്ടാൽ എന്നെന്നേക്കുമായി നഷ്ടപ്പെടും. പാപം ചെയ്തുകൊണ്ടുമാത്രം  നല്കാൻ കഴിയുന്ന  ഒരു ആനുകൂല്യം, ഒരു രാജകുമാരൻ  ആവശ്യപ്പെട്ടപ്പോൾ  അദ്ദേഹത്തിൻറെ സ്ഥാനപതിക്കു ബെനഡിക്റ്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ കൊടുത്ത മറുപടി ശ്രദ്ധിക്കുക: “എനിക്കു രണ്ട് ആത്മാക്കൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒന്ന് അവനു നൽകുമായിരുന്നെന്നു   നിൻറെ രാജകുമാരനോടു പറയുക; എന്നാൽ എനിക്ക് ഒരു ആത്മാവു മാത്രമേ ഉള്ളു എന്നതിനാൽ, അവനുവേണ്ടി അതു നഷ്ടപ്പെടുത്താൻ എനിക്കു സമ്മതമല്ല.”  അതിനാൽ, പിശാചോ, ലോകമോ നമുക്കു വിലക്കപ്പെട്ട കനി വാഗ്ദാനം ചെയ്യുമ്പോൾ നാം അവയ്ക്ക് ഉത്തരം നൽകണോ?  ഓ ദൈവമേ!  അങ്ങയുടെ കൃപയെ നഷ്ടപ്പെടുത്തിക്കൊണ്ട്  എത്രയോ  തവണ എൻറെ ആത്മാവ് നഷ്ടപ്പെട്ടു? എന്നാൽ അങ്ങ് എനിക്ക് പാപമോചനം വാഗ്ദാനം ചെയ്യുന്നതിനാൽ, അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങളെല്ലാം ഇപ്പോൾ ഞാൻ അതിയായി വെറുക്കുകയും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. 

3. “ലോകത്തിൽ ഒരേയൊരു  തിന്മ മാത്രമേയുള്ളൂ, ഒരേയൊരു  നന്മ മാത്രമേയുള്ളൂ!” എന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ മഹത്തായ ആപ്തവാക്യം നമ്മുടെ മനസ്സിനെ സ്വാധീനിച്ചിരുന്നുവെങ്കിൽ ! ഒരേയൊരു തിന്മ നരകശിക്ഷയാണ്;  ഏക നന്മയെന്നത് നിത്യരക്ഷയാണ്. ദാരിദ്ര്യം, ബലഹീനത, അപമാനങ്ങൾ എന്നിവ തിന്മയല്ല; അവയെ ക്ഷമയോടെ സ്വീകരിക്കുമ്പോൾ അവ സ്വർഗത്തിലെ നമ്മുടെ മഹത്വം വർദ്ധിപ്പിക്കും. അതേസമയം, ആരോഗ്യം, സമ്പത്ത്, ബഹുമതികൾ എന്നിവ അനേകം ക്രിസ്ത്യാനികൾക്കു നന്മയല്ല, കാരണം അവ അവരുടെ ആത്മാക്കളെ നഷ്ടപ്പെടുത്തുന്നതിനു വലിയ അവസരമായിത്തീരാറുണ്ട് . അതിനാൽ, ഓ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നോടു പ്രവർത്തിക്കണമേ. എനിക്ക് ഏറ്റവും നല്ലത് എന്തെന്ന് അങ്ങ് അറിയുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ കാരുണ്യത്തിനായി ഞാൻ എന്നെത്തന്നെ ത്യജിക്കുന്നു: കർത്താവേ, എൻറെ ആത്മാവിനെ അങ്ങയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു. ഇതുവരെ അങ്ങയുടെ ഹിതത്തെ എതിർത്തതിൽ ഞാൻ ഖേദിക്കുന്നു, എൻറെ പാപങ്ങൾ അവസാനിപ്പിക്കുന്നതിനായി മരിക്കാനും ഞാൻ തയ്യാറാണ്; എന്നാൽ ഇപ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങ് ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും ഞാൻ ചെയ്യുകയില്ല. ഞാൻ അങ്ങയോടു വിശ്വസ്തനായിരിക്കുന്നതിനായി എനിക്ക് അങ്ങയുടെ സ്നേഹം തരണമേ. പരിശുദ്ധ മറിയമേ, അങ്ങയുടെ ശക്തമായ സഹായം എനിക്കു തരണമേ.