അത്തിമരവും മുന്തിരിയും ഒലിവും ഇസ്രായേൽ ജനത്തിന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നതിനാൽ അവ ഫലം തരാത്ത നാളുകളെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നിട്ടും ഹബക്കൂക്ക് പ്രവാചകൻ ഇങ്ങനെയെഴുതിവച്ചു; ‘അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ്കൾ ഇല്ലാതായാലും വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും’ (ഹബ. 3:17). എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും കർത്താവിൽ ആനന്ദിക്കുന്നവനെ നോക്കി കർത്താവു പറയും; ‘നിൻറെ യജമാനൻറെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക ‘ ( മത്തായി 25:23). ക്ഷണിക്കപ്പെട്ടവർ കടന്നുവരാൻ മടിക്കുന്ന കർത്താവിൻറെ വിരുന്നുമേശയിലേക്ക് (ലൂക്കാ 14:24) പ്രവേശിക്കാൻ ഭാഗ്യം കിട്ടുന്നത് അങ്ങനെയുള്ളവർക്കാണ്.
വേറൊരു കൂട്ടർക്കു കർത്താവു നേരിട്ടുതന്നെ വിളമ്പിക്കൊടുക്കുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ യജമാനൻ വന്നാൽ അപ്പോഴും അരമുറുക്കിയും വിളക്കു കൊളുത്തിയും അവനെ സ്വീകരിക്കാൻ കാത്തിരിക്കുന്നവരാണവർ (ലൂക്കാ 12:35-38).
നാം കർത്താവിനെ കാത്തിരിക്കുന്ന കാലമാണിത്. ക്രിസ്മസിനൊരുക്കമായുള്ള ഇരുപത്തിയഞ്ചു ദിവസത്തെ നോമ്പും പ്രാർഥനയും പരിഹാരപ്രവൃത്തികളും ഒക്കെ പാപത്തിൻറെ ദുർമേദസിനെ അലിയിപ്പിച്ചുകളഞ്ഞ് സ്വർഗരാജ്യത്തിലേക്കുള്ള സൂചിക്കുഴയിലൂടെ കടന്നുപോകാൻ മാത്രം നമ്മെ ചെറിയവരാക്കാനുള്ള ശ്രമത്തിൻറെ ഭാഗവുമാണ്. സൂചിക്കുഴയ്ക്കു മാറ്റമുണ്ടാകില്ല. നിയമത്തിൽ നിന്ന് ഒരു വള്ളിയോ പുള്ളിയോ അപ്രത്യക്ഷമാകുന്നതിനേക്കാൾ എളുപ്പം ആകാശവും ഭൂമിയും കടന്നുപോകുന്നതാണ് എന്ന് ഈശോമിശിഹാ തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ. കർത്താവിനും മാറ്റമുണ്ടാകില്ല. കാരണം അവിടുന്ന് ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെയാണ് (ഹെബ്രാ 13:8). അപ്പോൾ മാറാൻ സാധ്യതയുള്ളതു നമുക്കു മാത്രമാണ്.
എന്നാൽ പലപ്പോഴും നമ്മുടെ ശ്രമം സ്വർഗത്തിലേക്കുള്ള വാതിലിൻറെ വലുപ്പം അൽപം കൂട്ടാനാണ്. അങ്ങനെയെങ്ങാൻ നടന്നുകിട്ടിയാൽ വലിയ പരുക്കില്ലാതെ നമുക്കും ഉള്ളിൽ കടക്കാമല്ലോ. ഇങ്ങനെ വൃഥാവ്യായാമം ചെയ്യുന്ന അനേകരുണ്ട് നമ്മുടെയിടയിൽ. അവർക്കറിയാം തങ്ങളുടെ പ്രവർത്തികൾ നിഷ്ഫലമാണെന്ന്. എങ്കിലും അവർ അതു തന്നെ തുടർന്നുകൊണ്ടിരിക്കും. മ്ലേച്ഛമായ സ്വവർഗബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ക്രിസ്മസ് നക്ഷത്രങ്ങൾ ഒരുക്കുമ്പോൾ അവർ കരുതുന്നതു തങ്ങളുടെ യുക്തിചിന്തയിലേക്കു ദൈവത്തെ ഒതുക്കാമെന്നാണ്. ക്രിസ്മസ് ആഘോഷപൂർവം കൊണ്ടാടുന്നതുവഴി തങ്ങൾ കൂടുതൽ നല്ല ക്രിസ്ത്യാനികളായിത്തീരും എന്ന മിഥ്യാധാരണയിൽ കഴിയുന്നവരും ഉണ്ട്. നമുക്കറിയാം, ദൈവാലയത്തിൽ പോകാതെയും കൂദാശാജീവിതം നയിക്കാതെയും ജീവിക്കുന്ന അനേകരും ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്. അവരും കരുതുന്നതു തങ്ങൾ ഒരുക്കിയ വിഭവങ്ങളും കുടിച്ച പാനീയങ്ങളും പങ്കുവച്ച സൗഹൃദങ്ങളും ക്രിസ്മസിനു തികച്ചും അനുയോജ്യമായിരുന്നു എന്ന്.
യേശുക്രിസ്തു എന്നും വിവാദവിഷയമായ അടയാളമായിരുന്നല്ലോ (ലൂക്കാ 2:34). അവനെക്കുറിച്ചുള്ള വിവാദം ആദ്യത്തെ ക്രിസ്മസിനു മുൻപുതന്നെ തുടങ്ങിയിരുന്നു. തന്നെ തെരഞ്ഞുവന്ന ജ്ഞാനികൾക്കു സ്വയം വെളിപ്പെടുത്തിക്കൊടുത്ത അവൻ തന്നെ തിരയാൻ ആളയച്ച ഹേറോദോസിൻറെ കണ്ണിൽ നിന്നു മറഞ്ഞുനിന്നു. ഞാനാണു സത്യം എന്നു ശിഷ്യന്മാരോടു പലവട്ടം പറഞ്ഞ അവൻ എന്താണു സത്യം എന്ന പീലാത്തോസിൻറെ ചോദ്യം കേട്ടതായി നടിച്ചതേയില്ല. ശെമയോനും അന്നയ്ക്കും ആദ്യദർശനത്തിൽ തന്നെ അനുഗ്രഹം നൽകിയ അവനെ മനസിലാക്കാൻ നൂറുതവണ കണ്ടിട്ടും ദൈവാലയത്തിലെ പുരോഹിതർക്കോ നാട്ടിലെ ഭരണാധികാരികൾക്കോ സാധിച്ചില്ല. ‘സാധിച്ചിരുന്നെങ്കിൽ മഹത്വത്തിൻറെ കർത്താവിനെ അവർ കുരിശിൽ തറയ്ക്കുമായിരുന്നില്ല’ (1 കൊറി 2:8) എന്നു പൗലോസ് ശ്ലീഹാ പറയുന്നുണ്ടല്ലോ.
യേശുവിനെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനത്തെ ക്രിസ്മസ് വരെയും തുടരും എന്നതും സത്യം. അവസാനത്തെ ക്രിസ്മസ് എന്നതു കർത്താവീശോമിശിഹായുടെ മഹത്വപൂർണമായ രണ്ടാം വരവു സംഭവിക്കുന്ന ആ മഹാദിനം തന്നെയാണല്ലോ. ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കാ 18:8) എന്ന തിരുവചനത്തിൽ തൻറെ ജനനം മുതൽ മരണം വരെയും ഉത്ഥാനവും സർഗ്ഗാരോഹണവും മുതൽ രണ്ടാം വരവുവരെയും ഉള്ള കാലത്തു തനിക്കെതിരായി ഉയർന്നതും ഉയരാൻ പോകുന്നതുമായ അനേകമനേകം വിവാദങ്ങളെക്കുറിച്ചും അതുവഴി വിശ്വാസത്തിൽ നിന്നു വഴിമാറി പോകുന്ന സ്വന്തം ജനത്തെക്കുറിച്ചുമുള്ള യേശുവിൻറെ വേദന നിറഞ്ഞ പ്രവചനമാണു കാണാൻ കഴിയുക. അവസാനത്തെ ക്രിസ്മസിനു മുൻപുള്ള ക്രിസ്മസുകൾ ആഘോഷിക്കാൻ ഭാഗ്യം ചെയ്ത ജനമാണു നാം എന്നതിൽ നമുക്കു ദൈവത്തിനു നന്ദി പറയാം..
ക്രിസ്‍മസ് ആഘോഷിക്കുക എന്നതിൻറെ മറ്റൊരു പേരാണ് കർത്താവിൽ ആനന്ദിക്കുക എന്നത്. യേശുക്രിസ്തുവിൻറെ സ്വർഗാരോഹണത്തിന് ഏതാനും നാളുകൾക്കിപ്പുറം അങ്ങനെ കർത്താവിൽ ആനന്ദിച്ചുകൊണ്ടു സ്വർഗത്തിലേക്കു നോക്കിനിന്ന ഒരുവനുണ്ടായിരുന്നു. അവൻറെ പേരു സ്തേഫാനോസ്. എൻറെ ചർമ്മം അഴുകി ഇല്ലാതായാലും എൻറെ മാംസത്തിൽ നിന്നു ഞാൻ ദൈവത്തെ കാണും ( ജോബ് 19:26) എന്നു പറഞ്ഞ ജോബിൻറെ വാക്കുകൾ സ്വന്തം കാര്യത്തിൽ മാത്രമല്ല, നൂറ്റാണ്ടുകൾക്കുശേഷം ഭ്രാന്തുപിടിച്ച ഒരു ജനത്തിൻറെ മധ്യത്തിൽ ‘ഒരു ദൈവദൂതൻറേതു പോലെ തിളങ്ങുന്ന മുഖവുമായി’ (അപ്പ. 6:15) നിന്ന സ്തേഫാനോസിൻറെ കാര്യത്തിലും സാർത്ഥകമായി. ഏതാണ്ട് ആ കാലത്തുതന്നെയാണ് യേശുവിൻറെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ടു പത്രോസും മറ്റ് അപ്പസ്തോലന്മാരും സംഘത്തിൽ നിന്നു പുറത്തുപോയത് (അപ്പ.5.41).
ക്രിസ്മസ് രണ്ടുവിധത്തിൽ ആഘോഷിക്കാം. കർത്താവിൽ ആനന്ദിച്ചുകൊണ്ടും ലോകസുഖങ്ങളിൽ ആറാടിക്കൊണ്ടും. ക്രിസ്മസ് തന്നെ രണ്ടുവിധത്തിലുണ്ട്. യേശുക്രിസ്തു ഉള്ള ക്രിസ്മസും യേശുക്രിസ്തു ഇല്ലാത്ത ക്രിസ്മസും. നാം കാണുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ ബഹുഭൂരിപക്ഷവും കർത്താവില്ലാത്ത ക്രിസ്മസാണ്. കർത്താവിൽ ആനന്ദിക്കാൻ സാധിക്കാതെ പോകുന്നവരുടെ ക്രിസ്മസ് ആണ്. ക്രിസ്തുവിൽ ആനന്ദിക്കാൻ സാധിക്കാത്തവന് ആനന്ദം പകരാൻ മറ്റൊന്നിനും കഴിയില്ല. പിതാവിൻറെ ഭവനത്തിലെ ജീവിതം ആസ്വദിക്കാൻ കഴിയാതെപോകുന്ന മക്കൾ പന്നിക്കൂട്ടിൽ ചെന്നെത്തുക എന്നതു തികച്ചും സ്വാഭാവികം. പന്നിക്കൂട്ടിൽ കിടന്ന് ആഘോഷിക്കുന്നതൊക്കെയും കർത്താവില്ലാത്ത ക്രിസ്മസായിരിക്കും എന്നതും നിശ്ചയം.
നിർഭാഗ്യവശാൽ പാപത്തിൻറെയും മ്ലേച്ഛതയുടെയും അഴുക്കുചാലിൽ കിടന്നുകൊണ്ടും ചഷകങ്ങളിൽ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരുന്നുകൊണ്ടും ( സുഭാ 23:31) ക്രിസ്മസ് ആഘോഷിക്കുന്നവർക്കു നഷ്ടപ്പെടുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. ബുദ്ധിമാന്മാരുടെയും വിവേകികളുടെയും പക്കൽ നിന്നു മറച്ചുവച്ചു ശിശുക്കൾക്കു മാത്രം വെളിപ്പെടുത്തിക്കൊടുക്കപ്പെട്ട ക്രിസ്മസിൻറെ രഹസ്യം അവർക്ക് അന്യമാണ്. കർത്താവിൽ ആനന്ദിക്കാൻ സാധിക്കാത്തവൻറെ ക്രിസ്മസ് കാറ്റിനാൽ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങൾ പോലെയും ഉണങ്ങി കടപുഴുകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയുമാണ്. അവർ വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ് (യൂദാസ് 12:13). ഇത് പറഞ്ഞതിനുശേഷം അപ്പസ്തോലനായ യൂദാസ് തുടർന്നു പറയുന്ന വാക്കുകളിൽ നാം ആകാംക്ഷാപൂർവം കാത്തിരിക്കേണ്ട അവസാനത്തെ ക്രിസ്മസിൻറെ ധ്വനിയും ഉണ്ട്.
‘കണ്ടാലും, കർത്താവ് തൻറെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു. എല്ലാവരുടെയും മേൽ വിധിനടത്താനും സകല ദുഷ്ടരെയും അവർ ചെയ്ത സകല ദുഷ്കർമ്മങ്ങളുടെ പേരിലും തനിക്കെതിരായി പറഞ്ഞ എല്ലാ ക്രൂരവാക്കുകളുടെ പേരിലും കുറ്റം വിധിക്കാനും അവിടുന്ന് വന്നു ( യൂദാസ് 14:15)
കർത്താവിൻറെ മഹാദിനം എന്നു പ്രവാചകന്മാരും അപ്പസ്തോലന്മാരും ഈശോമിശിഹാ തന്നെയും സൂചിപ്പിച്ചിട്ടുള്ള അവസാനത്തെ ക്രിസ്മസിനു വേണ്ടിയുള്ള ഒരുക്കം മാത്രമാണു നാം ഇപ്പോൾ ആഘോഷിക്കുന്ന ഓരോ ക്രിസ്മസും എന്ന തിരിച്ചറിവു നമുക്കുണ്ടായിരിക്കണം. ക്രിസ്മസ് ട്രീയോ നക്ഷത്രങ്ങളോ പുൽക്കൂടോ ഇല്ലാത്ത ഒരു ക്രിസ്മസായിരിക്കും അത്. എന്തിന്, നമുക്കു നിത്യപൗരത്വം തരാനായി കർത്താവ് ഒരുക്കിവച്ചിരിക്കുന്ന സ്വർഗ്ഗീയ ജറുസലേമിൽ ഒരു ദൈവാലയം പോലുമില്ല. ‘നഗരത്തിൽ ഞാൻ ദൈവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാൽ സർവശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദൈവാലയം’ (വെളി 21:22).
ആ സ്വർഗീയ വസതി ധരിക്കാൻ നെടുവീർപ്പിടുകയും വെമ്പൽ കൊള്ളുകയും ചെയ്യുന്ന (2 കൊറി 5:7) ഇ നാളുകളിൽ നാം നട്ടുവളർത്തിയ അത്തിമരങ്ങൾ പൂക്കണമെന്നില്ല, മുന്തിരിവള്ളികളിൽ ഫലം ഉണ്ടാകണമെന്നില്ല, ഒലിവുമരങ്ങൾ കായ്ക്കാൻ മടിച്ചെന്നിരിക്കും. ആട്ടിൻപട്ടം അറ്റുപോയ ആലകളും കന്നുകാലികളുടെ സ്വരം അന്യമായ തൊഴുത്തുകളും മാത്രമായിരിക്കാം നമ്മുടെ ഓഹരി. എന്നാൽ അപ്പോഴും കർത്താവിൽ ആനന്ദിക്കുന്നവർക്കായി അവിടുന്ന് ഒരുക്കിവച്ചിരിക്കുന്നവ, കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസു ഗ്രഹിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് ( 1 കൊറി 2:9).
ഈ ക്രിസ്മസ് കാലത്ത് നമുക്കു കർത്താവിൽ ആനന്ദിക്കാം. പൗലോസ് ശ്ലീഹായും പറയുന്നു; ‘നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ’ (ഫിലിപ്പി 4:4).