വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -43

യേശു, ദുഃഖങ്ങളുടെ മനുഷ്യൻ

1. പരിശുദ്ധനായ നമ്മുടെ രക്ഷകനെ ഏശയ്യാ  പ്രവാചകൻ  ‘ദുഃഖങ്ങളുടെ  മനുഷ്യൻ’ എന്നു വിളിക്കുന്നു; അവിടുന്ന് അങ്ങനെയായിരുന്നു; എന്തെന്നാൽ അവിടുത്തെ ജീവിതം മുഴുവനായും  ദുഃഖത്തിൻറേതായിരുന്നു. നമ്മുടെ പാപകടങ്ങളെല്ലാം അവിടുന്നു ‌  സ്വന്തം ചുമലിൽ ഏറ്റെടുത്തു. അവിടുന്ന്  ഒരേസമയം മനുഷ്യനും ദൈവവും ആയിരുന്നതിനാൽ, ലോകം മുഴുവൻറെയും പാപങ്ങൾക്കു പരിഹാരമായി അവിടുത്തെ ഒരേ ഒരു പ്രാർത്ഥന മതിയാകുമായിരുന്നു എന്നതു  സത്യമാണ്; എന്നാൽ നമ്മുടെ രക്ഷകൻ ദൈവികനീതി കർശനമായി  നിറവേറ്റുന്നതിനുവേണ്ടിയും  മനുഷ്യനോടുള്ള സ്നേഹത്തെപ്രതിയും അവനുവേണ്ടി പരിഹാരം ചെയ്യുന്നതിനായും, നിന്ദയും യാതനയും നിറഞ്ഞ ജീവിതം സ്വയം തിരഞ്ഞെടുത്തു; 

ഏശയ്യാ  പ്രവാചകൻ മുൻകൂട്ടി ദർശിച്ചതുപോലെ, ‘ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും നാം അവനെ കണ്ടു’. ഓ നിന്ദിതനായ എൻറെ യേശുവേ! ഞാൻ അങ്ങയോടു ചെയ്ത അവഹേളനങ്ങൾക്ക്   അങ്ങു സഹിച്ച നിന്ദകൾകൊണ്ട്  അങ്ങു പരിഹാരം ചെയ്തു. ഓ, അങ്ങയെ ഇനിയും നിന്ദിക്കുന്നതിനേക്കാൾ ഞാൻ മരിച്ചിരുന്നുവെങ്കിൽ! 

2. എൻറെ ദൈവമേ, ഞങ്ങളുടെ ഏറ്റവും സ്നേഹമുള്ള രക്ഷകനെപ്പോലെ ഇത്രയധികം പീഡിപ്പിക്കപ്പെട്ടവനും മർദ്ദനമേറ്റവനുമായി മനുഷ്യമക്കളിൽ ആരാണുള്ളത്?  ഈ ലോകത്ത് എത്രമാത്രം ദുരിതത്തിലായാലും, മനുഷ്യൻ കാലാകാലങ്ങളിൽ  അൽപമെങ്കിലും ആശ്വാസവും സാന്ത്വനവും ആസ്വദിക്കുന്നുണ്ട്. കരുണയുള്ള  നമ്മുടെ ദൈവം നന്ദിഹീനരും , കലഹപ്രിയരുമായ  തൻറെ സൃഷ്ടികളോട് ഇങ്ങനെ പെരുമാറുന്നു. എന്നാൽ അവിടുത്തെ പ്രിയപുത്രനോട് അവിടുന്ന് അപ്രകാരം ചെയ്യുകയില്ല; എന്തെന്നാൽ യേശുക്രിസ്തുവിൻറേത് ഒരു സാധാരണ  ദുരിതജീവിതം മാത്രമായിരുന്നില്ല, മറിച്ച് ജനനം  മുതൽ മരണം വരെ തുടർച്ചയായ കഷ്ടപ്പാടുകളുടെ ഒരു ജീവിതമായിരുന്നു. നമ്മുടെ പരിശുദ്ധനായ രക്ഷകന് എല്ലാ സാന്ത്വനവും എല്ലാത്തരം ആശ്വാസവും  എല്ലായ്‌പ്പോഴും നിഷേധിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, അവിടുന്നു ജനിച്ചതു കഷ്ടതയനുഭവിക്കുന്നതിനുവേണ്ടിയും ദുഃഖങ്ങളുടെ മനുഷ്യനായിരിക്കുന്നതിനുവേണ്ടിയുമാണ്. ഓ യേശുവേ! അങ്ങയെ ദ്രോഹിച്ച നികൃഷ്ട പുഴുക്കളായ ഞങ്ങളെ അങ്ങു സ്‌നേഹിച്ചതിനുശേഷവും അങ്ങയെ സ്നേഹിക്കാത്തവൻ, അല്ലെങ്കിൽ അങ്ങയെ വളരെക്കുറച്ചു മാത്രം സ്നേഹിക്കുന്നവൻ എത്ര നിർഭാഗ്യവാനാണ്! മറ്റാരെയും അല്ല, സ്നേഹിക്കപ്പെടാൻ ഏകയോഗ്യനായ അങ്ങയെ മാത്രം സ്നേഹിക്കാൻ ഈ ദിവസം മുതൽ എന്നെ പ്രാപ്തനാക്കണമേ. 

3.  മനുഷ്യർ കഷ്ടതകൾ അനുഭവിക്കുമ്പോൾ മാത്രമാണു  സഹിക്കുന്നത്, കാരണം ഇനിയും വരാനിരിക്കുന്ന സഹനങ്ങളെ അവർ അറിയുന്നില്ല. പക്ഷെ, യേശുക്രിസ്തു, ദൈവമെന്ന നിലയിൽ എല്ലാ ഭാവി കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനായിരുന്നതിനാൽ അവിടുത്തെ ജീവിതത്തിൻറെ ഓരോ നിമിഷത്തിലും സഹിച്ചു; യഥാർത്ഥത്തിൽ അവിടുത്തെ പീഡിപ്പിച്ച വേദനകൾ മാത്രമല്ല, അവിടുത്തേമേൽ വരാനിരുന്ന എല്ലാ സഹനങ്ങളും, പ്രത്യേകിച്ച് അവിടുത്തെ ഏറ്റവും ദുഃഖകരമായ പീഡാസഹനത്തിലെ അതിക്രമങ്ങളും, എല്ലായ്‌പ്പോഴും കൺമുൻപിൽ കണ്ടിരുന്ന ചമ്മട്ടിയടിയും, മുൾക്കിരീടധാരണവും, കുരിശിൽ തറയ്‌ക്കലും കയ്പേറിയ മരണവും, അവയോടൊപ്പം വന്ന എല്ലാ സങ്കടങ്ങളും ശൂന്യതയും. ഓ യേശുവേ, അങ്ങയെ എത്രയോ  ദാരുണമായി ദ്രോഹിച്ച എനിക്കുവേണ്ടി അങ്ങ് ഇത്രയധികം കഷ്ടതകൾ അനുഭവിച്ചത് എന്തുകൊണ്ടാണ്? ഞാൻ അങ്ങയെ സ്നേഹിക്കും, ഇനി മുതൽ ഞാൻ മറ്റാരെയുമല്ല, അങ്ങയെ മാത്രം സ്നേഹിക്കും, എന്നെ സ്വീകരിക്കണമേ. എൻറെ സ്നേഹവും എൻറെ ഒരേയൊരു നന്മയുമേ, എന്നെ സ്വീകരിച്ച് എന്നെ ശക്തിപ്പെടുത്തണമേ. അങ്ങയെ മാത്രം പ്രസാദിപ്പിക്കുന്നതിനായി  ഒരു വിശുദ്ധനാകാൻ ഞാൻ ദൃഢനിശ്ചയം ചെയ്യുന്നു. ഞാൻ മുഴുവനായും അങ്ങയുടേതാകാൻ അങ്ങ് ആഗ്രഹിക്കുന്നുവല്ലോ, അങ്ങനെയാകാൻ ഞാനും ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയമേ, അങ്ങാണ് എൻറെ പ്രത്യാശ.