ഹെബ്രായലേഖകൻ ഇപ്രകാരം എഴുതുന്നു; ‘ഇതിനകം നിങ്ങളെല്ലാം പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ ദൈവവചനത്തിൻറെ പ്രഥമപാഠങ്ങൾ പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാൻ ഒരാൾ ആവശ്യമായിരിക്കുന്നു’ (ഹെബ്രാ. 5:12). ഇതെഴുതിയിട്ട് ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലം കൊണ്ടു നാമെല്ലാവരും എത്രയോ കൂടുതൽ തീക്ഷ്ണതയുള്ള പ്രബോധകരാകേണ്ടതായിരുന്നു! എന്നാൽ സത്യം എന്താണ്? ക്രിസ്തീയതയുടെ ബാലപാഠങ്ങൾ വീണ്ടും ഒരിക്കൽ കൂടി അഭ്യസിക്കേണ്ട ദുരവസ്ഥയിലാണു ക്രിസ്ത്യാനികളിൽ മഹാഭൂരിപക്ഷവും എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
സുവിശേഷം അറിയാത്തവനെ പറഞ്ഞുമനസിലാക്കാൻ എളുപ്പമാണ്. എന്നാൽ സുവിശേഷം അറിഞ്ഞവനെ, അതായതു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച്, കൂദാശകൾ സ്വീകരിച്ച്, പുറമേയ്ക്കു ക്രിസ്തീയജീവിതം നയിക്കുന്ന ഒരാളെ സുവിശേഷത്തിൻറെ ബാലപാഠങ്ങൾ വീണ്ടും പഠിപ്പിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമായ ഒരു കാര്യമാണ്. പ്രയാസമേറിയ ഈ കടമ നിറവേറ്റുന്നതിനുവേണ്ടിയാണ് സഭ പുനർ സുവിശേഷീകരണത്തിന് (re-evangelization) വലിയ ഊന്നൽ കൊടുക്കുന്നത്.
ഹെബ്രായ ലേഖകൻ തുടരുന്നു; ‘നിർജീവപ്രവൃത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്പ്, മരിച്ചവരുടെ ഉയിർപ്പ്, നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്ഥാനം ഇടേണ്ടതില്ല’ (ഹെബ്രാ. 6:2).എന്നാൽ ഇപ്പോഴാകട്ടെ ഇവയിൽ പലതിൻറെയും ബാലപാഠങ്ങൾ വീണ്ടും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു. ‘അനേകർ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വർധിക്കുകയും ചെയ്യുന്ന (ദാനി. 12:4) ഈ നാളുകളിൽ നാം ഭൗതികമായ അറിവു കൊണ്ടു സംതൃപ്തരാകുന്നു. അറിവിനേക്കാൾ ശ്രേഷ്ഠമായ ദൈവികജ്ഞാനത്തെ വിസ്മരിക്കുകയും ചെയ്യുന്നു. ദാനിയേൽ പ്രവചനത്തിൽ അറിവ് എന്ന പദത്തിന് അകൃത്യം എന്നുകൂടി വിവർത്തനസാധ്യതയുണ്ട് എന്ന് POC ബൈബിളിൻറെ അടിക്കുറിപ്പിൽ പറയുന്നതും ശ്രദ്ധിക്കുക. ദൈവികജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് നിർജീവപ്രവൃത്തികളിൽ നിന്ന്, അതായതു പാപത്തിൽ നിന്നുമുള്ള തിരിച്ചുവരവ് എന്ന പരമപ്രധാനമായ കാര്യത്തെപ്പോലും നാം അവഗണിക്കുന്നത്. പാപത്തിൽ നിന്നു തിരിച്ചുവരണമെങ്കിൽ ആദ്യം വേണ്ടതു പാപം എന്താണെന്നറിയുക എന്നതാണ്. എന്നാൽ ഭൗതികജ്ഞാനത്തിനുവേണ്ടി അങ്ങുമിങ്ങും ഓടിനടക്കുകയും ആ പ്രക്രിയയിൽ അകൃത്യം കുന്നുകൂട്ടുകയും ചെയ്യുന്ന നമ്മുടെ തലമുറയ്ക്കു പാപബോധം നഷ്ടപ്പെട്ടതുപോയതിൽ അത്ഭുതമില്ല.
പാപത്തിനു പല നിർവചനങ്ങളുമുണ്ട്. യുക്തിയ്ക്കും സത്യത്തിനും ശരിയായ മനസാക്ഷിയ്ക്കും എതിരായ തെറ്റെന്നും ചില വസ്തുക്കളോടുള്ള ക്രമരഹിതമായ സ്നേഹം മൂലം ദൈവത്തോടും അയൽക്കാരനോടുമുള്ള യഥാർഥ സ്നേഹത്തിൽ സംഭവിക്കുന്ന വീഴ്ച എന്നും സനാതനനിയമത്തിന് എതിരായ വാക്കോ പ്രവൃത്തി യോ ആഗ്രഹമോ എന്നും ഒക്കെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 1849) പാപത്തെ നിർവചിക്കുന്നുണ്ട്. വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തതെന്തും പാപമാണെന്നു പൗലോസ് ശ്ലീഹായും പറയുന്നു. പാപം ദൈവത്തിനെതിരെയുള്ള ദ്രോഹമായും, നന്മയും തിന്മയും അറിഞ്ഞുകൊണ്ടും തീരുമാനിച്ചുകൊണ്ടും ദൈവത്തെപ്പോലെ ആകാനുള്ള ആഗ്രഹത്തിലൂടെ ദൈവത്തിനെതിരെ നടത്തുന്ന മത്സരമായും (CCC 1850) വിവിധരീതികളിൽ നിർവചിക്കപ്പെടുന്നുണ്ടെങ്കിൽ തന്നെ ദൈവത്തിനും അയൽക്കാരനുമെതിരെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പാപമാണ് എന്ന ലളിതമായ നിർവചനമായിരിക്കും നമുക്കു കൂടുതൽ സഹായകം.
എന്താണു പാപം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ ചോദ്യം പരിഹരിക്കപ്പെട്ടത് പത്തു പ്രമാണങ്ങൾ നല്കപ്പെട്ടതോടെയാണ്. അതിനു മുൻപും പാപം ഉണ്ടായിരുന്നു. പാപത്തിനു ശിക്ഷയും ഉണ്ടായിരുന്നു. കായേൻറെ പാപവും സോദോമിൻറെ പാപവും ഇസ്രായേൽക്കാരെ ഞെരുക്കിയ ഈജിപ്തുകാരുടെ പാപവും പത്തുപ്രമാണങ്ങൾ നല്കപ്പെടുന്നതിനു മുൻപ് സംഭവിച്ചവയാണ്.
വിദേശിയുടെയും വിധവയുടെയും അനാഥൻറെയും കരച്ചിലിനു കാരണമാകുന്ന പ്രവൃത്തികളും കൂലിവേലക്കാരനോടു കാണിക്കുന്ന അനീതിയും എല്ലാക്കാലത്തും നിലനിന്നിരുന്ന പാപങ്ങൾ തന്നെ. ഇവയെ ദൈവസന്നിധിയിൽ പ്രതികാരത്തിനായി നിലവിളിക്കുന്ന പാപങ്ങൾ എന്നു സഭയും പാരമ്പര്യവും വിളിക്കാൻ കാരണം (CCC 1867) അവയുടെ ഗൗരവം തന്നെയാണ്.
എന്താണു പാപം എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനധാരണ ഇല്ലെങ്കിൽ സംഭവിക്കാവുന്ന വലിയ അപകടം നാം ആ പാപം വീണ്ടും വീണ്ടും ചെയ്യുകയും അങ്ങനെ ആവർത്തിച്ചു ചെയ്യുന്ന പാപങ്ങൾ പാപബോധമോ പശ്ചാത്താപമോ സാധ്യമല്ലാത്ത ഹൃദയകാഠിന്യത്തിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും എന്നതാണ്. ഒരു ഉദാഹരണമെടുത്താൽ പത്തുപ്രമാണങ്ങളുടെ ലംഘനം പാപമാണെന്ന അറിവു നമുക്കുണ്ട്. പത്തു പ്രമാണങ്ങളിൽ ഒന്നാണല്ലോ ‘കൊല്ലരുത്’ എന്നത്. ഒരാളെ ശാരീരികമായി വധിക്കുന്നതുമാത്രമേ പഴയനിയമകാലഘട്ടത്തിൽ ഈ പ്രമാണത്തിൻറെ ലംഘനമായി കരുതിയിരുന്നുള്ളൂ. എന്നാൽ കൊല്ലരുത് എന്ന പ്രമാണത്തിനു യേശുക്രിസ്തു പുതിയൊരു വ്യാഖ്യാനം നൽകി. ‘സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്’ എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് അഞ്ചാം പ്രമാണത്തിൻറെ വ്യാപ്തി വർധിപ്പിച്ചു. എങ്കിലും സഹോദരനെ വെറുക്കുമ്പോൾ തങ്ങൾ കൊലപാതകം തന്നെയാണു ചെയ്യുന്നതെന്ന് എത്ര ക്രിസ്ത്യാനികൾ തിരിച്ചറിയുന്നുണ്ട്?
മറ്റൊരുദാഹരണം അബോർഷനാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതൽ സ്വാഭാവികമായ മരണനിമിഷം വരെ ഓരോ മനുഷ്യജീവനും ഒരേപോലെ വിലപ്പെട്ടതാണ്. ഒരു മനുഷ്യനെ വധിക്കുന്നതും ഗർഭത്തിലുള്ള കുഞ്ഞിനെ വധിക്കുന്നതും ഒരേ പാപം തന്നെയാണ്. എന്നാൽ ഇന്നു പലരുംഅബോർഷനെ ഒരു പാപമായിപ്പോലും കണക്കാക്കുന്നില്ല. മറ്റു ചിലരാകട്ടെ അബോർഷനെ കൊലപാതകത്തെക്കാൾ ഗൗരവം കുറഞ്ഞ ഒരു പാപം മാത്രമായി കരുതുന്നു. നിഷ്കളങ്കനായ ആബേലിൻറെ രക്തം മണ്ണിൽ നിന്നു ദൈവത്തെ വിളിച്ചു കരയുകയും ആ നിലവിളിയ്ക്ക് ഉത്തരമായി ദൈവം കായേനെ ശിക്ഷിക്കുകയും ചെയ്തെങ്കിൽ ഇന്നു ലോകമെങ്ങും അമ്മയുടെ ഉദരത്തിൽ വച്ച് നിഷ്ടൂരമായി കൊലചെയ്യപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങഗളുടെ രക്തം എത്രയധികമായി പ്രതികാരത്തിനായി നിലവിളിക്കുകയില്ല! കായേനെ ശിക്ഷിച്ച ദൈവത്തിനു മാറ്റമൊന്നുമില്ല. മാറിയതു നമ്മളാണ്. പാപം പാപമല്ല എന്ന തരത്തിൽ നാം നമ്മെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
ആസക്തിയോടുകൂടെ സ്ത്രീയെ (പുരുഷനെയും) നോക്കുന്നവർ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നു കർത്താവ് പറഞ്ഞുതന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ അശുദ്ധിയുടെ മഹാപ്രളയത്തിൽ മുങ്ങിക്കിടക്കുന്ന ഈ തലമുറയിലെ എത്രപേർ സ്വർഗരാജ്യത്തിലേക്കുള്ള പ്രവേശനപരീക്ഷ പാസാകും എന്നു ചിന്തിക്കണം. വ്യഭിചാരിയ്ക്കു കർത്താവിൻറെ രാജ്യത്തിൽ സ്ഥാനമുണ്ടാകില്ല എന്നതു വിശുദ്ധഗ്രന്ഥത്തിൽ പല തവണ ആവർത്തിക്കപ്പെട്ടിട്ടുള്ള മുന്നറിയിപ്പാണ്. ബൈബിളിലെ അവസാനത്തെ പുസ്തകത്തിൻറെ അവസാന വരികളിൽ (വെളി 22:15) ഒരിക്കൽ കൂടി പരിശുദ്ധാത്മാവ് ഈ കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അനേകം ക്രിസ്തീയരാജ്യങ്ങൾ മ്ലേച്ഛമായ സ്വവർഗ്ഗബന്ധങ്ങളെ നിയമം വഴി അംഗീകരിച്ചുകഴിഞ്ഞു എന്നതുകൊണ്ട് പാപം പാപമല്ലാതാകുന്നില്ല. സ്വവർഗ്ഗബന്ധങ്ങൾ നമ്മെ നിത്യജീവനിൽ നിന്ന് അകറ്റും എന്ന സനാതന[പ്രബോധനം സൗകര്യപൂർവം മറക്കുന്നവർ ദൈവത്തിൻറെ നിയമത്തിനു മുകളിൽ രാജ്യത്തിൻറെ നിയമത്തെ പ്രതിഷ്ഠിക്കുകയാണ്.
‘നിൻറെ വാക്കുകളാൽ നീ നീതികരിക്കപ്പെടും. നിൻറെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും വിധിദിവസത്തിൽ കണക്കുപറയേണ്ടിവരും’ എന്നു പറഞ്ഞതു വ്യർഥമായി ഒരു വാക്കു പോലും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ദൈവപുത്രനായ യേശുക്രിസ്തുവാണ്. നാവിനു നിയന്ത്രണം വയ്ക്കാൻ മടിക്കുന്ന ഏതൊരാളും എത്രയോ വലിയ പാപമാണു ചെയ്യുന്നതെന്നു നാം അറിഞ്ഞിരിക്കണം.
വിഗ്രഹാരാധനയെന്നും ദൈവദൂഷണമെന്നും ഏതൊരു കൊച്ചുകുട്ടിക്കു പോലും മനസിലാകുന്ന പ്രവൃത്തികൾ ചെയ്യുന്നതു കൊച്ചുകുട്ടികളല്ല, മുതിർന്നവരാണ് എന്നതു പാപത്തിൻറെ ഗൗരവം കൂട്ടുകയാണു ചെയ്യുന്നത്. സാബത്തുദിവസം ദൈവാരാധനയ്ക്കൊഴികെ മറ്റെല്ല വ്യാപാരങ്ങൾക്കും സമയം കണ്ടെത്തുന്നവരായി ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും മാറിക്കഴിഞ്ഞെങ്കിൽ സാബത്ത് പാലിക്കുന്നവർക്കു കർത്താവ് വാഗ്ദാനം ചെയ്തിട്ടുള്ള അനുഗ്രഹങ്ങൾ അവർക്കെങ്ങനെ ലഭിക്കും? ആഴ്ചയിലൊരിക്കൽ മാത്രമുള്ള സാബത്ത് വിശുദ്ധമായി ആചരിക്കാൻ പഠിക്കാത്തവർ കർത്താവിൻറെ മഹാദിനമായ അവസാനത്തെ സാബത്തുദിനത്തിൽ വിശുദ്ധിയുള്ളവരായി കാണപ്പെടുമോ?
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നീ മൂന്നു തിന്മകളെക്കുറിച്ചു യേശുക്രിസ്തു പഠിപ്പിച്ചത് അന്ത്യകാലത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾ നല്കുന്നതിനിടയിലാണ്. ആ മൂന്നു തിന്മകളിലേക്കുള്ള ചായ്വ് എത്രയോ ഗൗരവതരമായ പാപങ്ങളിലേക്കു നമ്മെ നയിക്കും എന്നു നാം അറിഞ്ഞിരിക്കണം. കാരണം യജമാനൻ തിരികെയെത്തുമ്പോൾ ഏല്പിക്കപ്പെട്ട ജോലികൾ കൃത്യതയോടെ നിർവഹിക്കാത്തതായി കാണപ്പെടുന്ന ഭൃത്യൻ പുറന്തള്ളപ്പെടും എന്നു പറഞ്ഞതും യേശുക്രിസ്തു തന്നെയാണ്.
പാപത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ തിരുത്തപ്പെടണം. വിശുദ്ധഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും മതാബോധനഗ്രന്ഥമടക്കമുള്ള സഭാപ്രബോധനങ്ങളിലും പാപത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പാപത്തെക്കുറിച്ച് അറിയേണ്ടതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന ഭാവത്തിൽ ജീവിക്കുകയാണു നാം. ‘അതുകൊണ്ടു നമുക്ക് ഒഴിവുകഴിവില്ല’ (റോമാ 1:20). പാപത്തെക്കുറിച്ചു നാം പുലർത്തുന്ന നിസംഗതയും ബോധപൂർവമായ അജ്ഞതയുമാണ് ഒരു നല്ല കുമ്പസാരം നടത്തുന്നതിൽ നിന്നു നമ്മെ തടയുന്നത്. വിടുതലിൻറെയും സൗഖ്യത്തിൻറെയും ആദ്യ പടി പൂർണ്ണമായ മാനസാന്തരവും അനുതാപവും ആണെന്നിരിക്കെ അപൂർണ്ണമായ മാനസാന്തരത്തിലും ദൈവസന്നിധിയിൽ എത്താൻ കെൽപ്പില്ലാത്ത പൊള്ളവാക്കുകളിൽ നടത്തുന്ന അനുതാപത്തിലും ശരണം വയ്ക്കുന്നവർക്ക് സൗഖ്യവും വിടുതലും എന്നും ഒരു കിട്ടാക്കനി ആയിരിക്കും. ‘അവർ തങ്ങളുടെ പാപങ്ങളിൽ തന്നെ മരിക്കും’ എന്നും കർത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
നമുക്കു പ്രാർഥിക്കാം: ഞങ്ങളുടെ പാപങ്ങൾക്കു പരിഹാരബലിയായിത്തീർന്ന കർത്താവീശോമിശിഹായേ, പാപത്തെക്കുറിച്ചു ഞങ്ങളുടെ മനസിൽ വേരുപിടിച്ചിട്ടുള്ള അബദ്ധധാരണകൾ നീക്കിത്തരണമേ. സങ്കീർത്തകൻ പ്രാർഥിച്ചതുപോലെ ഞങ്ങളുടെ രഹസ്യപാപങ്ങങ്ങൾ ഞങ്ങൾക്കു വെളിപ്പെടുത്തിത്തരണമേ. പാപത്തെക്കുറിച്ചുള്ള അജ്ഞത മൂലമോ നിസംഗത മൂലമോ പാപപ്രവൃത്തികൾ ചെയ്തുകൂട്ടുകയും അങ്ങനെ പാപത്തിൽ തന്നെ ജീവിയ്ക്കുകയും ചെയ്യുന്ന മഹാദുരന്തത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. യഥാർത്ഥമായ പാപബോധവും ആഴമായ പശ്ചാത്താപവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ‘നിദ്ര വിട്ടുണരേണ്ട ഈ മണിക്കൂറിൽ, രക്ഷ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്ന ഈ നിമിഷത്തിൽ’ (റോമാ 13:11) ഞങ്ങൾ ഇതുവരെ ചെയ്തുപോയ പാപങ്ങൾ എല്ലാം ഓർത്തെടുക്കാനും അങ്ങയുടെ തിരുമുൻപിൽ ഏറ്റുപറയാനും അങ്ങയുടെ കരുണയാൽ പാപമോചനം സ്വീകരിക്കുവാനും ഞങ്ങളെ ഒരുക്കണമേ. ആമേൻ.