കാഴ്ചയില്ലാത്തവരും കാഴ്ചയുള്ളവരും

കണ്ണാണു  ശരീരത്തിൻറെ വിളക്ക് (മത്തായി 6:22). ആ വിളക്ക് കെട്ടുപോകുമ്പോളാണ് ഒരുവൻ അന്ധനാകുന്നത്.  എന്നാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും  കാണാൻ ഭാഗ്യം ലഭിച്ച ഒരാളെക്കുറിച്ചു          വിശുദ്ധഗ്രന്ഥം  പറയുന്നുണ്ട്.  അവൻറെ പേരു  ബർതിമേയൂസ്.  ജെറിക്കോ പട്ടണത്തിനു പുറത്തേക്കുള്ള  വഴിയരികിൽ ഇരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർതിമേയൂസിനോടു   യേശുവിനെ അനുഗമിച്ച   കാഴ്ചയുള്ളവർ പറഞ്ഞതു  നസറായനായ  യേശുവാണു  കടന്നുപോകുന്നതെന്നായിരുന്നു.   കാഴ്ചയില്ലാത്ത ബർതിമേയൂസിന് അവരുടെ കൂടെ പോകാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവൻ  ഇരുന്നിടത്തിരുന്നുകൊണ്ടുതന്നെ   ഉച്ചത്തിൽ യേശുവിനെ വിളിക്കുകയാണ്. ദാവീദിൻറെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ‘ (മർക്കോസ്  10:47). ജനക്കൂട്ടം ശകാരിച്ചപ്പോൾ  അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ദാവീദിൻറെ പുത്രാ, എന്നിൽ കനിയണമേ‘.

 എന്തുകൊണ്ടാണു ബർതിമേയൂസിനു കാഴ്ച ലഭിച്ചത്യേശു പ്രാർഥിച്ചതുപോലെ പ്രാർഥിച്ച ഒരാളായിരുന്നു ബർതിമേയൂസ്.  ഗെത് സമേനിലെ  പ്രാർഥനാവേളയിൽ   വേദന ഏറിവന്നപ്പോൾ കൂടുതൽ തീക്ഷ്ണതയോടെ  പ്രാർഥിച്ച യേശുവിനെ നാം കാണുന്നുണ്ട്.  പ്രതിസന്ധികൾ ഏറുമ്പോൾ, മറ്റുള്ളവർ ശകാരിക്കുമ്പോൾ, ഒറ്റപ്പെടുത്തുമ്പോൾ, നമ്മുടെ നിലവിളി ദൈവം  കേൾക്കുന്നില്ല എന്നു  തോന്നുമ്പോൾ ഒക്കെ  നമുക്കുള്ള ഒരേയൊരു പ്രതിവിധി കൂടുതൽ ഉച്ചത്തിൽ കൂടുതൽ തീക്ഷ്ണമായി പ്രാർഥിക്കുക എന്നതാണ്.

പുറംകണ്ണ്  അടയുമ്പോൾ അകക്കണ്ണ് തുറന്നുകിട്ടുന്നു. അതുകൊണ്ടാണു  കണ്ടറിഞ്ഞവർ നസറായനായ യേശുവിനെ മാത്രം കണ്ടപ്പോൾ   കേട്ടറിഞ്ഞ   ബർതിമേയൂസ്  അവനെ ദാവീദിൻറെ പുത്രൻ  എന്നു  വിളിക്കുന്നത്. ആ വിളിയിൽ എല്ലാമുണ്ട്. കാരണം ക്രിസ്തു ദാവീദിൻറെ  പുത്രനായിരിക്കും എന്ന്  എല്ലാ ഇസ്രായേൽക്കാർക്കും   അറിയാമായിരുന്നു.  യേശുവിൻറെ ജീവിതകാലത്തുതന്നെ  അവനെ    രക്ഷകനായി തിരിച്ചറിയാൻ  കഴിഞ്ഞ ചുരുക്കം ചിലരിൽ ഒരാളായി  എണ്ണപ്പെടാനുള്ള ഭാഗ്യം  ബർതിമേയൂസിനു ലഭിക്കുകയും ചെയ്‌തു.

 മറ്റുള്ളവർ  അവഗണിക്കുകയോ അറിയാതെ പോവുകയോ  ചെയ്യുന്ന   തൻറെ ദൈവികതയെ   മനസിലാക്കുന്നവരെ  ഓർത്തുകൊണ്ടാണു   കർത്താവ് ഇങ്ങനെ പറഞ്ഞത്. കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും  ചെയ്യേണ്ടതിനു  ന്യായവിധിയ്ക്കായിട്ടാണു  ഞാൻ ഈ ലോകത്തിലേക്കു വന്നത്‘ (യോഹ. 9:39). ഇതു  കാഴ്ചയുള്ളവർക്കുള്ള മുന്നറിയിപ്പാണ്.  അന്ധനാന്നെന്ന സത്യം  അറിയാതെ പോകുന്നവരുടെ  ദുരന്തത്തിനുള്ള പ്രതിവിധിയും കർത്താവു  പറഞ്ഞുതന്നിട്ടുണ്ട്. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതുന്നതിനുള്ള അഞ്ജനവും എന്നോടു  വാങ്ങുക‘ (വെളി  3:18).

അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്ന  ദൈവത്തെ (1 തിമോ 6:16) നമുക്കു വെളിപ്പെടുത്തിത്തന്നത്  എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യാഥാർത്ഥവെളിച്ചമായി ലോകത്തിലേക്കു വന്ന (യോഹ 1:9) യേശുവായിരുന്നു.  ഇരുളിൽ പ്രകാശിച്ചതും ഇരുളിനു  കീഴടക്കാൻ കഴിയാത്തതുമായ (യോഹ. 1:5)  യേശുവിൻറെ ആ പ്രകാശം   തൻറെ  ഉൾക്കണ്ണുകൾ  തുറന്നപ്പോഴായിരുന്നു  ബർതിമേയൂസ്  നസറായനായ  യേശുവിനെ ദാവീദിൻറെ പുത്രനായി തിരിച്ചറിഞ്ഞത്.  ഞാൻ ആരെന്നാണു  നിങ്ങൾ പറയുന്നത്?’  (മത്തായി 16:15) എന്ന യേശുവിൻറെ ചോദ്യത്തിനു   പത്രോസ് നൽകിയ മറുപടി തന്നെയായിരുന്നു   ബർതിമേയൂസ്  കൊടുത്തതും.  ഞാൻ ആരെന്നാണു  നിങ്ങൾ പറയുന്നത് എന്നു  കർത്താവു  നാം ഓരോരുത്തരോടും വ്യക്തിപരമായി ചോദിക്കുമ്പോൾ അതുപോലെയൊരു  മറുപടി കൊടുക്കാനായുള്ള കൃപയ്ക്കായി  നമുക്കു പ്രാർഥിക്കാം.