പാപികളെ രക്ഷിക്കാനുള്ള ദൈവത്തിൻറെ ആഗ്രഹം
1. ഈ ഭൂമിയിലെ ഒരു പുഴു മാത്രമായ മനുഷ്യൻറെ ആത്മരക്ഷയ്ക്കായി സ്രഷ്ടാവ് സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് അവനെ സ്നേഹിക്കുകയും അവനോടു അനുകമ്പ കാണിക്കുകയും ചെയ്തിട്ടും, അവിടുത്തെ കൃപകളെ നിന്ദിക്കുകയും അവിടുത്തെ ദ്രോഹിക്കാൻ ധൈര്യപ്പെടുകയും, ദൈവത്തിനെതിരെ പുറം തിരിയുകയും ചെയ്യുക എന്നുള്ളതു തീർച്ചയായും വളരെ വിചിത്രമാണ്. എന്നാൽ, മനുഷ്യനാൽ അപ്രകാരം നിന്ദിക്കപ്പെട്ടിട്ടും, അവനു ദൈവത്തെ ആവശ്യമില്ലെങ്കിലും ദൈവത്തിന് അവനെക്കൊണ്ട് ആവശ്യമുണ്ടെന്നവിധം ദൈവം അവൻറെ പിന്നാലെ തിരഞ്ഞുചെന്ന്, അവനു പാപമോചനം വാഗ്ദാനം ചെയ്തുകൊണ്ട് അവനെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കുന്നതാണ് അതിനേക്കാൾ കൂടുതൽ അത്ഭുതപ്പെടുത്തുന്നത്. ഓ യേശുവേ! അങ്ങ് എന്നെ അന്വേഷിക്കുന്നു; ഞാനും അങ്ങയെ അന്വേഷിക്കുന്നു. അങ്ങ് എന്നെ ആഗ്രഹിക്കുന്നു, അതുപോലെ ഞാൻ അങ്ങയെ മാത്രം ആഗ്രഹിക്കുന്നു.
2. അപ്പസ്തോലൻ പറയുന്നു: ദൈവത്തോട് അനുരഞ്ജനപ്പെടണമെന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വിശുദ്ധ ക്രിസോസ്റ്റം ഉദ്ഘോഷിക്കുന്നു: “ദൈവം ഇങ്ങനെ പാപികളെ വിളിക്കുന്നില്ലേ? അവിടുന്ന് അവരോട് എന്താണു ചോദിക്കുന്നത്? അനുരഞ്ജനപ്പെടുവാനും ദൈവവുമായി സമാധാനത്തിലായിരിക്കുവാനും തന്നെ.” എൻറെ വീണ്ടെടുപ്പുകാരനായ യേശുക്രിസ്തുവേ, അങ്ങയെ പലപ്പോഴും മുറിവേൽപ്പിച്ചിട്ടുള്ള എന്നോട് അങ്ങേയ്ക്ക് എങ്ങനെ ഇത്രയധികം സ്നേഹം ഉണ്ടായി? അങ്ങേയ്ക്കെതിരായി ചെയ്ത എൻറെ എല്ലാ പാപങ്ങളെയും ഞാൻ വെറുക്കുന്നു; എൻറെ പാപങ്ങളെ ഓർത്തു വിലപിക്കാൻ , അതിരറ്റ നന്മയും സ്നേഹവാനുമായ എൻറെ ദൈവത്തിനെതിരായി ചെയ്ത ദ്രോഹം മൂലം ഞാൻ അർഹിക്കുന്ന ശിക്ഷകളുടെതിനേക്കാൾ കൂടുതൽ മനസ്താപവും, ഇനിയും കൂടുതൽ സ്നേഹവും, എനിക്കു തരണമേ.
3. ജോബ് ആശ്ചര്യപ്പെടുന്നു: “അങ്ങ് മനുഷ്യനെ ഇത്ര കാര്യമാക്കാനും അവൻറെ പ്രവൃത്തികൾ ഉറ്റുനോക്കാനും അവൻ ആരാണ്?” ഓ കർത്താവേ, അങ്ങേയ്ക്ക് എന്തു നന്മയാണ് എന്നിൽ നിന്നു ലഭിച്ചത്? എന്തു പ്രതീക്ഷിട്ടാണ് അങ്ങ് എന്നെ ഇത്രയധികം സ്നേഹിക്കുകയും എൻറെ അടുക്കൽ വരുകയും ചെയ്യുന്നത്? ഞാൻ അങ്ങേയ്ക്കെതിരായി ചെയ്ത എല്ലാ ദ്രോഹങ്ങളും അവിശ്വസ്തതകളും അങ്ങു മറന്നുപോയോ? അങ്ങ് എന്നെ വളരെയധികം സ്നേഹിച്ചതിനാൽ, എൻറെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ അങ്ങയെ ഒരു നികൃഷ്ട പുഴുവായ ഞാനും സ്നേഹിക്കണം. എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ എൻറെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു, എന്നെക്കാൾ കൂടുതലായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ എല്ലാം ചെയ്യും. ഞാൻ അങ്ങയുടെ സ്നേഹത്തെ പലപ്പോഴും പുച്ഛിച്ചുതള്ളിയതിൻറെ ഓർമയല്ലാതെ മറ്റൊന്നും എന്നെ അത്രയധികം വേദനിപ്പിക്കുന്നില്ലെന്ന് അങ്ങേയ്ക്കറിയാം. ഞാൻ അങ്ങയെ നിരന്തരമായി അപ്രീതിപ്പെടുത്തിയതിന് എൻറെ സ്നേഹംകൊണ്ടു ഭാവിയിൽ പരിഹാരം ചെയ്യാൻ കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങ് എനിക്കുവേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്തെയോർത്ത് എന്നെ സഹായിക്കണമേ. ഓ പരിശുദ്ധ മറിയമേ, എനിക്കുവേണ്ടി മരിച്ച അങ്ങയുടെ പുത്രൻറെ സ്നേഹത്തെപ്രതി എന്നെ സഹായിക്കണമേ.