ആത്മാവിൽ നിന്നു ജനിക്കുന്നത് ……

‘മാംസത്തിൽ  നിന്നു  ജനിക്കുന്നതു    മാംസമാണ്. ആത്മാവിൽ നിന്നു  ജനിക്കുന്നത് ആത്മാവും’( യോഹ. 3:6). ‘വരാനിരിക്കുന്നവൻറെ  പ്രതിരൂപം’ (റോമാ 5:14) എന്നു   ദൈവവചനം വിശേഷിപ്പിക്കുന്ന ആദമായിരുന്നു   ആത്മാവിൽ നിന്നു ജനിച്ച ആദ്യ മനുഷ്യൻ. ആത്മീയനായിരുന്ന കാലമത്രയൂം  ആദത്തിനു  തൻറെ  വാസസ്ഥലമായ ഏദൻ തോട്ടത്തിൽ  തന്നോടൊത്തു നടക്കുന്ന ദൈവത്തിൻറെ  അനുഭവം കിട്ടിയിരുന്നു.  ആത്മീയമനുഷ്യൻ ദൈവസ്വരത്തിനു പകരം പിശാചിൻറെ  സ്വരത്തിനു ചെവികൊടുത്ത്,  ജഡികനായി മാറിയ  ആ നിർണ്ണായകനിമിഷത്തിലാണു  നാം ഇന്നറിയുന്ന  മനുഷ്യചരിത്രം ആരംഭിക്കുന്നത്.

ജഡികനായിത്തീർന്ന  മനുഷ്യന്    ആത്മീയസന്താനങ്ങളെ ഉൽപാദിപ്പിക്കുക ദുഷ്കരമാണല്ലോ. കായേൻ ജഡികമനുഷ്യനായതിനു  വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. ഒരിക്കൽ ജഡികരായിത്തീർന്ന മനുഷ്യരെ വീണ്ടും  ആത്മീയരാക്കാനാണ്  കാലത്തിൻറെ  തികവിൽ യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത്. എന്നാൽ പിന്നീടൊരിക്കൽ    ആത്മീയമനുഷ്യർ വീണ്ടും ജഡികമനുഷ്യരായി മാറാനുള്ള  വലിയ അപകട സാധ്യതയെക്കുറിച്ച്  വിശുദ്ധഗ്രന്ഥം  മുന്നറിയിപ്പു തരുന്നുണ്ട്.

‘അപ്പോൾ സ്വാർത്ഥസ്നേഹികളും  ധനമോഹികളും അഹങ്കാരികളും  ഗർവിഷ്ഠരും ദൈവദൂഷകരും  മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും  വിശുദ്ധിയില്ലാത്തവരുമായ  മനുഷ്യരുണ്ടാകും.  അവർ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം    പറയുന്നവരും  ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും  വഞ്ചകരും എടുത്തുചാട്ടക്കാരും  അഹന്തയുള്ളവരും  ദൈവത്തെ സ്നേഹിക്കുന്നതിനു പകരം  സുഖഭോഗങ്ങളിൽ ആസക്തിയുള്ളവരുമായിരിക്കും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിൻറെ ചൈതന്യത്തെ നിഷേധിക്കും’ ( 2 തിമോ 3:2-5). കായേൻറെ  പുതിയ പതിപ്പുകൾ!

കായേനും  ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിയിരുന്നു. അതുകൊണ്ടാണല്ലോ അവൻ ബലിയർപ്പിക്കാൻ തീരുമാനിക്കുന്നത്!

ഇത്തരം മനുഷ്യരുണ്ടാകുന്നത് അവസാനനാളുകളിലെ  ക്ലേശപൂർണമായ  സമയങ്ങളിൽ (2  തിമോ. 3:1) ആയിരിക്കുമെന്നു പൗലോസ്  ശ്ലീഹാ  കൃത്യമായി പറഞ്ഞുതരുന്നുണ്ട്. 

ചുറ്റും നോക്കുക. ഇത്തരം മനുഷ്യരെ കാണുന്നുണ്ടോ?  ചുറ്റും നോക്കുന്നതിനു മുൻപു നമ്മുടെ ഉള്ളിലേക്കും  നോക്കുക. അവിടെ ഇത്തരം മനുഷ്യർ ഒളിച്ചിരിപ്പുണ്ടോ?  അവരെ ഓർത്തുകൊണ്ട് പൗലോസ് ശ്ലീഹാ  വീണ്ടും  എഴുതുന്നു. ‘ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ശരീരത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാണോ നിങ്ങൾ?’ (ഗലാ 3:3).

ആത്മാവിൽ ആരംഭിച്ച്, ആത്മാവിൽ ജീവിച്ച്, ആത്മാവിൽ അവസാനിപ്പിക്കേണ്ട നമ്മുടെ  ജീവിതയാത്ര   

ലോകവഴികളിലേക്കു  മാറിപ്പോകാതിരിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിൻറെ സഹായം നമുക്ക് യാചിക്കാം. അതു ചെയ്യുന്നതാകട്ടെ   ‘കാലത്തിൻറെ പ്രത്യേകത അറിഞ്ഞുകൊണ്ടു’  തന്നെ  വേണം ( റോമാ. 13:11). ‘നിദ്ര വിട്ട് ഉണരേണ്ട മണിക്കൂറിലേക്ക്’  ( റോമാ  13:11) നാം  പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നുവല്ലോ.