നിണമണിഞ്ഞ കാൽപാടുകൾ

ഒരു ക്രൈസ്തവൻറെ വിളി എന്താണ്?  ഈ ചോദ്യത്തിന് ഒരുപാടു  മറുപടികൾ പ്രതീക്ഷിക്കാം.  സത്യദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും, സുവിശേഷം പ്രഘോഷിക്കാൻ, അയൽക്കാരനെ സ്നേഹിക്കാൻ  ഇങ്ങനെയിങ്ങനെ.  ഇതെല്ലം ശരിയുമാണ്. എന്നാൽ കൃത്യമായ അർഥത്തിൽ  ഒരു ക്രിസ്ത്യാനിയുടെ വിളി എന്നതു  ക്രിസ്തുവിനെ അനുകരിക്കുക എന്നതാണ്.  യോഹന്നാൻ ശ്ലീഹാ എഴുതുന്നു ; ‘അവനിൽ  വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ  വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹ. 2:6). 

യേശു നടന്ന വഴികൾ  നമുക്ക് ഒരിക്കൽ കൂടി ഓർത്തെടുക്കാം. നസ്രത്തിൽ നിന്നു ബേത് ലഹേമിലേക്ക്. ബേത്ലഹേമിൽ നിന്ന് ഈജിപ്തിലേക്ക്. തിരിച്ച് നസ്രത്തിലേക്ക്. പിന്നെ  ഗലീലിയിലെ പട്ടണങ്ങൾ.  അവിടെ നിന്നു ജറുസലേമിലേക്കുള്ള യാത്രയിൽ  സമരിയക്കാരുടെ പട്ടണങ്ങൾ, പിന്നെ  ബഥനി,   അവസാനം ജറുസലേം.  ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ നിന്ദനവും തിരസ്കരണവും  ഒറ്റപ്പെടലും  പരിഹാസവും പീഡനവും കൊണ്ട്  മുദ്രിതമായിരുന്നു അവൻ നടന്ന വഴികളെല്ലാം. ഒലിവുമലയും,  സെഹിയോൻ മാളികയും ഗെത് സമേനും  കയ്യഫാസിൻറെയും ഹേറോദോസിൻറെയും പീലാത്തോസിൻറെയും അരമനകളും  കയറിയിറങ്ങിയ  യേശുവിൻറെ യാത്രകളുടെ അവസാനപാദം  എങ്ങനെയായിരിക്കണമെന്നത് ഏഴു നൂറ്റാണ്ടുകൾക്കു  മുൻപേ  ഏശയ്യാ  ദീർഘദർശി പ്രവചിച്ചിരുന്നല്ലോ. നമ്മുടെ വേദനകൾ വഹിച്ചുകൊണ്ട്, നമ്മുടെ ദുഃഖങ്ങൾ ചുമന്നുകൊണ്ട്, നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ടുകൊണ്ട്, നമ്മുടെ അകൃത്യങ്ങൾക്കു വേണ്ടി  ക്ഷതമേല്പിക്കപ്പെട്ടുകൊണ്ട്, അവൻ സ്വയം ഏറ്റെടുത്ത ശിക്ഷ നമുക്കു   രക്ഷ നൽകി.

കൊല്ലാൻ  കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും  രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും  മൗനം പാലിച്ച അവൻ  ഹേറോദോസിനോടും മൗനം പാലിക്കുകയാണ് ചെയ്തത്.  എല്ലാ സത്യവും അറിഞ്ഞുകഴിഞ്ഞിട്ടും എന്താണു  സത്യമെന്നു ചോദിച്ച പീലാത്തോസിൻറെ  മുൻപിലും അവിടുന്നു വായ്  തുറന്നില്ല. തൻറെ ജനത്തിൻറെ പാപം നിമിത്തം  പീഡനമേറ്റ്,  ജീവിക്കുന്നവരുടെ  ഇടയിൽ നിന്ന് വിച്ഛേദിക്കപ്പെട്ട അവനു  കിടക്കാനിടം  ലഭിച്ചതു   ദുഷ്ടരുടെയും ധനികരുടെയും  ഇടയിലായിരുന്നു.

അവനിൽ  വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ  വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു എന്നു വായിക്കുമ്പോൾ ഇതെല്ലം നമ്മുടെ മനസിലേക്കു  വരണം.  വന്നാൽ മാത്രം പോരാ, ആ വചനം  നാം  ഹൃദയത്തിൽ സംഗ്രഹിക്കണം. അതുവഴി   ആ വചനം മുപ്പതു മേനിയും അറുപതു മേനിയും  നൂറുമേനിയും ഫലം പുറപ്പെടുവിക്കണം. അങ്ങനെ ക്രിസ്തു നടന്ന അതേ  വഴിയിലൂടെ നടന്ന അനേകലക്ഷങ്ങളുണ്ട്. അവരുടെ ഓർമ്മകൾ  തിരുശേഷിപ്പുകളായി മാറുന്നു എന്നത് സത്യമാണ്. അതേ സമയം  അവരുടെ ജീവിതം നമുക്ക് ഒരു വെല്ലുവിളിയുമാണ്.  

ക്രിസ്തു നടന്ന അതേ  വഴിയിലൂടെ നടന്നവർ!  സ്വന്തം തലയേക്കാൾ വിലയുള്ളതാണു  സത്യം എന്നു   കരുതിയ  സ്നാപകയോഹന്നാനും തന്നെ കല്ലെറിഞ്ഞവർക്കുവേണ്ടി പ്രാർത്ഥിച്ച  സ്തേഫാനോസും, സുവിശേഷത്തിനുവേണ്ടി പീഡനമേൽക്കുന്നതിൽ ആനന്ദിച്ച പൗലോസും  മറ്റൊരാളുടെ ജീവനു  മറുവിലയായി സ്വന്തം ജീവൻ നൽകിയ മാക്സിമില്യൻ കോൾബെയും  കൊലക്കളത്തിലും ക്രിസ്തുവിനെ തള്ളിപ്പറയാത്ത ലിബിയയിലെ ഇരുപത്തൊന്നു യുവാക്കളും  ചൈനയിലെയും ജപ്പാനിലെയും കൊറിയയിലെയും  പേരറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിനു രക്തസാക്ഷികളും ഒക്കെ  ഈ പട്ടികയിലുണ്ട്.  

ദേവസഹായം പിള്ളയെ ഓർമ്മയില്ലേ? കഴുതപ്പുറമേറി  ജറുസലേമിലേക്കു വന്നവനെ  ഹൃദയത്തിൽ ഏറ്റെടുത്തതിൻറെ പേരിൽ എരുമപ്പുറത്തേററപ്പെടുകയും  എരിക്കിൻപൂമാല ചാർത്തപ്പെടുകയും  കാറ്റാടി മലയെന്ന കാൽവരിയിൽ വച്ച് വെടിയുണ്ടകൾ നൽകിയ അഞ്ചു തിരുമുറിവുകളുമായി സ്വർഗ്ഗത്തിലേക്കു പോവുകയും ചെയ്ത ദേവസഹായം പിള്ള! പരിശുദ്ധ കുർബാന  അർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ  തങ്ങളുടെ ദൈവം മഹാനാണെന്നു  വിളിച്ചു പറഞ്ഞുകൊണ്ട്  ചില കിരാതന്മാർ വെടിവച്ചുകൊന്ന ജാക്വസ് ഹാമെൽ   എന്ന വൃദ്ധ വൈദികനെ ഓർമ്മയില്ലേ?  യേശുക്രിസ്തു ഏകരക്ഷകനാണ് എന്നു  വിളിച്ചുപറഞ്ഞതിൻറെ പേരിൽ   വീട്ടിലും നാട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്ന  ക്രിസ്ത്യാനികളെ കണ്ടിട്ടില്ലേ? ക്രിസ്തു നടന്ന അതേ  വഴികളിലൂടെ,  മുൻപേ നടന്നവരുടെ പിറകെ സ്വർഗം ലക്ഷ്യമാക്കി യാത്ര ചെയ്യന്നവരുടെ  ചെറിയ കൂട്ടമാണ്  സഭ.  ചെറിയ കൂട്ടമെന്നു പറയുമ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം,  ലോകത്തിൽ 240 കോടിയോളം ക്രിസ്ത്യാനികളുണ്ടല്ലോ, അതിൽ തന്നെ 110  കോടിയിലധികം  കത്തോലിക്കരാണ്. എന്നിട്ടും ചെറിയ കൂട്ടമെന്നോ?

തീർച്ചയായും ക്രിസ്തുവിൻറെ വഴിയിലൂടെ  നടക്കാൻ അനേകർ  ശ്രമിക്കുന്നുണ്ട്. കർത്താവു പറഞ്ഞല്ലോ; ‘ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകം പേർ  പ്രവേശിക്കാൻ  ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല’ ( ലൂക്കാ 13:24).  ഇടുങ്ങിയ വാതിലിലൂടെ കടക്കാനുള്ള ഒരേയൊരു തടസം  അമിതവണ്ണമാണ്.  അവിശ്വാസത്തിൻറെയും അഹങ്കാരത്തിൻറെയും  ലോകമോഹങ്ങളുടെയും  ധനമോഹത്തിൻറെയും   സുഖലോലുപതയുടെയും   മദ്യാസക്തിയുടെയും ജീവിതവ്യഗ്രതയുടെയും ദുർമേദസ് ഒന്നുമാത്രമാണ്  ഇടുങ്ങിയ വാതിലോളം ചെന്നിട്ട് അകത്തു പ്രവേശിക്കാനാകാതെ നമ്മെ തിരിച്ചയക്കുന്നത്.  നിത്യകാലം വിലാപവും പല്ലുകടിയും നിറഞ്ഞ ഒരിടമല്ലാതെ  അവിടെനിന്നു തിരിച്ചുപോരാൻ മറ്റൊരിടവുമില്ല എന്നതാണു യഥാർഥദുരന്തം.

സ്വർഗത്തിലേക്കുള്ള ആ ഇടുങ്ങിയ  വാതിലിലൂടെ  കടക്കാൻ പാകത്തിൽ തങ്ങളുടെ ആത്മാവിലും മനസിലും ശരീരത്തിലുമുള്ള ദുർമേദസ്സ്  സഹനത്തിൻറെ  അഗ്നിയിയിലൂടെ  എരിയിച്ചുകളഞ്ഞവരെ നാം  വിശുദ്ധരെന്നും രക്തസാക്ഷികളെന്നും വിളിക്കുന്നു. സ്വർഗത്തിൽ  പ്രവേശിക്കാൻ ഇതിനേക്കാൾ എളുപ്പമുള്ള മറ്റൊരു വഴി ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവർ  അതു തെരഞ്ഞെടുക്കുമായിരുന്നു. എങ്കിൽ നമുക്കും ആ വഴിയേ പോകാമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ  അങ്ങനെയൊരു വഴി  കർത്താവു നമുക്കായി  കുറിച്ചുതന്നിട്ടില്ല.  അനുദിനം സ്വന്തം  കുരിശുമെടുത്തുകൊണ്ടു   തൻറെ പിന്നാലെ ചെല്ലുന്നവർക്കു മാത്രമായി  സംവരണം ചെയ്യപ്പെട്ട  സ്വർഗ്ഗരാജ്യത്തിലെ  ഇരിപ്പിടങ്ങളെക്കുറിച്ചാണല്ലോ അവിടുന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

ഇനി വിശുദ്ധരുടെ കാലമാണ്. അന്ത്യകാല വിശുദ്ധരുടെ കാലം. മുൻകാലങ്ങളിലെ വിശുദ്ധരെക്കാൾ വലിയ വിശുദ്ധർ ഉണ്ടാകുമെന്നു വിശുദ്ധ കൊച്ചുത്രേസ്യ പ്രവചിച്ച കാലം. ഇനി രക്തസാക്ഷികളുടെ കാലമാണ്. ആദിമസഭയിലെ രക്തസാക്ഷികളെ  അതിശയിപ്പിക്കുന്ന തരത്തിൽ  വിശ്വാസത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറുള്ള അന്ത്യകാല രക്തസാക്ഷികളുടെ കാലം. അവരെയോർത്താണു  വിശുദ്ധനായ പോൾ ആറാമൻ മാർപ്പാപ്പ ഇങ്ങനെ പറഞ്ഞത് :  ‘ ഒരു ചെറിയ അജഗണം, അതെത്ര തന്നെ ചെറുതായാലും അവസാനം വരെ  പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്.’  ചെറിയ അജഗണം എന്ന പ്രയോഗം  കർത്താവും ഒരിക്കൽ ഉപയോഗിക്കുന്നുണ്ട്. അതിങ്ങനെയാണ്. ‘ ചെറിയ അജഗണമേ, ഭയപ്പെടേണ്ട, നിങ്ങൾക്കു രാജ്യം നല്കാൻ  പിതാവു പ്രസാദിച്ചിരിക്കുന്നു’.

ലോകജനസംഖ്യയിൽ മൂന്നിലൊന്നു വരുന്ന ക്രിസ്ത്യാനികളിൽ നിന്ന് കർത്താവു  തെരഞ്ഞെടുക്കുന്ന  അന്ത്യകാല വിശുദ്ധരെ ലോകം കാത്തിരിക്കുന്നു.  ക്രിസ്തുവിനു വേണ്ടി എരിയുന്ന പന്തങ്ങളാകാനും   അലറുന്ന സിംഹങ്ങളുടെ  മുന്നിലേക്ക് എറിയപ്പെടാനും  ചെമ്മരിയാടുകളുടെയും കോലാടുകളുടെയും   തോലു ധരിച്ചു നിസ്സഹായരായും  വേദനിക്കുന്നവരായും പീഡിതരായും ( ഹെബ്രാ. 11: 37) അലഞ്ഞുനടക്കാനും  തയ്യാറാകുന്നവരെ  കർത്താവും കാലവും  കാത്തിരിക്കുന്നു.

നമ്മുടെ വിളി അതാണ്.  ഇന്നു  ക്രിസ്ത്യാനി  ആയിരിക്കുക എന്നു  പറഞ്ഞാൽ  അതിനർത്ഥം  രക്തസാക്ഷിയായിരിക്കുക എന്നതാണ്. അതു  മാത്രമാണ്.  ആത്മാവിലോ  മനസിലോ ശരീരത്തിലോ രക്തസാക്ഷിത്വം വരിക്കാത്ത ഒരുവനും   ക്രിസ്ത്യാനി എന്നു    പറയാൻ കഴിയാത്ത കാലം. ഞാൻ കുടിക്കുന്ന പാനപാത്രം  കുടിക്കാൻ നിങ്ങൾക്കു  കഴിയുമോ  എന്നു ചോദിച്ചപ്പോൾ  ‘ഞങ്ങൾക്കു  കഴിയും’ എന്ന്  ആവേശത്തോടെ പറഞ്ഞ  സഹോദരന്മാരിൽ മൂത്തയാളെ  കാൽവരിയുടെ പരിസരത്തെങ്ങും കണ്ടതേയില്ല. നിന്നെ ഒരിക്കലും  തള്ളിപ്പറയില്ല എന്നു  പറഞ്ഞു പാറ പോലെ ഉറച്ചുനിന്ന പത്രോസ്   ഒരു വേലക്കാരിയുടെ  ചോദ്യത്തിൽ വെറും മണൽക്കൂമ്പാരം പോലെ ഒലിച്ചുപോയതും  ആ രാത്രിയിൽ തന്നെയായിരുന്നു.

അതുപോലൊരു രാത്രിയുടെ    നാലാം യാമത്തിലാണു  നാമിപ്പോൾ നിൽക്കുന്നത്.  കുരിശിലേക്ക് ഇനി ഏറെ ദൂരമില്ല. പീലാത്തോസിൻറെ  അരമനയിൽ നമുക്കെതിരായ ആക്രോശങ്ങൾ മുഴങ്ങുന്നുണ്ട്.  നിരപരാധിയെ കുരിശിൽ  തറയ്ക്കാൻ പാകത്തിൽ മെനഞ്ഞെടുത്ത നിയമങ്ങൾ  ഉപയോഗിച്ചു  നീതിമാൻറെ  രക്തം ചിന്താൻ അവർ ഒരുങ്ങിയിരിക്കുന്നു.  അപ്പീൽ കേൾക്കേണ്ട ഹേറോദോസാകട്ടെ   അത്ഭുതങ്ങൾ കാണാൻ കാത്തുനിൽക്കുകയാണ്.  എന്തിന്, തൊട്ടടുത്തു കുരിശിലേറ്റപ്പെട്ടവൻ  പോലും ആവശ്യപ്പെടുന്നത് അത്ഭുതം പ്രവർത്തിക്കാനാണ്!

ക്രിസ്തു നടന്ന അതേ  വഴിയിലൂടെ നടന്ന്, ക്രിസ്തു കിടന്ന അതേ  കുരിശിൽ കിടന്ന്, പിതാവിൻറെ കരങ്ങളിലേക്കു  സ്വന്തം  ആത്മാക്കളെ സമർപ്പിക്കാൻ മാത്രം വിശ്വാസധീരതയുള്ള എത്ര പേരുണ്ട്?  ഞാനും നിങ്ങളും പരാജയപ്പെട്ടുപോകുന്നത്  ഒരുപക്ഷെ കുരിശിൽ കിടന്നുകൊണ്ടു  ക്രിസ്തു പറഞ്ഞ ഒരു വാചകം  ഏറ്റുപറയുന്നതിലായിരിക്കും. ‘പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു  ക്ഷമിക്കണമേ’.

നമ്മെ പീഡിപ്പിക്കുന്നവരോടു  ക്ഷമിക്കാൻ, അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ  കഴിയുന്നവനു   മാത്രമേ ക്രിസ്ത്യാനി എന്ന പേരിന്‌ അർഹതയുള്ളൂ.   വെറുതെ സഹിച്ചു മരിക്കുന്നവരെ  ആരും രക്തസാക്ഷി എന്നു  വിളിക്കാറില്ല.  സഹനങ്ങളെ ക്ഷമയോടെ  ഏറ്റെടുത്ത്,  സഹനത്തിനു കാരണക്കാരായവരോടു  ക്ഷമിച്ചുകൊണ്ടു   മരിക്കുന്നവരാണു  രക്തസാക്ഷികൾ.  മരിയ  ഗൊരേത്തിയെ ഓർമ്മയില്ലേ?  അലക്‌സാണ്ടറിൻറെ കത്തി തൻറെ ശരീരത്തിൽ ഒന്നല്ല, പലവട്ടം ആഴ്ന്നിറങ്ങുമ്പോഴും ആ കൗമാരക്കാരിയുടെ ആകുലത  അലക്‌സാണ്ടറിൻറെ  ആത്മാവ്  നരകത്തിൽ പോകുമോ  എന്നതിലായിരുന്നു.

ഇതാണു  രക്തസാക്ഷിത്വം.  സ്വന്തം മുറിവുകൾ മറ്റുള്ളവരുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുന്ന   മനോഹരമായ  ജീവിതരീതിയുടെ പേരാണു  ക്രിസ്തീയത.   ‘തൻറെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തിട്ടും   അനേകരുടെ പാപഭാരം പേറുകയും   അതിക്രമങ്ങൾക്കുവേണ്ടി  മാധ്യസ്ഥം  വഹിക്കുകയും ചെയ്ത ( ഏശയ്യാ 53:12) യേശുക്രിസ്തു നടന്ന അതേ   വഴികളിലൂടെ നടക്കുന്നവരാണവർ.  അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും  ഒലിവുമരത്തിൽ കായ് കൾ ഇല്ലാതായാലും വയലുകളിൽ  ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻ കൂട്ടം  ആലയിൽ അറ്റുപോയാലും  കന്നുകാലികൾ   തൊഴുത്തിൽ ഇല്ലാതായാലും കർത്താവിൽ ആനന്ദിക്കാൻ  ( ഹബക്കൂക്ക്  3:17) പാകത്തിൽ  തങ്ങളുടെ   മനസിനെ പാകപ്പെടുത്തിയവർ!  നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്നു  സധൈര്യം  പ്രഖ്യാപിച്ച   ഒരാളാണു   വിശ്വാസത്തിൽ നമ്മുടെ പിതാവെന്നു  മേനിപറയുമ്പോൾ  നാം ഇതെല്ലം ഓർക്കുന്നതു നല്ലതാണ്.

മരിയ  വാൾതോർത്ത  പറയുന്നതുപോലെ ‘കർത്താവിൻറെ അവസാനപന്തലിലെ വിശുദ്ധരാകാൻ’ വിളിക്കപ്പെട്ടിരിക്കുന്ന  ഒരു തലമുറയിൽ ജീവിക്കേണ്ടിവരുമ്പോൾ, നമുക്കു മുൻപേ  മുൾമുടി ചൂടി, ചാട്ടവാറടിയേറ്റ്, കുരിശും ചുമന്നു കൊണ്ടു   കാൽവരി മല കയറിയ   അനേകം  വിശുദ്ധരെയും രക്തസാക്ഷികളെയും ഓർക്കാം. അവരുടെ  പ്രാർത്ഥന നമുക്കു കോട്ടയായിരിക്കട്ടെ. 

 സഭ നേരിടേണ്ടിവരുന്ന അന്തിമപീഡനങ്ങളുടെ  തീയിൽ ഉരുകുകയോ  ലോകമെങ്ങും  പരക്കുന്ന മഹാവിശ്വാസത്യാഗത്തിൻറെ  വെയിലത്തു  വാടുകയോ ചെയ്യാത്ത വിശ്വാസികൾക്കുവേണ്ടി   ചില രക്തസാക്ഷികളുടെയെങ്കിലും ജീവിതം ഡിവൈൻ  മേഴ്‌സി  ചാനലിലൂടെ പരിചയപ്പെടുത്തണം എന്നാഗ്രഹിക്കുന്നു. ദൈവം അനുവദിക്കുമെങ്കിൽ  അതു നിവർത്തിതമാകും.

നമുക്കു പ്രാർത്ഥിക്കാം. സകല വിശുദ്ധരേ, രക്തസാക്ഷികളേ, പീഡനങ്ങളിൽ തളരാതെയും  ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള പ്രലോഭനത്തിൽ വീഴാതെയും  അനുദിനം  ഞങ്ങളുടെ കുരിശുമെടുത്തു യേശുവിനു  സാക്ഷ്യം വഹിക്കാനും   ജീവിതം ഒരു ബലിയായി  സമർപ്പിക്കാനുമുള്ള കൃപ  നിങ്ങളുടെയും ഞങ്ങളുടെയും നാഥനും കർത്താവുമായ യേശുക്രിസ്തുവിൽ നിന്നു വാങ്ങിത്തരണമേ. ആമേൻ.