പരിശുദ്ധ അമ്മയോടുള്ള പ്രാർഥനകളിൽ ഏറ്റവും പ്രധാനപ്പെട്ടതു തീർച്ചയായും ‘ദൈവകൃപ നിറഞ്ഞ മറിയമേ.. എന്ന പ്രാർഥനയാണ്. അതിൻറെ അവസാനം നാം അമ്മയോട് അപേക്ഷിക്കുന്നത് ഇപ്രകാരമാണ്. ‘പരിശുദ്ധമറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ’.
ജീവിതകാലത്തൊക്കെയും, വിശേഷാൽ മരണസമയത്തും പരിശുദ്ധ അമ്മയുടെ സംരക്ഷണം നമുക്കു ലഭിക്കാനായി അമ്മ നൽകുന്ന ഉറപ്പിൻറെ അടയാളമാണു കർമലമാതാവിൻറെ ഉത്തരീയഭക്തി. വെന്തിങ്ങ ധരിക്കുക എന്നതു കത്തോലിക്കരുടെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സത്യപ്രവാചകനായ ഏലിയാ ഇസ്രായേൽ ജനത്തെ വിഗ്രഹാരാധനയിൽ നിന്നു തിരിച്ചുപിടിച്ച ഇടം എന്ന നിലയിൽ പ്രശസ്തമായ കാർമൽ മലയിൽ അനേക വർഷങ്ങൾ പ്രാർഥനയിൽ ചെലവഴിച്ച വിശുദ്ധ സൈമൺ സ്റ്റോക്ക് എന്ന ഇംഗ്ലീഷുകാരനായ കർമ്മലീത്താ സന്യാസിയ്ക്കു മാതാവ് ഉത്തരീയം നൽകിയത് 1251 ജൂലൈ 16 നായിരുന്നു. ഉത്തരീയം ഭക്തിയോടെ സ്വീകരിക്കുകയും മരണസമയം വരെ സ്ഥിരമായി ധരിക്കുകയും ചെയ്യുന്ന വ്യക്തികൾ നിത്യനരകാഗ്നിയിൽ വീഴാതെ സംരക്ഷിക്കപ്പെടും എന്നതായിരുന്നു പരിശുദ്ധകന്യക നൽകിയ വാഗ്ദാനം.
ഇന്നേക്ക് എഴുനൂറു വർഷം മുൻപ് 1322 മാർച്ച് മൂന്നാം തിയതിയായിരുന്നു ജോൺ ഇരുപത്തിരണ്ടാമൻ പാപ്പാ കർമലമാതാവിൻറെ ഉത്തരീയവുമായി ബന്ധപ്പെട്ടുള്ള ശനിയാഴ്ചവരത്തെ ( Sabbatine Privilege) കുറിച്ചുള്ള അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ചത്. തങ്ങളുടെ ജീവിതകാലം മുഴുവനും ഉത്തരീയം ധരിക്കുന്നവരെ അവരുടെ മരണശേഷമുള്ള ആദ്യശനിയാഴ്ച പരിശുദ്ധകന്യക ശുദ്ധീകരണസ്ഥലത്തുനിന്നു മോചിപ്പിച്ച് സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകും എന്നതാണു ശനിയാഴ്ചവരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ശനിയാഴ്‌ച വരം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ മൂന്നു പ്രധാനവ്യവസ്ഥകൾ പാലിക്കണമെന്നു നിർദേശിക്കപ്പെട്ടിരുന്നു. അവ ഉത്തരീയം മരണസമയം വരെ എല്ലായ്‌പ്പോഴും ധരിക്കുക, ജീവിതാന്തസിനടുത്ത ശുദ്ധത പാലിക്കുക, മാതാവിനോടുള്ള ചെറിയ ഒപ്പീസോ അല്ലെങ്കിൽ വൈദികൻ അനുവദിക്കുന്ന മറ്റേതെങ്കിലും പ്രാർഥനയോ ( ഉദാ. ജപമാല, ദൈവകൃപനിറഞ്ഞ മറിയമേ…) അനുദിനം ചൊല്ലുക എന്നിവയായിരുന്നു. (ഒരു വ്യക്തിയെ ആദ്യമായി വെന്തിങ്ങ ആശിർവദിച്ച് ധരിപ്പിക്കുന്നത് ഒരു വൈദികനായിരിക്കണം). ‘എനിക്കു ശനിയാഴ്ച മരിക്കണം. കാരണം അന്നുതന്നെ ഉത്തരീയം മൂലം മറിയം എന്നെ രക്ഷപ്പെടുത്തും’ എന്നു പലതവണ പ്രാർഥിച്ചിരുന്ന കുരിശിൻറെ വിശുദ്ധ യോഹന്നാനു ശനിയാഴ്ചതന്നെ മരിക്കാനുള്ള കൃപ വാങ്ങിക്കൊടുത്തുകൊണ്ടു പരിശുദ്ധകന്യക തൻറെ വാഗ്ദാനം നിറവേറ്റി.
ലിയോ പതിമൂന്നാമനും പിയൂസ് ഒൻപതാമാനും പിയൂസ് പതിനൊന്നാമനും ബെനഡിക്ട് പതിനഞ്ചാമനും ജോൺ പോൾ രണ്ടാമനും അടക്കം ഇരുപത്തിയഞ്ചോളം മാർപ്പാപ്പമാർ വെന്തിങ്ങ ധരിക്കുവാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചിരുന്നു എന്നറിയുമ്പോൾ സ്വർഗത്തിൽ നിന്നുള്ള ഈ സമ്മാനം എത്രയോ വിശിഷ്ടമാണെന്നു നാം തിരിച്ചറിയണം.
1634 ൽ കേരളം സന്ദർശിച്ച Fr Joseph Elias of St Teresa ആണു കുറവിലങ്ങാട് പള്ളിയിൽ ആദ്യമായി ഒരു ഉത്തരീയസഖ്യം സ്ഥാപിച്ചത്. അന്നുമുതൽ കേരളക്രിസ്ത്യാനികളുടടെ ഇടയിൽ ഉത്തരീയഭക്തി പ്രചരിച്ചുതുടങ്ങി. എന്നാൽ ഇന്നു പലർക്കും ഉത്തരീയം എന്താണെന്നു തന്നെ അറിയില്ല. ഒരിക്കൽ കേരളക്രിസ്ത്യാനികളുടെ ഉത്തരീയഭക്തിയെക്കുറിച്ചു മുക്തകണ്ഠം പ്രശംസിക്കുകയും ഭൂരിഭാഗം ക്രിസ്ത്യാനികളും അതു ധരിച്ചിരിക്കുന്നതായി കണ്ടു എന്ന് എഴുതുകയും ചെയ്ത മോൺസിഞ്ഞോർ സലേസ്തി പതിനെട്ടു വർഷങ്ങൾക്കു ശേഷം ഹൃദയവേദനയോടെ ഇങ്ങനെ എഴുതി. ‘ഉത്തരീയഭക്തി (കേരളത്തിലെ) ഒരു വലിയവിഭാഗം വിശ്വാസികളിൽ മന്ദീഭവിച്ചിരിക്കുന്നു. ഇന്നു പല കത്തോലിക്കർക്കും ഉത്തരീയം ഇല്ലതന്നെ. മറിയത്തിൻറെ മക്കൾക്കായി തിരുസഭ അനുവദിച്ചുതന്നിരിക്കുന്ന ആനുകൂല്യങ്ങളും ദണ്ഡവിമോചനങ്ങളും ലഭിക്കുന്നതിനു പര്യാപ്തമായവിധം ഉത്തരീയം ധരിച്ചിട്ടുള്ളവർ അരശതമാനം പോലുമില്ലെന്ന് സവ്യസനം പറയേണ്ടിയിരിക്കുന്നു’. അനേകവർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇങ്ങനെ എഴുതിയെങ്കിൽ ഇന്നത്തെ അവസ്ഥ എന്താണെന്നു നാമോരോരുത്തരും സ്വയം ചിന്തിക്കണം.
കുത്തഴിഞ്ഞ ജീവിതത്തിനു പേരുകേട്ടിരുന്ന ആർസ് പട്ടണത്തിലെ ഒരു നൃത്തശാലയിൽ തലേന്നാൾ ചെന്ന തന്നോടൊപ്പം നൃത്തം ചെയ്യാൻ ചെറുപ്പക്കാർ ആരും തയ്യാറായില്ല എന്ന വേദന പങ്കുവച്ച പെൺകുട്ടിയോടു വിശുദ്ധ ജോൺ മരിയ വിയാനി ചോദിച്ചത് , ‘നീ മാതാവിൻറെ ഉത്തരീയം ധരിച്ചിരുന്നുവോ?’ എന്നായിരുന്നു. ‘ഉവ്വ്’ എന്ന മറുപടി കേട്ട വിശുദ്ധൻ ഇപ്രകാരം പറഞ്ഞു. ‘പിശാചുക്കൾക്ക് ഉത്തരീയത്തോടു വലിയ ഭയമാണ്. നീ ഉത്തരീയം ധരിച്ചിട്ടില്ലായിരുന്നുവെങ്കിൽ നിശ്ചയമായും ആ യുവാക്കൾ നിന്നെ നൃത്തത്തിനായി ക്ഷണിക്കുമായിരുന്നു. പാപകരമായ വിനോദത്തിൽ നിന്ന് നിന്നെ രക്ഷിച്ചതു മാതാവാണ്’. അതേ, മാതാവ് മരണസമയത്തു മാത്രമല്ല ഇപ്പോഴും നമ്മെ രക്ഷിക്കും.
വിശുദ്ധ അൽഫോൻസ് ലിഗോരി പറയുന്നു; ‘മറ്റുള്ളവർ സ്ഥാനമുദ്ര അണിഞ്ഞിരിക്കുന്നതു കാണുമ്പോൾ മനുഷ്യർക്ക് ആനന്ദം ജനിക്കുന്നതുപോലെ തൻറെ മക്കൾ ഉത്തരീയം ധരിക്കുന്നതു കാണുന്നതു പരിശുദ്ധ അമ്മയ്ക്കു സന്തോഷകരമാണ്. ഇങ്ങനെ പറഞ്ഞ വിശുദ്ധൻറെ കല്ലറ അനേകവർഷങ്ങൾക്കുശേഷം തുറന്നപ്പോഴും അദ്ദേഹത്തിൻറെ ഉത്തരീയം അഴുകാതെ സംരക്ഷിക്കപ്പെട്ടിരുന്നു! മാതൃഭക്തനായ വിശുദ്ധ ജോൺ ബോസ്‌കോയുടെ ഉത്തരീയവും കല്ലറയിൽ അഴുകാതെ സൂക്ഷിക്കപ്പെട്ടിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു; ‘കർമലോത്തരീയം നിത്യരക്ഷയുടെ സുനിശ്ചിതമായ അടയാളമാണ്. അതു ധരിച്ചുകൊണ്ടു മരണമടയുന്നവർ നശിച്ചുപോകുന്നതല്ല’.
കാർമൽ മലയിൽ മഴയ്ക്കു വേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്ന ഏലിയാ പ്രവാചകൻ ‘പോയി കടലിലേക്കു നോക്കുക’ എന്ന നിർദേശവുമായി ഭൃത്യനെ ഏഴാം തവണയും അയച്ചപ്പോഴാണ് ‘കടലിൽ നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയൊരു മേഘം പൊന്തിവരുന്നത്’ (1 രാജാ. 18:43-44) അവർ കണ്ടത്. മനുഷ്യകരത്തോളമുള്ള ആ മേഘത്തിൽ ഏലിയാപ്രവാചകൻ പരിശുദ്ധ അമ്മയെ അന്നേ ദർശിച്ചിരിക്കണം.
ഇപ്പോഴിതാ അമ്മ കർമലോത്തരീയം നമുക്കു നൽകിയിട്ട് ഏഴു നൂറ്റാണ്ടു തികഞ്ഞിരിക്കുന്നു. ഈ സ്വർഗീയ സമ്മാനത്തിൻറെ വില അറിയുന്നവർ അതു സന്തോഷത്തോടെ ധരിക്കുകയും നല്ലമരണത്തിനു യോഗ്യരാവുകയും ചെയ്യട്ടെ. ഉത്തരീയത്തിൻറെ വില അറിയാത്തവർക്ക് അതു വെളിപ്പെടുത്തിക്കൊടുക്കണമേ എന്നു പരിശുദ്ധ അമ്മയോടു നമുക്കു പ്രാർഥിക്കുകയും ചെയ്യാം.