ശക്തരും ധീരരുമായിരിക്കുക.


നാല്‍പതു വര്‍ഷത്തെ അലച്ചിലിനൊടുവില്‍ വാഗ്ദത്ത ദേശം സ്വന്തമാക്കാന്‍ വേണ്ടി ഇസ്രയേല്‍ക്കാര്‍ ജോര്‍ദാന്‍ നദി കടക്കുന്നതിനു തൊട്ടുമുന്‍പ് കര്‍ത്താവ് ജോഷ്വയോട് ആവശ്യപ്പെട്ടത് ശക്തനും ധീരനുമായിരിക്കാനാണ് (ജോഷ്വ 1:6). വീണ്ടും രണ്ടു തവണ കൂടി ആവര്‍ത്തിക്കാന്‍ മാത്രം (ജോഷ്വ 1:7,1:9) അതിപ്രധാനമായ ഒരു നിർദേശമായാണു കര്‍ത്താവ് ഇക്കാര്യം ജോഷ്വയോടു പറഞ്ഞത്. കര്‍ത്താവിന്‍റെ വാക്കുകള്‍ കേട്ട ഇസ്രയേല്‍ക്കാര്‍ ജോഷ്വയോടു മറുപടിയായി പറയുന്നതും കര്‍ത്താവിന്‍റെ വാക്കുകള്‍ തന്നെയാണ്. ‘നീ ധീരനും ശക്തനുമായിരിക്കുക’ (ജോഷ്വ 1:18).


വാഗ്ദത്തദേശത്തു പ്രവേശിക്കണമെങ്കിൽ അവശ്യം വേണ്ട ഒരു ഗുണമാണു ധൈര്യം എന്നാണു കർത്താവ് ജോഷ്വയിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എന്നേക്കും നിലനിൽക്കുന്ന സ്വർഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിനും ധൈര്യം ആവശ്യമാണ്. വെളിപാടു പുസ്തകത്തിൻറെ ഇരുപത്തിയൊന്നാമത്തെ അധ്യായത്തിൽ തീയും ഗന്ധകവും എരിയുന്ന തടാകത്തിലേക്കു വലിച്ചെറിയപ്പെടുന്നവരുടെ കൂട്ടത്തിൽ ആദ്യം പരാമർശിക്കപ്പെടുന്നത് ( വെളി 21:8) ഭീരുക്കളുടെ, അതായതു ധൈര്യമില്ലാത്തവരുടെ പേരാണ് എന്ന സത്യം നാം മറന്നുപോകരുത്.


പാപത്തിൻറെ നൈമിഷികസുഖങ്ങൾ ആസ്വദിക്കുന്നതിനെക്കാൾ ദൈവജനത്തിൻറെ കഷ്ടപ്പാടുകളിൽ പങ്കുചേരാനുള്ള തീരുമാനമെടുക്കണമെങ്കിൽ (ഹെബ്രാ 11:25) മോശയെപ്പോലെ ധൈര്യം വേണം. ബലപ്രയോഗത്തിലൂടെ മാത്രം ലഭിക്കുമെന്ന് യേശു പറഞ്ഞിട്ടുള്ള സ്വർഗരാജ്യം നേടണമെങ്കിൽ അവനവനോടു തന്നെ ബലം പ്രയോഗിക്കാനുള്ള ധൈര്യം വേണം. പാപത്തിൻറെ സോദോമിൽ നിന്ന് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് രായ്ക്കുരാമാനം മലമുകളിലേക്ക് ഓടിപ്പോകണമെങ്കിൽ ലോത്തിനെപ്പോലെ ധൈര്യം വേണം. ഹേറോദോസിൻറെ അരമനയിൽ ചെന്ന് അവൻ ചെയ്തത് പാപമാണെന്നു വിളിച്ചുപറയാനും അതിൻറെ പേരിൽ മരണം ഏറ്റുവാങ്ങാനും സ്നാപകയോഹന്നാനെപ്പോലെ ധൈര്യം വേണം. മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടതെന്ന് (അപ്പ 5:29) അധികാരികളുടെ മുഖത്ത് നോക്കിപ്പറയണമെങ്കിൽ പത്രോസിനെപ്പോലെ ധൈര്യം വേണം.

വചനം പ്രസംഗിക്കണമെങ്കിൽ ധൈര്യം വേണം. അതറിഞ്ഞിരുന്നതുകൊണ്ടാണ് ആദിമസഭ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നത്. ‘അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ’ ( അപ്പ. 4:30). ‘ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല’ (അപ്പ 4:12) എന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം ഉറക്കെ വിളിച്ചുപറഞ്ഞ പത്രോസിൻറെയും കൂടെയുണ്ടായിരുന്ന യോഹന്നാൻറെയും ധൈര്യം കണ്ട ആലോചനസംഘത്തിലെ അംഗങ്ങൾ അത്ഭുതപ്പെട്ടു (അപ്പ 4:13) എന്നു നാം വായിക്കുന്നുണ്ട്. യേശു ഏകരക്ഷകനാണെന്ന സത്യം പ്രഘോഷിക്കാൻ ധൈര്യം വേണം. യേശുക്രിസ്തുവിൻറെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കാനും (2 തിമോ 2:3) ധൈര്യം വേണം. ക്രിസ്തുവിൻറെ നാമത്തെ പ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുൻപിൽ ഹാജരാക്കപ്പെടുമ്പോൾ ( ലൂക്കാ 21:12) പതറാതെ പിടിച്ചുനിൽക്കണമെങ്കിൽ അസാധാരണമായ ധൈര്യം അനിവാര്യമാണ്.


ഇനിയുള്ള നാളുകളിൽ അങ്ങനെയൊരു ധൈര്യം മാത്രമേ നമ്മെ സ്വർഗരാജ്യത്തു കൊണ്ടുചെന്നെത്തിക്കുകയുള്ളൂ. ആ ധൈര്യം ഇല്ലാത്തവരെല്ലാം കലപ്പയിൽ കൈവയ്ക്കുമെങ്കിലും പിന്തിരിഞ്ഞു നോക്കുക തന്നെ ചെയ്യും.


അപ്പസ്തോലന്മാരെയും രക്തസാക്ഷികളെയും വിശുദ്ധരെയും സ്വർഗത്തിലെത്തിച്ച ആ ധൈര്യം നമുക്കും കിട്ടുമോ? കിട്ടും എന്നു മാത്രമല്ല അതു നമുക്കു കിട്ടിക്കഴിഞ്ഞു എന്നാണു പൗലോസ് ശ്ലീഹാ പറയുന്നത്. ‘എന്തെന്നാൽ ഭീരുത്വത്തിൻറെ ആത്മാവിനെയല്ല ദൈവം നമുക്കു നൽകിയത്; ശക്തിയുടെയും സ്നേഹത്തിൻറെയും ആത്മനിയന്ത്രണത്തിൻറെയും ആത്മാവിനെയാണ് (2 തിമോ 1:7). യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവൻറെ ആത്മാവു തന്നെയാണല്ലോ (റോമാ 8:11) നമ്മിലും പ്രവർത്തിക്കുന്നത്.


ആകയാൽ നമുക്കു ഭീരുത്വം വെടിയാം. പരിശുദ്ധാത്മാവ് നൽകുന്ന ധൈര്യത്തിൻറെ ആത്മാവിനെ സ്വീകരിക്കുകയും ധീരരായിരിക്കുകയും ചെയ്യാം.