വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -48

ഒരുക്കമില്ലാത്ത  മരണം

1. മരണത്തേക്കാൾ കൂടുതൽ സുനിശ്ചിതമായ ഒന്നുമില്ല, എന്നാൽ മരണ സമയത്തേക്കാൾ അനിശ്ചിതമായ മറ്റൊന്നുമില്ല.  നമുക്കറിയില്ലെങ്കിലും, നാം ഓരോരുത്തരുടെയും മരണത്തിൻറെ വർഷവും ദിവസവും  നമ്മുടെ കർത്താവിനാൽ നേരത്തെതന്നെ  തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നതും സുനിശ്ചിതമാണ്. നാം വേർപാടിന് എപ്പോഴും തയ്യാറായിരിക്കേണ്ടതിനു ദൈവം അവയെ നമ്മിൽ നിന്നും സവിവേകം മറച്ചുവെച്ചിരിക്കുന്നു.  ഓ യേശുവേ, എനിക്കുവേണ്ടി കാത്തിരുന്നതിനും മാരകമായ പാപാവസ്ഥയിൽ എന്നെ ജീവിതത്തിൽ നിന്നു തിരിച്ചുവിളിക്കാതിരുന്നതിനും ഞാൻ അങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു.  അവശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഞാൻ എൻറെ അകൃത്യങ്ങളെ പ്രതി വിലപിക്കുകയും എൻറെ പൂർണ്ണ ശക്തിയോടെ അങ്ങയെ സ്നേഹിക്കുകയും ചെയ്യും. ഞാൻ മരിക്കുമെന്ന് എനിക്കറിയാം; അങ്ങയുടെ കൃപയാൽ ഒരു നല്ല മരണത്തിനായി ഞാൻ എന്നെത്തന്നെ ഒരുക്കും. 

2. നമ്മുടെ മരണസമയത്തെക്കുറിച്ചു യേശുക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്, എന്നാൽ അത് എപ്പോഴായിരിക്കും? നാം അത് ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ തന്നെ. നീ ചിന്തിക്കാത്ത ഏതു സമയത്തും മനുഷ്യപുത്രൻ വരും. വിശുദ്ധ ബെർണാർഡ് പറയുന്നു: അങ്ങനെയാണെങ്കിൽ, മരണം എപ്പോൾ വേണമെങ്കിലും നമ്മെ ജീവിതത്തിൽ നിന്നു തിരിച്ചുവിളിച്ചേക്കാമെന്നിരിക്കെ, നാം എല്ലായ്പ്പോഴും അതിനു തയ്യാറായിരിക്കുകയും നമ്മുടെ കാര്യങ്ങൾ  ക്രമപ്പെടുത്തി വയ്ക്കുകയും ചെയ്യണം. യേശുവേ! എന്നെത്തന്നെ അങ്ങേയ്ക്ക് ഏല്പിക്കാൻ എൻറെ മരണ നിമിഷം വരെ ഞാൻ കാത്തിരിക്കുകയില്ല. അങ്ങയെ അന്വേഷിക്കുന്നവർ അങ്ങയെ കണ്ടെത്തും എന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ: ‘അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും’. ഞാൻ അങ്ങയെ അന്വേഷിക്കുന്നു; ഞാൻ അങ്ങയെ ആഗ്രഹിക്കുന്നു; അങ്ങയെ കണ്ടെത്താൻ എന്നെ സഹായിക്കണമേ. എൻറെ പാപങ്ങൾക്കു ഞാൻ മാപ്പപേക്ഷിക്കുന്നു, ഞാൻ ഇനിയൊരിക്കലും അങ്ങയെ വേദനിപ്പിക്കുകയില്ല.

3. പ്രിയ ക്രിസ്ത്യാനീ, നാളെ  കുമ്പസാരിക്കാമെന്ന പ്രതീക്ഷയോടെ  ഇന്നു പാപം ചെയ്യാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, സ്വയം ഇങ്ങനെ പറയുക: എന്നാൽ, ഈ നിമിഷം എൻറെ അവസാനത്തേതായിരിക്കുമോയെന്ന് ആർക്കറിയാം?  ഈ നിമിഷം ഞാൻ പാപം ചെയ്തു ദൈവസന്നിധിയിൽ കുറ്റക്കാരനാകുകയും മരണം എന്നെ കീഴടക്കുകയും ചെയ്താൽ ഞാൻ എങ്ങോട്ടു പോകും? ഓ, ദൈവമേ! എത്രയോ ദീനപാപികൾ  നാശകരമായ സന്തോഷങ്ങൾക്കുവേണ്ടി  പാപംചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിൽ തന്നെ മരണം അവരെ കീഴടക്കി!  പിശാച് നിങ്ങളോടു പറയും: “ഈ ദൗർഭാഗ്യം നിങ്ങൾക്ക് സംഭവിക്കുകയില്ല”. എന്നാൽ നിങ്ങൾ അവനോട് “അത് എനിക്കു  സംഭവിക്കുകയാണെങ്കിൽ, നിത്യതയിൽ എനിക്കെന്താണ് സംഭവിക്കുക”  എന്നു തിരിച്ചു ചോദിക്കുമോ?  ദൈവമേ! മറ്റു പല നിർഭാഗ്യ പാപികൾക്കും  സംഭവിച്ചതൊന്നും  എനിക്കു സംഭവിക്കരുതേ.  ഞാൻ ചെയ്തതിനേക്കാളും ലഘുവായ  പാപങ്ങൾ ചെയ്ത എത്രയോ പേർ ഇപ്പോൾ നരകത്തിലാണ്!  ഓ യേശുവേ! വളരെയധികം ക്ഷമയോടെ എന്നെ കാത്തിരുന്നതിനും എന്നെ ഇപ്പോൾ പ്രബുദ്ധനാക്കിയതിനും ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയെ ഉപേക്ഷിച്ചതിൽ എനിക്കു തെറ്റു പറ്റി; മരണം ആയിരുന്നിരിക്കാം എനിക്ക് അതിനുള്ള ശിക്ഷ; എന്നാൽ അങ്ങ് എനിക്കു സമയം തരുന്നതിനാൽ, ഇനി മുതൽ  അങ്ങയെ സ്നേഹിക്കുന്നതിനെ ക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാൻ  ചിന്തിക്കുകയില്ല. അങ്ങയുടെ കൃപയാൽ എന്നെ സഹായിക്കണമേ. പരിശുദ്ധ മറിയമേ, അങ്ങയുടെ വിശുദ്ധമായ മദ്ധ്യസ്ഥതയാൽ എന്നെ സഹായിക്കണമേ.