യുഗാന്ത്യത്തിനു മുൻപുള്ള കാലങ്ങൾ എങ്ങനെയായിരിക്കുമെന്ന് ശിഷ്യൻമാരോടു വിശദീകരിക്കുമ്പോൾ കർത്താവ് ഉപയോഗിക്കുന്ന ഉദാഹരണം അതു നോഹയുടെ കാലം പോലെയായിരിക്കും എന്നാണ്. ‘ നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രൻറെ ദിവസങ്ങളിലും. നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്നു സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു’ ( ലൂക്കാ 17:28).
നോഹയുടെ കാലവും നാം ജീവിക്കുന്ന ഈ കാലവും തമ്മിലുള്ള സാമ്യം ഒരുപാടു സമയമെടുത്തു ധ്യാനിക്കേണ്ട കാര്യമാണ്. എന്നാൽ ഇപ്പോൾ നമ്മുടെ വിഷയം അതല്ല. സർവലോകത്തെയും വിഴുങ്ങിയ പ്രളയത്തിൽ നിന്നു നോഹ രക്ഷപ്പെട്ടതെങ്ങനെയെന്നതാണു നാം ചിന്തിക്കേണ്ടത്. എളുപ്പമുള്ള മറുപടി നോഹ നീതിമാനായിരുന്നു, അതുകൊണ്ട് ദൈവം അവനെയും കുടുംബത്തെയും പ്രളയത്തിൽ നിന്ന് സംരക്ഷിച്ചു എന്നതാണ്. അതു ശരിയുമാണ്. എന്നാൽ കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്കു മനസിലാകുന്ന ഒരു കാര്യമുണ്ട്. ദൈവം സമയാസമയങ്ങളിൽ കൊടുത്തിരുന്ന മുന്നറിയിപ്പുകൾ മുഖവിലയ്‌ക്കെടുത്തിരുന്ന ഒരു മനുഷ്യനായിരുന്നു നോഹ. പ്രളയം ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും പ്രളയം വരുമെന്ന കർത്താവിൻറെ മുന്നറിയിപ്പ് അവൻ വിശ്വസിച്ചു. അതുകൊണ്ടുതന്നെയാണല്ലോ ‘ ഈ തലമുറയിൽ നിന്നെ ഞാൻ നീതിമാനായി കണ്ടിരിക്കുന്നു’ ( ഉല്പ. 7:1) എന്നു കർത്താവു തന്നെ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ച നോഹ ഭാഗ്യവാൻ തന്നെ!
നോഹയെപ്പോലെ തന്നെ കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചു എന്നതിനാൽ ഭാഗ്യവതി ( ലൂക്കാ 1:45) എന്നു വിളിക്കപ്പെട്ടവളാണു പരിശുദ്ധകന്യകാമറിയം. നോഹയെപ്പോലെ ദൈവവചനം കണ്ണും പൂട്ടി വിശ്വസിച്ച മറിയത്തിനു പ്രളയകാലത്തു നോഹയ്ക്കു കൊടുത്തതിനെക്കാൾ എത്രയോ വലിയ ഒരു ഉത്തരവാദിത്വമാണ് ഈ അവസാനനാളുകളിലേക്കായി ദൈവം ഒരുക്കിവച്ചിരിക്കുന്നത് എന്നു കാണുക. ‘അന്നു നോഹയുടെ പെട്ടകത്തിലൂടെ രക്ഷപ്പെട്ടവർ എട്ടുപേർ മാത്രമായിരുന്നു'(1 പത്രോസ് 3:20). എന്നാൽ ഇന്നു പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശുക്രിസ്തുവിൻറെ അടുത്തെത്തുകയും അങ്ങനെ നിത്യരക്ഷ അവകാശമാക്കുകയും ചെയ്യുന്നവരുടെ എണ്ണം എത്രയോ അധികമാണ് എന്നറിയുമ്പോൾ നോഹയുടെ പെട്ടകം പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൻറെ വളരെ നിസാരമായ ഒരു ആദിരൂപം മാത്രമായിരുന്നു എന്നു പറയേണ്ടിവരും.
വാഗ്ദാനത്തിൻറെ പേടകമെന്നും ആകാശമോക്ഷത്തിൻറെ വാതിലെന്നും ഉഷകാലത്തിൻറെ നക്ഷത്രമെന്നും ഒക്കെ ദൈവമാതാവിൻറെ ലുത്തിനിയയിൽ നാം ചൊല്ലുന്നതിൻറെ അർഥം മറിയം നമുക്ക് എപ്പോഴും ആശ്രയിക്കാവുന്ന അഭയസ്ഥാനമാണെന്നാണ്. രക്ഷയുടെ പെട്ടകമായ പരിശുദ്ധ അമ്മയിൽ അഭയം തേടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് അനേകം വിശുദ്ധരും സഭാപിതാക്കന്മാരും നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. ‘രക്ഷയുടെ ദിവസത്തിനു വേണ്ടി നമ്മെ മുദ്രിതരാക്കിയ പരിശുദ്ധാത്മാവിൻറെ’ പ്രിയമണവാട്ടിയായ മറിയം ആ രക്ഷയുടെ ദിവസം സമാഗതമാകുന്നതുവരെ തൻറെ മക്കളെ എല്ലാവരെയും തൻറെ വിമലഹൃദയത്തിൽ സൂക്‌ഷിച്ചുകൊള്ളും എന്നതാണു നമുക്കുള്ള ഉറപ്പ്. ആ ഉറപ്പാകട്ടെ നമുക്കുതന്നതു പുത്രനായ ദൈവം തന്നെയാണ്. ‘ ഇതാ നിൻറെ അമ്മ’ (യോഹ 19:27). അമ്മയേക്കാൾ വലിയ മറ്റെന്ത് ഉറപ്പാണ് നമുക്കു കിട്ടാനുള്ളത്!
നമുക്കു പ്രാർത്ഥിക്കാം: പരിശുദ്ധ അമ്മേ, ദൈവമാതാവേ, എന്നെയും എൻറെ കുടുംബത്തെയും തിരുസഭയെയും മാനവകുലം മുഴുവനെയും ഞാൻ അങ്ങയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു.
അങ്ങയുടെ തിരുക്കുമാരൻറെ അടുക്കൽ സുരക്ഷിതരായി എത്തുന്നതുവരെ ‘അമ്മ ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ. ആമേൻ.