വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 70

ഞങ്ങൾ‌ നശിക്കുകയാണെങ്കിൽ ‌ ഒറ്റയ്ക്കല്ല നശിക്കുക  എന്നു പറയുന്നവരുടെ അന്ധത

1. നീ എന്തു പറയുന്നു? നീ നരകത്തിൽ പോകുകയാണെങ്കിൽ നീ ഒറ്റയ്ക്കു  പോകുകയില്ലെന്നോ? എന്നാൽ നരകത്തിൽ ദുഷ്ടന്മാരുടെ കൂട്ടായ്മ നിനക്ക് എന്ത് ആശ്വാസമായിരിക്കും തരുക? നരകത്തിലുള്ള ഓരോ ശിക്ഷിക്കപ്പെട്ട ആത്മാവും “ഞാൻ ശിക്ഷിക്കപ്പെട്ടത് എന്നെന്നേക്കുമായി കഷ്ടപ്പെടുന്നതിനാണെങ്കിലും, അതു  ഞാൻ ഒറ്റയ്ക്ക് അനുഭവിക്കണമല്ലോ!” എന്നു  പറഞ്ഞുകൊണ്ടു കരയുകയും വിലപിക്കുകയും ചെയ്യുന്നു. നീ അവിടെ കണ്ടുമുട്ടുന്ന നികൃഷ്ടരുടെ  സംഘം അവരുടെ നിരാശാജനകമായ ഞരക്കങ്ങളും രോദനങ്ങളും കൊണ്ടു നിൻറെ വേദന വർദ്ധിപ്പിക്കും. ഒരു നായ രാത്രിമുഴുവൻ അലറുന്നതു കേട്ടിട്ടോ അല്ലെങ്കിൽ അഞ്ചോ ആറോ മണിക്കൂർ സമയം ഒരു ശിശു കരയുന്നതു കേട്ടിട്ടോ ഉറങ്ങാൻ കഴിയാതിരിക്കുന്നത് എത്ര അസഹ്യമാണ്. അപ്പോൾ, അന്യോന്യം ഉപദ്രവിച്ചുകൊണ്ടിരിക്കുകയും കൊടുംനൈരാശ്യത്തിൽ നീറുകയും ചെയ്യുന്ന അസംഖ്യം ആത്മാക്കൾ, അവരുടെ നിരാശാജനകമായ ശബ്ദകോലാഹലങ്ങൾ കൊണ്ട്, ഒരു ദിവസത്തേക്കല്ല, കുറെ രാത്രികളിൽ മാത്രമല്ല, മറിച്ച് എല്ലാ നിത്യതയിലും, ആക്രോശിക്കുകയും അലമുറയിടുകയും ചെയ്യുന്നതു കേട്ടുകൊണ്ടിരിക്കാൻ  എങ്ങനെ സാധിക്കും! 

2. കൂടാതെ, നിൻറെ കൂട്ടാളികൾ അവരുടെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ജഡത്തിൻറെ ദുർഗന്ധത്താൽ നരകത്തിലെ പീഡകൾ വർദ്ധിപ്പിക്കുക കൂടി ചെയ്യും. ഏശയ്യ പ്രവാചകൻ പറയുന്നു: അവരുടെ മൃതശരീരത്തിൽനിന്നു ദുർഗന്ധം വമിക്കും. വേദനിക്കുന്നതിനുവേണ്ടി അവർ ജീവിക്കുന്നെങ്കിലും അവയെ മൃതശരീരം എന്നു വിളിക്കുന്നത് അവർ മൃതരായതുകൊണ്ടല്ല, മറിച്ച്‌ അവർ പുറപ്പെടുവിക്കുന്ന ദുർഗന്ധം  കൊണ്ടാണ്. നിൻറെ കൂട്ടാളികൾ അവരുടെ എണ്ണംകൊണ്ടും നിൻറെ നരകപീഡകൾ വർദ്ധിപ്പിക്കും; അവർ ആ പാതാളഗർത്തത്തിൽ  ദൈവത്തിൻറെ കോപത്തിൻറെ മുന്തിരിച്ചക്കിലെ  മുന്തിരിപ്പഴം പോലെ ആയിരിക്കും. വിശുദ്ധ യോഹന്നാൻ പറയുന്നതുപോലെ  ‘സർവശക്തനായ ദൈവത്തിൻറെ ഉഗ്രകോപത്തിൻറെ മുന്തിരിച്ചക്ക് അവൻ ചവിട്ടുകയും ചെയ്യും’. ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം, കൈയോ കാലോ ചലിപ്പിക്കാൻ കഴിയാത്തവിധം അവർ എല്ലാ ഭാഗത്തുനിന്നും ഞെരുക്കപ്പെടും.

3. ഓ ശപിക്കപ്പെട്ട പാപമേ! വിവേചനാശക്തിയാകുന്ന വരദാനം ലഭിച്ച മനുഷ്യരെ എങ്ങനെ നിനക്ക് അന്ധരാക്കാൻ കഴിയുന്നു? നിത്യനാശം എന്ന സാധ്യതയെ  പുച്ഛിക്കാൻ ആഗ്രഹിക്കുന്ന പാപികൾ, അവരുടെ വസ്തുക്കളും  അവരുടെ പദവികളും  അവരുടെ ആരോഗ്യവും സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്; “എനിക്ക് എൻറെ സ്വത്ത്, സ്ഥലം, ആരോഗ്യം എന്നിവ നഷ്ടപ്പെട്ടാൽ അത്തരം കാര്യങ്ങൾ നഷ്ടപ്പെടുന്ന ഏക മനുഷ്യൻ ഞാൻ മാത്രം ആയിരിക്കുകയില്ല.” എന്ന് അവർ പറയുന്നില്ല. എന്നിട്ടും ആത്മാവ് അപകടത്തിലാകുമ്പോൾ അവർ പറയുന്നു “ഞാൻ നഷ്ടപ്പെടുകയാണെങ്കിൽ, ഞാൻ ഒറ്റയ്ക്കല്ല നഷ്ടപ്പെടുക!” ഈ ലോകത്തിലെ നല്ല കാര്യങ്ങൾ നഷ്ടപ്പെടുത്തുകയും തൻറെ ആത്മാവിനെ  രക്ഷിക്കുകയും ചെയ്യുന്നവൻ നഷ്ടപ്പെട്ട എല്ലാത്തിനും പ്രതിഫലം കണ്ടെത്തും; എന്നാൽ തൻറെ ആത്മാവിനെ നഷ്ടപ്പെടുന്നവന് എന്താണ് പകരം  ലഭിക്കുക? അവൻറെ ആത്മാവിനു പകരമായി അവൻ എന്തു നൽകും? എൻറെ ദൈവമേ, എനിക്കു വെളിച്ചം നല്‍കണമേ, എന്നെ ഉപേക്ഷിക്കരുതേ. നികൃഷ്ടവും ക്ഷണികവുമായ പഞ്ചേന്ദ്രിയസുഖത്തിനായി ഞാൻ എത്ര പ്രാവശ്യം എൻറെ ആത്മാവിനെ പിശാചിനു വിറ്റുകൊണ്ട് അങ്ങയുടെ കൃപയും പ്രീതിയും തിരസ്കരിച്ചു! ദൈവമേ, അപ്രകാരം അങ്ങയുടെ അനന്തമായ മഹിമയെ അപമാനിച്ചതിൽ ഞാൻ ഖേദിക്കുന്നു. എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; മേലിൽ അങ്ങയെ നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ. പരിശുദ്ധ മറിയമേ! ദൈവത്തിൻറെ അമ്മേ, അങ്ങയുടെ പരിശുദ്ധ മദ്ധ്യസ്ഥതയാൽ നരകത്തിൽനിന്നും പാപത്തിൻറെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണമേ.