മനുഷ്യവംശം യഹോഷാഫാത്തിൻറെ താഴ്‌വരയിൽ
1. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കും. അനേകം പേർ ഒരുമിച്ചുകൂടുന്ന ഒരു ദൈവാലയത്തിൽ വച്ചു പരസ്യമായി മതഭ്രഷ്ടനാക്കപ്പെട്ട്, നിർബന്ധപൂർവം പുറത്താക്കപ്പെടുന്ന ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന മനോവിഷമം എത്രയധികമായിരിക്കും!
സകല മനുഷ്യരുടെയും സാന്നിധ്യത്തിൽവച്ചു വിശുദ്ധന്മാരുടെ കൂട്ടത്തിൽ നിന്നു പുറത്താക്കപ്പെടുന്ന ന്യായവിധി ദിവസത്തിൽ, മഹാപാപികൾ തങ്ങളെത്തന്നെ കാണുന്നത്, കഷ്ടം, എത്രയധികം ലജ്ജാകരമായിരിക്കും! ഈ ജീവിതത്തിൽ ദുഷ്ടന്മാർ വിശുദ്ധന്മാരെപ്പോലെ തുല്യമായിട്ടോ, ചിലപ്പോൾ അതിലധികമോ ബഹുമാനിക്കപ്പെടുന്നു. എന്നാൽ, ഈ ലോകത്തിൻറെ രൂപം കടന്നുപോകുന്ന ആ ദിവസത്തിൽ, തിരഞ്ഞെടുക്കപ്പെട്ടവരെ വലതുഭാഗത്തു നിർത്തുകയും, ‘അപ്പോൾ നാം ആകാശത്തിൽ ക്രിസ്തുവിനെ എതിരേൽക്കാനായി അവരോടൊപ്പം മേഘങ്ങളിൽ സംവഹിക്കപ്പെടും’ എന്ന അപ്പോസ്തലൻറെ വാക്കുകൾ പോലെ, മഹത്വത്തിൻറെ കിരീടങ്ങൾ തലയിൽ വയ്ക്കാനായി മുന്നോട്ടുവരുന്ന യേശുക്രിസ്തുവിനെ കാണുന്നതിനായി നാം മേഘങ്ങളിൽ സംവഹിക്കപ്പെടുകയും ചെയ്യും. എന്നാൽ, പരസ്യമായി വിധിക്കാൻ വരുന്ന ന്യായാധിപനെ കാത്തിരിക്കുന്നതിനായി, പീഡകരാൽ ചുറ്റപ്പെട്ട ദുഷ്ടന്മാരായ നരകാത്മാക്കളെ ഇടതു ഭാഗത്തു നിർത്തും. ഓ ഭോഷന്മാരായ ശുദ്ധ ലൗകികരേ! വിശുദ്ധരുടെ ജീവിതത്തെ ഇപ്പോൾ പരിഹാസത്തോടെയും പുച്ഛത്തോടെയും കാണുന്ന നിങ്ങൾ, യഹോഷാഫാത്ത് താഴ്വരയിൽ വച്ചു നിങ്ങളുടെ മനോവികാരങ്ങൾ മാറ്റും. അവിടെ നിങ്ങളുടെ ഭോഷത്തം നിങ്ങൾ സമ്മതിക്കും, പക്ഷേ അപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരിക്കും.
2. ഓ, ദൈവത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ച വിശുദ്ധന്മാർ അന്ന് എത്ര മനോഹരമായി കാണപ്പെടും! തങ്ങളുടെ നിത്യരക്ഷയെ മാത്രം ശ്രദ്ധിക്കുന്നതിനുവേണ്ടി ലോകത്തിൻറെ സമ്പത്തും ആനന്ദവും ഉപേക്ഷിച്ച്, മരുഭൂമികളിലോ ഏകാന്ത വാസത്തിലോ സ്വയം കഴിഞ്ഞുകൂടിയ നിരവധി ചെറുപ്പക്കാരെ അപ്പോൾ കാണാൻ എത്ര മനോഹരമായിരിക്കും! ഈ ലോകത്തിലെ സ്വേച്ഛാധിപതികൾ വളരെയധികം നിന്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത നിരവധി രക്തസാക്ഷികളും അതുപോലെതന്നെ. ഇവരെല്ലാം യേശുക്രിസ്തുവിൻറെ സ്വർഗ്ഗീയ മഹത്വത്തിൽ പ്രമാണിമാരായി പ്രഖ്യാപിക്കപ്പെടും. നേരെമറിച്ച്, ഈ ലോകത്ത് വളരെ വലിയ സ്ഥാനം വഹിച്ചെങ്കിലും ദൈവത്തിൻറെ അപ്രീതിയിൽ മരിച്ചുപോയ ഹേറോദേസ്, അല്ലെങ്കിൽ പീലാത്തോസ്, നീറോ, അല്ലെങ്കിൽ മറ്റു പലർക്കും എത്ര ഭീകരമായ രൂപമാണ്! ഓ യേശുവേ, ഞാൻ അങ്ങയുടെ വിശുദ്ധ കുരിശിനെ സ്വീകരിക്കുന്നു. എന്താണു സമ്പത്ത്, എന്താണു ബഹുമതികൾ, ലോകം മുഴുവൻ എന്താണ്? ഞാൻ അങ്ങയെയല്ലാതെ എന്തിനെയാണ് ആഗ്രഹിക്കുക?
3. ക്രിസ്ത്യാനീ, അവസാന ദിവസം നിൻറെ സ്ഥാനം എവിടെയായിരിക്കും? വലതുഭാഗമോ അതോ ഇടതുഭാഗമോ? നിനക്കു വലതുവശം കൈവശപ്പെടുത്തണമെങ്കിൽ, അങ്ങോട്ടേയ്ക്കു നയിക്കുന്ന വഴിയിലൂടെ നീ നടക്കണം; ഇടതുവശത്തേക്കുള്ള വഴി നിലനിർത്തുകയും ഒപ്പം വലതുവശത്ത് എത്തിച്ചേരുകയും ചെയ്യുക അസാധ്യമാണ്. ഞങ്ങളുടെ പാപങ്ങൾ നീക്കിക്കളയുവാൻ ലോകത്തിലേക്കു വന്ന ദൈവത്തിൻറെ കുഞ്ഞാടേ, എൻറെമേൽ കരുണയായിരിക്കണമേ. അങ്ങേയ്ക്കെതിരായി പാപം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കും; ഇനിമേലിൽ അങ്ങയെ ദ്രോഹിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ ലൗകിക വസ്തുക്കൾ ആഗ്രഹിക്കുന്നില്ല; അങ്ങയുടെ കൃപയും അങ്ങയുടെ സ്നേഹവും മാത്രം എനിക്കു തരണമേ; ഞാൻ കൂടുതലൊന്നും ചോദിക്കുന്നില്ല. പരിശുദ്ധ മറിയമേ, അങ്ങാണ് എൻറെ സങ്കേതവും പ്രത്യാശയും.