വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 60

നാം മരിക്കണം.

1. “നാം മരിക്കണം!” എന്ന വാക്കുകളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു! ക്രിസ്തീയ സഹോദരാ, താങ്കൾ തീർച്ചയായും ഒരു ദിവസം മരിക്കണം. മാമ്മോദീസാ പുസ്തകത്തിൽ  താങ്കളുടെ പേര് ഒരു ദിവസം ചേർത്തിരിക്കുന്നതുപോലെ,  മരിച്ചവരുടെ പുസ്തകത്തിലും ഇത്  ഒരു ദിവസം ഉൾപ്പെടുത്തിയിരിക്കും, അതിനുള്ള ദിവസം ഇതിനകംതന്നെ സർവ്വശക്തനായ ദൈവം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. താങ്കളുടെ പിതാവിൻറെയോ, അമ്മാവൻറെയോ, സഹോദരൻറെയോ പ്രിയപ്പെട്ട ഓർമ്മകളെക്കുറിച്ചു താങ്കൾ  ഇപ്പോൾ സംസാരിക്കുന്നതുപോലെതന്നെ, താങ്കളുടെ പിൻതലമുറക്കാർ  താങ്കളെക്കുറിച്ചും  സംസാരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ മരണത്തെക്കുറിച്ചു നിങ്ങൾ ഇപ്പോൾ ഇടയ്‌ക്കിടെ കേൾക്കുന്നതുപോലെ, മറ്റുള്ളവർ നിങ്ങളുടെ മരണത്തെക്കുറിച്ചും ഒരുദിവസം  കേൾക്കും, നിങ്ങൾ നിത്യതയിലേക്കു പോകുകയും ചെയ്യും. ഓ ദൈവമേ! അപ്പോൾ എനിക്ക് എന്തു സംഭവിക്കും? എൻറെ ശരീരം ദേവാലയത്തിലേക്കു കൊണ്ടുപോകുകയും, എനിക്കായി  പരിശുദ്ധ കുർബാനയർപ്പിക്കപ്പെടുകയും  ചെയ്യുമ്പോൾ, എൻറെ ആത്മാവ് എവിടെയായിരിക്കും? കർത്താവേ, മരണം എന്നെ കീഴടക്കുന്നതിനു മുമ്പ് അങ്ങേയ്ക്കുവേണ്ടി  എന്തെങ്കിലും ശുശ്രൂഷ  ചെയ്യാൻ എന്നെ പ്രാപ്തനാക്കണമേ. ഈ നിമിഷം മരണം എന്നെ പിടികൂടിയാൽ ഞാൻ എത്ര നിർഭാഗ്യവാനായിരിക്കും!  

2. വധശിക്ഷ നടപ്പിലാക്കാനായി  കൊണ്ടുപോകുന്ന ഒരു കുറ്റവാളി, അലസമായി അവിടെയും ഇവിടെയും നോക്കിക്കൊണ്ടിരിക്കുകയും, ചുറ്റും നടന്നു കൊണ്ടിരിക്കുന്ന വിനോദങ്ങളിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്താൽ, അയാളെക്കുറിച്ചു നിങ്ങൾ എന്തു പറയും? അയാൾ ഭ്രാന്തനാണെന്നോ അല്ലെങ്കിൽ ആസന്നമായ അയാളുടെ വിധിയിൽ വിശ്വസിക്കാത്ത ഒരു മനുഷ്യനാണെന്നോ നിങ്ങൾ കരുതുകയില്ലേ? നിങ്ങൾ ഓരോ നിമിഷവും മരണത്തിലേക്കു അടുക്കുകയല്ലേ? നിങ്ങൾ എന്താണു ചിന്തിക്കുന്നത്? നിങ്ങൾ മരിക്കണമെന്നും, നിങ്ങൾക്ക് ഒരു തവണ മാത്രമേ മരിക്കാൻ കഴിയൂ എന്നും നിങ്ങൾക്കറിയാം. ഈ ജീവിതത്തിനുശേഷം ഒരിക്കലും അവസാനിക്കാത്ത മറ്റൊന്നു നിങ്ങളെ കാത്തിരിക്കുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നു; ഈ നിത്യജീവൻ സന്തോഷകരമായിരിക്കുമോ അതോ ദുരിതപൂർണ്ണമായിരിക്കുമോ  എന്നുള്ളതു  ന്യായവിധിദിനത്തിൽ നിങ്ങളുടെ ജീവിതത്തിലെ പ്രവർത്തികൾക്കനുസരിച്ചായിരിക്കുമെന്നും നിങ്ങൾ വിശ്വസിക്കുന്നു; എന്നിട്ടും, ഈ സത്യങ്ങളെ വിശ്വസിക്കാനും, അതേസമയം ഒരു നല്ല മരണത്തിനു തയ്യാറെടുക്കാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധിക്കാനും നിങ്ങൾക്ക് എങ്ങനെ  കഴിയുന്നു? ഓ എൻറെ ദൈവമേ, എന്നെ പ്രബുദ്ധനാക്കണമേ, മരണത്തെക്കുറിച്ചും ഞാൻ വസിക്കേണ്ടതായിട്ടുള്ള നിത്യതയെക്കുറിച്ചും ഉള്ള ചിന്തകൾ എൻറെ മനസ്സിൽ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കട്ടെ.

3. ശ്മശാനങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന അസ്ഥികൂടങ്ങൾ നോക്കുക: “ഞങ്ങൾക്കു സംഭവിച്ചത് ഉടൻ നിങ്ങൾക്കും സംഭവിക്കും.” എന്ന് അവ നിശബ്ദമായി നിങ്ങളോടു പറയുന്നു. മരിച്ചുപോയ നിങ്ങളുടെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ, അവരുടെ കൈപ്പടയിലുള്ള കത്തുകൾ, അവർ ഒരിക്കൽ കൈവശം വച്ചിരുന്നതും ഉപയോഗിച്ചതും എന്നാൽ ഇപ്പോൾ നിങ്ങൾക്കായി ഉപേക്ഷിച്ചതുമായ മുറികൾ, കിടക്കകൾ, വസ്ത്രങ്ങൾ എന്നിവയിലൂടെയും ഇതുതന്നെ ആവർത്തിക്കുന്നു. ഇതെല്ലാം നിങ്ങളെ കാത്തിരിക്കുന്ന നിങ്ങളുടെ മരണത്തെ ഓർമ്മപ്പെടുത്തുന്നു. എൻറെ ക്രൂശിതനായ യേശുവേ, അങ്ങയുടെ ക്രൂശിക്കപ്പെട്ട ശരീരം എനിക്കു കാണപ്പെടുന്ന എൻറെ മരണനിമിഷം വരെ ഞാൻ അങ്ങയെ സ്വീകരിക്കാൻ വൈകുകയില്ല; ഞാൻ ഇപ്പോൾ അങ്ങയെ ആലിംഗനം ചെയ്യുകയും എൻറെ ഹൃദയത്തിലേക്ക് അങ്ങയെ ആശ്ലേഷിക്കുകയും ചെയ്യും. ഇതുവരെ ഞാൻ അങ്ങയെ എൻറെ ആത്മാവിൽ നിന്നു  പലപ്പോഴും  പുറത്താക്കിയിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഞാൻ എന്നെക്കാൾ കൂടുതൽ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ നിന്ദിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഭാവിയിൽ ഞാൻ എപ്പോഴും അങ്ങയുടേതായിരിക്കും; അങ്ങ് എപ്പോഴും എൻറേതുമായിരിക്കും. ഇതാണ് അങ്ങയുടെ കയ്പേറിയ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയുമുള്ള എൻറെ പ്രത്യാശ. ഓ നിത്യം അനുഗ്രഹീതയായ പരിശുദ്ധ മറിയമേ, അങ്ങയുടെ സംരക്ഷണത്തിലൂടെ  ഇതു ഞാൻ പ്രത്യാശിക്കുന്നു.