വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 64

സ്വപുത്രനെ നമുക്കു നൽകുന്ന ദൈവത്തിൻറെ സ്നേഹം

1. വരദാനങ്ങളും  കൃപകളും കൊണ്ടു നമ്മെ നിറച്ചതിനുശേഷവും, സ്വന്തം പുത്രനെ നമുക്കു നല്കാൻമാത്രം, ദൈവത്തിനു നമ്മോടുള്ള സ്നേഹം അത്ര വലുതായിരുന്നു: അവിടുത്തെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം അത്രമേൽ  ദൈവം ലോകത്തെ സ്നേഹിച്ചു.   

 നിത്യ പിതാവ്, ഭൂമിയിലെ വെറും നികൃഷ്‌ട കൃമികളായ  നമുക്കു വേണ്ടി, അവിടുത്തെ പ്രിയപുത്രനെ  എളിയതും  വെറുക്കപ്പെട്ടതുമായ  ഒരു  ജീവിതം നയിക്കാനും, മനുഷ്യർ  ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ലജ്ജാകരവും കയ്‌പ്പേറിയതുമായ ഒരു മരണം അനുഭവിക്കാനും, മരിക്കുമ്പോൾ “എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!” എന്നു വിളിച്ചുപറയുവാൻ കാരണമാകാൻ മാത്രം  ആന്തരികവും ബാഹ്യവുമായ എണ്ണമറ്റ പീഡകൾ സഹിക്കാനും  ഈ ലോകത്തിലേക്ക് അയച്ചു. ഓ നിത്യനായ ദൈവമേ! അനന്ത സ്നേഹത്തിൻറെ ദൈവമായ അങ്ങേയ്ക്കല്ലാതെ മറ്റാർക്കാണ് അത്തരം അതിരറ്റ മൂല്യമുള്ള ഒരു സമ്മാനം ഞങ്ങളുടെമേൽ ചൊരിയാൻ കഴിയുക? ഓ അനന്ത നന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! ഓ അനന്ത സ്നേഹമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു!   

2. സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി അവിടുത്തെ ഏല്പിച്ചുതന്നവൻ!  എന്നാൽ, ഓ നിത്യനായ ദൈവമേ,  അങ്ങു  മരണത്തിന് ഏൽപ്പിച്ചുകൊടുത്ത ഈ ദിവ്യപുത്രൻ നിഷ്കളങ്കനായിരുന്നെന്നും  എല്ലാ കാര്യങ്ങളിലും എല്ലായ്പ്പോഴും അങ്ങയോട് അനുസരണമുള്ളവൻ ആയിരുന്നെന്നും ഓർക്കണമേ. അപ്പോൾ, അങ്ങയെപ്പോലെതന്നെ അങ്ങു സ്നേഹിക്കുന്ന സ്വപുത്രനെ  ഞങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി മരണത്തിനു വിധിക്കുവാൻ അങ്ങേയ്ക്ക് എങ്ങനെ കഴിയും? നിത്യപിതാവ് മറുപടി നൽകുന്നു: “യഥാർത്ഥത്തിൽ അവൻ എൻറെ പുത്രനായതുകൊണ്ടും, അവൻ നിഷ്കളങ്കനായതുകൊണ്ടും എല്ലാ കാര്യങ്ങളിലും എന്നോടു അനുസരണയുള്ളവനായിരുന്നതുകൊണ്ടും, ഞങ്ങൾ രണ്ടുപേർക്കും നിങ്ങളോടുള്ള സ്നേഹത്തിൻറെ മഹത്വം നിങ്ങൾ അറിയേണ്ടതിനുവേണ്ടി അവൻറെ ജീവൻ അവൻ അർപ്പിക്കണം എന്നായിരുന്നു എൻറെ ആഗ്രഹം.  ഓ ദൈവമേ, അങ്ങയുടെ ദാസന്മാരായ ഞങ്ങളെ വിടുവിക്കാനായി അങ്ങയുടെ സ്വപുത്രനെ മരിക്കാൻ അനുവദിക്കാൻ കാരണമായ അങ്ങയുടെ ഔദാര്യത്തിൻറെ ബാഹുല്യത്തിന് എല്ലാ സൃഷ്ടികളും എല്ലായ്പ്പോഴും അങ്ങയെ സ്തുതിക്കട്ടെ. അങ്ങയുടെ പുത്രൻറെ ഈ സ്നേഹത്തെപ്രതി, എൻറെമേൽ ദയയായിരിക്കണമേ.  എൻറെ രക്ഷ, ഈ ലോകത്തിലും അടുത്തതിലും അങ്ങയെ എന്നേക്കും സ്നേഹിക്കുന്നതിനുവേണ്ടിയാകട്ടെ.

3. കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താൽ, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു. അപ്പസ്തോലൻ  പറയുന്നു:  നമ്മോടുള്ള ദൈവസ്നേഹം  വളരെ വളരെ വലുതാണ്. നമ്മൾ പാപംവഴി മരിച്ചവരായിരുന്നു, എന്നാൽ അവിടുത്തെ പുത്രൻറെ മരണത്താൽ അവിടുന്നു നമ്മെ വീണ്ടും ജീവനിലേക്ക് ഉയർത്തി. എന്നാൽ, നമ്മുടെ ദൈവത്തിൻറെ അനന്തമായ ഔദാര്യത്തിനനുസരിച്ച്  ആ സ്നേഹം അത്ര വളരെ വലുതൊന്നുമായിരുന്നില്ല. എല്ലാ ഗുണങ്ങളിലും അപരിമേയനായിരുന്നതിനാൽ, അവിടുന്നു സ്നേഹത്തിലും അതിരറ്റവനായിരുന്നു. എന്നാൽ, ഓ കർത്താവേ, അങ്ങു മനുഷ്യരോട് ഇത്രയധികം സ്നേഹം പ്രകടിപ്പിച്ചതിനുശേഷവും, വളരെ ചുരുക്കംപേർ മാത്രം അങ്ങയെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചുരുക്കം ചിലരിൽ ഒരാളാകാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു! എൻറെ പരമനന്മയായ അങ്ങയെ ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല, എന്നാൽ ഞാൻ അങ്ങയെ ഉപേക്ഷിച്ചു. അതിൽ, എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നു ഞാൻ ഖേദിക്കുന്നു. അതിനാൽ ഞാൻ അങ്ങയെ സ്നേഹിക്കും, എല്ലാവരും അങ്ങയെ വിട്ടുപോയാലും എൻറെ ദൈവവും, എൻറെ സ്നേഹവും, എൻറെ സർവസ്വവുമായ  അങ്ങയെ ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഓ പരിശുദ്ധ മറിയമേ! എൻറെ പ്രിയപ്പെട്ട രക്ഷകനോട് എന്നെ എന്നത്തെയുംകാൾ കൂടുതൽ ഐക്യപ്പെടുത്തണമേ.