വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 49

നരകത്തിൻറെ നിത്യത.

1. നരകം ശാശ്വതമായിരുന്നില്ലെങ്കിൽ, അതു നരകമാവുകയില്ല. ദീർഘകാലം നീണ്ടുനിൽക്കാത്ത  ശിക്ഷയെ  കഠിനമായ ശിക്ഷയെന്നു പറയാനാകില്ല.  നേരേമറിച്ച്, എത്ര ലഘുവായ ശിക്ഷയാണെങ്കിലും, അതു വളരെക്കാലം തുടരുമ്പോൾ അസഹനീയമായിത്തീരുന്നു. ഒരു വ്യക്തി തൻറെ ജീവിതത്തിലുടനീളം ഒരേ വിനോദപരിപാടികൾ  തന്നെ കാണാനോ അല്ലെങ്കിൽ ഒരേ സംഗീതം തന്നെ കേൾക്കാനോ ബാധ്യസ്ഥനായിരുന്നെങ്കിൽ, അയാൾക്ക് അത് എങ്ങനെയാണു  സഹിക്കാൻ കഴിയുക? അങ്ങനെയെങ്കിൽ, നരകത്തിൽ തുടരുകയും, നരകത്തിൻറെ എല്ലാ ശിക്ഷകളും അനുഭവിക്കുകയും ചെയ്യുക എന്നത് എന്തു ഭയാനകമായിരിക്കും! അതും എത്ര കാലത്തേക്ക്? അനന്തമായ  നിത്യത മുഴുവൻ!  ഒരു ദിവസത്തെ സുഖത്തിനുവേണ്ടി, ഒരാൾ തന്നെത്തന്നെ ജീവനോടെ കത്തിക്കപ്പെടാൻ സ്വയം ശിക്ഷിക്കുന്നതു വിഡ്ഢിത്തമാണ്. ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയും അതേസമയംതന്നെ ഒരിക്കലും മരിക്കുകയുമില്ലാത്ത നരകത്തീയിലേക്ക് എറിയപ്പെടാൻ, ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു ഇന്ദ്രിയ സംതൃപ്തിക്കുവേണ്ടി, ഒരാൾ സ്വയം ശിക്ഷിക്കുന്നതു വിഡ്ഢിത്തമല്ലേ?  ഓ ദൈവമേ! അങ്ങയുടെ കൃപയാൽ എന്നെ സംരക്ഷിക്കേണമേ. അങ്ങ് എന്നോടു കാണിച്ച മഹാകരുണയ്ക്കുശേഷം ഞാൻ അങ്ങയിൽനിന്നു പിന്തിരിഞ്ഞു പോയാൽ, ഹാ, എനിക്കു കഷ്ടം. ഓ ദൈവമേ! എന്നെ രക്ഷിക്കുകയും ആ വലിയ ദുരന്തത്തിൽ  നിന്ന് എന്നെ രക്ഷിക്കുകയും ചെയ്യണമേ. 

2. ഉറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ വിശ്വാസത്തെ നമുക്ക് ഉണർത്താം. നഷ്ടപ്പെട്ടവൻ, നിത്യനാശത്തിൽ നിന്നു വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷ ഒട്ടുമില്ലാതെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു എന്നത് ഉറപ്പാണ്. അവർ നിത്യശിക്ഷയിലേക്കു പോകും. ഒരിക്കൽ നരകത്തിൻറെ തടവറയിൽ പ്രവേശിക്കുന്നവനു പിന്നീട് ഒരിക്കലും പുറത്തുവരാനാവില്ല. അല്ലാത്തപക്ഷം, കുറ്റവാളികൾ പ്രതീക്ഷയോടെ അവരെത്തന്നെ ആശ്വസിപ്പിക്കുകയും, “ഒരുപക്ഷേ ദൈവം നമ്മോട് ഒരുദിവസം കരുണ കാണിക്കുകയും നമ്മെ വിടുവിക്കുകയും ചെയ്യുമോ എന്ന് ആർക്കറിയാം?” എന്നു  പറയുകയും ചെയ്യും. എന്നാൽ അങ്ങനെയല്ല; നരകത്തിന് ഒരിക്കലും അവസാനമുണ്ടാവുകയില്ലെന്നും, ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം അവർ അനുഭവിക്കുന്ന അതേ ശിക്ഷകൾ അവർ തുടർന്നും അനുഭവിക്കണമെന്നും അവർക്കറിയാം. എൻറെ പ്രിയപ്പെട്ട രക്ഷകാ, കഴിഞ്ഞ കാലങ്ങളിൽ അങ്ങയുടെ കൃപ നഷ്ടപ്പെടുത്തിക്കൊണ്ടു  ഞാൻ എന്നെത്തന്നെ നരകശിക്ഷയ്ക്കു വിധിച്ചുവെന്ന് എനിക്കറിയാം.  എന്നാൽ അങ്ങ് എന്നോടു ക്ഷമിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഓ യേശുവേ, ഞാൻ അങ്ങയോടുചെയ്ത എൻറെ പാപങ്ങളെപ്രതി കഠിനമായി വിലപിക്കുന്ന ഈ സമയത്തുതന്നെ എന്നോടു  ക്ഷമിക്കുകയും ഇനി ഒരിക്കലും അങ്ങേയ്ക്കെതിരായി പാപം ചെയ്യാൻ എന്നെ അനുവദിക്കാതിരിക്കുകയും ചെയ്യണമേ. 

3. ഈ ജീവിതത്തിൽ മറ്റെന്തിനേക്കാളുമേറെ  ഭയാനകം മരണമാണ്; എന്നാൽ നരകത്തിലായിരിക്കുന്നവർ   ഏറ്റവുമധികം  ആഗ്രഹിക്കുന്നതു  മരണത്തെയാണ്. അവിടെ അവർ മരണത്തിനായി ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നു, പക്ഷേ മരിക്കാൻ കഴിയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും, എന്നാൽ മരണം അവരിൽ നിന്നു പറന്നകലും.  ആ പീഡകളുടെ സ്ഥലത്ത്, അവരോട് അനുകമ്പ കാണിക്കാൻ ആരെങ്കിലും ഉണ്ടാകുമോ? ഇല്ല, എല്ലാവരും അവരെ വെറുക്കുകയും, ശമനമില്ലാത്തതും അവസാനമില്ലാത്തതും ആയ അവരുടെ കഷ്ടപ്പാടുകളിൽ സന്തോഷിക്കുകയും ചെയ്യുന്നു. ദൈവിക നീതിയുടെ കാഹളം നിരന്തരം അവരുടെ കാതുകളിൽ മുഴങ്ങുന്നു; “നിത്യകാലത്തേയ്ക്ക് തുടർന്നുകൊണ്ടിരിക്കും;  ഒരിക്കലും അവസാനിക്കുകയില്ല,” എന്ന ആ ഭയങ്കരമായ വാക്കുകൾ ഗർജ്ജിക്കുന്നു. യേശുവേ! ഈ നികൃഷ്‌ട ജീവികളിൽ ഒന്നായി എണ്ണപ്പെടാൻ ഞാൻ അർഹനാണ്; എന്നാൽ ഇതുവരെ നരകത്തിൽ വീഴാതെ എന്നെ സംരക്ഷിച്ച അങ്ങ്, ഭാവിയിൽ ആ മഹാകഷ്ടതയിലേക്ക് എന്നെ ശിക്ഷിക്കാൻ കഴിയുന്ന പാപത്തിൽ ഞാൻ വീഴാതിരിക്കാൻ, എന്നെ കാത്തുസംരക്ഷിക്കുന്നു.  അങ്ങയുടെ ശത്രുവാകാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ. അനന്തനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു! അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിനു ഞാൻ ഖേദിക്കുന്നു. നരകാഗ്നിയിൽ എന്നെന്നേക്കുമായി വെന്തുരുകപ്പെടാൻ ഞാൻ അർഹനായതിനാൽ  എന്നോടു ക്ഷമിക്കണമേ; അങ്ങയുടെ പരിശുദ്ധ സ്നേഹാഗ്നിയിൽ എന്നേക്കുമായി എരിയാൻ എന്നെ അനുവദിക്കണമേ. ഓ പരിശുദ്ധ മറിയമേ, അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.