വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 50

കൃപയുടെ അനിശ്ചിതത്വം

1. മാനസാന്തരപ്പെട്ടു കർത്താവിലേക്കു മനസുതിരിയാൻ- കാലതാമസം വരുത്തരുത്, അത്  ഓരോ ദിവസവും  നീട്ടിക്കൊണ്ടുപോകുകയുമരുത്; എന്തെന്നാൽ, അവിടുത്തെ കോപം പെട്ടെന്നു വരും, പ്രതികാരസമയത്ത് അവിടുന്നു നിന്നെ നശിപ്പിക്കും. നാം രക്ഷിക്കപ്പെടണമെങ്കിൽ ഇപ്പോൾത്തന്നെ മാനസാന്തരപ്പെടണമെന്നു   കർത്താവ് ഉദ്‌ബോധിപ്പിക്കുന്നു; കാരണം, നാം ദിനംപ്രതി നമ്മുടെ മാനസാന്തരം നീട്ടിക്കൊണ്ടുപോയാൽ, ദൈവം മേലിൽ നമ്മെ വിളിക്കുകയോ കാത്തിരിക്കുകയോ ചെയ്യാത്ത അവസ്ഥയിലെത്തുകയും  അങ്ങനെ നാം പാപത്തിൽ  ആയിരിക്കുമ്പോൾ മരണം നമ്മെ കീഴടക്കുകയും ചെയ്യുന്ന, പ്രതികാരത്തിൻറെ സമയം വരും; നിത്യശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ പിന്നെ ഒരു മാർഗവുമുണ്ടായിരിക്കുകയില്ല. ദൈവം നമ്മെ സ്നേഹിക്കുകയും നാം നശിച്ചുപോകാതിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ്  അവിടുന്നു നമ്മെ ഈ വിധത്തിൽ ഉപദേശിക്കുന്നത് . ഓ ദൈവമേ, അങ്ങ് എൻറെ രക്ഷ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്; അങ്ങ് എന്നോടു കരുണയോടെ വർത്തിക്കാൻ  ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം; അങ്ങയെ ഇനിയൊരിക്കലും നിന്ദികാത്തിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.  

2. കഷ്ടം! ജീവിതകാലത്തു ദൈവം നിരവധിയായ  ഉദ്‌ബോധനങ്ങൾ നൽകിയ എത്രയെത്ര ആത്മാക്കളാണ് ഇപ്പോൾ ഏറ്റവും ക്രൂരമായ വാളുകളാൽ തുളച്ചുകയറപ്പെട്ടു നരകത്തിൽ കിടക്കുന്നത്! ദൈവം അവരോടു കാണിച്ച കാരുണ്യം അളവറ്റതാണെങ്കിലും  അതുമായി തുലനം ചെയ്യുമ്പോൾ  അവരുടെ അകൃത്യങ്ങൾ അതിഘോരമാണ്.  അതുപോലെതന്നെ അങ്ങ് എൻറെ  മേൽ വർഷിച്ച  കൃപകളും അനുഗ്രഹങ്ങളും അളവറ്റതായതിനാൽ, ഓ യേശുവേ, ഞാൻ അർഹിച്ചിരുന്നതു പോലെ അങ്ങ് എന്നെ നരകശിക്ഷക്കു വിധിച്ചിരുന്നെങ്കിൽ, എൻറെ ശിക്ഷ എത്രയോ  ഘോരമാകുമായിരുന്നു! ഇല്ല, ഞാൻ ഇനിമേലിൽ അങ്ങയോടു നന്ദിഹീനൻ  ആയിരിക്കുകയില്ല. അങ്ങ് ആഗ്രഹിക്കുന്നത് എന്നോടു കല്പിക്കുക, ഞാൻ എല്ലാ കാര്യങ്ങളിലും അങ്ങയെ അനുസരിക്കും. പല പ്രാവശ്യം ഞാൻ അങ്ങയെ ദ്രോഹിച്ചതിനു ഞാൻ മാപ്പപേക്ഷിക്കുന്നു.  ഈ  നിമിഷം മുതൽ  എൻറെ ദൈവവും എൻറെ ഏകനന്മയുമായ  അങ്ങയെ മാത്രം പ്രസാദിപ്പിക്കാനല്ലാതെ , എന്നെ സന്തോഷിപ്പിക്കാൻ  ഞാൻ ആഗ്രഹിക്കുന്നില്ല.

3. മനുഷ്യർ അവരുടെ ലൗകികമായ കാര്യങ്ങളിൽ എത്രമാത്രം ജാഗ്രത പുലർത്തുന്നവരാണ്; എന്നിട്ടും നിത്യതയുടെ കാര്യത്തിൽ അവർ എത്ര അശ്രദ്ധരാണ്! ഒരു മനുഷ്യന്, മറ്റൊരാളിൽ നിന്ന് ഒരു തുക കിട്ടാനുണ്ടെങ്കിൽ, “നാളെ എന്തു  സംഭവിക്കുമെന്ന് ആർക്കറിയാം?” എന്നു  പറഞ്ഞുകൊണ്ട് എത്രയും വേഗം ആ പണം വാങ്ങിയെടുക്കാൻ സാധിക്കുന്നതെല്ലാം  അയാൾ ചെയ്യുന്നു. എന്നിട്ടും, മാസങ്ങളും വർഷങ്ങളുമായി എത്രയോ അധികം പേർ പാപത്തിൽ കഴിയുന്നത് എന്തുകൊണ്ട്? കാരണം, ആത്മാവ് അപകടത്തിലാകുമ്പോൾ, “എന്തു  സംഭവിക്കുമെന്ന് ആർക്കറിയാം?” എന്ന് അവർ പറയുന്നില്ല. എത്ര വിലപ്പെട്ടതായാലും, പണം നഷ്‌ടപ്പെടുകയാണെങ്കിൽ, എല്ലാം നഷ്ടപ്പെടുന്നില്ല; എന്നാൽ ആത്മാവ് നഷ്ടപ്പെടുകയാണെങ്കിൽ, എല്ലാം നഷ്ടപ്പെടും, വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്ലാതെ എന്നെന്നേക്കുമായിത്തന്നെ നഷ്ടപ്പെടും. എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങയുടെ കൃപയ്ക്കു യോഗ്യനാകേണ്ടതിനായി  അങ്ങ് എനിക്കു ജീവൻ നൽകി; എന്നിട്ടും ശൂന്യതയെക്കാളും  മോശമായ ഒരു കാര്യത്തിനായി ഞാൻ പലപ്പോഴും അങ്ങയുടെ കൃപയെ നിരാകരിച്ചു. ഓ അനന്തനന്മയേ, അങ്ങനെ ചെയ്തതിൻറെ പേരിൽ എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽനിന്നു ഞാൻ ഖേദിക്കുന്നതിനാൽ എന്നോടു ക്ഷമിക്കണമേ. ഓ യേശുവേ! അങ്ങയെ സ്നേഹിക്കാൻ എന്നെ നിർബന്ധിക്കാനായി  അങ്ങു  വളരെയധികം സഹിച്ചിട്ടുണ്ട്, അതിനാൽ എൻറെ പരമാവധി ശക്തിയോടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു, എന്നെക്കാൾ കൂടുതൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഓ ദൈവമേ, ഇനി ഒരിക്കലും അങ്ങയെ സ്നേഹിക്കുന്നതു നിർത്താൻ എന്നെ അനുവദിക്കരുതേ. പരിശുദ്ധ മറിയമേ, പരിശുദ്ധ രാജ്ഞീ, എന്നെ സംരക്ഷിക്കണമേ.