എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ

കുമ്പസാരത്തെക്കുറിച്ചൊരു ലേഖനത്തിന് ഇതിനേക്കാൾ നല്ലൊരു തലക്കെട്ടു കൊടുക്കാനില്ല. പ്രത്യേകിച്ചും കുമ്പസാരത്തിൻറെ  വിലയെന്തെന്നു മനസ്സിലാക്കുന്നതിൽ നമ്മൾ ക്രിസ്ത്യാനികൾ ദയനീയമായി പരാജയപ്പെട്ടുപോകുന്ന  ഈ നാളുകളിൽ. വ്യക്തിപരമായ ഒരനുഭവം പങ്കുവച്ചുകൊണ്ടു തുടങ്ങട്ടെ.

ഏതാണ്ടു  പത്തുവർഷങ്ങൾക്കു മുൻപാണ്. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തിൽ ജോലി ചെയ്യുന്ന കാലം. എല്ലാ ദിവസവും  പരിശുദ്ധ കുർബാനയിൽ പങ്കെടുക്കണം എന്ന നിർബന്ധമൊന്നും  മനസ്സിൽ തോന്നാതിരുന്ന ഒരു കാലമായിരുന്നു  അത്. എങ്കിലും  ഞായറാഴ്ചകളിൽ കൃത്യമായി പരിശുദ്ധകുർബാനയിൽ  പങ്കെടുക്കുകയും  ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തുപോന്നിരുന്നു.  അവിടുത്തെ വികാരിയച്ചനാണെങ്കിൽ  മുരടനെന്നു ഞങ്ങളെല്ലാം മുദ്ര കുത്തിയ ആളും!

അങ്ങനെയിരിക്കെ രണ്ടു ഞായറാഴ്ചകളിൽ തുടർച്ചയായി ഞാൻ പരിശുദ്ധ കുർബാന സ്വീകരിക്കാതിരിക്കുന്നത് അച്ചൻ ശ്രദ്ധിച്ചിരിക്കണം.  അടുത്ത  ഞായറാഴ്ച  കുർബാനയ്ക്കു ചെന്ന എൻറെ  അടുത്തുവന്നു  പേരുവിളിച്ചുകൊണ്ട്  അച്ചൻ ഇങ്ങനെ പറഞ്ഞു ; “വന്നു കുമ്പസാരിക്കുക”. ഞാൻ ഞെട്ടിപ്പോയി.  ഇതുവരെയും  ഒരു വൈദികനും ഇങ്ങോട്ടു വന്ന്  എന്നെ  കുമ്പസാരിക്കാൻ ക്ഷണിച്ചുകൊണ്ടുപോയിട്ടില്ല.  രണ്ടാഴ്ച തുടർച്ചയായി  കുർബാന സ്വീകരിക്കാതിരിക്കുന്ന ഒരു വ്യക്തി പാപത്തിൽ ആയിരിക്കും ജീവിക്കുന്നത് എന്നു  മനസിലാക്കാനും   അയാൾക്ക് അപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്നതു   കുമ്പസാരമാണെന്നു   തിരിച്ചറിയാനും  മാത്രം പരിശുദ്ധാത്മാഭിഷേകം ഉള്ള  വൈദികർ അന്നും ഇന്നും സഭയിൽ  ഉണ്ട്.   എന്നാൽ തനിക്ക് ഏറ്റവും ആവശ്യം  കുമ്പസാരമാണെന്ന്  അംഗീകരിക്കാൻ മടിയുള്ള  ക്രിസ്ത്യാനികളുടെ എണ്ണം കൂടി വരുന്നു എന്നിടത്താണു  ദുരന്തം ആരംഭിക്കുന്നത്.

ഇനി ഒരനുഭവം കൂടി പറയാം.  എറണാകുളം ജില്ലയിൽ  നാഷണൽ ഹൈവേയുടെ  അരികിലുള്ള ഒരു  ദൈവാലയത്തിലെ   വികാരിയച്ചൻ വ്യക്തിപരമായി പങ്കുവച്ച കാര്യമാണ്. ഒരു ദിവസം അച്ചൻ  പള്ളിയിൽ ഇരിക്കുമ്പോൾ തലയിൽ തട്ടവുമിട്ട് ഒരു  മുസ്‌ലിം പെൺകുട്ടി  കയറിവരുന്നത് അച്ചൻ കണ്ടു.  ആ പെൺകുട്ടി നേരെ അച്ചൻറെ അടുത്തുവന്നു.  മുഖവുര ഒന്നുമില്ലാതെ അവൾ പറഞ്ഞു. “ഫാദർ, എനിക്കൊന്നു കുമ്പസാരിക്കണം”. ഇങ്ങനെയൊരനുഭവം തികച്ചും അപ്രതീക്ഷിതമായിരുന്നതിനാൽ   അച്ചൻ ഒന്ന് പകച്ചുപോയി.  ഒരു മുസ്‌ലിം  പെൺകുട്ടിയ്ക്കു  കുമ്പസാരം കൊടുക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു  പറഞ്ഞിട്ടൊന്നും അവൾ  പിന്തിരിയാൻ  തയ്യാറായിരുന്നില്ല.

അവസാനം അച്ചൻ അവളെയും വിളിച്ചുകൊണ്ടുപോയി പള്ളിമുറ്റത്ത് ഒരു കസേരയിട്ടുകൊടുത്ത് അവൾക്കു പറയാനുള്ളതു  മുഴുവൻ  ക്ഷമയോടെ കേട്ടു. അതിനുശേഷം അവൾക്കു വേണ്ടി പ്രാർത്ഥിക്കുകയും,  ആശ്വസിപ്പിച്ച്  വേണ്ട ഉപദേശങ്ങൾ  നൽകി പറഞ്ഞയയ്ക്കുകയും ചെയ്തു.  മ്ലാനവദനയായി  കയറി വന്ന  അവൾ സന്തോഷത്തോടെയാണു    മടങ്ങിപ്പോയത്  എന്ന കാര്യം  അച്ചൻ പ്രത്യേകം ശ്രദ്ധിച്ചു.

അതേ, കുമ്പസാരത്തിൻറെ  വില അറിയുന്ന അക്രൈസ്തവർ അനേകരുണ്ട്. പക്ഷേ   കുമ്പസാരക്കൂട്ടിൽ നിന്നകലുന്ന ക്രിസ്ത്യാനികളുടെ എണ്ണം  കൂടിവരികയും ചെയ്യുന്നു.  കണ്ണുള്ളപ്പോൾ  കണ്ണിൻറെ  വിലയറിയില്ല എന്നു പറയാറുണ്ടല്ലോ. കൊറോണക്കാലത്തു  കുമ്പസാരത്തിനുള്ള അവസരങ്ങൾ ഇല്ലാതായപ്പോഴെങ്കിലും  കുമ്പസാരത്തിൻറെ  വില  ക്രിസ്ത്യാനികൾ തിരിച്ചറിയും എന്നു കരുതിയതു  വെറുതെ. ഓൺലൈൻ കുർബാന പോലെ തന്നെ ഓൺലൈൻ കുമ്പസാരവും കൂടി കിട്ടിയാൽ  നന്നായിരുന്നു എന്നു  ചിന്തിക്കുന്നവരുടെ കാലമാണിത്. അല്ലെങ്കിൽ  ഇടവകക്കാർക്കെല്ലാം കൂടി   വികാരിയച്ചൻ ഒരു പൊതു പാപമോചനം പ്രഖ്യാപിച്ചാലും മതിയല്ലോ എന്നു  ചിന്തിക്കുന്നവരും ഉണ്ടാകും. 

കൊറോണ പോലെ   എന്തെങ്കിലും കാരണം  കിട്ടിയാലുടനെ    ‘ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ  കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല’   എന്നു  നോട്ടീസിടുന്ന അച്ചന്മാരെയും  ഈ നാളുകളിൽ നാം കണ്ടു. ഇനി നമുക്ക് ഒരച്ചനെ  പരിചയപ്പെടാം.  77  വയസുള്ള ഒരു സന്യാസ വൈദികനാണദ്ദേഹം.  പ്രമേഹവും അതിൻറെ കൂടെ കാൻസറും ഒരുമിച്ചാക്രമിക്കുന്ന   ക്ഷീണിതശരീരവുമായി ജീവിക്കുന്ന  ഈ അച്ചനെ  ഞാൻ പരിചയപ്പെടുന്നത്  കോവിഡിൻറെ ആദ്യ ലോക്ക് ഡൗൺ തുടങ്ങിയ കാലത്താണ്.  അപ്പോൾ അച്ചൻ കാൻസറിൻറെ  അടുത്ത ഘട്ടം  ചികിത്സയ്ക്കു  പോകാൻ ഡേറ്റും  എടുത്തിരിക്കുകയായിരുന്നു.  എന്നാൽ യാത്രാനിയന്ത്രണങ്ങൾ കൊണ്ട്  അതു  നീണ്ടുപോയി. എങ്കിലും  അച്ചൻ എല്ലാ ദിവസവും ആശ്രമത്തിൽ വരുന്നവർക്കായി കുർബാന അർപ്പിക്കും. എല്ലാദിവസവും കുമ്പസാരിപ്പിക്കാൻ ഇരിക്കും.  കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷം തുടർചികിത്സയ്ക്കായി  ആശുപത്രിയിലെത്തിയ അച്ചനോടു  ഡോക്ടർ പറഞ്ഞത്  അച്ചൻറെ ശരീരത്തിൽ  കാൻസർ രോഗത്തിൻറെ ലക്ഷണങ്ങൾ ഒന്നും കാണാനില്ല എന്നായിരുന്നു!  അങ്ങനെയും അച്ചൻമാരുണ്ട്.  സ്വന്തം വല്ലായ്മകളുടെ  നടുവിലും  കുമ്പസാരക്കൂടിനെ മറക്കാത്ത വൈദികർ.  അവരെ മറക്കാത്ത കർത്താവ് സ്വർഗത്തിലുണ്ട് എന്നതാണ് അവരുടെ ആശ്വാസവും പ്രത്യാശയും.

കോവിഡ് കാലത്തു  സർക്കാർ നിർദേശങ്ങൾ  കൃത്യമായി പാലിച്ചുകൊണ്ടുതന്നെ  എല്ലാ ദിവസവും കുമ്പസാരിപ്പിക്കാൻ ഇരിക്കുമായിരുന്ന ഒരു  വികാരിയച്ചനെയും  എനിക്കറിയാം. അതുപോലെയുള്ള അനേകം വൈദികർ ഇന്നുമുണ്ട് എന്നതാണു  കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ സൗഭാഗ്യം.

എന്നാൽ ഈ കുമ്പസാരത്തിൻറെ ഫലം എടുക്കേണ്ട നാം എവിടെ നിൽക്കുന്നു എന്നതാണു  ചിന്തിക്കേണ്ട വിഷയം. കുമ്പസാരത്തിൻറെ  മഹത്വവും വിലയും അറിയുന്നവർ  ഒരിക്കലും അതിനെ നിന്ദിക്കില്ല.  നമുക്കു  വേണ്ടി ജീവൻ ബലിയർപ്പിച്ച യേശുവിൻറെ സ്നേഹത്തിൻറെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്നല്ലേ കുമ്പസാരം!  മരണം വരെ, അതേ കുരിശുമരണം വരെ നമ്മെ സ്നേഹിച്ച പുത്രനിലൂടെ  ദൈവകരുണ നമ്മിലേക്കു  ഒഴുകിവരാനുള്ള  മാർഗവും കുമ്പസാരമല്ലാതെ മറ്റെന്താണ്?

ഒരു കോവിഡും ലോക്ക് ഡൗണും കൊണ്ടു  നാം ഒന്നും പഠിച്ചിട്ടില്ല. അഥവാ എന്തെങ്കിലും പഠിച്ചെങ്കിൽ തന്നെ അതു  പെട്ടെന്നു  മറക്കുകയും ചെയ്തു. കുമ്പസാരത്തിൻറെ വില നമുക്കു  ശരിക്കും മനസ്സിലാകണമെങ്കിൽ കുമ്പസാരം പൂർണ്ണമായും കിട്ടാതാവുന്ന ഒരു കാലം വരണം.  അങ്ങനെയൊരു കാലം വരുമോ എന്നു  സന്ദേഹിക്കുന്നവരോടു   പറയാനുള്ളത് ആ ദിവസങ്ങൾ നമ്മളൊക്കെ  കരുതുന്നതിനേക്കാൾ വളരെ അടുത്താണെന്നതാണ്. കുമ്പസാരിക്കാൻ ഒരു വൈദികനെ അന്വേഷിച്ചു  നാം നെട്ടോട്ടമോടുന്ന നാളുകൾ  വരിക തന്നെ ചെയ്യും.  ആമോസ് പ്രവാചകനിലൂടെ  കർത്താവ്  അരുളിച്ചെയ്തത് ഓർമ്മയില്ലേ?  “അന്ന് അവർ കടൽ മുതൽ കടൽ വരെയും  വടക്കു മുതൽ കിഴക്കു വരെയും അലഞ്ഞുനടക്കും. കർത്താവിൻറെ വചനം തേടി അവർ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.  അന്നു  സുന്ദരികളായ കന്യകമാരും  യുവാക്കളും ദാഹം കൊണ്ടു മൂർഛിച്ചുവീഴും’  (ആമോസ് 8:12-13).

അങ്ങനെയൊരു വിധി നമ്മുടെ മേൽ നിപതിക്കാതിരിക്കാനായി ഇപ്പോഴേ  നമുക്കു  ജാഗ്രതയുള്ള വരായിരിക്കാം. കുമ്പസാരിക്കാൻ അവസരമുള്ള ഇപ്പോൾ തന്നെ  അതു  പ്രയോജനപ്പെടുത്തുക. കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾ തന്നെ അവിടുത്തെ അന്വേഷിക്കുക എന്നു  തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ.  ഹൃദയപൂർവം അന്വേഷിച്ചാൽ  കണ്ടെത്താൻ  കഴിയാത്തത്ര വിദൂരത്തിൽ മറഞ്ഞിരിക്കുന്ന  ദൈവമല്ല നമ്മുടേത്.

എൻറെ പാപങ്ങൾ അനേകവും  മാരകവുമാകയാൽ ദൈവം എന്നോടു  ക്ഷമിക്കില്ല എന്ന് ഒരിക്കലും ഹൃദയത്തിൽ പറയരുത്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക്  ഈശോ  വെളിപ്പെടുത്തിക്കൊടുത്തത് ഇപ്രകാരമാണ്.

‘ എല്ലാ ആത്മാക്കളെയും  എൻറെ കരുണയാൽ ഞാൻ സമുദ്ധരിക്കും.  ഒരുവൻ എത്ര വലിയ പാപിയാണോ  അവൻ അത്രയധികം എൻറെ കരുണയ്ക്ക് അർഹതയുള്ളവനായിരിക്കും’ (ഡയറി  723).  അതുകൊണ്ട് നമ്മുടെ പാപാവസ്ഥ  എത്ര തന്നെ  ഗുരുതരമാണെങ്കിലും കുമ്പസാരത്തിനണയാൻ നാം മടി കാണിക്കരുത്.

ഇനി ചിലരുടെ സംശയം കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ എല്ലാ പാപങ്ങളും  ദൈവം  യാർത്ഥത്തിൽ ക്ഷമിച്ചുകഴിഞ്ഞോ എന്നാണ്.  ഒരിക്കൽ  പാപമോചനം ലഭിച്ചുകഴിഞ്ഞ പാപങ്ങളെയോർത്ത് വീണ്ടും കുറ്റബോധം  അനുഭവിച്ചുകൊണ്ടിരുന്ന ഒരു സഹോദരിയുടെ   അനുഭവം വിശുദ്ധ ഫൗസ്റ്റീന വിവരിക്കുന്നുണ്ട്.  പല തവണ കുമ്പസാരിച്ചതിനുശേഷവും  ദൈവം തന്നോടു  ക്ഷമിച്ചിട്ടില്ലെന്നു  വീണ്ടും  വീണ്ടും   മനസിൽ തോന്നിക്കൊണ്ടിരുന്ന ആ സഹോദരി ഫൗസ്റ്റീനയോടാവശ്യപ്പെട്ടത്  ഈശോയോടു  തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നാണ്.  ആ സഹോദരിയെ സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ ഈശോ ഫൗസ്റ്റീനയ്ക്കു  കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു. “അവൾ ചെയ്ത പാപത്തേക്കാൾ  കൂടുതലായി അവളുടെ അവിശ്വാസം എന്നെ വേദനിപ്പിച്ചുവെന്ന് അവളോടു  പറയുക”.

ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. അവിടുത്തെ വാക്കുകൾക്കു  മാറ്റവുമില്ല. ക്ഷമിച്ചു എന്ന് അവിടുന്ന്  പറഞ്ഞാൽ അതു  ക്ഷമിച്ചതുതന്നെയാണ്. ഇനിയും ചിലരുടെ സംശയം  വൈദികരും നമ്മെപ്പോലെ തന്നെ  കുറ്റങ്ങളും കുറവുകളും ഉള്ള  മനുഷ്യരാണല്ലോ. അപ്പോൾ അവർക്ക് എങ്ങനെയാണു  നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയുക എന്നാണ്. ഒരു കാര്യം  വ്യക്തമായി മനസിലാക്കിയിരിക്കണം. പാപങ്ങൾ ക്ഷമിക്കുന്നത് ഒരിക്കലും  പുരോഹിതനല്ല. ക്രിസ്തു  പകർന്നുകൊടുത്തതനുസരിച്ച്, പാപം മോചിക്കാനുള്ള അവിടുത്തെ  അധികാരം അവർ  വിനിയോഗിക്കുന്നു വെന്നേയുള്ളൂ. കർത്താവ് തൻറെ പാപമോചനാധികാരം ശിഷ്യന്മാർക്കു  പകർന്നുകൊടുത്തു എന്നതു  വേദപുസ്തകത്തിൽ വ്യക്തമായി  രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിൻറെ  മറ്റേതൊരു ഉപദേശവും പോലെ തന്നെ ഇതും  കൃപയുള്ളവർക്കു മാത്രമേ മനസിലാവുകയുള്ളൂ എന്നതു മറ്റൊരു കാര്യം.

അനേകം ധ്യാനഗുരുക്കന്മാരും വിടുതൽ ശുശ്രൂഷ  നടത്തുന്ന വൈദികരും ഏകസ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്, സൗഖ്യവും വിടുതലും ലഭിക്കാനുള്ള ആദ്യത്തെ  പടി  ഒരു നല്ല കുമ്പസാരം നടത്തുന്നതാണെന്ന്. ആത്മാർത്ഥമായ  അനുതാപത്തോടെ കുമ്പസാരിച്ചൊരുങ്ങിവരാത്ത ഒരാൾക്കും   കർത്താവു നൽകുന്ന സൗജന്യ രക്ഷയുടെയും സൗഖ്യത്തിൻറെയും വിടുതലിൻറെയും അനുഭവം സ്വന്തമാക്കാൻ  കഴിയില്ല.

കുമ്പസാരത്തിൻറെ വില ക്രിസ്ത്യാനിയേക്കാൾ നന്നായിട്ടറിയാവുന്നതു  പിശാചിനാണ്. അതുകൊണ്ടാണ്  അവൻ ഈ കൂദാശയ്‌ക്കെതിരെ  തൻറെ  സകല ആയുധങ്ങളും പ്രയോഗിക്കുന്നത്. സാത്താൻ ഇത്ര ശക്തമായി  കുമ്പസാരത്തെ എതിർക്കുകയും കുമ്പസാരിക്കുന്നതിൽ നിന്നു  നമ്മെ തടയാനോ  അതും സാധിച്ചില്ലെങ്കിൽ നമ്മുടെ കുമ്പസാരം നീട്ടിവയ്പ്പിക്കാനെങ്കിലുമോ  ശ്രമിക്കുകയും   ചെയ്യുന്നതുതന്നെയാണ്  കുമ്പസാരത്തിൻറെ ഫലപ്രാപ്തിയുടെ  ഏറ്റവും വലിയ തെളിവ്. നിഷ്പ്രയോജനമായ ഭക്താഭ്യാസങ്ങളെ  സാത്താൻ  ഒരിക്കലും എതിർക്കില്ല  എന്നു മാത്രമല്ല, പലപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കുമ്പസാരിക്കാൻ അവസരമുണ്ടായിട്ടും അതു  നീട്ടിവയ്ക്കുന്നവരോടു  പറയാനുള്ളത്  ഇത്രമാത്രം. ‘കർത്താവിങ്കലേക്കു തിരിയാൻ വൈകരുത്. നാളെ നാളെ എന്നു  നീട്ടിവയ്ക്കുകയുമരുത്.  അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയിൽ നീ നശിക്കുകയും ചെയ്യും’ ( പ്രഭാ. 5:7). നമുക്ക്,  നാളെ എന്നൊരു ദിവസം ഉണ്ടാകുമോ എന്നറിഞ്ഞുകൂടാ.  പുതിയൊരു പ്രഭാതം കാണാൻ ദൈവം നമ്മെ അനുവദിച്ചാലും അപ്പോൾ നമുക്ക്  ഓടിച്ചെല്ലാവുന്ന ഒരു കുമ്പസാരക്കൂടോ അവിടെ നമ്മെ  കാത്തിരിക്കുന്ന ഒരു വൈദികനോ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്പസ്തോലൻ പറയുന്നതുപോലെ  ഈ ലോകത്തിൻറെ  രൂപഭാവങ്ങൾ  ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കുന്ന നാളുകളാണിത്.  നാളെ എന്തു  സംഭവിക്കും എന്നതു  നമ്മുടെ ചിന്തയ്ക്കും ഭാവനയ്ക്കും അപ്പുറമായിരിക്കും എന്നുമാത്രം അറിഞ്ഞിരിക്കുക. കഴിഞ്ഞുപോയ ജീവിതം മുഴുവനും കർത്താവിൻറെ കരുണയ്ക്കു വിട്ടുകൊടുത്ത്, നല്ല രീതിയിൽ ആത്മശോധന ചെയ്ത്, ആത്മാർത്ഥമായ മനസ്താപത്തോടെ, മരണത്തിനൊരുക്കം എന്നതുപോലെ ഒരു കുമ്പസാരം നടത്താൻ  ഇപ്പോൾ അവസരമുണ്ടായിട്ടും  അതു  പ്രയോജനപ്പെടുത്താതിരിക്കുന്നവർ   എത്ര വലിയ അബദ്ധമായിരുന്നു തങ്ങൾ ചെയ്തതെന്നു  തിരിച്ചറിയുമ്പോഴേയ്ക്കും സമയം  വൈകിപ്പോയിരിക്കും.

 ‘ആർക്കും  വേല ചെയ്യാൻ  പാടില്ലാത്ത രാത്രികാലം വരുന്നു’ എന്നു കർത്താവു മുന്നറിയിപ്പു  നൽകിയത്  ജോലിയും ബിസിനസും ചെയ്യാൻ കഴിയാത്ത ലോക്ക് ഡൗൺ കാലത്തെക്കുറിച്ചല്ല, ആഗ്രഹിച്ചാൽ പോലും കർത്താവിൻറെ  വേല ചെയ്യാൻ സാധിക്കാതെ വരുന്ന  ഇരുണ്ട നാളുകളെക്കുറിച്ചാണ്. ആ നാളുകളുടെ തുടക്കത്തിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നത് എന്നെങ്കിലും ഓർക്കുക.

എന്നാൽ ഇപ്പോഴാകട്ടെ, കരുണയുള്ള ദൈവം ഇരുകരങ്ങളും നീട്ടി  നമ്മെ  വിളിക്കുന്നു. ‘ വരുവിൻ, നമുക്ക് രമ്യതപ്പെടാം’.  ഇന്ന് ഈ വിളി കേൾക്കുന്നവൻ  ഭാഗ്യവാൻ.

നമുക്ക്  പ്രാർത്ഥിക്കാം.  ‘ദാവീദിൻറെ പുത്രനായ യേശുവേ, പാപിയായ എന്നിൽ കനിയണമേ. എൻറെ പാപങ്ങളോർത്തു കരയാനുള്ള  ഉത്തമമായ മനസ്താപം എനിക്കു  തരണമേ. ഞാൻ എൻറെ പാപങ്ങൾ  അങ്ങയുടെ മുൻപിൽ  ഏറ്റുപറയുന്നു. എൻറെ പാപങ്ങൾ കൊണ്ട് അങ്ങയെ വേദനിപ്പിച്ചതോർത്തു  ഞാൻ  ദുഖിക്കുന്നു. ഇനി മേലിൽ പാപം ചെയ്ത് അങ്ങയെ  വേദനിപ്പിക്കില്ല എന്നു  ഞാൻ തീരുമാനമെടുക്കുന്നു. ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ആത്മാർത്ഥമായി ഒരുങ്ങി  ഒരു നല്ല കുമ്പസാരം  നടത്തുമെന്നു  ഞാൻ വാക്കു തരുന്നു.  എൻറെ പാപങ്ങൾ ക്ഷമിക്കുകയും അങ്ങയുടെ കൃപ എന്നിലേക്കു  വർഷിക്കുകയും  ചെയ്യണമേ. ആമേൻ’.