ദൈവം നമുക്കുവേണ്ടി മരിച്ചതുകൊണ്ടു നാം ദൈവത്തെ സ്നേഹിക്കുന്നു
1. അപ്പസ്തോലൻ പറയുന്നു: അവൻ എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തു. തൻറെ ദാസനോടുള്ള സ്നേഹത്തെപ്രതി ഒരു യജമാനനോ, അല്ലെങ്കിൽ തൻറെ അടിമയോടുള്ള സ്നേഹത്തെപ്രതി ഒരു രാജാവോ, ജീവൻ അർപ്പിച്ചതായി എപ്പോഴാണ് കേട്ടിട്ടുള്ളത്? എന്നിട്ടും, സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും കർത്താവും എൻറെ സ്രഷ്ടാവുമായ ദൈവപുത്രൻ, അവിടുത്തെ സ്വന്ത ഹിതത്താൽ, നീചവും നന്ദികെട്ടതുമായ സൃഷ്ടിയായ എന്നോടുള്ള സ്നേഹത്തെപ്രതി അവിടുത്തെ ജീവൻ അർപ്പിച്ചു എന്നതു നിശ്ചയമായും സത്യമാകുന്നു. വിശുദ്ധ ബെർണാർഡ് പറയുന്നു: “തൻറെ ദാസനെ രക്ഷിക്കാനായി അവൻ തന്നെത്തന്നെ ഒഴിവാക്കിയില്ല.” എന്നോടു ക്ഷമിക്കാൻ, അവിടുന്ന് അവിടുത്തോടു സ്വയം ക്ഷമിച്ചില്ല, മറിച്ചു ക്രൂശിൽ പീഡനങ്ങളേറ്റു മരിക്കാൻ സ്വയം ശിക്ഷയ്ക്കു വിധിച്ചു. ഓ യേശുവേ, അങ്ങ് എനിക്കുവേണ്ടി മരിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു, എന്നിട്ടും പല വർഷങ്ങൾ അങ്ങയെ സ്നേഹിക്കാതെ എനിക്ക് എങ്ങനെ ജീവിക്കാൻ സാധിച്ചു?
2. എന്നാൽ, എൻറെ രക്ഷകാ, ഒരു നികൃഷ്ടസൃഷ്ടിയ്ക്കുവേണ്ടി മാത്രമല്ല, മറിച്ച് കൂടെക്കൂടെ അങ്ങയോടു പുറം തിരിഞ്ഞുകൊണ്ടു, അധമമായ സുഖസംതൃപ്തിക്കുവേണ്ടി അങ്ങയുടെ കൃപയും അങ്ങയുടെ സ്നേഹവും പരിത്യജിച്ച, കലഹപ്രിയനും നന്ദികെട്ടവനുമായ ഒരു സൃഷ്ടിയ്ക്കുവേണ്ടിയാണ് അങ്ങ് അങ്ങയുടെ ജീവൻ അർപ്പിച്ചത്. ഏറ്റവും പ്രിയങ്കരമായ പ്രചോദനങ്ങളിലൂടെ അങ്ങയെ സ്നേഹിക്കാൻ അങ്ങ് എന്നെ നിർബന്ധിതനാക്കി. എന്നാൽ അങ്ങ് എന്നെ വെറുക്കുന്നതിനും എന്നെ നരകശിക്ഷയ്ക്കു വിധിക്കുന്നതിനുമത്രേ ഞാൻ ശ്രമിച്ചത്. എന്നിരുന്നാലും, എനിക്കുവേണ്ടി മരിക്കാൻ അങ്ങയെ പ്രേരിപ്പിച്ച അതേ സ്നേഹം, ഞാൻ അങ്ങയിലേക്കു മടങ്ങുകയാണെങ്കിൽ അങ്ങ് എന്നെ നിരസിക്കുകയില്ലെന്നു പ്രത്യാശിക്കാൻ, എന്നെ ഇപ്പോൾ പ്രേരിപ്പിക്കുന്നു. ഓ യേശുവേ, എന്നോടു ക്ഷമിക്കണമേ! ഞാൻ അങ്ങയോടു ചെയ്ത തെറ്റിനെപ്പറ്റി ഞാൻ ബോധവാനാണ്; കുറച്ചു മാത്രം അങ്ങയെ സ്നേഹിക്കുക വഴിയായി ഞാൻ ഇനിയും അങ്ങയോടു ചെയ്തേക്കാവുന്ന തെറ്റ് ഞാൻ അറിയുന്നു. ഇല്ല, എൻറെ ശക്തിയുടെ പരമാവധി ഞാൻ അങ്ങയെ സ്നേഹിക്കും; അത്തരമൊരു സ്നേഹത്തിന് അങ്ങ് വളരെയധികം അർഹനാണ്. അങ്ങയുടെ സഹായവും തുണയും എനിക്കു തരണമേ.
3. കഷ്ടം, എൻറെ രക്ഷിതാവേ, എൻറെ ഹൃദയത്തെ നേടാൻ എനിയ്ക്കുവേണ്ടി മരിക്കുന്നതിലുമധികമായി എന്താണ് അങ്ങേയ്ക്കു ചെയ്യാൻ സാധിക്കുമായിരുന്നത്? അങ്ങയുടെ സുഹൃത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി അവനുവേണ്ടി മരിക്കുന്നതിനേക്കാൾ എന്തു വലിയ സ്നേഹമാണ് അങ്ങേയ്ക്കു കാണിക്കാൻ കഴിയുമായിരുന്നത്? സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലല്ലോ . ഓ വചനം മനുഷ്യനായി അവതരിച്ചപ്പോൾ മുതൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനുവേണ്ടി അങ്ങേയ്ക്കു കൂടുതൽ ഒന്നും ചെയ്യാൻ കഴിയുകയില്ലാത്തതിനാൽ ഞാൻ അങ്ങയോടു നന്ദിയില്ലാത്തവനായി തുടരാമോ? ഇല്ല, മരണം അടുത്തുവരികയാണ്, ഒരുപക്ഷേ അത് എൻറെ വളരെ അടുത്തായിരിക്കാം, ഞാൻ ഇതുവരെ ആയിരുന്നതുപോലെ ഞാൻ അങ്ങയോടു നന്ദികെട്ടവനായി മരിക്കുകയില്ല. എൻറെ പ്രിയപ്പെട്ട യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് അങ്ങയെത്തന്നെ പൂർണമായി എനിക്കു തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ പൂർണമായി അങ്ങേയ്ക്കു തരും. അങ്ങയുടെ അനന്ത നന്മയുടെ സ്നേഹത്തിൽ ജീവിക്കാനും മരിക്കാനും തക്കവണ്ണം അങ്ങയുടെ സ്നേഹത്തിൻറെ ഉടമ്പടിയാൽ ബന്ധിപ്പിച്ചു എന്നെ നേർവഴിയിൽ നടത്തണമേ. ഓ പരിശുദ്ധ മാതാവായ മറിയമേ! എന്നെ അങ്ങയുടെ സംരക്ഷണത്തിലാക്കുകയും എന്നോടുള്ള സ്നേഹത്താൽ കുരിശിൽ മരിച്ച അങ്ങയുടെ ദിവ്യപുത്രൻറെ സ്നേഹത്തിൽ എരിയാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ.