ഒരു  യുദ്ധത്തിൻറെ സ്മരണകൾ

ഒക്ടോബർ ഏഴ്  നമ്മുടെ  മനസിലേക്കു  കൊണ്ടുവരുന്നതു   ഹമാസ് ഭീകരന്മാർ   ഇസ്രായേലിൽ  നടത്തിയ  സമാനതകളില്ലാത്ത ക്രൂരതകളുടെയും മനുഷ്യക്കുരുതിയുടെയും  ഓർമ്മകളാണ്. ആ  ഹീനമായ കൂട്ടക്കൊലയും  അതിനെത്തുടർന്നുണ്ടായ യുദ്ധവും  ലോകത്തിൻറെ  ചരിത്രം മാറ്റിക്കുറിക്കുന്നതു നാം  കണ്ടുകൊണ്ടിരിക്കുന്നു.    അതിൻറെ  രണ്ടാം വാർഷികം അടുത്തുവരുമ്പോൾ  നൂറ്റാണ്ടുകൾക്കു മുൻപുള്ള മറ്റൊരു ഒക്ടോബർ ഏഴിനെയും നാം ഓർക്കണം.

യൂറോപ്പ് കീഴടക്കാൻ  സർവവിധ സന്നാഹങ്ങളുമായി വന്ന  ഓട്ടോമൻ തുർക്കികളുടെ  സൈന്യത്തെ  ഓസ്ട്രിയയിലെ  ഡോൺ ജൂവാൻറെ  നേതൃത്വത്തിലുള്ള  ക്രൈസ്തവസൈന്യം പരാജയപ്പെടുത്തിയത്  1571 ഒക്ടോബർ ഏഴിനായിരുന്നു.   ആ യുദ്ധത്തിൽ  തുർക്കികൾ വിജയിച്ചിരുന്നുവെങ്കിൽ ഇന്ന്  യൂറോപ്പിൽ  ക്രൈസ്തവം എന്നു  പറയാൻ ഒന്നും തന്നെ അവശേഷിക്കില്ലായിരുന്നു എന്നതിൻറെ  ഏറ്റവും വലിയ  തെളിവ്  സിറിയയുടെയും  ഇറാക്കിൻറെയും ഒക്കെ ഇന്നത്തെ  അവസ്ഥ തന്നെയാണ്. 

മെഡിറ്ററേനിയനിലെ  തുർക്കികളുടെ   നാവികമേൽക്കോയ്മ  നൂറ്റാണ്ടുകളോളം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.  എന്നാൽ തെക്കുപടിഞ്ഞാറൻ ഗ്രീസിലെ പാത്രാസ് ഉൾക്കടലിലുള്ള ലെപ്പാൻറോയിൽ വച്ച് 1571 ഒക്ടോബർ  ഏഴിനു നടന്ന യുദ്ധത്തിൽ  ഒരിക്കൽ അജയ്യരെന്നു  കരുതിയിരുന്ന തുർക്കികൾക്കു  മേൽ    Holy  League  എന്ന പേരിൽ ഒരുമിച്ചു ചേർന്ന ക്രൈസ്തവസൈന്യം നിർണായക വിജയം നേടി.  250  കപ്പലുകളുമായി  യൂറോപ്പ്   ആക്രമിക്കാൻ  വന്ന തുർക്കിയുടെ സൈനികകരുത്തിനു മുൻപിൽ  പെട്ടെന്ന് തട്ടിക്കൂട്ടിയ  ക്രൈസ്തവസൈന്യം  ഒന്നുമായിരുന്നില്ല.  ആൾബലത്തിലും ആയുധബലത്തിലും  തുർക്കികൾ വളരെ മുൻപിലായിരുന്നു.

എന്നിട്ടും   ആ ദിവസം, അതുവരെയും അജയ്യരെന്നു കരുതിയതും    മെഡിറ്ററേറിയൻ അടക്കിവാഴുകയും  ചെയ്ത  ഇസ്ലാമികസൈന്യത്തിനെതിരെ നടത്തപ്പെട്ട  ഏറ്റവും  നിർണായകവും    പ്രധാനപ്പെട്ടതുമായ    യുദ്ധദിനമായി  ചരിതത്തിൽ രേഖപ്പെടുത്തപ്പെട്ടു.  ആ യുദ്ധത്തിലെ പരാജയത്തോടെ യൂറോപ്പ് കീഴടക്കാമെന്ന അതിമോഹം  ഇസ്ലാമികസൈന്യം  ഉപേക്ഷിച്ചു.  എന്നാൽ സ്വന്തം തെറ്റുകൾ കൊണ്ട് യൂറോപ്പ് വീണ്ടും ഒരു ഇസ്ലാമിക അധിനിവേശം  വിളിച്ചുവരുത്തും  എന്ന പ്രവചനത്തിൻറെ പൂർത്തീകരണം   നാലു  നൂറ്റാണ്ടുകൾക്കുശേഷം  ഇപ്പോൾ  സംഭവിക്കുമോ എന്ന ഭീതി  നിലനിൽക്കുമ്പോൾ  ലെപ്പാൻറോ  നമുക്കൊരു പാഠമാകണം.

അന്ന് യുദ്ധം അവസാനിക്കുമ്പോഴേക്കും  അധിനിവേശസൈന്യത്തിലെ  25000 സൈനികർ മരിച്ചുവീണിരുന്നു. കൂടാതെ 10000 പേരെ   ക്രിസ്തീയസൈന്യം തടവുകാരാക്കുകയും ചെയ്തു.  ക്രൈസ്തവപക്ഷത്തെ ആൾ നഷ്ടം  7000 ആയിരുന്നു. തൻറെ സൈന്യം ക്രിസ്ത്യാനികളുടെ പക്കൽ നിന്ന് ഇത്ര ദയനീയമായ പരാജയം  ഏറ്റുവാങ്ങിയെന്നറിഞ്ഞ   സുൽത്താൻ സെലിം  ക്രുദ്ധനായി. കോൺസ്റ്റാൻറിനോപ്പിളിലെ 40000  വരുന്ന ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു പകരം വീട്ടാനാണ് ആ ഭ്രാന്തൻ സുൽത്താൻ തീരുമാനിച്ചത്.   സുൽത്താൻറെ ഉപദേശകർ വളരെ വിഷമിച്ചാണ്  ആ തീരുമാനത്തിൽ നിന്ന് അയാളെ പിന്തിരിപ്പിച്ചത്.

 ഇതത്രയും ചരിത്രം. എന്നാൽ ചരിത്രപുസ്തകങ്ങൾ നമുക്കു  പറഞ്ഞുതരാത്ത  ഒരു കാര്യം  എങ്ങനെയാണു ക്രൈസ്തവസൈന്യം അപ്രതീക്ഷിതമായ ഈ യുദ്ധവിജയം നേടിയതെന്നാണ്.  യൂറോപ്പിലും  വടക്കൻ ആഫ്രിക്കയിലും  പശ്ചിമേഷ്യയിലുമുള്ള ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികളുടെ  കണ്ഠങ്ങളിൽ നിന്ന് ഒരേ സ്വരത്തിൽ ഉയർന്ന ജപമാല പ്രാർഥനകളായിരുന്നു അതിൻറെ പിന്നിലെ  രഹസ്യം.  അതുവരെയും പരസ്പരം  തമ്മിലടിച്ചുനിന്നിരുന്ന ക്രൈസ്തവരാജ്യങ്ങളെ  പൊതുശത്രുവിനെതിരെ ഒരുമിപ്പിച്ചതു  പിയൂസ് അഞ്ചാമൻ പാപ്പാ ആയിരുന്നു. അദ്ദേഹത്തിൻറെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഒരു സംയുക്തക്രൈസ്തവസൈന്യം ഒരിക്കലും  സാധ്യമാകില്ലായിരുന്നു.  ക്രൈസ്തവരാജ്യങ്ങൾ തങ്ങൾക്കെതിരെ ഒരുമിച്ചുനിൽക്കുമെന്നു തുർക്കികളും   കരുതിയിരുന്നില്ല. 

യുദ്ധസന്നദ്ധമായ ഒരു സേനയെ ഒരുമിച്ചുകൂട്ടാനുള്ള സജ്ജീകരണങ്ങൾ ചെയ്തതിനുശേഷം പാപ്പാ വെറുതെയിരിക്കുകയായിരുന്നില്ല. ആ സൈന്യം  തുർക്കികളുടെ   ശക്തിയ്ക്കു  മുൻപിൽ പരാജയപ്പെടാനാണു  സാധ്യതയെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അതുകൊണ്ടു  പാപ്പാ ചെയ്തതു    മാതാവിൻറെ മാധ്യസ്ഥം യാചിച്ചുകൊണ്ടു   ജപമാല ചൊല്ലാൻ  എല്ലാ ക്രിസ്ത്യാനികളോടും അഭ്യർഥിക്കുകയായിരുന്നു.   ആ പ്രാർത്ഥന ഫലം കണ്ടു.  കുരിശിൻറെ രൂപത്തിൽ കപ്പലുകൾ  ഒരുമിച്ചുചേർത്തു മുന്നേറിയ ക്രൈസ്തവസൈന്യം ചന്ദ്രക്കലയുടെ  രൂപത്തിൽ കപ്പലുകളുമായി വന്ന  ഓട്ടോമൻ സൈന്യത്തെ  വളരെ പെട്ടെന്നു  തന്നെ പരാജയപ്പെടുത്തി.  സൂര്യനെ തൻറെ ഉടയാടയും  ചന്ദ്രനെ തൻറെ പാദപീഠവും ആക്കിയ മറിയം  (വെളി. 12:1) നയിച്ച യുദ്ധമായിരുന്നു അത്. കുരിശും ചന്ദ്രക്കലയും തമ്മിലുള്ള യുദ്ധത്തിൽ അന്തിമവിജയം കുരിശിനു തന്നെയായിരിക്കും എന്നുറപ്പ്.

മാതാവിൻറെ മാധ്യസ്ഥത്തിൽ  സംഭവിച്ച ഈ മഹാത്ഭുതത്തിൻറെ സ്മരണയ്ക്കായി  ഒക്ടോബർ ഏഴ് ജപമാലരാജ്ഞിയുടെ തിരുനാളായി പിയൂസ് അഞ്ചാമൻ പാപ്പാ പ്രഖ്യാപിച്ചു.  വാളുകൊണ്ടും  യുദ്ധം കൊണ്ടും  മാത്രം വിജയിക്കുന്ന ഒരു  തത്വശാസ്ത്രത്തിനു മുൻപിൽ    ക്രൈസ്തവയൂറോപ്പ്  വീണുപോകാതിരുന്നതു  പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഒന്നുകൊണ്ടുമാത്രമായിരുന്നു.

ഇന്ന്  യൂറോപ്പിൻറെ   ക്രൈസ്തവ അടിസ്ഥാനങ്ങൾ ഒന്നൊന്നായി തകർക്കാനുള്ള ഗൂഢപദ്ധതി അണിയറയ്ക്കു പിറകിൽ ഒളിഞ്ഞിരിക്കുന്ന  ദുഷ്ടശക്തികളുടെ  നിർദേശമനുസരിച്ചു  കൃത്യമായി  മുന്നേറിക്കൊണ്ടിരിക്കുമ്പോൾ  നമ്മുടെ  സ്വർഗീയ അമ്മയോടു കൂടുതൽ കൂടുതലായി മാധ്യസ്ഥം യാചിക്കേണ്ടതിൻറെ  ആവശ്യകത ഇനിയും എടുത്തുപറയേണ്ടതില്ലല്ലോ. 

ക്രൈസ്തവ രാജ്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമായി നടക്കുന്ന  ആസൂത്രിതമായ   മത-സാംസ്‌കാരിക അധിനിവേശത്തിൻറെ  പശ്ചാത്തലത്തിൽ  നമ്മുടെ  ഉറപ്പായ സഹായം  മറിയം തന്നെയാണ്.  ലെപ്പാൻറോയുടെ തനിയാവർത്തനം ഇന്നും സാധ്യമാണ്. എന്നാൽ അതിനു മുൻപായി  കോടിക്കണക്കിനു കരങ്ങൾ ഒരുമിച്ചു ജപമാലയുയർത്തി പ്രാർത്ഥിക്കണം. അതുമാത്രമാണു  വിജയത്തിലേക്കുള്ള വഴി. 

 ഈ ഭൂമുഖത്തു നിന്നു  ക്രിസ്തീയതയുടെ അവസാനത്തെ അടയാളങ്ങൾ പോലും തുടച്ചുമാറ്റാൻ  കിണഞ്ഞുപരിശ്രമിക്കുന്ന  പൈശാചികശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ  പരിശുദ്ധ അമ്മ നമുക്കു  വേണ്ടി മാധ്യസ്ഥം   വഹിക്കട്ടെ.