വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 47

തനതുവിധിയിലെ ശിക്ഷ

1. ദൈവകൃപയിൽ ഈ ജീവിതത്തിൽ നിന്നു വേർപിരിഞ്ഞുപോയിട്ട്, യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുമ്പോൾ, കാരുണ്യമുള്ള മുഖഭാവത്തോടെ അവിടുത്തെ കാണുകയും, അവിടുന്നു സ്നേഹപൂർവ്വം സ്വീകരിക്കുകയും, “കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകം കാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പിക്കും. നിൻറെ യജമാനൻറെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.” എന്ന സന്തോഷകരമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ നിന്നു  കേൾക്കുകയും ചെയ്യുന്ന മനുഷ്യൻ എത്രയധികമായ ആനന്ദം  അനുഭവിക്കും!  യേശുവേ! വിശ്വസ്തനായിരിന്നുകൊള്ളാമെന്നുള്ള എൻറെ വാഗ്ദാനങ്ങളെ വഞ്ചിച്ചുകൊണ്ട് ഞാൻ ഇതുവരെ വളരെ മോശമായും അങ്ങയിൽ വിശ്വാസമില്ലാതെയും ആയിരുന്നതിനാൽ, ഞാൻ അങ്ങയുടെ മുമ്പാകെ ഇപ്പോൾ വിധിക്കു വിളിക്കപ്പെട്ടാൽ, അങ്ങ് എന്നെ ഒരു നല്ലവനും വിശ്വസ്തനുമായ ദാസൻ എന്നു വിളിക്കുമെന്ന് എനിക്ക് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? എന്നാൽ ഭാവിയിൽ ഞാൻ അങ്ങയോടു വിശ്വസ്തനായിരിക്കുകയും, അങ്ങയുടെ കൃപ നഷ്ടപ്പെടുന്നതിനുമുമ്പ് ആയിരം പ്രാവശ്യം എൻറെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യും. എൻറെ ഈ തീരുമാനം നിറവേറ്റാൻ അങ്ങ് എന്നെ ശക്തിപ്പെടുത്തണമേ.

2. നേരേമറിച്ച്‌, യേശുവേ, പാപത്തിൽ മരിക്കുകയും അങ്ങയുടെ മുമ്പാകെ ഹാജരാകുകയും അങ്ങയുടെ കോപാകുലമായ മുഖം കാണുകയും ചെയ്യുന്ന പാപിയുടെ അനുഭവം എന്തൊരു വേദനനിറഞ്ഞതായിരിക്കും! ദൈവത്തിൻറെ അനിഷ്ടത്തിൽ ഈ ജീവിതം വിട്ടുപോകുന്ന ആത്മാവ് ആദ്യം തന്നെത്തന്നെ കുറ്റംവിധിക്കും, തുടർന്ന് യേശുക്രിസ്തുവിൽ നിന്ന് ആ ഭയങ്കരമായ വിധിവാചകം കേൾക്കും: “ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്നകന്നു നിത്യാഗ്നിയിലേക്കു പോകുവിൻ”. യേശുവേ,  മാരക പാപം ചെയ്തപ്പോഴെല്ലാം, എത്രയോ തവണ അതേ വിധിവാചകം തന്നെ അങ്ങയിൽ നിന്നു കേൾക്കാൻ ഞാൻ അർഹനായിരുന്നു! മരണം എന്നെ കീഴടക്കുമ്പോൾ അങ്ങ് എൻറെ ന്യായാധിപനാകും; എന്നാൽ ഇപ്പോൾ ഞാൻ അങ്ങയെ വ്രണപ്പെടുത്തിയതിൽ അനുതപിക്കുകയാണെങ്കിൽ, എന്നോടു  ക്ഷമിക്കാൻ തയ്യാറാകുന്ന എൻറെ പിതാവും രക്ഷകനുമാണ് അങ്ങ്. അതിനാൽ, അങ്ങയോടു ചെയ്ത എല്ലാ പാപങ്ങൾക്കും ഞാൻ മാപ്പപേക്ഷിക്കുന്നു. എൻറെ പാപങ്ങൾമൂലം ഞാൻ അർഹിക്കുന്ന നരകത്തെക്കുറിച്ച് എന്നതിനേക്കാളുപരി, അനന്തമായ സ്നേഹത്താൽ എന്നെ സ്നേഹിച്ച അങ്ങയെ ഞാൻ കഠിനമായി വേദനിപ്പിച്ചതിനെയോർത്തു ഞാൻ ദുഃഖിക്കുന്നു.

3. ശരീരം ഉപേക്ഷിച്ച് ആത്മാവ് പുറത്തേക്കു  പോകുന്നു, എന്നാൽ ആ വ്യക്തിക്കു ജീവനുണ്ടോ അതോ മരിച്ചോ എന്നതു കുറച്ചുസമയത്തേക്കു സംശയകരമാണ്. കണ്ടുനിൽക്കുന്നവർ  സംശയിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആത്മാവു  നിത്യതയിലേക്കു  പ്രവേശിച്ചുകഴിഞ്ഞു. ഒടുവിൽ ആ മനുഷ്യൻ മരിച്ചുവെന്നു ബോധ്യപ്പെട്ട പുരോഹിതൻ സഭയുടെ പ്രാർത്ഥന ചൊല്ലുന്നു: “ദൈവത്തിൻറെ എല്ലാ വിശുദ്ധരുമേ, നിങ്ങൾ അവൻറെ സഹായത്തിനു  വരിക; ദൈവത്തിൻറെ എല്ലാ ദൂതന്മാരേ, നിങ്ങൾ അവനെ കണ്ടുമുട്ടുക; അവൻറെ ആത്മാവിനെ സ്വീകരിച്ച് ഇപ്പോൾ അതിൻറെ നാഥൻറെ മുമ്പാകെ സമർപ്പിക്കുക.” എന്നാൽ, ദൈവത്തിൻറെ ശത്രു എന്ന നിലയിൽ ജീവൻ വിട്ടുപോയ ആത്മാവിന്, അതിൻറെമേൽ ശിക്ഷയും വിധിക്കപ്പെട്ടതിനുശേഷം, വിശുദ്ധന്മാരെയും മാലാഖമാരെയും അതിൻറെ സഹായത്തിനായി വിളിച്ചിട്ട് എന്താണു പ്രയോജനം? എൻറെ കാവൽ മാലാഖയേ, വിശുദ്ധന്മാരേ, എൻറെ വിശുദ്ധ  മധ്യസ്ഥരേ,  വിശുദ്ധ മിഖായേലേ, വിശുദ്ധ യൗസേപ്പേ, എൻറെ സംരക്ഷകയായ പരിശുദ്ധ മറിയമേ, നിങ്ങൾക്ക് എന്നെ   സഹായിക്കാൻ കഴിയുന്ന സമയത്തുതന്നെ  എന്നെ സഹായിക്കണമേ. എൻറെ രക്ഷകാ, അങ്ങു കരുണ കാണിക്കുന്ന ഈ സമയത്ത് എന്നോടു ക്ഷമിക്കണമേ. അങ്ങയെ മുറിവേൽപ്പിച്ചതിൽ ഞാൻ ദുഃഖിക്കുന്നു, എൻറെ പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കർത്താവേ, എന്നെ സഹായിക്കണമേ! ഞാൻ അങ്ങയെ മേലിൽ ഒരിക്കലും ദ്രോഹിക്കാതിരിക്കേണ്ടതിന് എന്നെ സഹായിക്കണമേ. ഓ മാതാവേ, എന്നെ എന്നേക്കും അങ്ങയുടെ സംരക്ഷണത്തിൽ  കാത്തുകൊള്ളണമേ.