‘അരാജകത്വത്തിൻറെ അജ്ഞാതശക്തി ഇപ്പോഴേ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ മാത്രം മതി, അവൻ പ്രത്യക്ഷപ്പെടും’ ( 2 തെസ.2:7).
ആരാണ് അവൻ? ആരാണ് അവനെ തടഞ്ഞുനിർത്തിയിരിക്കുന്നത്? അരാജകത്വത്തിൻറെ അജ്ഞാതശക്തി എന്നു പൗലോസ് അപ്പസ്തോലൻ വിശേഷിപ്പിക്കുന്നത് അന്ത്യകാലത്തു പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിർക്രിസ്തു (antichrist) വിനെയാണ്. നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്ന ബോധ്യം ഇനിയും ഇല്ലാത്തവർ ചെയ്യേണ്ടത് പോൾ ആറാമൻ പാപ്പയും ജോൺ പോൾ രണ്ടാമൻ പാപ്പയും ഈ വിഷയത്തിൽ നടത്തിയിട്ടുള്ള പ്രസ്താവനകൾ വായിക്കുകയാണ്. അന്ത്യകാലത്തിൻറെ അടയാളങ്ങൾ ഇതാ പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു എന്നും നാം അന്ത്യകാലത്താണ് ജീവിക്കുന്നത് എന്നും നമുക്കു മുന്നറിയിപ്പു തന്നത് ആ വിശുദ്ധരായിരുന്നല്ലോ.
മനുഷ്യപുത്രൻ പ്രത്യക്ഷനായതു പിശാചിൻറെ പ്രവർത്തികളെ നശിപ്പിക്കാനായിട്ടാണ്. ദുഷ്ടാരൂപിയെ ബഹിഷ്കരിക്കുക എന്ന ആ വലിയ ശുശ്രൂഷ തൻറെ ശിഷ്യന്മാരെ ഏല്പിച്ചതിനുശേഷമാണു ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്തത്. ഇന്നും സഭ ആ ശുശ്രൂഷ ചെയ്യുന്നതു പൗരോഹിത്യത്തിൻറെ പ്രത്യേകാധികാരമുപയോഗിച്ചുകൊണ്ടാണ്. സഭ ഈ ലോകത്തിൽ പ്രവർത്തന നിരതമായിരിക്കുന്നിടത്തോളം കാലം ഭൂമിയിലെ സാത്താൻറെ അവതാരമായ എതിർക്രിസ്തുവിനു സ്വതന്ത്രമായി വിഹരിക്കാനാവില്ല. പരിശുദ്ധകുർബാനയിൽ ഈശോയുടെ സജീവസാന്നിധ്യം ഉണ്ടെന്നു നമ്മെക്കാളധികം അവനു ബോധ്യമുണ്ട്.
അതുകൊണ്ട് അവൻറെ പ്രഥമലക്ഷ്യം സഭയെയും പരിശുദ്ധ കുർബാനയെയും ഇല്ലാതാക്കുക എന്നതായതിൽ അത്ഭുതമില്ല. കൂദാശകളെ തകർക്കാനുള്ള എളുപ്പവഴി കൂദാശകൾ പരികർമ്മം ചെയ്യാൻ നിയുക്തരായ വൈദികരെ തകർക്കുക എന്നതാണ്. ഈയൊരു കാഴ്ചപ്പാടിൽ കൂടി നോക്കിയാൽ സഭയ്ക്കെതിരെയും കൂദാശകൾ ക്കെതിരെയും വൈദികർക്കെതിരെയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ആക്രമണങ്ങളുടെ പിറകിലുള്ള ശക്തി ഏതാണെന്നു നമുക്കു തിരിച്ചറിയാം.
ബഹിഷ്കരണശുശ്രൂഷകൾ മാത്രമല്ല, പരിശുദ്ധകുർബാനകൾ പോലും വിരളമാവുന്ന ഒരു കാലഘട്ടം എന്നത് അസംഭവ്യമല്ല എന്നു മനസിലാക്കാൻ ഇപ്പോൾ നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ ധാരാളം. . അങ്ങനെ സംഭവിച്ചാൽ അതിൻറെയർഥം എതിർക്രിസ്തുവിന് ഈ ലോകത്തിൽ വെളിപ്പെടാനുള്ള തടസ്സം നീങ്ങിക്കഴിഞ്ഞു എന്നാണ്. കണ്ണും കാതും തുറന്നിരിക്കുക. കാരണം അവൻ വരുന്നത് ‘ എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടെയും , സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷ പ്രാപിക്കാനും വിമുഖത കാണിക്കുകയാൽ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കൂടെ ആയിരിക്കും. ആയതിനാൽ വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരിൽ ഉണർത്തും’. ( 2 തെസ. 2:10-11).
വഴിക്കോണുകളിലെ അത്ഭുതങ്ങൾ നോക്കി ആശ്ചര്യപ്പെട്ടുനിൽക്കേണ്ടവരല്ല നാം. എല്ലാ അത്ഭുതങ്ങളും ദൈവത്തിൽ നിന്നായിരിക്കില്ല എന്നതുതന്നെ കാരണം. ആത്മാക്കളെ വിവേച്ചറിയുവിൻ എന്ന തിരുവചനം അതിൻറെ പരിപൂർണ്ണതയിൽ നിറവേറപ്പെടേണ്ട ഇക്കാലത്ത് ഫലത്തിൽ നിന്നു മാത്രമേ വൃക്ഷത്തെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. അതിനുള്ള വഴി യോഹന്നാൻ ശ്ലീഹാ നമുക്കു പറഞ്ഞുതരുന്നുണ്ട്; ‘ യേശുവിനെ ഏറ്റുപറയാത്ത ആത്മാവു ദൈവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള അന്തിക്രിസ്തുവിൻറെ ആത്മാവാണ് അത്. ഇപ്പോൾ തന്നെ അതു ലോകത്തിലുണ്ട്’ (1 യോഹ. 4:3).
യേശുവിനെ ഏറ്റുപറയുക എന്നതിൻറെ അർഥം അവനെ പ്രവാചകനായോ ലോകഗുരുവായോ സാമൂഹ്യപരിഷ്കർത്താവായോ വിപ്ലവകാരിയായോ പാടിപ്പുകഴ്ത്തുക എന്നല്ല. മറിച്ച് യേശു ദൈവപുത്രനും ലോകരക്ഷകനും ഏകരക്ഷകനും ആണെന്നും അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവെന്നും മൂന്നാം നാൾ ഉത്ഥാനം ചെയ്ത് പിതാവിൻറെ വലതുഭാഗത്ത് ഇരിക്കുന്നുവെന്നും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവൻ വീണ്ടും വരുമെന്നും ഉറക്കെ പ്രഘോഷിക്കുക എന്നതാണ്.
നമ്മിൽ പ്രവർത്തിക്കുന്നത് ആരുടെ ആത്മാവാണെന്ന് ആത്മശോധന ചെയ്യേണ്ട കാലമാണിത്. അങ്ങനെ ആത്മാക്കളെ വിവേചിച്ചറിഞ്ഞ് ക്രിസ്തുവിലുള്ളവൻ ക്രിസ്തുവിൽ നിലനിൽക്കട്ടെ. ക്രിസ്തുവിലല്ലാത്തവൻ ക്രിസ്തുവിലേക്കു തിരിയട്ടെ. അവർക്കെല്ലാം വരാനിരിക്കുന്ന കാലത്തു ക്രിസ്തുവിൻറെ മഹത്വത്തിൽ പങ്കുലഭിക്കും. ഒപ്പം തന്നെ ഇക്കാലത്തു പീഡനങ്ങളും.
പ്രവാചകൻ പറയുന്നു; ‘ നിരന്തരദഹനബലി നിർത്തലാക്കുന്നതും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയിരത്തിയിരുന്നൂറ്റിതൊണ്ണൂറു ദിവസം ഉണ്ടാകും. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചു ദിവസം ഉറച്ചു നിൽക്കുന്നവൻ ഭാഗ്യവാൻ’ ( ദാനി. 12:11-12).
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.