വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും (ജ്ഞാനം 6:10). എന്നാൽ വിശുദ്ധമായവ അശുദ്ധിയോടെ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. വിശുദ്ധസ്ഥലമായ ദൈവാലയത്തിൽ എങ്ങനെ പെരുമാറണം എന്ന കാര്യം മറന്നുപോകുന്നവരുടെ എണ്ണവും പെരുകുന്നു.
മധ്യകേരളത്തിലെ ഒരു ഇടവകയിലെ വികാരിയച്ചൻ പ്രസംഗത്തിൽ പറഞ്ഞ കാര്യമാണ്. അച്ചൻറെ ഇടവകയിൽ നിന്നു മറ്റൊരു ഇടവകയിൽ ഒരു വിവാഹത്തിനായി പോയ ഒരു ചെറുപ്പക്കാരി വളരെ മോശമായി ശരീരം പ്രദർശിപ്പിക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്തു വധൂവരന്മാരുടെ തൊട്ടടുത്തായി നിന്നിരുന്നു. ആ വിവാഹം ആശിർവദിക്കേണ്ടിയിരുന്നതു രൂപതയുടെ മെത്രാനായിരുന്നു. ഇതു ശ്രദ്ധിച്ച അദ്ദേഹം അൾത്താരയിൽ കയറി വന്ന ഉടനെ തന്നെ പറഞ്ഞത് ആ ചെറുപ്പക്കാരിയോടു ദൈവാലയത്തിനു പുറത്തേക്കു പോകാനായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം വിവാഹം ആശിർവദിച്ചത്.
ഇനി മറ്റൊരു അനുഭവം പങ്കുവയ്ക്കാം . ഒരു ദൈവാലയത്തിൽ വിവാഹ കർമ്മം നടക്കുന്നു. ഒരു മെത്രാനാണു വിവാഹം ആശിർവദിക്കുന്നത്. കൂടെ രണ്ട് വൈദികരുമുണ്ട്. വധൂവരന്മാരുടെ തൊട്ടടുത്തുനിന്ന ഒരു ചെറുപ്പക്കാരി തൻറെ ശരീരത്തിൻറെ പിൻവശം അനാവൃതമാക്കുന്ന തരത്തിലുള്ള വസ്ത്രമാണു ധരിച്ചിരുന്നത്. മറ്റുള്ളവർക്ക് ഉതപ്പ് ഉണ്ടാക്കുന്ന തരത്തിൽ ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ചു ദൈവാലയത്തിൽ വരുന്നതു മാരകമായ പാപമാണെന്ന് അറിയാതെയും, അറിയാമെങ്കിൽ തന്നെയും അതു കണക്കിലെടുക്കാതെയും നാം കത്തോലിക്കരാണെന്നു മേനി പറഞ്ഞു നടക്കുന്നതു കഷ്ടം തന്നെ.
വിവാഹം ഒരു കൂദാശയാണെന്നും അതു പ്രാർഥനയോടെ നടത്തപ്പെടേണ്ട ഒരു കാര്യമാണെന്നും നാം മറന്നുപോയിരിക്കുന്നു. ദൈവാലയത്തിൽ സന്നിഹിതരായിരുന്ന നൂറിലധികം വിശ്വാസികളിൽ (?) പതിനഞ്ചോളം പേർ മാത്രമാണു പരിശുദ്ധകുർബാനയുടെ ഇടയിൽ മുട്ടുകുത്തിയത്. മുട്ടുകുത്തേണ്ട സമയങ്ങളിൽ എഴുന്നേറ്റുനിൽക്കുകയെങ്കിലും ചെയ്തവരുടെ എണ്ണവും വിരലിൽ എണ്ണാവുന്നതായിരുന്നു.
മുട്ടുകുത്തുകയോ എഴുന്നേറ്റുനിൽക്കുകയോ ചെയ്തവരുടെ എണ്ണത്തേക്കാൾ കൂടുതൽ കത്തോലിക്കർ ഷൂസും ചെരിപ്പും ധരിച്ചാണു ദൈവാലയത്തിൽ നിന്നിരുന്നത്. അതിൽ അത്ഭുതത്തിനു വകയില്ല.
കേരളത്തിലെ ഒരു പ്രമുഖ നഗരത്തിലെ പ്രശസ്തമായ ദൈവാലയത്തിൽ ഓരോരുത്തരും ഏറ്റവുമധികം പൂജ്യമായി കരുതുന്നതു സ്വന്തം പാദരക്ഷകളെയാണ്. ചന്തയിലും ബസ് സ്റ്റാൻഡിലും മൂത്രപ്പുരയിലും ഇട്ടുകൊണ്ടുനടന്ന ചെരുപ്പുകൾ പരിശുദ്ധമായ ദൈവാലയത്തിൻറെ ഉള്ളിലെ ഓരോ തൂണിനും ചുറ്റും അതീവശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കുന്ന ഭക്തജനങ്ങൾ അവിടുത്തെ സാധാരണകാഴ്ചയാണ്. അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ‘പാദരക്ഷകൾ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ടതാണ്’ എന്ന ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്ന ദൈവാലയത്തിൽ വരുന്നവരുടെ പാദരക്ഷകൾ അത്ര വിലപിടിച്ചതായിരിക്കുമല്ലോ.
ഏറെ സങ്കടകരമായി തോന്നിയ കാര്യം വിവാഹം ആശിർവദിച്ചുകഴിഞ്ഞ ഉടനെ കുർബാന നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ അൾത്താരയ്ക്കു മുൻപിൽ ഫോട്ടോസെഷൻ ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നതാണ്. അരമണിക്കൂർ കഴിഞ്ഞാൽ കുർബാന കഴിയുമല്ലോ. മെത്രാനെയും അച്ചന്മാരെയും കുടുംബക്കാരെയും ഒക്കെ നിരത്തിനിർത്തിയുള്ള ഫോട്ടോയെടുപ്പ് അതിനുശേഷം പോരെ? വധൂവരന്മാരുടെയും ബന്ധുക്കളുടെയും കൂടെ ആഘോഷമായി ഫോട്ടോ എടുക്കാൻ പോസ് ചെയ്തതിനുശേഷമാണു വൈദികർ തിരിച്ചു ബലിപീഠത്തിലേക്കു പോയി പരിശുദ്ധകുർബാന തുടർന്നത്. ഒരു ബിഷപ്പും രണ്ടു വൈദികരുമായി തുടങ്ങിയ കുർബാനയിൽ പിന്നീടുള്ള സമയമൊന്നും ബിഷപ്പിനെ കാണാനില്ലായിരുന്നു. വിവാഹം ആശീർവദിച്ചു കഴിഞ്ഞ ഉടനെ ബിഷപ്പ് സ്ഥലം വിട്ടു! അതുകൊണ്ടാണു കുർബാനയ്ക്കിടയിൽ തന്നെ ഫോട്ടോ എടുപ്പും അനുവദിച്ചത്. പിതാവിന് ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കാൻ സൗകര്യമുള്ള സമയത്തു വിവാഹം നടത്താൻ തീരുമാനിക്കുകയല്ലേ അതിൻറെ ഭംഗി?
വിവാഹം ആശീർവദിച്ചുകഴിഞ്ഞ ഉടനെ നല്ലൊരുഭാഗം വിശ്വാസികൾ (?) തമ്മിൽ തമ്മിൽ സംസാരിച്ചുതുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം പള്ളിയിൽ വന്നതിൻറെ ആവശ്യം കഴിഞ്ഞു. പിന്നെ ഒരു കുർബാനയാണുള്ളത്. അത് അവരുടെ കാര്യമല്ലല്ലോ! ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും പങ്കിടാൻ പള്ളിയിലെ ചാരുബെഞ്ചിനെക്കാൾ യോജിച്ച സ്ഥലം വേറെ ഏതാണ്? പല പള്ളികളിലെയും സ്ഥിരം കാഴ്ചയാണ് പള്ളിക്കുള്ളിൽ ഇരുന്നു വ്യർത്ഥഭാഷണം നടത്തുന്ന ഭക്തന്മാരും ഭക്തകളും! എം. സി. റോഡരികിലുള്ള ഒരു പള്ളിക്കു മുൻപിലൂടെ ഞായറാഴ്ച കുർബാനസമയത്തു പോയാൽ പള്ളിക്കുപുറത്തു ബലിപീഠത്തിനു പുറം തിരിഞ്ഞു കിഴക്കോട്ടു നോക്കിയിരിക്കുന്ന ഒരുകൂട്ടം ഭക്തജനങ്ങളെ കാണാം. അവരുടെ ദൃഷ്ടികൾ പള്ളിക്കു പുറത്തുള്ള റോഡും കഴിഞ്ഞ്‍ അനന്തതയിലേക്കു നീളുകയാണ്. അകത്തു പുരോഹിതൻ പരിശുദ്ധകുർബാന പരികർമ്മം ചെയ്യുന്നു!
“മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാൾ വലിയ മ്ലേച്ഛതകൾ നീ കാണും. ദൈവാലയത്തിൻറെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കർത്താവിൻറെ ആലയത്തിൻറെ വാതിൽക്കൽ, പൂമുഖത്തിനും ബലിപീഠത്തിനും നടുവിൽ, ഇരുപത്തിയഞ്ചോളം പേർ ദൈവാലയത്തിനു പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നിൽക്കുന്നു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു”
(എസക്കി.8:15-16).
കുർബാന സമയത്തു മൊബൈൽ റിങ്ങ് ചെയ്യുന്ന ശബ്ദം കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ? കുർബാനയ്ക്കിടയിൽ മൊബൈലും കൊണ്ടു പുറത്തേക്കോടുന്നവരും, പ്രസംഗസമയം മുഴുവൻ പള്ളിക്കു പുറത്തു മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നവരും ഒക്കെ ഭക്തജനങ്ങൾ തന്നെ. കുർബാന തുടങ്ങിയതിനുശേഷം മാത്രം വരികയും താമസിച്ചുവന്നതിനു പരിഹാരമായി നേരത്തെ പോകുകയും ചെയ്യുന്ന ഭക്തജനങ്ങളും പതിവുകാഴ്ചയാണല്ലോ.
എന്തിനാണു നാം ഈ പ്രഹസനത്തിനു വരുന്നത്? ദൈവാലയത്തിൽ വരുന്നെങ്കിൽ പ്രാർഥിക്കാൻ വേണ്ടി മാത്രമായിരിക്കണം. അതു മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം. പാദരക്ഷകൾ ഒരു കാരണവശാലും ദൈവാലയത്തിനുള്ളിൽ ഉപയോഗിക്കരുത്. പരിശുദ്ധകുർബാനയാണ് ഏറ്റവും വലിയ ആരാധന എന്നും ദൈവാലയം പരിശുദ്ധമായ സ്ഥലം ആണെന്നും വിശ്വാസികൾക്കു ബോധ്യം വരണം. അങ്ങനെ ഒരു ബോധ്യം ഇല്ലാത്തവർ ദയവുചെയ്തു ദൈവാലയത്തിൽ വരാതിരിക്കുക. അതായിരിക്കും അവർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തി. മോശമായ രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ടോ ചെരുപ്പുകൾ ധരിച്ചുകൊണ്ടോ ദൈവാലയത്തിൽ പ്രവേശിക്കരുത് എന്നും ഒരു കാരണവശാലും ദൈവാലയത്തിനുള്ളിൽ സംസാരം അനുവദിക്കില്ല എന്നും പറയാനുള്ള ധൈര്യം വൈദികർക്കുണ്ടാകണം. അതിനു മുൻകൈയെടുക്കേണ്ടതു രൂപതാധ്യക്ഷന്മാരാണ്. അവർക്ക് അതിനുള്ള കൃപ ലഭിക്കട്ടെ എന്നു പ്രാർഥിക്കാം. പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ് കരോളിനും കാഴ്ചവെയ്പ്പിനും യൂണിറ്റ് മീറ്റിങ്ങിനും വാർഷികത്തിനും ഒക്കെ പ്രത്യേകം പ്രത്യേകം ഡ്രസ് കോഡ് വേണമെന്നു നിർബന്ധം പിടിക്കുന്ന ഇടവകകളും കമ്മിറ്റിക്കാരും അച്ചന്മാരും എന്താണു കൂദാശകർമ്മങ്ങൾക്കു വരുമ്പോൾ മാത്രം മാന്യമായ വേഷം ധരിക്കണമെന്നു നിർബന്ധം പിടിക്കാത്തത്?
ഒരു അനുഭവം പങ്കുവയ്ക്കട്ടെ. മധ്യകേരളത്തിലെ ഒരു ദൈവാലയത്തിൽ വിവാഹത്തിനു വന്ന മണവാട്ടിയുടെ വേഷം കണ്ടപ്പോൾ വികാരിയച്ചനു ലജ്ജ തോന്നി. ആ വേഷത്തിൽ വിവാഹം ആശിർവദിക്കാൻ താൻ തയ്യാറല്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. പെണ്ണിൻറെ വീട്ടുകാർ വലിയ പിടിപാടുള്ള വി ഐ പി കൾ ആയിരുന്നതുകൊണ്ട് ഉടനെ തന്നെ പലസ്ഥലത്തുനിന്നും കോളുകൾ വരുമെന്ന് അച്ചന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം തൻറെ കൊച്ചച്ചനോടു പറഞ്ഞത് ആരുടെ ഫോൺ വന്നാലും തനിക്കു തരേണ്ട എന്നായിരുന്നു. ഗതികെട്ട പെൺവീട്ടുകാർ പള്ളിയിൽ നിന്നും ലഭിച്ച ഒരു കച്ച കൊണ്ട് (ശവക്കച്ചയാകാനാണ് സാധ്യത) പെണ്ണിനെ പുതപ്പിച്ചതിനു ശേഷമാണു വികാരിയച്ചൻ ആ വിവാഹം ആശിർവദിക്കാൻ സമ്മതിച്ചത്. അങ്ങനെയും വികാരിയച്ചന്മാരുണ്ട്. അവരുടെ എണ്ണം പെരുകട്ടെ എന്നും പ്രാർത്ഥിക്കാം.
ഇനി മറ്റൊരു വൈദികൻറെ അനുഭവം പങ്കുവയ്ക്കാം. ഒരു പെൺകുട്ടിയുടെ ആദ്യകുർബാന ദിവസം രാവിലെ ആ വീട്ടിലെത്തിയ അച്ചൻ കാണുന്നത് പരസ്പരം വഴക്കടിക്കുന്ന അമ്മയെയും മകളെയുമാണ്. എന്താണു കാര്യം എന്നു തിരക്കിയ വൈദികനോട് അമ്മ പറഞ്ഞത് ആദ്യകുർബാനയ്ക്കു വാങ്ങിയ ഉടുപ്പ് ഇടാൻ മകൾ സമ്മതിക്കുന്നില്ല എന്നായിരുന്നു. മകളെ സമ്മതിപ്പിക്കാനുള്ള ചുമതല അച്ചനെ ഏല്പിച്ചിട്ട് അമ്മ ഉള്ളിലേക്കു പോയി. അച്ചൻ കുഞ്ഞിനെ വിളിച്ചു കാര്യം ചോദിച്ചപ്പോൾ അവൾ അമ്മ വാങ്ങിക്കൊണ്ടുവന്ന ഉടുപ്പ് കാണിച്ചുകൊടുത്തു. പള്ളിയിലെന്നല്ല, ഫാഷൻ ഷോയ്ക്കു പോലും ഇടാൻ പറ്റാത്തത്ര മോശമായ വസ്ത്രമായിരുന്നു അത്. പത്തുവയസുകാരി മകൾക്കുള്ള ജ്ഞാനത്തിൻറെ എട്ടിലൊന്നുപോലും നാൽപതു വയസുള്ള അമ്മയ്ക്കില്ലാതെപോയല്ലോ എന്ന വേദനയോടെയാണ് അച്ചൻ ആ വീട്ടിൽ നിന്നിറങ്ങിയത്.
” എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലതു കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിൻറെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും” എന്ന ക്രിസ്തുവചനം നമുക്കോർക്കാം. മറ്റുള്ളവർക്ക് പാപകാരണമാകുന്ന തരത്തിൽ വേഷം ധരിക്കുകയും ദൈവാലയത്തിൻറെ പരിശുദ്ധിയ്ക്കു ചേരാത്ത രീതിയിൽ പെരുമാറുകയും ചെയ്യുന്നവരുടെ ഹൃദയത്തിലേക്ക് ഈ തിരുവചനം ആഴ്ന്നിറങ്ങട്ടെ എന്ന പ്രാർഥനയോടെ നിർത്തുന്നു.