നീതിസൂര്യൻറെ ഉദയം

എൻറെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും.  അതിൻറെ ചിറകുകളിൽ  സൗഖ്യമുണ്ട്.  തൊഴുത്തിൽ നിന്നു വരുന്ന  പശുക്കുട്ടിയെന്നപോലെ നിങ്ങൾ തുള്ളിച്ചാടും [മലാക്കി 4:2]. പഴയ  നിയമത്തിലെ അവസാനത്തെ പുസ്തകത്തിലെ  അവസാനത്തെ അധ്യായത്തിൽ യേശുക്രിസ്തുവിനെക്കുറിച്ചുളള  പ്രവചനമാണിത്. 

എന്നാൽ യേശു വരുന്നതിനുമുൻപേ  ഏലിയാ  വീണ്ടും വരേണ്ടിയിരുന്നു.  ദേശം ശാപം കൊണ്ട്  നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന് പിതാക്കന്മാരുടെ  ഹൃദയം  മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കുക [ മലാക്കി  4:6] എന്ന ശുശ്രൂഷയാണ് ഏലിയായിലൂടെ കർത്താവ് ചെയ്യാൻ ആഗ്രഹിച്ചത്.  

ഏലിയാ വന്നു. എങ്കിലും അവർ അവനെ മനസിലാക്കിയില്ല.  തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അവനോടു ചെയ്തു [മത്തായി 17-12] എന്നു പറഞ്ഞുകൊണ്ട് തനിക്കു മുൻപേ വരാനിരുന്ന ഏലിയാ സ്നാപകയോഹന്നാൻ തന്നെയാണെന്ന് കർത്താവ് സ്ഥിരീകരിച്ചു.  യോഹന്നാനെ  മനസിലാക്കാൻ കഴിയാതെ പോയ യഹൂദർക്ക് യേശുവിനെ മനസിലാക്കാൻ കഴിയാതെ  പോയതിൽ അത്ഭുതമില്ല.  മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ (മത്തായി  3:8 )   വിസമ്മതിക്കുന്നവർക്ക് എങ്ങനെയാണ്  പരിശുദ്ധാത്മാവിനാലും  അഗ്നിയാലും സ്നാനപ്പെടുത്താൻ വേണ്ടി വരുന്നവനെ  സ്വീകരിക്കാൻ കഴിയുക? 

യേശുവിൻറെ മനുഷ്യാവതാരം  പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. എന്നാൽ ആ  പൂർത്തീകരണം അതിൻറെ നിറവിൽ അനുഭവിക്കാൻ കഴിഞ്ഞതു   മാനസാന്തരത്തിനായി ജലം കൊണ്ടുള്ള സ്നാനം ഏൽക്കാനും  (മത്തായി 3:11) ശരീരത്തിലല്ല, ഹൃദയത്തിൽ തന്നെ പരിച്ഛേദനം നടത്താനും  ( റോമാ 2:29) സ്വയം വിട്ടുകൊടുത്തവർക്കു   മാത്രമായിരുന്നു.

ക്രിസ്‌തുമസിൻറെ യഥാർത്ഥ ചൈതന്യം  എളിമപ്പെടലാണ്. അത് ഏറ്റവുമധികം പ്രകടമാകുന്ന ഇടം കുമ്പസാരക്കൂടല്ലാതെ മറ്റെവിടെയാണ്? തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു   ദാസൻറെ രൂപം സ്വീകരിക്കുകയും, മരണം വരെ – അതേ  കുരിശുമരണം വരെ –  അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തുകയും ചെയ്ത [ഫിലിപ്പി 2:7-8] ദൈവപുത്രനു  കൊടുക്കാവുന്ന   ഏറ്റവും വലിയ ഉപഹാരം അനുതാപത്തിൻറെ കണ്ണുനീരു കൊണ്ടു കഴുകി വിശുദ്ധമാക്കിയ നമ്മുടെ   ഹൃദയമാണ്. 

ബെത്ലെഹെമിലെ പുൽക്കൂട്ടിൽ   യേശു പിറന്നുവീണതു   നമ്മുടെ പാപങ്ങളുടെ മോചനത്തിനായി  മരണത്തിന്  ഏല്പിച്ചുകൊടുക്കപ്പെടാനും  നമ്മുടെ നീതീകരണത്തിനുവേണ്ടി  ഉയിർപ്പിക്കപ്പെടാനും ( റോമാ 4:24-25) വേണ്ടിയായിരുന്നു.   അവനുവേണ്ടി കാൽവരിയിൽ    ഉയർത്തപ്പെട്ട ആ കുരിശിനെ സ്മരിക്കാതെ ഒരു ക്രിസ്തുമസും പൂർണ്ണമാകില്ല. ആ സ്മരണ നമ്മെ തീർച്ചയായും അനുതാപത്തിലേക്കു നയിക്കും. 

2024ലെ   ക്രിസ്തുമസ്  ഒരുക്കത്തോടെ ആഘോഷിക്കാനായി  നമുക്കു നമ്മുടെ പാപങ്ങളോർത്തു  മനസ്തപിക്കാം.  ഇനിയൊരു ക്രിസ്തുമസ് ആഘോഷിക്കാൻ നാം ഉണ്ടാവുമോ എന്നു നമുക്കറിയില്ലല്ലോ.