ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്

ഇന്നത്തെ ലോകം ഏറ്റവും  വെറുക്കുന്നത് ക്രിസ്തുവിനെയാണ്. കേൾക്കുമ്പോൾ അതിശയോക്തിയെന്നു തോന്നുമെങ്കിലും സത്യം അതാണ്.  ഒരിക്കൽ ക്രൈസ്തവമായിരുന്ന അനേകം രാജ്യങ്ങൾ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചുകഴിഞ്ഞു.  വിശ്വാസവിരുദ്ധവും വചനവിരുദ്ധവുമായ  നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് അവർ തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെ പരസ്യമായി നിന്ദിക്കുന്നു.  ക്രൈസ്തവ മതചിഹ്നങ്ങൾ നിർബാധം  അവഹേളിക്കപ്പെടുന്നു.  ക്രിസ്തുവിനും ശേഷം  വന്ന വ്യാജപ്രവാചകരെ സത്യപ്രവാചകരായി  കെട്ടിയെഴുന്നെള്ളിക്കുന്നു.  സഭയ്ക്കുള്ളിൽ തന്നെ ക്രിസ്തുവിൻറെ യാഥാർത്ഥപ്രബോധനങ്ങളെ  നിരസിച്ചുകൊണ്ടു   പാപത്തെ  പുണ്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇതിനിടയിലും  യഥാർത്ഥമായ ക്രിസ്തീയപ്രബോധനവും ക്രിസ്തീയവിശ്വാസവും  സഭയിൽ  നിലനിൽക്കുന്നു എന്നതിൽ നമുക്കു  കർത്താവിനു നന്ദി പറയാം.

യേശുക്രിസ്തുവിനോടുള്ള വെറുപ്പ്  ഏറ്റവുമധികം പ്രകടമാകുന്ന ഒരവസരമാണു  ക്രിസ്തുമസ്.  ഇതും ഒരുപക്ഷേ കേൾക്കുമ്പോൾ അതിശയോക്തിയെന്നു തോന്നിയേക്കാം. എന്നാൽ സത്യം അതാണ്. വിശ്വാസം വരുന്നില്ലെങ്കിൽ നമുക്കു  ചുറ്റും നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളിലേക്കു  കണ്ണോടിച്ചാൽ മതി.  ക്രിസ്തുമസ് ആശംസകളിൽ നിന്നുതന്നെ  തുടങ്ങാം. Happy  Christmas  എന്നു  പറയാൻ പലർക്കും മടിയാണ്. Happy Xmas  എന്നായാൽ  സന്തോഷം. ആരുടെ പിറവിത്തിരുനാൾ ആണു  നാം ആഘോഷിക്കുന്നത്?  ദൈവത്തിൻറെ രൂപത്തിലായിരുന്നെങ്കിലും തന്നെത്തന്നെ ശൂന്യനാക്കി, ദാസൻറെ രൂപം സ്വീകരിച്ച്, നമ്മിലൊരുവനായി,  നമുക്കുവേണ്ടി കുരിശിൽ മരിച്ച്, ഉയർത്തെഴുന്നേറ്റ്, യുഗാന്ത്യം വരെ നമ്മോടൊപ്പമുണ്ടാകുമെന്നു വാഗ്ദാനം ചെയ്ത യേശുക്രിസ്തുവിൻറെയോ, അതോ   ബീജഗണിതത്തിലെ അറിയാത്ത സംഖ്യയെ  സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന X കൊണ്ട് വരച്ചിടുന്ന അജ്ഞാതദേവനെയോ? 

Christmas  Greetings നേക്കാൾ  അനേകർ  താല്പര്യപ്പെടുന്നത്  Season’s Greetings   എന്ന്  പറയാനാണ്.   എന്തിനുവേണ്ടിയാണു  നാം ആശംസ നേരുന്നത്? ലോകരക്ഷകനായ യേശുവിൻറെ ജനനത്തിരുനാളിനു  വേണ്ടിയോ  അതോ  പുതുവത്സരം വരെ നീണ്ടുനിൽക്കുന്ന ഒരവധിക്കാലത്തിനു വേണ്ടിയോ? Christmas Greetings  എന്നു  പറയുമ്പോൾ ക്രിസ്തുവിനെ അറിയാതെയെങ്കിലും ഓർമിക്കുന്നത്  ഇഷ്ടപ്പെടാത്തവരുടെ കണ്ടുപിടിത്തമാണ് Seasons Greetings എന്നതു  നാം മറന്നുപോകുന്നു. മാത്രവുമല്ല, Seasons Greetings  എന്നതു  മതപരമോ മതേതരമോ ആയ ഏതവസരത്തിലും ഉപയോഗിക്കാവുന്ന  ഒരു പ്രയോഗമാണു  താനും.  പതിവായി  ആശംസ അർപ്പിക്കുന്ന അനേകം   സന്ദർഭങ്ങൾക്കിടയിൽ മറ്റൊരു സന്ദർഭം  മാത്രമായി  രക്ഷകൻറെ തിരുപ്പിറവിയെ മാറ്റാൻ നമുക്കെങ്ങനെ  സാധിക്കുന്നു?

പുൽക്കൂടുകളും  ക്രിസ്തുമസ് ട്രീകളും ഇപ്പോൾ  സർവസാധാരണമാണ്.  എന്നാൽ   അവിടെയൊക്കെ ഉണ്ണിയേശുവിനേക്കാൾ പ്രാധാന്യം സാന്താക്ലോസ് എന്ന കഥാപാത്രത്തിനാണ്. ക്രിസ്തു ചെറുതാവുകയും സാന്താക്ലോസ്  വലുതാവുകയും ചെയ്യുന്ന ക്രിസ്തുമസ് ആഘോഷങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.  കേക്കിൻറെ വലുപ്പത്തിനൊത്തു  ക്രിസ്തുമസ് ആഘോഷങ്ങളുടെ പൊലിമ കൂടുന്നു എന്ന മിഥ്യാധാരണയിൽ   ജീവിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയിലാണ് നാം  ജീവിക്കുന്നത്.  കരോൾ ഗാനമത്സരത്തിൽ  വിജയിക്കുന്ന  കുടുംബയൂണിറ്റ് ഏറ്റവും നന്നായി ക്രിസ്തുമസ് ആഘോഷിച്ചു  എന്നു സ്വയം അഭിനന്ദിക്കുന്ന കാലം!

അവരെപ്പോലെയുള്ളവരെ  സ്വാഗതം ചെയ്യാൻ വേണ്ടിയാണു  മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും  ക്രിസ്തുമസ് കാലത്ത്     കുടവയറും ചുവന്നകുപ്പായവുമുള്ള സാന്താക്ലോസിനെ  ഡ്യൂട്ടിയ്ക്ക് നിർത്തിയിരിക്കുന്നത്.  മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ്  ട്രീകളും  നക്ഷത്രങ്ങളും ദീപാലങ്കാരവും ഒക്കെച്ചേർന്നു    ക്രിസ്തുമസിനെ വെറുമൊരു ജനപ്രിയ ഉത്സവത്തിൻറെ നിലവാരത്തിലേക്കു താഴ്ത്തിക്കഴിഞ്ഞു.  ആ ബഹളത്തിനിടയിൽ   നിശബ്ദനായി കടന്നുവരുന്ന ഉണ്ണിയേശുവിനെ പലരും കാണാതെ പോകുന്നു. ചുരുക്കം ചിലർ കാണുന്നെങ്കിലും തിരിച്ചറിയാതെ പോകുന്നു.  തിരിച്ചറിയുന്നവരാകട്ടെ   ക്രിസ്തുവിനെ അവഗണിക്കുകയും ചെയ്യുന്നു.  കാരണം ക്രിസ്തു ആരെന്നു തിരിച്ചറിഞ്ഞവർ തന്നെയാണല്ലോ  ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്  ആഘോഷങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.  

ക്രിസ്തുമസ് യേശുക്രിസ്തുവിൻറെ പിറവിത്തിരുനാളാണ്. അതിനു മറ്റൊരു മാനവും  ഇല്ല. സത്രത്തിൽ സ്ഥലം ലഭിക്കായ്കയാൽ  പിള്ളക്കച്ച കൊണ്ടു  പൊതിയപ്പെട്ടു പുൽത്തൊട്ടിയിൽ  കിടക്കേണ്ടിവന്ന ഉണ്ണിയേശുവിൻറെ  തിരുപ്പിറവിയുടെ ഓർമദിനം. ‘അത്യുന്നതങ്ങളിൽ  ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം’ എന്ന   ചുരുക്കം വാക്കുകളിൽ ഒതുക്കാനുള്ളതേയുള്ളൂ ക്രിസ്തുമസിൻറെ ആശംസകൾ. ദൈവത്തിനു മഹത്വം കൊടുക്കാനും  ദൈവകൃപ ലഭിച്ചവരുടെ അവകാശമായ സമാധാനം ആസ്വദിക്കാനും  ഭാഗ്യം ലഭിച്ച നമുക്കു  ക്രിസ്തുമസ് ക്രിസ്തുവിനോടുകൂടെ ആഘോഷിക്കാം.

എന്‍റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു. (ഗലാത്തിയാ 4 : 19)