ജീവിതത്തിൽ ഏറ്റവും സുനിശ്ചിതമായ കാര്യം മരണമാണെന്നതിൽ സംശയമില്ല. ഇനി ജീവിതത്തിൽ ഏറ്റവും അനിശ്ചിതമായ കാര്യം എന്താണെന്നു ചോദിച്ചാൽ അതും മരണം തന്നെയാണ്. കാരണം എപ്പോഴാണു മരണം കടന്നുവരുന്നതെന്ന് ആർക്കും അറിയില്ല. സുനിശ്ചിതമായ മരണം എപ്പോൾ സംഭവിക്കുമെന്ന അനിശ്ചിതത്വത്തിൽ നാം ചിലവഴിക്കുന്ന ഏതാനും വർഷങ്ങളുടെ പേരാണു ജീവിതം.
ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം നല്ലമരണമാണ്. മരണസമയത്തെ നമ്മുടെ ആത്മാവിൻറെ അവസ്ഥയാണല്ലോ നമ്മുടെ നിത്യഭാഗധേയം നിർണ്ണയിക്കുന്നത്. ‘മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ’ എന്ന മൃതസംസ്കാരവേളയിലെ പാട്ട് മരിച്ചുപോയവർക്കു വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയാണെന്നു നാം തിരിച്ചറിയണം. നല്ലമരണത്തിനായി ഒരുങ്ങേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സഭ നിരന്തരം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ.
നല്ല മരണത്തിനായി ചെയ്യേണ്ടതു നല്ല ജീവിതം നയിക്കുക എന്നതാണ്. ഒരു മരം എങ്ങോട്ടു ചാഞ്ഞുനിൽക്കുന്നുവോ അങ്ങോട്ടു തന്നെ വീഴും എന്നതു പ്രകൃതിനിയമമാണ്. ജീവിതകാലത്തു ദൈവത്തിലേക്കു ചാഞ്ഞുനിന്നവർ മരണനേരത്തു ദൈവത്തിൻറെ കരങ്ങളിലേക്കുതന്നെ ചെന്നുവീഴും.
ഒരുവശത്തേക്കു ചരിഞ്ഞുനിൽക്കുന്ന മരം മറുവശത്തേക്കു വീഴിക്കാനായി വടം കെട്ടി വലിക്കുന്നതു നാം പലപ്പോഴും കാണാറുള്ള കാഴ്ചയാണ്. നമ്മുടെ ബലഹീനത അറിയാവുന്ന ദൈവം നമുക്കുവേണ്ടിയും ഇതുപോലൊരു വടം കരുതിവച്ചിട്ടുണ്ട്. നമ്മുടെ അന്ത്യനിമിഷങ്ങളിലെ അവസാന ആശ്രയമായി തൻറെ തിരുക്കുമാരൻറെ അമ്മയായ മറിയത്തെതന്നെയാണു ദൈവം നൽകിയിരിക്കുന്നത്.
നാം ഏറ്റവുമധികം ചൊല്ലുന്ന പ്രാർത്ഥന ഒരുപക്ഷേ ‘നന്മ നിറഞ്ഞ മറിയമേ’ ആയിരിക്കും. ആ പ്രാർത്ഥന അവസാനിക്കുന്നത് ഇങ്ങനെയാണ്. ‘പരിശുദ്ധ മറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും (now and at the hour of our death) തമ്പുരാനോട് അപേക്ഷിക്കണമേ, ആമേൻ.’ അതേ, നമ്മുടെ ആത്മാവിനെ മരണസമയത്ത് ഈശോയിലേക്കും സ്വർഗത്തിലേക്കും കൂട്ടിക്കൊണ്ടുപോകണമേ എന്നാണു നമ്മൾ സദാ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്. അതു പുണ്യവാന്മാരുടെയല്ല, പാപികളുടെ പ്രാർത്ഥനയാണ്.
അമ്മ നല്ല മരണത്തിൻറെയും മധ്യസ്ഥയാണ്. ‘ജീവിക്കുന്നവരെ പരിപാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളും’ എന്നാണല്ലോ നിത്യസഹായ മാതാവിൻറെ നൊവേനയിൽ നാം അമ്മയെ വിളിക്കുന്നത്. അമ്മയുടെ നാമം എപ്പോഴും, പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളിൽ ഉണ്ടായിരിക്കും എന്നും നാം ഏറ്റുപറയുന്നു.
അനിശ്ചിതമായ ജീവിതത്തിൻറെ ഓരോ നിമിഷത്തേക്കും (ഇപ്പോഴും) സുനിശ്ചിതമായ അതിൻറെ അവസാന നിമിഷത്തേക്കും (ഞങ്ങളുടെ മരണസമയത്തും) വേണ്ടിയുള്ള പ്രാർത്ഥനയാണു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ബോധ്യത്തോടെ നമുക്ക് അത് ഒരു സുകൃതജപം പോലെ ഉരുവിട്ടുകൊണ്ടിരിക്കാം. ഉറങ്ങാൻ പോകുന്നതിനു മുൻപായി മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി മാതാവിൻറെ സംരക്ഷണം യാചിക്കുന്നതു ക്രിസ്ത്യാനികളുടെ പുരാതനമായ പാരമ്പര്യമാണ് എന്നതും നാം ഓർക്കണം.
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രത്യേകിച്ചു മരണനിമിഷത്തെയും സമർപ്പിച്ചുകൊണ്ടും അതോടൊപ്പം മരണാസന്നരായ മറ്റുള്ളവരെ സമർപ്പിച്ചുകൊണ്ടും നമുക്കു പ്രാർത്ഥിക്കാം. ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻറെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമേൻ.’
(www.divinemercychannel. com)