വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ- 44

രക്ഷയെ അവഗണിക്കുന്നതിൻറെ ഭോഷത്തം 

1. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു  പ്രയോജനം? എത്രയോ  ധനികരും പ്രഭുക്കന്മാരും  ചക്രവർത്തിമാരും  ഇപ്പോൾ നരകത്തിലാണ്!   അവരുടെ ആത്മാക്കളെ പീഡിപ്പിക്കുകയും  എന്നെന്നേക്കുമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയും  ചെയ്യുന്ന മനോവേദനയും ക്രോധവുമല്ലാതെ മറ്റെന്താണ് അവരുടെ സമ്പത്തിലും ബഹുമതിയിലും നിന്ന്  ഇപ്പോൾ അവശേഷിക്കുന്നത്. ഓ എൻറെ ദൈവമേ! എൻറെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും എന്നെ  സഹായിക്കുകയും ചെയ്യണമേ. മേലിൽ ഒരിക്കലും  അങ്ങയുടെ കൃപ നഷ്ടപ്പെടുത്തുകയില്ലെന്നു ഞാൻ പ്രത്യാശിക്കുന്നു.  അങ്ങയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന പാപിയായ എന്നോടു കരുണയായിരിക്കണമേ.  

2. സാൽ‌വിയൻ എഴുതുന്നു: മനുഷ്യർ മരണം, ന്യായവിധി, നരകം, നിത്യത എന്നിവയിൽ വിശ്വസിക്കുന്നു, എന്നിട്ടും അവർ അവയെയൊന്നും ഭയപ്പെടാതെ ജീവിക്കുന്നു.  നരകം ഉണ്ടെന്നു വിശ്വസിച്ചുകൊണ്ടുതന്നെ   എത്രയോ പേർ അതിലേക്കു വീഴുന്നു!  ഓ ദൈവമേ! ഈ സത്യങ്ങൾ വിശ്വസിക്കുമ്പോഴും  പലരും  അവയെക്കുറിച്ച്  ചിന്തിക്കുന്നില്ല. അതിനാൽ വളരെയധികം ആത്മാക്കൾ നഷ്ടപ്പെടുന്നു. കഷ്ടം! ഞാനും അത്തരം ഭോഷത്തത്തിലകപ്പെട്ട അനേകം പാപികളിലൊരാളാണ്. അങ്ങേയ്‌ക്കെതിരായി പാപം ചെയ്യുന്നതിലൂടെ ഞാൻ അങ്ങയുടെ സൗഹൃദം  നഷ്ടപ്പെടുത്തുകയാണെന്നും എൻറെ ശിക്ഷാവിധി ഞാൻ തന്നെ  എഴുതുകയാണെന്നും എനിക്കറിയാമായിരുന്നു; എന്നിട്ടും പാപം ചെയ്യുന്നതിൽ നിന്നു ഞാൻ എന്നെ തടഞ്ഞില്ല!  “അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ.” എൻറെ ദൈവമേ, അങ്ങയെ നിന്ദിക്കുന്നതിനായി ഞാൻ ചെയ്ത തിന്മകൾ ഞാൻ അറിയുന്നു, എൻറെ മുഴുവൻ ആത്മാവോടുംകൂടെ ഞാൻ അതിൽ ദുഃഖിക്കുന്നു.  അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ. 

3. “എന്നിട്ട്? …… എന്നിട്ട്?…..”   ഈ ലോകത്തെ ഉപേക്ഷിക്കാനും ദൈവത്തിന് തന്നെത്തന്നെ  സ്വയം സമർപ്പിക്കാനും ഫ്രാൻസിസ് സസേരയെ  പ്രേരിപ്പിക്കുന്നതിനുവേണ്ടി ഈ  വാക്കുകൾ വിശുദ്ധ ഫിലിപ്പ് നേരി   ആവർത്തിച്ചപ്പോൾ   അവയ്ക്ക് എന്തൊരു ശക്തിയാണുണ്ടായിരുന്നത്!  ഓ, മനുഷ്യർ വിവേകികളായി    ഇക്കാര്യങ്ങൾ ഗ്രഹിക്കുകയും തങ്ങളുടെ   ശിഷ്ടജീവിതം  ക്രമപ്പെടുത്തുകയും  ചെയ്തിരുന്നെങ്കിൽ! ഓരോരുത്തരും  തങ്ങൾക്കുള്ളതെല്ലാം  ഉപക്ഷിച്ചുപോകേണ്ടിവരുന്ന  മരണസമയത്തെക്കുറിച്ചും‌, നമ്മുടെ ജീവിതകാലം മുഴുവൻറെയും കണക്കുകൊടുക്കേണ്ടിവരുന്നതായ ന്യായവിധിയെപ്പറ്റിയും, തങ്ങൾക്കു നിത്യഭാഗധേയമായി ലഭിക്കാനിരിക്കുന്ന ആനന്ദകരമായ, അല്ലെങ്കിൽ ദുഃഖകരമായ നിത്യതയെക്കുറിച്ചും‌ മാത്രം ചിന്തിച്ചിരുന്നെങ്കിൽ! ഓരോരുത്തരും  അവരവരുടെ ജീവിതത്തിൻറെ അന്ത്യത്തെക്കുറിച്ചു മാത്രം കരുതലുള്ളവരായിരുന്നെങ്കിൽ ആരും തന്നെ  നഷ്ടപ്പെടുകയില്ലായിരുന്നു. 

വർത്തമാനകാലത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനാലാണു  നിത്യരക്ഷ നഷ്ടപ്പെടുന്നത്. ഇത്രത്തോളം എന്നെ സഹിച്ച ക്ഷമയെയോർത്തും അങ്ങ് ഇപ്പോൾ എൻറെമേൽ ചൊരിയുന്ന പ്രകാശത്തെയോർത്തും, ദൈവമേ, ഞാൻ അങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു. ഞാൻ അങ്ങയെ മറന്നെങ്കിലും അങ്ങ് എന്നെ മറന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. എൻറെ പരമ നന്മയേ, അങ്ങയോടു പുറംതിരിഞ്ഞതിനു ഞാൻ ദുഃഖിക്കുന്നു, എന്നെ പൂർണമായും അങ്ങേയ്ക്കു നൽകാൻ ഞാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു. ഞാൻ എന്തിനു കാലതാമസം വരുത്തുന്നു? അങ്ങ് എന്നെ കൈവിടുന്നതിനും, ഞാൻ ഇതുവരെ ആയിരുന്നതുപോലെ നികൃഷ്ടനും  നന്ദിഹീനനുമായി  മരണം എന്നെ കണ്ടെത്തേണ്ടതിനുമോ? ഇല്ല, എൻറെ ദൈവമേ, ഞാൻ ഇനി അങ്ങയെ സ്നേഹിക്കുകയല്ലാതെ ഒരിക്കലും അങ്ങയെ ദ്രോഹിക്കുകയില്ല. ഓ അനന്തമായ നന്മയേ, എനിക്ക്  അങ്ങയുടെ പരിശുദ്ധസ്നേഹവും സ്ഥിരോത്സാഹവും  തരണമേ; ഞാൻ കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. പാപികളുടെ സങ്കേതമായ മറിയമേ, എനിക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ.