ഹെബ്രായർക്കുള്ള ലേഖനത്തിൽ ഏസാവിൻറെ ദുരന്തത്തെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു. ‘പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല’ (ഹെബ്രാ 12:17).
എന്തായിരുന്നു ഏസാവിനു പറ്റിയ അബദ്ധം? അവൻ ഏതാനും മിനുട്ടുകൾ മാത്രം താമസിച്ചുപോയി. ഉല്പത്തിപുസ്തകത്തിൽ പറയുന്നത് ഇപ്രകാരമാണ്. ‘ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുകയും യാക്കോബ് അവൻറെ മുൻപിൽ നിന്നു പുറത്തുകടക്കുകയൂം ചെയ്തപ്പോൾ നായാട്ടു കഴിഞ്ഞ് ഏസാവ് തിരിച്ചെത്തി’ (ഉൽ. 27:30). അങ്ങനെ നഷ്ടപ്പെടുത്തിയ ഏതാനും മിനിട്ടുകൾക്ക് അവൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഏസാവിനു തൻറെ കടിഞ്ഞൂലവകാശവും പിതാവിൻറെ അനുഗ്രഹവും നഷ്ടമായി. അവൻ അല്പം കൂടി നേരത്തെ വന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഇസഹാക്കിൻറെ മക്കളുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഇപ്പോൾ ഏസാവിനെക്കുറിച്ചു പറയാൻ കാരണം നമുക്കു ചുറ്റുമുള്ള അനേകർ ഏറ്റവും വലിയ അനുഗ്രഹം തങ്ങൾക്കു ലഭിക്കുന്ന ഒരവസരം ഉപയോഗിക്കാതെ അതു മനപൂർവം നീട്ടിവയ്ക്കുന്നതുകൊണ്ടാണ്. വിശുദ്ധകുമ്പസാരത്തിൽ കൂടി ലഭിക്കുന്ന പാപമോചനവും കൃപയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈയിടെ ഒരു വൈദികൻ വിഷമത്തോടെ പങ്കുവച്ച ഒരു കാര്യം തൊട്ടടുത്തുള്ള ഒരു ഇടവകയിൽ നോമ്പുകാലധ്യാനത്തിനു കുമ്പസാരിപ്പിക്കാൻ പോയപ്പോൾ ധ്യാനത്തിൽ പങ്കെടുത്ത നൂറുകണക്കിനു വിശ്വാസികളിൽ വളരെ ചുരുക്കം പേർ മാത്രമേ കുമ്പസാരിക്കാൻ വന്നുള്ളൂ എന്ന
തായിരുന്നു. എന്തായിരുന്നെന്നോ അവരുടെ ന്യായം? ഏതായാലും ഈസ്റ്റർ വരികയാണ്. പെസഹാക്കാലത്തു കുമ്പസാരിക്കണം എന്നതു നിർബന്ധമാണല്ലോ. അതിനാകട്ടെ ഇനി ഏതാനും ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. അപ്പോൾ അതിനിടയിൽ എന്തിനാണു വേറൊരു കുമ്പസാരം!
അവരെല്ലാം നല്ല ക്രിസ്ത്യാനികൾ ആയിരുന്നു. അവരെല്ലാം വലിയ ആഴ്ചയിൽ ഒരു നല്ല കുമ്പസാരം നടത്താനായി കാത്തിരിക്കുന്നവരുമാണ്.
പക്ഷേ……
അല്പം പുറകോട്ടു ചിന്തിക്കാം. 2020ലെ നോമ്പുകാലത്ത് ഇതുപോലെ തങ്ങളുടെ കുമ്പസാരം നോമ്പിൻറെ അവസാനത്തെ ആഴ്ചയിലേക്കു നീട്ടിവച്ച അനേകർക്ക് അതു നടത്താൻ സാധിച്ചില്ല. അതിനുമുൻപു തന്നെ കോവിഡ് എന്ന മഹാമാരി എല്ലാ ദൈവാലയങ്ങളും അടപ്പിച്ചു. ഏറെക്കാലത്തിനുശേഷം ദൈവാലയവാതിലുകൾ വീണ്ടും തുറന്നപ്പോഴേക്കും നേരത്തേ കുമ്പസാരം നീട്ടിവച്ചവരിൽ പലരും കുമ്പസാരമോ പാപമോചനമോ ലഭിക്കാത്ത ഒരിടത്തേക്കു പോയിക്കഴിഞ്ഞിരുന്നു.
ദയവുചെയ്തു നിങ്ങളുടെ കുമ്പസാരം നീട്ടിവയ്ക്കാതിരിക്കുക. നമുക്കു പാപപ്പൊറുതി നേടാനുള്ള വാതിലുകൾ എപ്പോഴാണ് അടയുന്നതെന്നു നമുക്കറിയില്ല. ദൈവം നമ്മുടെ ആത്മാവിനെ തിരിച്ചുവിളിക്കുന്നത് എപ്പോഴാണെന്നു നമുക്കറിയില്ല (ലൂക്കാ 12:20). അത് അർധരാത്രിയിലോ വെളുപ്പാൻ കാലത്തോ ആകാം (ലൂക്കാ 12:38). യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവർ മാത്രമാണ് അനുഗ്രഹിക്കപ്പെടാൻ പോകുന്നത് എന്നതിൽ സംശയമില്ല. ദൈവത്തിൻറെ മുൻപിൽ നിൽക്കാൻ നാം എപ്പോഴാണു വിളിക്കപ്പെടുക എന്നു നമുക്കറിയില്ല. എന്നാൽ ഒരു കാര്യം നാം അറിയുന്നു. കുഞ്ഞാടിൻറെ വിവാഹവിരുന്നിലേക്കു പ്രവേശനം കിട്ടണമെങ്കിൽ നാം പ്രസാദവരാവസ്ഥയിൽ ആയിരിക്കണം.
ആത്മീയ ഒരുക്കം എന്നത് ഒരു തുടർപ്രക്രിയയാണ്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തവുമാണ്. കൃപ എന്നതു മറ്റൊരാളിൽ നിന്നു കടം വാങ്ങാവുന്ന ഒന്നല്ല എന്ന് ഓർക്കുക. ബുദ്ധിശൂന്യരായ കന്യകകളെപ്പോലെ (മത്തായി 25: 1-12) അവസാന നിമിഷത്തിൽ കൃപ ലഭിക്കാനായി ഓടിനടന്നാൽ അതു കിട്ടിക്കൊള്ളണമെന്നില്ല. യേശുവിൻറെ രാജ്യത്തിനു പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടാനായിരിക്കും അപ്പോൾ നമ്മുടെ വിധി.
‘എല്ലാറ്റിനും ഒരു സമയമുണ്ട്’ (സഭാ 3:1). കുമ്പസാരിക്കാനുള്ള സമയം ഇതാ ഇപ്പോൾ തന്നെയാണ്. ‘ ഇതാണ് സ്വീകാര്യമായ സമയം’ ( 2 കൊറി 6:2). അതുകൊണ്ട് എൻറെ പ്രിയസഹോദരരേ, നാളെ നിങ്ങൾക്ക് എന്താണു സംഭവിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു നിശ്ചയവും ഇല്ലാത്തതിനാൽ നിങ്ങളുടെ കുമ്പസാരം ഇനിയും നീട്ടിവയ്ക്കരുത്. ‘കൃപാവരനഷ്ടമെന്ന കപ്പൽനാശത്തിനുശേഷമുള്ള രണ്ടാമത്തെ രക്ഷാസങ്കേതമാകുന്ന പലക’ എന്നാണ് സഭാപിതാക്കന്മാരുടെ പഠനത്തെ പിന്തുടർന്നു മതബോധനഗ്രന്ഥവും കുമ്പസാരത്തെ വിശേഷിപ്പിക്കുന്നത് (CCC 1446 ). കപ്പൽച്ചേതത്തിൽ പെട്ട നമുക്കു നടുക്കടലിൽ നിന്നു രക്ഷപെടാനുള്ള അവസാന അവസരമായ ഈ പലകയെയും അവഗണിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയൊരു ദുരന്തം നമുക്കു സംഭവിക്കാനില്ല. അതുകൊണ്ടാണു പല വിശുദ്ധരും കുമ്പസാരം നീട്ടിവയ്ക്കുന്നതിനെ തീപിടിച്ച ഒരു വീട്ടിലെ തീ കെടുത്താൻ തയാറാകാതിരിക്കുന്നതുമായി താരതമ്യപ്പെടുത്തുന്നത്. ആദ്യത്തേത് വീടിൻറെ സമ്പൂർണ്ണ നാശത്തിനു കാരണമാകുന്നതുപോലെ രണ്ടമത്തേത് ആത്മാവിൻറെ സമ്പൂർണനാശത്തിനും കാരണമാകും.
‘കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ; അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ’ (ഏശയ്യാ 55:6). ഇതാ ഇപ്പോൾ കർത്താവ് നമ്മുടെ വളരെ അടുത്ത് കുമ്പസാരക്കൂട്ടിൽ സന്നിഹിതനാണ്. ദയവുചെയ്ത് ഈ അവസരം പാഴാക്കിക്കളയരുതേ എന്ന് ഒരിക്കൽകൂടി പേക്ഷിക്കുന്നു.
ഓർക്കുക, അവസാനത്തെ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ ഒരു ബസും വരാനില്ല.
(www.divinemercychannel.com)
