ഇത് ജനാധിപത്യത്തിൻറെ യുഗമാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഗവൺമെൻറ് എന്നതാണ് ജനാധിപത്യത്തിൻറെ ഒരു നിർവചനം. അവിടെ എല്ലാം ജനങ്ങളുടെ ഇഷ്ടമനുസരിച്ചാണു നടത്തപ്പെടുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പാർലമെൻറും നിയമസഭയും ആണു നിയമം നിർമ്മിക്കുന്നത്. നേരിട്ടോ അല്ലാതെയോ പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നതും ജനങ്ങൾ തന്നെയാണ്.
ജനാധിപത്യത്തിൽ എല്ലാം തീരുമാനിക്കപ്പെടുന്നതു ഭൂരിപക്ഷത്തിൻറെ അടിസ്ഥാനത്തിലാണ്. കൂടുതൽ വോട്ടു കിട്ടുന്നയാൾ എം പി യും എം എൽ എ യും ആകുന്നു. കൂടുതൽ എം പി മാരുടെ പിന്തുണ ഉള്ള വ്യക്തി പ്രധാനമന്ത്രിയും കൂടുതൽ എം എൽ എ മാരുടെ പിന്തുണ ഉള്ള വ്യക്തി മുഖ്യമന്ത്രിയും ആകുന്നു. അതുകൊണ്ടു പ്രധാനമന്ത്രിയും മന്ത്രിസഭയും പാർലമെൻറും മുഖ്യമന്ത്രിയും നിയമസഭയും ഒക്കെ എടുക്കുന്ന തീരുമാനങ്ങൾ ഫലത്തിൽ ജനങ്ങളുടെ ഭൂരിപക്ഷത്തിൻറെ അഭിപ്രായത്തിൻറെ പ്രതിഫലനമായിരിക്കും.
ജനാധിപത്യത്തിനു മുൻപു നമുക്കു പരിചയമുള്ള ഭരണവ്യവസ്ഥ രാജഭരണമായിരുന്നു. അവിടെ തീരുമാനം എടുക്കുന്നതു രാജാവ് മാത്രമാണ്. രാജാവിൻറെ തീരുമാനം നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം മാത്രമേ ഭരണകൂടത്തിനുള്ളൂ. രാജാവ് തീരുമാനമെടുക്കുന്നതിനു മുൻപു ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ നല്ല രാജാക്കന്മാർ തങ്ങളുടെ പ്രജകളുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ്, അവരുടെ ക്ഷേമത്തിന് ഉതകുന്ന തീരുമാനങ്ങൾ ആണ് എടുത്തിരുന്നത്. എന്നിരുന്നാലും അവിടെ എല്ലാം ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. രാജാവ് നല്ലവനാണെങ്കിൽ രാജ്യം നന്നായി മുന്നോട്ടുപോകും. ജനങ്ങൾക്കു ക്ഷേമവും ഐശ്വര്യവും ഉണ്ടാകും. രാജാവ് ദുഷ്ടനാണെങ്കിൽ ജനങ്ങൾ ദുരിതത്തിലാകും, അചിരേണ രാജ്യം തകരുകയും ചെയ്യും.
ജനാധിപത്യമോ രാജഭരണമോ ഏതാണു നല്ലതെന്നു ചോദിച്ചാൽ അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയില്ല എന്നായിരിക്കും ഭൂരിപക്ഷത്തിൻറെയും മറുപടി. ഇങ്ങനെയൊരു ചോദ്യത്തിനു പോലും നാം ഭൂരിപക്ഷത്തിൻറെ മറുപടിയാണു പരിഗണിക്കുന്നത് എന്നർത്ഥം. ഭൂരിപക്ഷം പറയുന്നതു ശരിയായിരിക്കണം എന്ന ചിന്ത എങ്ങനെയോ നമ്മുടെ മനസ്സിൽ കയറിപ്പറ്റിയിട്ടുണ്ട്. എന്നാൽ അതു ശരിയാണോ? രണ്ടുമൂന്നുദാഹരണങ്ങൾ നോക്കാം.
രണ്ടായിരം വർഷങ്ങൾക്കു മുൻപു നിരപരാധിയായ ഒരു മനുഷ്യനെ കുരിശിൽ തറച്ചുകൊല്ലാൻ വേണ്ട നടപടികളുടെ തുടക്കം സാൻഹെദ്രീൻ സംഘത്തിലെ ഭൂരിപക്ഷ തീരുമാനമായിരുന്നു. അവസാന തീരുമാനമെടുക്കേണ്ട പീലാത്തോസിൻറെ നീതിബോധത്തെപ്പോലും അന്ധമാക്കാൻ ‘അവനെ ക്രൂശിക്കുക’ എന്ന ഭൂരിപക്ഷത്തിൻറെ ആക്രോശത്തിനു കഴിഞ്ഞു. കാരണം അവിടെക്കൂടിയിരുന്നവരിൽ ഭൂരിപക്ഷവും യേശുവിനെ കുരിശിൽ തറച്ചുകൊല്ലാൻ ആഗ്രഹിക്കുന്നവരായിരുന്നു. ഏദൻ തോട്ടത്തിൽ വെറും ഭൂരിപക്ഷമല്ല, നൂറുശതമാനം പേരും ദൈവത്തേക്കാളുപരിയായി സാത്താനെയാണനുസരിച്ചത് എന്നും നമുക്കറിയാം.
അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെ കൊല്ലാനുള്ള വ്യവസ്ഥകൾ എളുപ്പമാക്കിയ നിയമം അയർലൻഡിലെയും ഇന്ത്യയടക്കം മറ്റു പല രാജ്യങ്ങളിലെയും പാർലമെൻറ് പാസ്സാക്കിയതു ഭൂരിപക്ഷപിന്തുണയോടെയായിരുന്നു. സ്വവർഗബന്ധം എന്ന നിന്ദ്യവും ഹീനവുമായ മ്ലേച്ഛകൃത്യം പലരാജ്യങ്ങളിലും നിയമം മൂലം അംഗീകരിച്ചപ്പോൾ അതെല്ലാം അതാതു രാജ്യങ്ങളിലെ പാർലമെൻറിലെ ഭൂരിപക്ഷത്തിൻറെ പിന്തുണ കൊണ്ടായിരുന്നു. ഭൂരിപക്ഷം കൂടെയുണ്ട് എന്നതുകൊണ്ടു മാത്രം പാപം പുണ്യമാകില്ല,, തിന്മ നന്മയുമാകില്ല എന്ന പാഠം നാം പഠിച്ചിരിക്കണം.
രാഷ്ട്രീയരംഗത്തു മാത്രമല്ല, മറ്റെവിടെയും ഭൂരിപക്ഷം തന്നെയാണു തീരുമാനമെടുക്കുന്നത്. അവർ എടുക്കുന്ന തീരുമാനങ്ങളുടെ ആഘാതം നേരിടേണ്ടതു ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാവരുമായിരിക്കാം. പക്ഷെ, എല്ലാവർക്കും വേണ്ടി തീരുമാനമെടുക്കാനുള്ള അധികാരം ഭൂരിപക്ഷത്തിൻറെ കൈയിൽ കൊടുക്കുന്ന പ്രക്രിയയാണു ജനാധിപത്യം.
സഭയിലും ജനാധിപത്യപരമായിട്ടാണു കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതു കർദിനാൾമാരുടെ കോൺക്ലേവിലെ ഭൂരിപക്ഷമനുസരിച്ചാണ്. സഭകളിൽ തീരുമാനമെടുക്കുന്നതു സിനഡിലെ ഭൂരിപക്ഷമനുസരിച്ചാണ്. ഇടവക പൊതുയോഗത്തിൽ തീരുമാനമെടുക്കുന്നതും ഭൂരിപക്ഷമനുസരിച്ചുതന്നെയാണ്. അവിടെയൊന്നും ന്യൂനപക്ഷത്തിൻറെ അഭിപ്രായത്തിനു വില കൽപിക്കപ്പെടുന്നില്ല എന്നതാണ് പൊതു അനുഭവം.
ഭൂരിപക്ഷത്തിൻറെ തീരുമാനത്തിനു ദൈവം വഴങ്ങിക്കൊടുക്കുന്ന ഒരു സംഭവം വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്. ദൈവം നേരിട്ടു ഭരിച്ചിരുന്ന ഇസ്രായേൽ ജനത്തിനു സ്വന്തമായി ഒരു രാജാവ് വേണം എന്ന ആവശ്യം ഉയർന്നപ്പോഴാണത്. സാമുവലിന് ആ ആവശ്യം ഇഷ്ടപ്പെട്ടില്ല. കർത്താവിൻറെ മുൻപിൽ ജനത്തിൻറെ ആവശ്യം സമർപ്പിച്ചപ്പോൾ കർത്താവിനും അത് ഇഷ്ടപ്പെട്ടില്ല. അവിടുന്ന് പറഞ്ഞു ‘ ജനം പറയുന്നതു കേൾക്കുക. അവർ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണു തിരസ്കരിച്ചിരിക്കുന്നത് ( 1 സാമു 8:7). ‘നിങ്ങൾ തെരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്നു നിങ്ങൾ വിലപിക്കും. എന്നാൽ കർത്താവ് നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല’ എന്ന സാമുവലിൻറെ വാക്കുകൾ ജനം അവഗണിച്ചു എന്നാണു തിരുവചനം പറയുന്നത്. കർത്താവ് പറഞ്ഞതനുസരിച്ചു സാമുവൽ സാവൂളിനെ ഇസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു. ശേഷം ചരിത്രമാണ്.
സത്യദൈവത്തിൻറെ പുരോഹിതനായിരുന്നു അഹറോൻ. ഒരു ദോഷവും പറയാനില്ലാത്ത മനുഷ്യൻ. ആ അഹറോനെക്കൊണ്ടു കാളക്കുട്ടിയെ വാർത്തുണ്ടാക്കാൻ പ്രേരിപ്പിച്ചത് ഇസ്രായേൽക്കാരുടെയിടയിലെ ഭൂരിപക്ഷമായിരുന്നു. ഭൂരിപക്ഷം പലപ്പോഴും തിന്മയുടെ പക്ഷമാകുന്നതു നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നു.
അപ്പോൾ ന്യൂനപക്ഷത്തിൻറെ അവസ്ഥ എന്താണ്? അവരുടെ അഭിപ്രായങ്ങൾക്ക് എന്തു വില? നാം ചിന്തിക്കേണ്ട വിഷയമാണിത്. പ്രത്യേകിച്ചും അധാർമികവും ദൈവഹിതത്തിനെതിരുനിൽക്കുന്നതുമായ തീരുമാനങ്ങൾ (ഉദാ; ഗർഭഛിദ്രം, വിവാഹമോചനം, സ്വവർഗബന്ധങ്ങൾ) ഭൂരിപക്ഷത്തിൻറെ മറവിൽ നടത്തിയെടുക്കുമ്പോൾ ധാർമികതയുടെ കൂടെ ദൈവത്തിൻറെ പക്ഷത്തു നിൽക്കുന്ന ന്യൂനപക്ഷത്തിന് എന്തു ചെയ്യാൻ കഴിയും? നിശബ്ദമായി സഹിക്കാം. ശക്തമായി പ്രതിഷേധിക്കാം. അധാർമിക നിയമങ്ങൾക്ക് വഴങ്ങില്ല എന്നു സ്വന്തജീവിതത്തിൽ തീരുമാനമെടുക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഭൂരിപക്ഷവും തിന്മയുടെ സ്വാധീനത്തിൽ ആയിരിക്കുന്ന ഒരു ലോകത്തിൽ സത്യത്തിൻറെ ഭാഗത്തു പിടിച്ചുനിൽക്കുന്ന ചുരുക്കം ചിലരുടെ ജീവിതം അനുദിനമുള്ള കുരിശുമരണം തന്നെയാണ്. കാരണം ഭൂരിപക്ഷത്തിൻറെ കൂടെ നിൽക്കാത്തവരെയെല്ലാം ഭ്രാന്തന്മാരായി ചിത്രീകരിക്കാനുള്ള ത്വര മനുഷ്യസഹജമാണ്.
നാം ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും കണ്ടുകഴിഞ്ഞു. ഇനിയൊരു പക്ഷം കൂടിയുണ്ട്. അതാണ് കർത്താവിൻറെ പക്ഷം. അവരെ കണ്ടെത്താൻ എളുപ്പമാണ്. ലോകം അവരെ മാറ്റി നിർത്തും, ഒറ്റപ്പെടുത്തും, പരിഹസിക്കും, അവരെ ഭ്രാന്തന്മാർ എന്നു മുദ്ര കുത്തും. ലോകം ഭ്രാന്തന്മാർ എന്ന് വിളിക്കുന്ന വിശുദ്ധ ഭ്രാന്തന്മാർ എല്ലാവരും കർത്താവിൻറെ പക്ഷത്തു പെട്ടവരായിരുന്നു. ഫ്രാൻസിസ് അസീസി ഭ്രാന്തനായിരുന്നു. ഫാദർ ഡാമിയൻ ഭ്രാന്തനായിരുന്നു. മദർ തെരേസ ഭ്രാന്തിയായിരുന്നു. ദൈവത്തിൻറെ ഭോഷത്തം മനുഷ്യൻറെ ജ്ഞാനത്തേക്കാൾ വലുതാണെന്നു തിരിച്ചറിഞ്ഞ്, ആ അറിവിൽ ദൈവത്തിനുവേണ്ടി സ്വയം ഭോഷന്മാരായി മാറിയവരെയാണ് നാം കർത്താവിൻറെ പക്ഷത്തുള്ളവർ എന്നു വിളിക്കുന്നത്.
കർത്താവിൻറെ പക്ഷം എന്നു നാം വിശുദ്ധ ഗ്രന്ഥത്തിൽ ആദ്യമായി വായിക്കുന്നത് പുറപ്പാട് പുസ്തകത്തിലാണെന്നു തോന്നുന്നു. കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ ആരാധിച്ച്, അതിൻറെ മുൻപിൽ അഴിഞ്ഞാടിയ ഇസ്രായേൽക്കാരുടെ നേരെ മുഴങ്ങിയ മോശയുടെ ശബ്ദം വിശുദ്ധ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘കർത്താവിൻറെ പക്ഷത്തുള്ളവർ എൻറെ അടുത്തേയ്ക്കു വരട്ടെ’ ( പുറ. 32:27). മോശ കണ്ടതു ഭൂരിപക്ഷത്തെയോ ന്യൂനപക്ഷത്തെയോ അല്ല. കർത്താവിൻറെ പക്ഷത്തുള്ളവരെയാണ്.
ഏലിയാ പ്രവാചകൻ കാർമ്മൽ മലയിൽ വച്ചു വേർതിരിച്ചതും കർത്താവിൻറെ പക്ഷത്തുള്ളവരെയാണ്. ഭൂരിപക്ഷം തനിക്കെതിരാണെന്നു സ്പഷ്ടമായും അറിഞ്ഞിട്ടും ഏലിയായ്ക്കു ഭയമുണ്ടായില്ല. രാജ്ഞിയുടെ സംരക്ഷണയിൽ കഴിയുന്ന ബാലിൻറെ നാനൂറ്റൻപതു പ്രവാചകന്മാരും അഷേരായുടെ നാനൂറു പ്രവാചകരും ഒരു വശത്ത്. മറുവശത്ത് ഏലിയാ തനിയെ. ജനത്തിൻറെ മനസ്സറിയാൻ വേണ്ടി ഏലിയാ ചോദിച്ചു. ‘നിങ്ങൾ എത്രനാൾ രണ്ടുവഞ്ചിയിൽ കാൽ വയ്ക്കും? കർത്താവാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ. ബാലാണ് ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ’ (1 രാജാ 18:21). ജനം ഒന്നും പറഞ്ഞില്ല എന്നാണു വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നത്. അപ്പോൾ അങ്ങനെയും ഒരു പക്ഷമുണ്ട്. ഒന്നും പറയാത്ത ഒരു പക്ഷം. രണ്ടുവഞ്ചിയിലും കാൽ വയ്ക്കുന്ന ഒരു പക്ഷം. പലപ്പോഴും അവർ ഭൂരിപക്ഷമായി മാറുകയും ചെയ്യുന്നു. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുന്ന പക്ഷം. ഗീവർഗീസ് പുണ്യവാളൻറെ കൂടെ സർപ്പത്തിനും നേർച്ചയിടുന്ന ഒരു പക്ഷം ഇന്നെന്നതുപോലെ അന്നും ഉണ്ടായിരുന്നു!
ഭൂരിപക്ഷം പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ന്യൂനപക്ഷവും ശരിയായിക്കൊള്ളണമെന്നില്ല. രണ്ടുവഞ്ചിയിലും കാൽ വയ്ക്കുന്നവർ ഒരിക്കലും ശരിയായിരിക്കില്ല. നമുക്ക് ആശ്രയിക്കാവുന്നത് കർത്താവിൻറെ പക്ഷം മാത്രം. അത് എപ്പോഴും ശരിയായിരിക്കും. കർത്താവിൻറെ പക്ഷത്തു നിന്നുകൊണ്ട് യാത്ര ചെയ്ത്, കർത്താവിൻറെ ഭവനത്തിൽ എത്തിച്ചേരുക എന്നതാണ് ഒരു ക്രിസ്ത്യാനിയുടെ വിളി. അവൻറെ പ്രതീക്ഷ ജനാധിപത്യത്തിലല്ല. രാജഭരണത്തിലാണ്. അവൻറെ രാജ്യത്തിൽ ഏക ഭരണാധികാരി കർത്താവായ യേശുക്രിസ്തു മാത്രമാണ്. ആ രാജാവിൻറെ തീരുമാനം ഒരിക്കലും തെറ്റില്ല.
രാജഭരണം അങ്ങേയറ്റം ദുഷിച്ചുപോയ ഒരു കാലഘട്ടത്തിലായിരുന്നു ദൈവം മനുഷ്യരൂപമെടുത്ത് നമ്മുടെയിടയിലേക്കു വന്നത്. ഒരു കുഞ്ഞിനെ കണ്ടുപിടിക്കാൻ കഴിയാത്തതിൻറെ പേരിൽ ഒരു നഗരത്തിലെ കുഞ്ഞുങ്ങളെ മുഴുവൻ വധിക്കാൻ ഉത്തരവിടുന്ന രാജാവിൻറെ കാലം. രാജാവ് തിന്മയാണ് ചെയ്യുന്നതെന്നു മുഖത്തുനോക്കി പറഞ്ഞ പ്രവാചകൻറെ കഴുത്തുവെട്ടുന്ന കാലം. നീതിപൂർവം തീരുമാനമെടുക്കാൻ അധികാരവും അവകാശവും കടമയും സ്വാതന്ത്ര്യവുമുള്ള ഭരണാധികാരി ഭൂരിപക്ഷത്തിൻറെ ദുശാഠ്യത്തിനു വഴങ്ങി നീതിമാനെ കുരിശിലേറ്റുന്ന കാലം. ദൈവത്തിൻറെ ജനത്തെ അടിമകളാക്കി പീഡിപ്പിച്ചുകൊണ്ടിരുന്ന അങ്ങനെയൊരു രാജഭരണത്തിൻറെ നാളുകളിലാണു സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ് വാർത്തയുമായി യേശു ഭൂമിയിലേക്കു വന്നത്.
അവിടുന്ന് തുറന്നു പറഞ്ഞു, ഞാൻ രാജാവാണ്. ഞാൻ ഇതിനുവേണ്ടിയാണു ലോകത്തിലേക്കു വന്നത്. എൻറെ രാജ്യം ഐഹികമല്ല. വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു കയറി വരുന്ന സീയോൻ പുത്രിയുടെ രാജാവ്. മുൾക്കിരീടവും ചുവന്ന മേലങ്കിയും ധരിപ്പിക്കപ്പെട്ട്, യഹൂദരുടെ രാജാവെന്നു പടയാളികളാൽ ആക്ഷേപിക്കപ്പെട്ടവൻ. സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല എന്നു പറഞ്ഞ സ്വന്തം ജനത്താൽ തള്ളിപ്പറയപ്പെട്ടവൻ.
എന്നാൽ ക്രിസ്തു രാജാവ് തന്നെയാണ്. അതുകൊണ്ടാണ് അവനെ കുരിശുമരണത്തിനു വിധിച്ച പീലാത്തോസ് അവൻറെ കുരിശിലെ ‘ യഹൂദരുടെ രാജാവ്’ എന്ന തലക്കുറി മാറ്റിയെഴുതാൻ തയാറാകാതിരുന്നത്.
ആ ക്രിസ്തു രാജാവായി വീണ്ടും വരും. തന്നെ ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ആ രണ്ടാം വരവെന്നു ഹെബ്രായലേഖകൻ പറയുന്നു ( ഹെബ്രാ. 9:28).
അവൻ വീണ്ടും വരുമെന്നുറപ്പാണ്. എന്നാൽ എപ്പോൾ? രാജഭരണത്തിനുശേഷം വന്ന ജനാധിപത്യവും ദുഷിച്ചുപോവുന്ന നാളുകളിൽ ആയിരിക്കും അവൻറെ തിരിച്ചുവരവ് എന്നു ന്യായമായും ചിന്തിക്കാം.
ഭൂരിപക്ഷവും തിന്മയ്ക്കും അധർമ്മത്തിനും കൂട്ടുനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ജനാധിപത്യം ദുഷിച്ചുപോകാതെ വഴിയില്ല. നമ്മുടെ അവസാനത്തെ പ്രതീക്ഷയായ ജനാധിപത്യവും
കരിന്തിരി കത്തിക്കൊണ്ടിരിക്കുന്ന നാളുകൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇത് ഒരു സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ, സംഘടനയിലെയോ പ്രസ്ഥാനത്തിലെയോ മാത്രം കാര്യമല്ല. ലോകമെങ്ങും, അതു രാഷ്ട്രങ്ങളിലായാലും മത സാമൂഹ്യ സാംസ്കാരികസംഘടനകളിലായാലും ട്രേഡ് യൂണിയനുകളിലായാലും ഐക്യരാഷ്ട്രസഭ പോലുള്ള പ്രസ്ഥാനങ്ങളിലായാലും ഭൂരിപക്ഷം അംഗങ്ങളും പലപ്പോഴും അറിഞ്ഞുകൊണ്ടും ചിലപ്പോഴൊക്കെ അറിയാതെയും കൂട്ടു നിൽക്കുന്നത് തിന്മയ്ക്കാണ്.
ഇതിൽ നിന്നുള്ള മോചനം തത്വചിന്തകർ പറയാറുള്ള ‘ Benevolent Dictator’ ( ഔദാര്യവാനും മനുഷ്യസ്നേഹിയുമായ ഏകാധിപതി) ആണോ? ആശയം എന്ന നിലയ്ക്ക് ആകർഷകമാണെങ്കിലും പ്രയോഗത്തിൽ വരുമ്പോൾ അങ്ങനെയൊരു നല്ല ഏകാധിപതിയെ കണ്ടെത്താൻ നമുക്ക് ചരിത്രത്തിൽ ഇന്നോളം സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നാൽ അത് അസംഭവ്യമായ ഒരു കാര്യമാണെന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുമില്ല. കാരണം അവരുടെ പ്രതീക്ഷ യേശുക്രിസ്തു രാജാവായി വാഴുന്ന ഒരു രാജ്യമാണ്. അങ്ങനെയൊരു കാലം വരുമെന്നും അങ്ങനെയൊരു രാജ്യം സ്ഥാപിതമാകുമെന്നും ഉള്ള ഉറച്ച പ്രത്യാശയിലാണ് ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു നാം കർത്തൃപ്രാർത്ഥനയിൽ യാചിക്കുന്നത്.
കർത്താവിൻറെ ഒന്നാം വരവിൽ ഈ ആദർശരാജ്യം സ്ഥാപിതമാകുമെന്നു കരുതിയവരുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവർ യേശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി രാജാവാക്കാൻ ഉദ്യമിച്ചത്! എന്നാൽ ഈ പ്രതീക്ഷയുടെ സാക്ഷാത്കാരം ചരിത്രത്തിൽ സംഭവിക്കുന്ന ഒന്നല്ല എന്നും ചരിത്രത്തിനുമപ്പുറം – അതായത് യുഗാന്ത്യത്തിൽ – സംഭവിക്കാനുള്ളതാണെന്നും സഭ പഠിപ്പിക്കുന്നു. അങ്ങനെയൊരു ആദർശലോകം ഇവിടെ, ഇപ്പോൾ കെട്ടിപ്പടുക്കാമെന്ന് ആരെങ്കിലും പറയുന്നുണ്ടെകിൽ അതു ശുദ്ധനുണയാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു. ‘യുഗാന്ത്യപരമായ വിധിയിലൂടെ ചരിത്രത്തിനതീതമായി മാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന മെസയാനിക പ്രത്യാശയെ ചരിത്രത്തിൽ തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുന്ന ഓരോ പ്രാവശ്യവും അന്തിക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ ലോകത്ത് പടർന്നു തുടങ്ങുന്നു’ ( CCC 675).
ലോകം വച്ചുനീട്ടുന്ന മോഹനവാഗ്ദാനങ്ങൾ, നല്ലൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ, മാനുഷരെല്ലാരുമൊന്നുപോലെ വാഴുന്ന ഒരു ഏകലോകഭരണത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച സ്വപ്നങ്ങൾ,
എല്ലാം വിരൽ ചൂണ്ടുന്നത്, സഭ നമുക്കു മുന്നറിയിപ്പു തന്നിട്ടുള്ള ആ അന്തിക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ നമ്മുടെ മുകളിൽ പടർന്നുകഴിഞ്ഞിരിക്കുന്നു എന്ന സത്യത്തിലേക്കാണ്.
എന്നാൽ അന്തിമവിജയം കർത്താവിൻറേതുമാത്രമാണ്. അവിടുന്ന് വരിക തന്നെ ചെയ്യും. അവിടുത്തെ രാജ്യത്തിന് അവസാനമുണ്ടാവുകയുമില്ല. നാം ഇപ്പോൾ കാണുന്നതൊക്കെ ആ മഹാസംഭവത്തിൻറെ ഈറ്റുനോവിൻറെ അടയാളങ്ങളാണ്. പുതിയ ആകാശം, പുതിയ ഭൂമി എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ട ചിന്ത, ക്രിസ്തു രാജാവായി വാഴുന്ന ഒരു കാലം അടുത്തുവരുന്നു എന്നതാണ്.
‘ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും. പാമ്പിൻറെ ആഹാരം പൊടിയായിരിക്കും. എൻറെ വിശുദ്ധഗിരിയിൽ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല’ ( ഏശയ്യാ 65:25) എന്നു പ്രവാചകൻ ദീർഘദർശനം ചെയ്ത നാളുകൾ വരിക തന്നെ ചെയ്യും. ആ സനാതനരാജ്യത്തിലെ പൗരത്വമാണു നമുക്കുള്ളതെന്നു പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ. നശ്വരവും ക്ഷണഭംഗുരവുമായ ഈ ലോകത്തിലെ പൗരത്വം വിട്ടുപേക്ഷിച്ച് അനശ്വരവും അക്ഷയവുമായ ക്രിസ്തുവിൻറെ രാജ്യത്തിലെ പൗരത്വം നേടാനായുള്ള ഒരുക്കത്തിൻറെ നാളുകളാണിവ. സമയം കടന്നുപോകുന്നു. ‘ ജീവൻറെ വൃക്ഷത്തിന്മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ ഭാഗ്യവാന്മാർ’ (വെളി 22:14). അവരെയാണു നാം കർത്താവിൻറെ പക്ഷത്തുള്ളവർ എന്നു വിളിക്കുന്നത്.
തൻറെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന മനുഷ്യപുത്രൻ ( മത്തായി 25:31) തൻറെ മുൻപിൽ ഒരുമിച്ചുകൂട്ടപ്പെടുന്ന സകലജനതകളെയും ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നെന്നപോലെ വേർതിരിക്കുമെന്നും തനിക്കായി തെരഞ്ഞെടുത്തവരെ വലതുഭാഗത്തെ നിർത്തുമെന്നും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അതേ, അതു തന്നെയാണു കർത്താവിൻറെ പക്ഷം. ഭൂരിപക്ഷത്തിൻറെ കൂടെ നിന്നാൽ അവിടെ എത്തിക്കൊള്ളണമെന്നില്ല. ന്യൂനപക്ഷത്തിൻറെ കൂടെ നിന്നാലും അവിടെ എത്തിക്കൊള്ളണമെന്നില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനുമപ്പുറം കർത്താവിൻറെ പക്ഷം തിരിച്ചറിയാനുള്ള ജ്ഞാനത്തിനായി നമുക്കു പ്രാർത്ഥിക്കാം.
‘ അങ്ങു ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽ നിന്നു നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആരറിയും! ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി, അങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു; അവർ രക്ഷിക്കപ്പെടും ചെയ്തു’ ( ജ്ഞാനം 9:17-18).
ഏലിയായും മോശയും വിളിച്ചുപറയുന്നു. ‘ കർത്താവിൻറെ പക്ഷത്തുള്ളവർ മാറി നിൽക്കട്ടെ’. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. പൗലോസ് ശ്ലീഹായും പറയുന്നു; നിങ്ങൾ നിർദോഷരും നിഷ്കളങ്കരുമായിത്തീർന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ’ ( ഫിലിപ്പി 2:15). ഏതൊന്നിൻറെ പ്രകാശത്തിൽ ജനതകൾ സഞ്ചരിക്കുമെന്ന് യോഹന്നാൻ ശ്ലീഹാ എഴുതിയിരിക്കുന്നുവോ ആ കുഞ്ഞാടിൻറെ പ്രകാശത്തിൻറെ (വെളി 21:24) പ്രതിഫലനമാവുക എന്നതാണു കർത്താവിൻറെ പക്ഷത്തേക്കു വരുന്ന ഓരോ വ്യക്തിയുടെയും വിളി.
ഇതു തെരഞ്ഞെടുപ്പിൻറെ നാളുകളാണ്. കർത്താവിൻറെ പക്ഷത്തുള്ളവർ മാറി നിൽക്കാനും അവരുടെ നെറ്റിത്തടത്തിൽ ജീവിക്കുന്ന ദൈവത്തിൻറെ മുദ്ര പതിപ്പിക്കപ്പെടാനുമുള്ള നാളുകൾ. കർത്താവിൻറെ പക്ഷത്തുള്ളവർ മാറി നിൽക്കേണ്ട കാലം. നിങ്ങൾ ഏതു പക്ഷത്താണെന്നു സ്വയം തീരുമാനിക്കേണ്ട കാലം. ഇവിടെ ശരിയായ തീരുമാനമെടുക്കാനുള്ള കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.