സ്നേഹവും പാപമോചനവും 

സ്നേഹവും പാപമോചനവും തമ്മിലുള്ള ബന്ധം എന്താണ്?  യേശുക്രിസ്തു പറയുന്നതു   കൂടുതൽ ക്ഷമിക്കപ്പെട്ടിരിക്കുന്നവർ കൂടുതൽ സ്നേഹിക്കും എന്നാണ്.  ‘അതിനാൽ ഞാൻ നിന്നോടു  പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ  ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഇവൾ അധികം  സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവൻ അല്പം സ്നേഹിക്കുന്നു’ (ലൂക്കാ 7:47).

ദൈവത്തെ അല്പം മാത്രം സ്നേഹിക്കാൻ നമുക്കൊരു കാരണവുമില്ല. എന്തെന്നാൽ അവിടുന്ന് നമ്മുടെ നിരവധിയായ പാപങ്ങൾ യാതൊരു വ്യവസ്ഥയുമില്ലാതെ ക്ഷമിക്കുന്നു.  പാപിനിയായ സ്ത്രീയ്ക്കാകട്ടെ യേശുവിനെ   അകമഴിഞ്ഞു സ്നേഹിക്കാൻ മതിയായ കാരണം  ഉണ്ടായിരുന്നു. കർത്താവ് അവളുടെ എല്ലാ പാപങ്ങളും  ക്ഷമിച്ചു എന്നു  പറഞ്ഞത് ഒരു തവണയല്ല. അവിടുന്ന് അത് ഒരിക്കൽ കൂടി അവർത്തിക്കുകയും ചെയ്തു (ലൂക്കാ 7:48). അതാകട്ടെ  ക്ഷണിക്കപ്പെട്ട അനേകം അതിഥികളുടെ മുൻപിൽ വച്ചായിരുന്നുതാനും. 

 യഥാർത്ഥമായ അനുതാപം ഉടലെടുക്കുന്നതു   ദൈവത്തോടുള്ള  സ്നേഹത്തിൽ നിന്നാണ്.  എന്നാൽ നമ്മുടെ കുമ്പസാരങ്ങൾ  സത്യത്തിൽ ആ സ്നേഹത്തിൻറെ പ്രകടനമാണോ? നമ്മുടെ   അനുതാപം യാഥാർത്ഥമായിരുന്നെങ്കിൽ അതിനോടൊപ്പം  ഒരിറ്റു കണ്ണുനീർ കൂടി ഉണ്ടാവുമായിരുന്നില്ലേ?

ഒരു കൂദാശ സാധുവാകണമെങ്കിൽ അതിൻറെ രണ്ടു ഘടകങ്ങൾ ഒരുമിച്ച്  സന്നിഹിതമായിരിക്കണം എന്നാണ് സഭ പഠിപ്പിക്കുന്നത്.  അവ  കൂദാശയിലെ പദാർത്ഥവും (matter)  കൂദാശ പരികർമ്മം  ചെയ്യാൻ അനുശാസിച്ചിട്ടുള്ള രീതിയും (form) ആണ്. ഉദാഹരണത്തിനു  മാമോദീസയിൽ  തലയിൽ ഒഴിക്കുന്ന ജലമാണു  പദാർത്ഥം (matter). വൈദികൻ പറയുന്ന  വാക്കുകളാണ് അതിൻറെ  form. പരിശുദ്ധ കുർബാനയിലാണെങ്കിൽ ഗോതമ്പപ്പവും  മുന്തിരിയുടെ വീഞ്ഞുമാണ് matter.  കാർമ്മികൻ ഉച്ചരിക്കുന്ന കൂദാശാവചനങ്ങളാണ്   അതിൻറെ  form.  അവ രണ്ടും ഒരുമിച്ചു ചേരുമ്പോൾ മാത്രമാണ് ആ കൂദാശ സാധുവാകുന്നതും  അതിൽ നിന്ന് ഉദ്ദേശിക്കപ്പെട്ടിട്ടുളള വരപ്രസാദം ഒഴുകുന്നതും.  ഈ രണ്ടു ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിനു  മാത്രമായി ആ കൂദാശയെ ഫലദായകമാക്കാൻ സാധിക്കില്ല എന്നും  സഭ പഠിപ്പിക്കുന്നു. 

അങ്ങനെയെങ്കിൽ കുമ്പസാരത്തിലെ പദാർത്ഥം എന്താണ്?  തീർച്ചയായും അതു    കുമ്പസാരിക്കുന്ന വ്യക്തിയുടെ ആത്മാർത്ഥമായ അനുതാപവും, പാപങ്ങൾ ഏറ്റുപറയുന്ന  പ്രക്രിയയും, ആ വ്യക്തി   നിറവേറ്റുന്ന പ്രായശ്ചിത്തവുമാണ്.  സഭാപിതാക്കന്മാരുടെ അഭിപ്രായത്തിൽ  അതിൻറെ  ഏറ്റവും പ്രകടമായ  അടയാളം  ആ വ്യക്തിയുടെ കണ്ണുകളിൽ നിന്നൊഴുകുന്ന അനുതാപത്തിൻറെ  കണ്ണുനീരാണ്.

ഫരിസേയനായ ശിമയോൻറെ  വീട്ടിൽ വച്ച്, കുമ്പസാരത്തിൻറെ form  ഈശോ ഔദാര്യപൂർവം നിറവേറ്റി. പാപിനിയായ സ്ത്രീയാകട്ടെ  അവളുടെ  കവിളുകളിൽക്കൂടിയൊഴുകി കർത്താവിൻറെ പാദം  കഴുകിയ   അനുതാപക്കണ്ണീർ കൊണ്ട് ആ  കുമ്പസാരത്തിലെ പദാർത്ഥവും (matter) കൊണ്ടുവന്നു.  അവൾ ഒരു പ്രാർത്ഥനയും ചൊല്ലിയില്ല. മറിച്ച്  തൻറെ അനുതാപം  എത്ര ആഴമുള്ളതായിരുന്നു എന്നു  തൻറെ പ്രവൃത്തിയിലൂടെതന്നെ  തെളിയിച്ചു. 

നമ്മുടെ അനുതാപം സ്നേഹത്തിൽ നിന്നുത്ഭവിക്കുന്നതാകണമെന്നാണു   ദൈവം ആഗ്രഹിക്കുന്നത്.  മനസ്താപപ്രകാരണം ചൊല്ലുമ്പോൾ നമ്മൾ അത് ഏറ്റുചൊല്ലുന്നുമുണ്ട്.  ‘എൻറെ ദൈവമേ ഏറ്റം നല്ലവനും എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടാൻ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാൽ…..

നമ്മുടെ  കുമ്പസാരങ്ങൾ വെറും  വഴിപാടാകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.  യേശുവിനെ സ്നേഹിക്കാനുള്ള കൃപയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം.  ആ  സ്നേഹത്തിൽ നിന്നാണല്ലോ യഥാർത്ഥമായ അനുതാപം ഉണ്ടാകുന്നത്.   നല്ല കുമ്പസാരത്തിനുവേണ്ട ആവശ്യഘടകവും  ആ അനുതാപം തന്നെ.  തന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതിനായി  നമ്മോടു പൂർണമായി ക്ഷമിക്കാൻ കാത്തിരിക്കുന്ന കർത്താവിനെ കാണാനായിരിക്കട്ടെ   കുമ്പസാരക്കൂട്ടിലേക്കുള്ള നമ്മുടെ യാത്ര.

( www.divinemercychannel.com)