സർവജനതകളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനുള്ളവൻ എന്നു രണ്ടുവട്ടം വെളിപാട് പുസ്തകത്തിൽ ക്രിസ്തുവിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ക്രിസ്തു രാജാവാണെന്ന് അവൻറെ നാളുകളിൽ ആരും ഒരിക്കലും കരുതിയിട്ടില്ല. സത്യത്തിൽ വിശുദ്ധഗ്രന്ഥത്തിൻറെ കാതലായ സന്ദേശം തന്നെ ക്രിസ്തു സകല പ്രപഞ്ചത്തിൻറെയും രാജാവാണെന്നതാണ്. പ്രവാചകന്മാർ അതു രേഖപ്പെടുത്തിയിട്ടുണ്ട്. മാലാഖ മറിയത്തിനു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. സുവിശേഷകന്മാർ എഴുതിയിട്ടുണ്ട്. അതിനെല്ലാമുപരിയായി ഈശോമിശിഹാ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്, താൻ രാജാവാണെന്ന്. എന്നിട്ടും ക്രിസ്തുവിൻറെ പ്രജകളായ നമ്മൾ പലപ്പോഴും ക്രിസ്‌തു നമ്മുടെ രാജാവാണെന്ന സത്യം മറന്നുപോകുന്നു.
ക്രിസ്ത്യാനികൾ മറന്നുപോയ ആ സത്യം ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് 1925 ൽ പിയൂസ് പതിനൊന്നാമൻ പാപ്പാ തൻറെ Quas Primas എന്ന ചാക്രികലേഖനത്തിലൂടെ ക്രിസ്തുരാജൻറെ തിരുനാൾ അഥവാ ക്രിസ്തുവിൻറെ രാജത്വത്തിൻറെ തിരുനാൾ സർവത്രികസഭയിൽ ആഘോഷിക്കപ്പെടണമെന്നു കൽപിച്ചത്. ആരാധനാക്രമവത്സരത്തിലെ അവസാനത്തെ ഞായറാഴ്ചയാണു നാം ഇപ്പോൾ ക്രിസ്തുവിൻറെ രാജത്വതിരുനാൾ ആഘോഷിക്കുന്നത്.
ഭരണം നടത്താനുള്ളവൻ യാക്കോബിൽ നിന്നു വരുമെന്നും ഇസ്രായേലിൽ നിന്ന് ഒരു ചെങ്കോലുയരും എന്നും ആദ്യമായി പ്രവചിച്ചതു ബാലാമായിരുന്നു (സംഖ്യ 24:17-19). രണ്ടാം സങ്കീർത്തനം മുഴുവനും തന്നെ രാജാവായ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. എൻറെ വിശുദ്ധപർവതമായ സീയോനിൽ ഞാനാണ് എൻറെ രാജാവിനെ വാഴിച്ചതെന്നു ദൈവമായ കർത്താവു തന്നെ അരുളിചെയ്യുന്നുണ്ട്. പിതാവായ ദൈവം തൻറെ പുത്രന് അവകാശമായി കൊടുക്കുന്നതു ജനതകളെയാണെന്നും ഭൂമിയുടെ അതിരുകൾ ക്രിസ്തുവിന് അധീനമാകുമെന്നും ഇരുമ്പുദണ്ഡുകൊണ്ടു ക്രിസ്തു അവരെ ഭരിക്കുമെന്നും സങ്കീർത്തനത്തിൽ തുടർന്നുപറയുന്നു.
നിൻറെ ദിവ്യസിംഹാസനം എന്നേയ്ക്കും നിലനിൽക്കുന്നു. നിൻറെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ് ( സങ്കീ 4:56) എന്നു പറഞ്ഞുകൊണ്ടു ക്രിസ്തുവിൻറെ രാജത്വത്തിൻറെ അനശ്വരതയും അവിടെ പ്രകടമാകുന്ന നീതിയും വിശുദ്ധഗ്രന്ഥം പറഞ്ഞുതരുന്നു. നീതി തഴച്ചുവളരട്ടെ എന്നും സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അതിർത്തികൾ വരെയും അവൻറെ ആധിപത്യം നിലനിൽക്കട്ടെ എന്നും ( സങ്കീ 72:7-8) തൻറെ പുത്രനെ അനുഗ്രഹിക്കുന്നതു പിതാവായ ദൈവമാണ്. അവൻറെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ ( സങ്കീ 72:9) എന്ന സങ്കീർത്തനഭാഗം വായിക്കുമ്പോൾ നമ്മുടെ ചിന്തകൾ ചെന്നെത്തേണ്ടത് ഉത്പത്തി പുസ്തകത്തിലെ ഒരു വചനത്തിലാണ്. ജീവിതകാലം മുഴുവൻ നീ പൊടി തിന്നും ( ഉല്പത്തി 3:14) എന്ന ഇളക്കമില്ലാത്ത വചനത്തിലൂടെ സാത്താൻറെ അന്തിമഭാഗധേയം പിതാവായ ദൈവം അവിടെ വെളിപ്പെടുത്തുന്നുണ്ടല്ലോ. കുരിശുമരണത്തിലൂടെ സാത്താൻറെ തലയെ തകർക്കാനും അവൻ ബന്ധിതരാക്കിയിട്ടിയിരിക്കുന്നവരെ മോചിപ്പിക്കാനുമായി അവതരിക്കാനിരിക്കുന്ന ഭാവിരാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണു തുടർന്നു വരുന്ന വചനങ്ങൾ.
സകലലോകത്തിനും വേണ്ടി തൻ അഭിഷേകം ചെയ്തയയ്ക്കാൻ പോകുന്ന ഈശോമിശിഹാ എന്ന രാജാവിനെക്കുറിച്ച്, ദൈവം ഏശയ്യാ പ്രവാചകനിലൂടെ ഇപ്രകാരം വെളിപ്പെടുത്തുന്നു. എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവൻറെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിൻറെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിൻറെ സിംഹാസനത്തിലും അവൻറെ രാജ്യത്തിലും അവൻറെ ആധിപത്യം നിസ്സീമമാണ്. അവൻറെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാൻ തന്നെ ( ഏശയ്യാ 9:6-7).
ഇതാ, ഞാൻ ദാവീദിൻറെ വംശത്തിൽ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കർത്താവ് അരുളിച്ചെയ്യുന്നു. അവൻ രാജാവായി വാഴുകയും ബുദ്ധിപൂർവം ഭരിക്കുകയും ചെയ്യും. നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പിലാക്കും ( ജെറ 23:5) എന്നാണു ദൈവം ജെറമിയയോടു പറഞ്ഞത്. ഇപ്രകാരം ക്രിസ്തു രാജാവായി വാഴുന്ന സാമ്രാജ്യത്തെക്കുറിച്ചു ദൈവം ദാനിയേലിനു വെളിപ്പെടുത്തിക്കൊടുത്തത് ഇങ്ങനെയാണ്. ആ രാജാക്കന്മാരുടെ നാളുകളിൽ,ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം, സ്വർഗ്ഗസ്ഥനായ ദൈവം പടുത്തുയർത്തും. മേല്പറഞ്ഞ രാജ്യങ്ങളെ എല്ലാം തകർത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനിൽക്കും ( ദാനി 2:44).
ഈ രാജ്യത്തിൽ ഭരണം നടത്തുവാൻ പോകുന്ന ക്രിസ്തുവിനെ ദാനിയേൽ പ്രവാചകൻ ഇങ്ങനെ വിവരിക്കുന്നു. നിശാദർശനത്തിൽ ഞാൻ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാതനായവൻറെ മുൻപിൽ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നൽകി. അവൻറെ ആധിപത്യം ശാശ്വതമാണ്. അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവൻറെ രാജത്വം അനശ്വരമാണ് ( ദാനി.7:13-14). മഹാവിശുദ്ധനും മഹാജ്ഞാനിയുമായിരുന്ന ദാനിയേലിനു പോലും ക്രിസ്തുവിൻറെ രാജത്വത്തിൻറെ പൊരുൾ മനസിലായില്ല. ഒരു ദൈവദൂതൻ ഈ ദർശനത്തിൻറെ അർത്ഥം വിശദീകരിച്ചുകൊടുത്തതിനുശേഷവും ദാനിയേൽ പറയുകയാണ് ; ‘ ഞാൻ, ദാനിയേൽ, എൻറെ വിചാരങ്ങൾ നിമിത്തം പരിഭ്രാന്തനായി. ഞാൻ വിവർണനായി. എല്ലാം ഞാൻ മനസിൽ സൂക്ഷിച്ചു ( ദാനി 7:28).
ആത്മീയ മനുഷ്യനായ ദാനിയേൽ പോലും മനസിലാക്കാൻ വിഷമിച്ച ക്രിസ്തുവിൻറെ രാജത്വം എന്ന വിഷയം എങ്ങനെയാണ് തികച്ചും ലൗകികമനുഷ്യനായ പീലാത്തോസിനു മനസിലാവുന്നത്? നീ യഹൂദരുടെ രാജാവാണോ എന്ന് ആ മനുഷ്യൻ ഈശോയോടു ചോദിക്കുന്നുണ്ട്. കർത്താവു തന്നെ പറയുകയാണ്: ‘എൻറെ രാജ്യം ഐഹികമല്ല’ ( യോഹ. 18:36). ഭരിക്കാൻ ഒരു രാജ്യമില്ലാത്ത രാജാവ് എന്നതു പീലാത്തോസിൻറെ മനസിന് ഉൾക്കൊള്ളാവുന്നതിലുമധികമായിരുന്നു. എങ്കിലും യേശുവിൻറെ വാക്കുകൾ പാടെ തള്ളിക്കളയാനും അയാളുടെ മനസ് അനുവദിക്കുന്നില്ല. ‘അപ്പോൾ നീ രാജാവാണ് അല്ലേ?’ എന്ന തൻറെ അടുത്ത ചോദ്യത്തിന് അവിടുന്നു നൽകിയ മറുപടി കേട്ടതിനു ശേഷവും പീലാത്തോസ് ഒരു ചോദ്യം കൂടി ചോദിക്കുന്നുണ്ട് . ‘എന്താണു സത്യം? ‘ ( യോഹ. 18: 38). ആ ചോദ്യത്തിനു കർത്താവു മറുപടി പറഞ്ഞില്ല. കാരണം സത്യം തന്നെയായ മിശിഹാ മുന്നിൽ നിൽക്കുമ്പോഴും എന്താണു സത്യം എന്നു ചോദിക്കുവാൻ മാത്രം ആത്മാവിലെ വെളിച്ചം കെട്ടുപോയ ഒരു മനുഷ്യൻ മറുപടി അർഹിക്കുന്നില്ലല്ലോ. എന്തെങ്കിലുമൊരു മറുപടി പീലാത്തോസ് പ്രതീക്ഷിച്ചിരുന്നുമില്ല എന്നു തെളിയിക്കുന്ന വിധത്തിലായിരുന്നു അയാളുടെ പിന്നീടുള്ള പെരുമാറ്റവും. ‘ഇതു ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേയ്ക്കു പോയി’ എന്നാണ് വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്തുവിൻറെ പീഡാസഹനത്തിനു മുൻപു സംഭവിക്കേണ്ടിയിരുന്ന ആഘോഷമായ ജെറുസലേം പ്രവേശനത്തെക്കുറിച്ച് സഖറിയ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു. സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ നിൻറെ രാജാവ് നിൻറെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി,കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു ( സഖ 9:9 )
ഗബ്രിയേൽ മാലാഖ മറിയത്തോടു മംഗലവാർത്ത അറിയിക്കുമ്പോൾ അവിടെയും യേശുവിൻറെ രാജത്വം ഒരു പ്രധാനഘടകമായി എടുത്തുകാണിക്കുന്നുണ്ട്. അവൻറെ പിതാവായ ദാവീദിൻറെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിൻറെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും. അവൻറെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല ( ലൂക്കാ 1:32-33).മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിൽ അവസാനവിധിയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ യേശു തന്നെത്തന്നെ രാജാവ് എന്നു വിളിക്കുന്നുണ്ട് ( മത്തായി 25: 34,40).
ക്രിസ്തുവിൻറെ രാജത്വം എന്നത് അന്നത്തെ സാഹചര്യത്തിൽ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ക്രിസ്തുവിൻറെ കുരിശുമരണത്തിനും ഉയിർപ്പിനും ശേഷം മനസിലാക്കാൻ വളരെ എളുപ്പമുള്ള ഒരു വസ്തുതയായി അതു മാറി. തൻറെ രാജത്വത്തിൻറെ യഥാർത്ഥ സ്വഭാവമെന്തെന്ന് സ്വർഗാരോഹണത്തിൻറെ തൊട്ടുമുൻപ് യേശു ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. അതു സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിൻറെയും മേലുള്ള പരിപൂർണ്ണമായ അധികാരമാണ്. ‘ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു ( മത്തായി 28:18). ഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ മാത്രം ഭരണം നൽകപ്പെട്ട സീസറിൻറെ രാജ്യത്തിൻറെ ചെറിയൊരു പ്രവിശ്യയായ യൂദയായിൽ ചുരുങ്ങിയ കാലത്തേക്കു മാത്രം ഭരണം നടത്താൻ നിയോഗിക്കപ്പെട്ട പീലാത്തോസ് ഇതറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ, മിശിഹായുടെ കുരിശിൻറെ തലക്കുറി അങ്ങനെയാവുമായിരുന്നില്ല. എന്നാൽ ഓരോ ക്രൂശിതരൂപത്തിനും മുകളിൽ യഹൂദരുടെ രാജാവായ നസറായനായ യേശു എന്നുതന്നെ യുഗാന്ത്യത്തോളം എഴുതപ്പെടണമെന്നതു പിതാവായ ദൈവത്തിൻറെ തിരുഹിതമായിരുന്നു.
യോഹന്നാനു ലഭിച്ച വെളിപാടിൽ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. വിശ്വസ്തസാക്ഷിയും മൃതരിൽ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തു…. ( വെളി 1:5). അവനെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ലഭിച്ചപ്പോൾ യോഹന്നാൻ ഇപ്രകാരം എഴുതുന്നു. അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്; രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും (വെളി 19:16). അവനെ അവിടുന്ന് സകലത്തിൻറെയും അവകാശിയായി നിയമിക്കുകയും അവൻ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു (ഹെബ്രാ. 1:2) എന്നു പറഞ്ഞുകൊണ്ടാണു ഹെബ്രായലേഖകൻ ക്രിസ്തുവിൻറെ രാജത്വത്തിനെ വർണ്ണിക്കുന്നത്. ചരിത്രം തുടങ്ങുന്നതിനു മുൻപും ചരിത്രം അവസാനിക്കുന്നതിനുശേഷവും സകലത്തിൻറെയും അവകാശിയും രാജാവും ആയിരിക്കേണ്ടത് ക്രിസ്തുവാണ്, ക്രിസ്തു മാത്രമാണ്.
നാം സമയത്തിലും ചരിത്രത്തിലും ആയിരിക്കുന്ന ഈ ചുരുങ്ങിയ കാലങ്ങളിൽ മാത്രമാണ്, ക്രിസ്തുവല്ലാതെ മറ്റൊരുവൻ താനാണ് ഭൂമിയിലെ രാജാവെന്ന് അവകാശപ്പെടുന്നത്. അവനാകട്ടെ ആദിമുതൽ നുണയനുമാണ്. മരുഭൂമിയിലെ പരീക്ഷയിൽ അവൻ അവകാശപ്പെട്ടതു ഭൂമിയിലെ എല്ലാ കാര്യങ്ങളും തൻറെ അധീനതയിലാണെന്നായിരുന്നല്ലോ. ആ നുണയുടെ പരമ്പര ഇങ്ങേയറ്റത്തു ക്രിസ്തുവിൻറെ രണ്ടാം വരവു വരെ അവൻ തുടർന്നുകൊണ്ടേയിരിക്കുന്നു. യുഗാന്ത്യത്തിൽ സകലഗോത്രങ്ങളുടെയും ജനതയുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേൽ അല്പകാലത്തേയ്ക്ക് അവന് അധികാരം അനുവദിക്കപ്പെടും ( വെളി 13:7) എന്നതു സത്യം തന്നെ. അതൊന്നും ശാശ്വതമായ അധികാരമല്ലല്ലോ. അതിനെക്കുറിച്ചു ദാനിയേൽ പ്രവാചകനോടു ദൂതൻ പറയുന്നത് ഇപ്രകാരമാണ്. എന്നാൽ ന്യായാധിപസഭ വിധി പ്രസ്താവിക്കാൻ ഉപവിഷ്ടമാവുകയും അവൻറെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂർണ്ണമായി ദഹിപ്പിച്ചു നശിപ്പിക്കേണ്ടതിനു തന്നെ (ദാനി 7:26).
മണ്ണുകൊണ്ടു മെനഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരോടും അവരുടെ നശ്വരങ്ങളായ സാമ്രാജ്യങ്ങളോടും ക്രിസ്തുവിൻറെ രാജത്വത്തെ താരതമ്യപ്പെടുത്തുന്നതാണു നമുക്കു പറ്റുന്ന ഏറ്റവും വലിയ അബദ്ധം. ക്രിസ്തുവിൻറെ രാജ്യം സ്നേഹത്തിൻറെ രാജ്യമാണ്. ആത്മാവിലും സത്യത്തിലും മനുഷ്യർ ദൈവത്തിന് ആരാധനയർപ്പിക്കുന്ന രാജ്യം. സർവശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടും തന്നെ ദൈവാലയമായി (വെളി 21:22) മാറുന്ന നിത്യനഗരം ആണത്. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും (വെളി 21:24) എന്നുപറഞ്ഞുകൊണ്ടാണ് വിശുദ്ധഗ്രന്ഥം ക്രിസ്തു രാജാവായി വാഴുന്ന സ്വർഗീയ ജെറുസലേമിൻറെ മഹത്വത്തെ പ്രഘോഷിക്കുന്നത്. ആ രാജ്യത്തിൽ, പിതാവായ ദൈവത്തിൻറെ ഭവനത്തിൽ, അനേകം വാസസ്ഥലങ്ങളുണ്ടെന്നും അവിടെ നമുക്കു സ്ഥലമൊരുക്കാൻ വേണ്ടിയാണു താൻ നമുക്കുമുൻപേ അങ്ങോട്ടു പോകുന്നതെന്നും (യോഹ 14:2) പറഞ്ഞവൻ തന്നെ വീണ്ടും പറയുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും (യോഹ 14:3).
തൻറെ വാഗ്ദാനമനുസരിച്ച് താൻ രാജാവായി വാഴുന്ന സ്വർഗപിതാവിൻറെ രാജ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ വാനമേഘങ്ങളിൽ വരാനിരിക്കുന്ന ക്രിസ്തുരാജനെ കാത്തിരിക്കുന്ന നമുക്കു ഹൃദയം തുറന്ന് ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു പ്രാർത്ഥിക്കാം. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു എന്നാണല്ലോ നാം എപ്പോഴും ഏറ്റുപറയുന്നത്. അവിടെ പ്രവേശിക്കണമെങ്കിൽ അവശ്യം വേണ്ട യോഗ്യത അനുതാപമാണ്. സ്വർഗരാജ്യപ്രവേശനത്തിനുള്ള ഈ മിനിമം യോഗ്യത നേടിയെടുക്കാൻ മനുഷ്യരെ ഉദ്ബോധിപ്പിച്ചു കൊണ്ടായിരുന്നല്ലോ യേശുവിൻറെ പരസ്യജീവിതശുശ്രൂഷയുടെ തുടക്കം തന്നെ. മാനസാന്തരപ്പെടുവിൻ. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു (മത്തായി 4:17). രാജാധിരാജനായ ക്രിസ്തുവിനു വഴിയൊരുക്കാനും അവൻറെ പാതകൾ നേരെയാക്കാനുമായി അയയ്ക്കപ്പെട്ട സ്നാപകയോഹന്നാൻ പറഞ്ഞതും അതുതന്നെയായിരുന്നു. മാനസാന്തരപ്പെടുവിൻ. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു ( മത്തായി 3:2).
ക്രിസ്തുരാജൻറെ തിരുനാൾ മറ്റെന്തിനേക്കാളും ഉപരിയായി യഥാർത്ഥമായ മാനസാന്തരത്തിലേക്കുള്ള ഒരു ക്ഷണമാണ്. ആരാധനക്രമവത്സരത്തിൽ രാജത്വത്തിരുനാൾ കഴിഞ്ഞാൽ അടുത്തുവരുന്നതു കർത്താവിൻറെ വരവിനെ കാത്തിരിക്കുന്ന മംഗലവാർത്തക്കാലമാണ്. വരുമെന്നു പറഞ്ഞവൻ വരിക തന്നെ ചെയ്യും.
‘രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ’ എന്ന പ്രാർത്ഥനയോടെ ക്രിസ്തുവിനെ രാജാവായി പ്രഘോഷിച്ചുകൊണ്ട്, നമുക്ക് അവൻറെ വരവിനായി ഒരുങ്ങാം.