യേശു മരിച്ചത് മനുഷ്യരുടെ സ്നേഹത്തിനായി
1. എല്ലാറ്റിൻറെയും സ്രഷ്ടാവായ ദൈവം അവിടുത്തെ സൃഷ്ടികളുടെ സ്നേഹത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക എന്നത് എപ്പോഴെങ്കിലും സാധ്യമാണോ? ദൈവം അങ്ങനെ ചെയ്തു എന്നതാണു നമ്മുടെ വിശ്വാസം. അവിടുന്നു നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. പ്രപഞ്ചത്തിൻറെ അതിനാഥനും ദൈവത്തിൻറെ ഏകജാതനുമായ യേശു അപമാനകരമായ കുരിശിൽ, തീവ്രമായ വേദനയോടും സങ്കടത്തോടുംകൂടി മരിക്കുന്നതു ഭൂസ്വർഗ്ഗങ്ങളും, പ്രകൃതി മുഴുവനും, വിസ്മയത്തോടെ നോക്കിനിന്നു. എന്തുകൊണ്ട്? മനുഷ്യരുടെ സ്നേഹത്തിനുവേണ്ടി. മനുഷ്യർ ഇത് വിശ്വസിച്ചിട്ടും ദൈവത്തെ സ്നേഹിക്കാതിരിക്കുകയോ! ഓ യേശുവേ, എന്നിട്ടും ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ല എന്നു മാത്രമല്ല, ഞാൻ പലപ്പോഴും അങ്ങയെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നോടു ക്ഷമിക്കണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; ഞാൻ ഇനി ഒരിക്കലും അങ്ങേയ്‌ക്കെതിരായി പാപം ചെയ്യാതിരിക്കുന്നതിനും എപ്പോഴും അങ്ങയെ സ്നേഹിക്കുന്നതിനും വേണ്ടി അങ്ങ് എനിക്കുവേണ്ടി സഹിച്ച മരണത്തെ അവിരാമം എന്നെ ഓർമപ്പെടുത്തണമേ.
2. മനുഷ്യൻറെ രക്ഷയ്ക്കുവേണ്ടി ദൈവം മരിക്കേണ്ടതിൻറെ ഒരു ആവശ്യകതയുമില്ലായിരുന്നു; അവിടുത്തെ ഒരു തുള്ളി രക്തമോ, ഒരു തുള്ളി കണ്ണുനീരോ, അല്ലെങ്കിൽ ഒരു പ്രാർത്ഥനയോ മതിയാകുമായിരുന്നു, കാരണം അനന്തമായ മൂല്യമുള്ളതിനാൽ, ഈ ലോകത്തെയോ അല്ലെങ്കിൽ വേറെ ആയിരം ലോകങ്ങളെയോ വീണ്ടെടുക്കുവാൻ അതിനു കഴിയുമായിരുന്നു. എന്നാൽ, യേശുവേ! അങ്ങേയ്ക്കു ഞങ്ങളോടുള്ള അങ്ങയുടെ വലിയ സ്നേഹം ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി അങ്ങു വളരെയധികം കഷ്ടപ്പെടുന്നു. അതിനാൽ, വിശുദ്ധ ബൊനവെഞ്ചർ തൻറെ രക്ഷകനെ പലപ്പോഴും വ്രണപ്പെടുത്തിയതിൽ ആശ്ചര്യപ്പെട്ടുകൊണ്ട് ഉദ്‌ഘോഷിക്കുന്നു: “കഷ്ടം! എൻറെ ദൈവമേ, അങ്ങ് എന്നെ ഇത്രയധികം സ്നേഹിച്ചത് എന്തുകൊണ്ട്? ഓ കർത്താവേ, എന്തുകൊണ്ട്? ഞാൻ ആരാണ്?” എൻറെ ആത്മാവിൻറെ ദിവ്യഇടയനേ, കാണുക; ഏതു നഷ്ടപ്പെട്ട ചെമ്മരിയാടിനെ പ്രതിയാണോ അങ്ങു ഭൂമിയിലേക്ക് ഇറങ്ങിവന്നത്, ആ ചെമ്മരിയാടു ഞാനാണ്. എന്നാൽ നന്ദിഹീനനായ ഞാൻ അങ്ങയിൽനിന്ന് ഓടിപ്പോയി; ഞാൻ അങ്ങേയ്ക്ക് ഏൽപ്പിച്ച പീഡനങ്ങളെ ശ്രദ്ധിക്കാതെ, ദയനീയ അവസ്ഥയിൽ ആയിരിക്കുന്ന എന്നെ അങ്ങു വീണ്ടും വിളിക്കുന്നു; അങ്ങയുടെ മഹാനന്മയാൽ എൻറെ ദയനീയ അവസ്ഥയെ തരണം ചെയ്തുകൊണ്ട്, കുരിശിന്മേൽ ആണികളാൽ തറക്കപ്പെട്ട അങ്ങയുടെ പരിശുദ്ധ പാദങ്ങളെ ഞാൻ ആശ്ലേഷിക്കുന്നു. യേശുവേ, എൻറെ സ്നേഹമേ, എൻറെ നിധിയേ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.
3. പീലാത്തോസ്, നമ്മുടെ പരിശുദ്ധ രക്ഷകനു വധശിക്ഷ വിധിച്ചപ്പോൾ, താൻ സന്നിഹിതനായിരുന്നുവെന്നു സങ്കൽപ്പിച്ചുകൊണ്ടു വിശുദ്ധ ബെർണാർഡ് യേശുവിനോടു പറയുന്നു: “ഏറ്റവും നിഷ്കളങ്കനായ എൻറെ രക്ഷകാ, ഇങ്ങനെ ശിക്ഷിക്കപ്പെടാൻ അങ്ങ് എന്തു ചെയ്തു? അങ്ങ് നിഷ്‌കന്മഷൻ തന്നെയാണ്; അങ്ങയെ മരണത്തിന്, അതും കുരിശു മരണത്തിന്, വിധിക്കുന്നതു ഞാൻ എങ്ങനെ നോക്കിക്കാണും?” ഹാ ! പീലാത്തോസ് അല്ല, ഞങ്ങളോടുള്ള അങ്ങയുടെ അത്യധികമായ സ്നേഹമാണ് അങ്ങയെ മരണത്തിനു വിധിച്ചത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നാലെന്ന പോലെ അദ്ദേഹം തുടരുന്നു: “അങ്ങയുടെ കുറ്റം സ്നേഹം ആകുന്നു.” എൻറെ പ്രിയ രക്ഷകാ, ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങൾ ഓർക്കുമ്പോൾ, ഞാൻ അവ മൂലം അർഹിക്കുന്ന നരകമല്ല, മറിച്ച് അങ്ങ് എന്നോടു കാണിച്ച സ്നേഹമാണ് എന്നെ വേദനിപ്പിക്കുന്നത്. ഓ! എൻറെ ക്രൂശിതനായ ദൈവമേ, ഇനി മുതൽ എന്നേക്കും അങ്ങയുടെതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ അങ്ങയെയല്ലാതെ മറ്റാരെയും സ്നേഹിക്കുകയില്ല. ബലഹീനനായ എന്നെ ശക്തിപ്പെടുത്തുകയും എന്നെ അങ്ങയുടെ വിശ്വസ്തനാക്കുകയും ചെയ്യണമേ. പരിശുദ്ധ മറിയമേ, ദൈവമാതാവേ, യേശുവിനെ സ്നേഹിക്കാൻ എന്നെ പ്രാപ്തനാക്കണമേ എന്ന ഒരേ ഒരു സഹായം മാത്രം ഞാൻ യാചിക്കുന്നു.