അങ്ങനെ ഒരു കൂട്ടരുണ്ട്. നഗരകവാടത്തിങ്കൽ വച്ചു ശത്രുക്കളെ നേരിടേണ്ടിവരുമ്പോൾ ലജ്ജിക്കാൻ വിധിക്കപ്പെട്ടവർ! ഇന്നത്തെ കേരളത്തിലെ ക്രിസ്ത്യാനിയുടെ അവസ്ഥ അതു തന്നെയാണ്. ശത്രുക്കളെ നേരിടാൻ കഴിവില്ലാതെ തലകുനിച്ചു നിൽക്കുന്ന ഒരു സമൂഹമായി കേരളക്രിസ്ത്യാനികൾ മാറിക്കഴിഞ്ഞു. അടിസ്ഥാനക്രിസ്തീയ വിശ്വാസങ്ങൾക്കെതിരെ നാലുപാടും നിന്ന് ആക്രമണം ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ കഴിയാതെ അടിയറവു പറയുന്നതു കേരളത്തിലെ ക്രിസ്ത്യാനിയുടെ ശീലമായിക്കഴിഞ്ഞു. അർഹതപ്പെട്ടതു നിഷേധിക്കപ്പെടുമ്പോഴും തങ്ങളുടെ മക്കൾക്കു ലഭിക്കേണ്ടവ അന്യർ കയ്യടക്കുമ്പോഴും കാഴ്ചക്കാരായി നിൽക്കുന്ന ഒരു സമൂഹമാണു നാം.
എന്താണ് ഈ ദുസ്ഥിതിയ്ക്കു കാരണം? ദൈവം നമുക്കു തന്ന ആയുധങ്ങൾ ശരിയായി ഉപയോഗിക്കുന്നില്ല എന്നതു തന്നെ. നമ്മുടെ ആവനാഴി നിറയ്ക്കാൻ പാകത്തിലുള്ള ആയുധങ്ങൾ നമ്മുടെ കൈയിൽ ഉണ്ടാകണം എന്നാണു കർത്താവ് ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കിൽ മാത്രമേ ശത്രുക്കളെ സധൈര്യം നേരിടാനുള്ള ശക്തി നമുക്കു ലഭിക്കുകയുള്ളൂ.
എന്താണു ദൈവം നമുക്കു കനിഞ്ഞനുവദിച്ചിട്ടുള്ള ആയുധം? അതിനെക്കുറിച്ചു സങ്കീർത്തകൻ നൂറ്റാണ്ടുകൾക്കു മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്. ‘യൗവനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധവീരൻറെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്. അവ കൊണ്ട് ആവനാഴി നിറയ്ക്കുന്നവൻ ഭാഗ്യവാൻ. നഗരകവാടത്തിങ്കൽ വച്ചു ശത്രുക്കളെ നേരിടുമ്പോൾ അവനു ലജ്ജിക്കേണ്ടിവരികയില്ല’ (സങ്കീ. 127:4-5). ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ ദൈവം നല്കിയിരിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണു നമ്മുടെ മക്കൾ. ‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ’ (ഉൽ.1:28). വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ അനുഗ്രഹമാണിത്.
‘അവിടുത്തെ അനുഗ്രഹം കൊണ്ട് അവരുടെ എണ്ണം പെരുകി’ (സങ്കീ 107:38) എന്നു പറയുന്ന സങ്കീർത്തകനും നമ്മെ ഓർമ്മിപ്പിക്കുന്നതു സന്താനപുഷ്ടിയുള്ളവരായിരിക്കുക എന്നതാണു ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതി എന്നാണ്. നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞതും അതുതന്നെയാണ്. ‘സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയിൽ നിറയുവിൻ’ ( ഉൽ.9:1). ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാകയാൽ ദൈവം വീണ്ടും അത് ഓർമ്മിപ്പിക്കുന്നുണ്ട്. ‘വിവാഹം കഴിച്ച് സന്താനങ്ങൾക്കു ജന്മം നൽകുവിൻ. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിൻ. അവർക്കും മക്കളുണ്ടാകട്ടെ. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്’ ( ജെറ 29:6).
എന്നാൽ കേരളത്തിലെ ക്രിസ്ത്യാനി ദൈവത്തിൻറെ ഈ അനുഗ്രഹം വേണ്ടെന്നു ബോധപൂർവം തീരുമാനിച്ചിട്ടു നാളുകളേറെയായി. മാമോനോടുള്ള ഭക്തി മൂത്ത് ദൈവത്തെ ഉപേക്ഷിക്കുന്ന ഒരു തലമുറയിൽ നിന്ന് അതേ പ്രതീക്ഷിക്കാൻ കഴിയൂ. ധനസമ്പാദനത്തിനും സുഖജീവിതത്തിനും തടസ്സം മക്കളാണെങ്കിൽ മക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല എന്നു കരുതുന്നവരാണു ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും. ‘ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിയായി മാറേണ്ട ഭാര്യ’ ( സങ്കീ 128:3) പണം കായ്ക്കുന്ന മരമായി മാറിക്കഴിഞ്ഞു. അതിൻറെ തികച്ചും സ്വാഭാവികമായ ഫലമെന്നോണം ‘ ‘മേശയ്ക്കുചുറ്റും ഒലിവുതൈകൾ പോലെ ശോഭിക്കേണ്ട മക്കൾ’ (സങ്കീ 128:3) വെറും ഉണക്കവൃക്ഷങ്ങളായി മാറുന്നു.
നാം ചിന്തിക്കണം. തെറ്റു തിരുത്തണം. നമ്മുടെ തീൻമേശയ്ക്കുചുറ്റും നമ്മുടെ കുഞ്ഞുങ്ങൾ ഒലിവുതൈകളെപ്പോലെ പുഷ്ടിപ്പെട്ടു വളരട്ടെ. മക്കളുടെ എണ്ണം കൂടിപ്പോയതുകൊണ്ട് ഒരു കുടുംബത്തിലെയും സന്തോഷവും സമാധാനവും കുറഞ്ഞുപോയിട്ടില്ല. മക്കളുടെ എണ്ണം കുറഞ്ഞതുകൊണ്ടു കൂടുതൽ സന്തോഷം അനുഭവിക്കുന്ന ഒരു കുടുംബത്തെയും കാണാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ആത്മപരിശോധന നടത്തേണ്ട സമയമാണിത്. എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും അത് ഒരുപോലെ ബാധകമാണ്. കാരണം നാം ഭൂമിയ്ക്ക് അനുഗ്രഹമാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ജനമാണ്. ‘നിൻറെ സന്തതികൾ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങൾ വ്യാപിക്കും. നിന്നിലൂടെയും നിൻറെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും’ (ഉൽ 28:14). പത്രോസ് ശ്ലീഹായും പറയുന്നു. ‘അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങൾ’ (1 പത്രോസ് 3:9).
അനുഗ്രഹങ്ങൾ വർഷിക്കാൻ വേണ്ടി കർത്താവിൻറെ കരങ്ങൾ തുറന്നുതന്നെയിരിക്കുന്നു. എന്നാൽ അതു സ്വീകരിക്കാൻ വേണ്ടുന്ന എണ്ണം ദൈവജനം ഇല്ലെങ്കിൽ അതിനു ദുരന്തം എന്നല്ലാതെ മറ്റെന്താണു പറയുക! അങ്ങനെയൊരു ജനം നിശ്ചയമായും നഗരകവാടത്തിങ്കൽ വച്ചു ശത്രുക്കളെ നേരിടുമ്പോൾ ലജ്ജിതരാകും. അതുണ്ടാകാതിരിക്കണമെങ്കിൽ യൗവനത്തിൽ ജനിക്കുന്ന മക്കളെക്കൊണ്ട് നമ്മുടെ ആവനാഴി നിറയ്ക്കണം. അതിനുള്ള കൃപ നമുക്കു ലഭിക്കണമേ എന്നു പ്രാർഥിക്കാം.