ശരീരത്തിൻറെ ഉയിർപ്പ്
1. ഈ ലോകം ഇല്ലാതാകുന്ന ഒരു ദിവസം വരും, അവസാന ദിവസം. വിധിയാളൻ വരുന്നതിനുമുമ്പ്, സ്വർഗ്ഗത്തിൽനിന്നു തീ ഇറങ്ങി ഭൂമിയ്ക്കു മേൽ ഉള്ളതെല്ലാം ദഹിപ്പിച്ചുകളയും: ഭൂമിയും അതിലുള്ള സകല സൃഷ്ടികളും ദഹിപ്പിച്ചുകളയപ്പെടും. അപ്പോൾ അന്നു ഭൂമിയിൽ ഉള്ള സകലതും ചാരമായി മാറും. ഓ ദൈവമേ! പലരും തങ്ങളുടെ ആത്മാക്കളുടെ രക്ഷയെ ഇപ്പോൾ എന്തിനായി വേണ്ടെന്നുവയ്ക്കുന്നുവോ ലോകത്തിൻറെതായ ആ മായാമോഹങ്ങളെല്ലാം അപ്പോൾ എങ്ങനെയായിരിക്കും കാണപ്പെടുക? ഈ ഭൂമിയിലെ എല്ലാ ഉന്നതാധികാര പ്രതാപങ്ങളുടെയും, അവയുടെ ധൂമ്രനൂൽ, അവയുടെ കിരീടങ്ങൾ, അവയുടെ ചെങ്കോലുകൾ എന്നിവയുടെയും അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും? ഓ അവയെ സ്നേഹിക്കുന്നവരുടെ ഭോഷത്തം! കൂടാതെ, അത്തരം മായകളോടുള്ള സ്നേഹത്തെപ്രതി തങ്ങളുടെ ദൈവത്തെ നഷ്ടപ്പെടാൻ പോകുന്നവരുടെ വിലാപങ്ങളും!
2. കാഹളം മുഴങ്ങും, മരിച്ചവർ ഉയിർത്തെഴുന്നേൽക്കും. ഈ കാഹളം എല്ലാവരേയും ഒന്നിച്ച് അവരുടെ കല്ലറകളിൽ നിന്നു ന്യായവിധിക്കായി വിളിക്കും. ഓ, നീതിമാന്മാരുടെ ശരീരങ്ങൾ എത്ര മനോഹരവും തേജസ്സുള്ളതുമായി കാണപ്പെടും! ‘അപ്പോൾ നീതിമാൻ സൂര്യനെപ്പോലെ പ്രകാശിക്കും’. നേരെമറിച്ച്, മഹാപാപികളുടെ ശരീരങ്ങൾ എത്ര വൃത്തികെട്ടതും വികൃതവുമായി കാണപ്പെടും! ആരുടെ തൃപ്തിക്കായി അവർ സ്വർഗ്ഗം നഷ്ടപ്പെടുത്തുകയും ദൈവത്തെ നഷ്ടപ്പെടുത്തുകയും ചെയ്തുവോ അവരോടൊപ്പം എന്നേക്കും നരകത്തിൽ എറിയപ്പെടുന്നതിനും അവിടെ നിത്യ ജ്വാലകളിൽ ഒരുമിച്ച് എരിയപ്പെടുന്നതിനുമായി വീണ്ടും അവരുടെ ശരീരവുമായി ഐക്യപ്പെടുന്നത് ഈ നികൃഷ്‌ടരായ ആത്മാക്കൾക്കു എത്ര കഠിനമായ ശിക്ഷയായിരിക്കും! അപ്പോൾ, ദൈവത്തെ അപ്രീതിപ്പെടുത്തുന്ന എല്ലാ സംതൃപ്തികളെയും തങ്ങളുടെ ശരീരത്തിനു നിഷേധിച്ചവരും, അവയെ കൂടുതൽ കീഴ്‌പ്പെടുത്താൻവേണ്ടി ഉപവാസവും തപസ്സുംകൊണ്ട് അവയെ നിഗ്രഹിച്ചവരും ഭാഗ്യവാന്മാരായിരിക്കും; ഓ യേശുവേ! അങ്ങയുടെ തിരുമുഖം എന്നിൽനിന്നും മറയ്ക്കരുതേ, ഞാൻ അതിന് അർഹനായിരുന്നു. എൻറെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി എത്രയോ തവണ ഞാൻ അങ്ങയുടെ സൗഹൃദം ഉപേക്ഷിച്ചു! ഓ, അങ്ങയെ അപ്രകാരം അപമാനിച്ചതിനുപകരം ഞാൻ മരിച്ചിരുന്നുവെങ്കിൽ! എൻറെമേൽ കരുണയായിരിക്കണമേ.
3. ഒന്നിച്ചുകൂട്ടിക്കഴിയുമ്പോൾ എല്ലാ ജനങ്ങളും, പരസ്യമായി വിധിക്കപ്പെടാനായി യഹോഷാഫാത്ത് താഴ്വരയിൽ എല്ലാവരുടെയും മുമ്പാകെ ഹാജരാകാൻ ദൂതന്മാർ കൽപ്പിക്കും: ‘ജനതകൾ, വിനാശത്തിൻറെ താഴ്വരയിൽ ജനതകൾ!’. ഓ എൻറെ ദൈവമേ! ഞാൻ ആ താഴ്വരയിൽ പ്രത്യക്ഷപ്പെടണമോ? ഞാൻ അവിടെ ഏതു സ്ഥലത്തു നിൽക്കും? മഹത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരോടു കൂടെയോ, അതോ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ശിക്ഷിക്കപ്പെട്ടവരോടു കൂടെയോ? എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങയുടെ വിലയേറിയ തിരുരക്തമാണ് എൻറെ ഏക പ്രത്യാശ. എനിക്കു കഷ്ടം! അങ്ങയെ സ്നേഹിക്കാൻ കഴിയാതെ അങ്ങയിൽ നിന്നു വളരെ അകലെ, നരകത്തിൽ എന്നേക്കും വസിക്കാനായി വിധിക്കപ്പെടാൻ ഞാൻ എത്രയോ തവണ യോഗ്യനാണ്! ഇല്ല, എൻറെ യേശുവേ, ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും ഞാൻ അങ്ങയെ എന്നേക്കും സ്നേഹിക്കും. പാപം ചെയ്ത് അങ്ങയിൽ നിന്നു പിരിഞ്ഞുപോകാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ. എൻറെ ബലഹീനത അങ്ങ് അറിയുന്നു; ഓ യേശുവേ, അങ്ങ് എപ്പോഴും എൻറെ സഹായമായിരിക്കണമേ! എന്നെ ഉപേക്ഷിക്കരുതേ. എൻറെ അഭിഭാഷകയായ പരിശുദ്ധ മറിയമേ, പരിശുദ്ധമായ സ്ഥിരോത്സാഹം എന്ന ദാനം എനിക്കായി നേടിത്തരണമേ.