യേശുക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒരുവൻ തന്നെയാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ ജനനത്തിൻറെ അനുസ്മരണം ഇന്നലെ സംഭവിച്ച ഒരു കാര്യം മാത്രമായി ഒതുക്കിക്കളയാൻ പാടുണ്ടോ?
സത്യത്തിൽ ക്രിസ്തുമസിനെ നാം മൂന്നു തരത്തിൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിൽ ആദ്യത്തേത് ചരിത്രപരമായ ക്രിസ്തുമസ് ആണ്. ബെത് ലഹേമിലെ പുൽത്തൊഴുത്തിൽ ലോകരക്ഷകനായ യേശു ജനിച്ചുവീണതിൻറെ ഓർമ്മ ആഘോഷിക്കുന്ന സുദിനം തന്നെയാണത്. സർവജനങ്ങൾക്കും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്‌വാർത്തയായിരുന്നു ആ തിരുജനനം. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും കരോൾ ഗാനങ്ങൾ ആലപിച്ചുമൊക്കെ ക്രിസ്തുമസ് ദിനം ചെലവഴിക്കുമ്പോൾ നാം ആഘോഷിക്കുന്നത് ഈ ചരിത്രത്തിലെ ക്രിസ്തുമസ് ആണ്. ചരിത്രത്തിനു കാരണഭൂതനും അതേസമയം ചരിത്രത്തിന് അതീതനുമായ തൻറെ പ്രിയസുതനെ മനുഷ്യരൂപം ധരിപ്പിച്ചു ലോകത്തിലേക്കയക്കുക എന്നതു മനുഷ്യരാശിയോടുള്ള ദൈവപിതാവിൻറെ അതിരറ്റ കരുണയുടെ ഏറ്റവും വലിയ അടയാളവും പ്രദർശനവും ആയിരുന്നു. ഈ ദൈവകരുണയുടെ പരകോടിയിൽ നാം കാണുന്നതു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരത്തിന്മേൽ ഉയർത്തപ്പെട്ട യേശുവിനെയാണ്. ക്രിസ്തുമസ് തീർച്ചയായും ദൈവകരുണയുടെ ഉത്സവമാണ്.
ഭൂതകാലത്തിൽ എന്നോ സംഭവിച്ച ഒന്നിൻറെ ഓർമ്മയാചരണം എന്നതിനപ്പുറം ക്രിസ്തുമസിനു മറ്റൊരു മാനമുളളത്, അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നതാണ്. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു വിളിക്കപ്പടും എന്ന് ആരെക്കുറിച്ചു പ്രവചിക്കപ്പെട്ടുവോ, ആ ദൈവപുത്രനായ യേശു ഓരോ പരിശുദ്ധകുർബാനയിലും തൻറെ ശരീരവും രക്തവും നമുക്കു വിളമ്പിത്തന്നുകൊണ്ട് ആ പ്രവചനം നിവർത്തിക്കുകയാണ്. ദൈവകരുണയുടെ മഹത്തായ മറ്റൊരു പ്രവൃത്തിയായ പരിശുദ്ധകുർബാനയിലൂടെ എല്ലാ ദിവസവും ക്രിസ്തു നമ്മുടെ ഹൃദയത്തിൽ, മനസ്സിൽ, ആത്മാവിൽ വീണ്ടും ജനിക്കുന്നു. എൻറെ ശരീരം ഭക്ഷിക്കുകയുവും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു ശിക്ഷാവിധി ഉണ്ടാവുകയില്ല എന്നും അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും എന്നും പറഞ്ഞുകൊണ്ടു ക്രിസ്തു നമുക്കു വെളിപ്പെടുത്തിത്തരുന്ന സത്യം ഇതാണ്. അനുദിനം തങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനു ജനിക്കാൻ ഇടം ഒരുക്കിക്കൊടുത്തുകൊണ്ടു ജീവിതത്തിൻറെ ഓരോ നിമിഷവും ക്രിസ്തുമസ് ആഘോഷിക്കുന്നവരെ അവിടുന്ന് അന്ത്യനാളിൽ തൻറെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുത്തും. അതേ, ക്രിസ്തുമസ് ഭൂതകാലത്തിൽ മാത്രമല്ല, വർത്തമാനകാലത്തിലും ആഘോഷിക്കാനുള്ളതാണ്.
ക്രിസ്തുമസിൻറെ മൂന്നാമത്തെ തലം അതു വരാനിരിക്കുന്ന മഹത്തായ ഒരു ക്രിസ്തുമസിൻറെ മുന്നാസ്വാദനമാണെന്നതാണ്. ‘ചരിത്രത്തിന് അതീതമായി മാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന മെസയാനിക പ്രത്യാശ’ എന്നു മതബോധനഗ്രന്ഥം വിശേഷിപ്പിക്കുന്ന (CCC 675) പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കുമുള്ള വാതിൽ തുറക്കപ്പെടുന്ന അവസാനത്തെ സാബത്ത് തന്നെയാണ് അവസാനത്തെ ക്രിസ്തുമസും. ക്രിസ്തുമസ് ഭൂതകാലത്തിലും വർത്തമാനത്തിലും മാത്രമല്ല ഭാവിയിലും വേരുകളുള്ള ചരിത്രസംഭവമാണ്. അതിനുമപ്പുറം നിത്യതയോളം നീളുന്ന അവസാനിക്കാത്ത ആഘോഷമാണ് ക്രിസ്തുമസ്. കാരണം അവിടെ നാം എന്നും ദൈവത്തോടുകൂടെയായിരിക്കും.
ക്രിസ്തുമസിനുള്ള ഒരുക്കമെന്നാൽ ഈ മൂന്നുതലത്തിലുമുള്ള ഒരുക്കമായിരിക്കണം. ചരിത്രത്തിൽ ഒരിക്കൽ അവതരിച്ച യേശുവിനെ ഓർക്കുന്നതോടൊപ്പം എന്നും നമ്മുടെ ഹൃദയത്തിൽ ജനിക്കുന്ന യേശുവിനെയും ഇനിയൊരിക്കൽ മഹത്വപ്രതാപങ്ങളോടെ വരാനിരിക്കുന്ന യേശുവിനെയും നാം മനസ്സിൽ കാണണം.
ഒന്നാമത്തെയും രണ്ടാമത്തെയും ക്രിസ്തുമസ് ദൈവകരുണയുടെ ആഘോഷമാണെന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ മൂന്നാമത്തെയും അവസാനത്തെയും ക്രിസ്തുമസ് ദൈവനീതിയുടെ നിമിഷമായിരിക്കും എന്നും നാം ഓർക്കണം. ദൈവനീതിയുടെ വാതിൽ തുറക്കപ്പെടുന്നതിനു മുൻപായി ദൈവകരുണയുടെ വാതിൽ അടയ്ക്കപ്പെടുമെന്നു വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ വെളിപ്പെടുത്തിക്കൊടുത്തിരുന്നല്ലോ.
ദൈവകരുണയുടെ വാതിൽ അടയുന്നതിനു മുൻപുള്ള അവസാന മണിക്കൂറുകളിൽ ആണു നാം ജീവിക്കുന്നത് എന്നു തിരിച്ചറിയുന്നവർ ആ ബോധ്യത്തോടെ അവസാനത്തെ ക്രിസ്തുമസിനെ കാത്തിരിക്കുമ്പോൾ അതു മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന അനേകർ ഉണ്ടാകും എന്നും നാം ഓർക്കണം. ‘തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്ന’ ( മത്തായി 24:38) ഒരു ജനത്തിന് അടയാളമായി നോഹയും അവൻ പണിതുകൊണ്ടിരുന്ന പേടകവും തങ്ങളുടെ മുൻപിലുണ്ടായിരുന്നിട്ടും അതു തിരിച്ചറിയാതെ മഹാപ്രളയത്തിൽ നശിക്കാൻ വിധിക്കപ്പെട്ടവരെ പ്പോലെ അവരും തിന്നും കുടിച്ചും ആഘോഷിച്ചും ആദ്യത്തെ ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു.
അവർക്കുവേണ്ടി പ്രാർഥിക്കാനുള്ള അവസരം കൂടിയാണ് ഓരോ ക്രിസ്തുമസും. ഒരുവൻ പോലും നശിച്ചുപോകാതെ രക്ഷപ്രാപിക്കണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണല്ലോ നമ്മുടെ പിതാവായ ദൈവം തൻറെ അനന്തമായ കരുണയിൽ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്.