നിത്യതയിലേക്കുള്ള യാത്ര
1. മനുഷ്യൻ തൻറെ നിത്യഭവനത്തിലേക്കു പോകണം. ഈ ഭൂമി നമ്മുടെ യഥാർത്ഥ രാജ്യമല്ല; നിത്യതയിലേക്കുള്ള നമ്മുടെ യാത്രയിൽ നാം അതിലൂടെ കടന്നുപോകുന്നു എന്നുമാത്രം. ഞാൻ വസിക്കുന്ന ദേശവും ഞാൻ വസിക്കുന്ന വീടും എൻറേതല്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ, അതും ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവയെ ഉപേക്ഷിക്കണം. അന്ത്യവിധിദിവസം വരെ ആ കല്ലറ ആയിരിക്കും എൻറെ ശരീരത്തിനു വീട്, എന്നാൽ എൻറെ ആത്മാവിൻറെ ഭവനം നിത്യത ആയിരിക്കും, ഞാൻ രക്ഷിക്കപ്പെട്ടാൽ സ്വർഗ്ഗത്തിൽ, ഞാൻ നഷ്ടപ്പെട്ടാൽ നരകത്തിൽ. ഉടനെ ഉപേക്ഷിച്ചുപോകേണ്ട കാര്യങ്ങളിലാണ് എൻറെ താല്പര്യങ്ങൾ എങ്കിൽ, ഞാൻ തീർച്ചയായും വിഡ്ഢിയാണ്. ശാശ്വതമായി എനിക്കു വസിക്കാൻ സാധിക്കുന്ന ആനന്ദത്തിൻറെ ഒരു ഭവനം എനിക്കായി നേടുന്നതിനു വേണ്ടി ഞാൻ ശ്രമിക്കും.
2. മനുഷ്യൻ അവൻറെ നിത്യതയുടെ ഭവനത്തിലേക്കു പോകും. നാം ഓരോരുത്തരും മറ്റൊരു ജീവിതത്തിലേക്കു പോകണമെന്നു നമ്മെ മനസ്സിലാക്കിക്കാൻവേണ്ടി, “അവൻ പോകണം” എന്ന് പറയപ്പെടുന്നു, ഓരോരുത്തരും അവനവൻ തന്നെ തിരഞ്ഞെടുത്ത വീട്ടിലേക്ക് പോകണം: “അവൻ പോകണം”, അവൻ നയിക്കപ്പെടുകയല്ല, മറിച്ച് അങ്ങോട്ടേക്ക് അവൻറെ സ്വതന്ത്രഹിതത്താൽ പോകുകയാണ്. അടുത്ത ജീവിതത്തിൽ രണ്ടു വാസസ്ഥലങ്ങളുണ്ടെന്നു വിശ്വാസം നമ്മെ പഠിപ്പിക്കുന്നു: ഒന്ന് ആനന്ദത്തിൻറെ കൊട്ടാരമാണ്, അവിടെ എല്ലാവരും എന്നെന്നേക്കുമായി സന്തുഷ്ടരാണ്, ഇതാണു പറുദീസ; രണ്ടാമത്തേതു കഠിനമായ ശിക്ഷകളുടെ തടവറയാണ്, അവിടെ എല്ലാവരും എന്നെന്നേക്കുമായി ദുരിതമനുഭവിക്കുകയാണ് ചെയ്യുന്നത്. ഇതാണു നരകം. എൻറെ ആത്മാവേ, ഈ രണ്ടെണ്ണത്തിൽ ഏതിലേക്കാണു പോകേണ്ടതെന്നു നീ സ്വയം തിരഞ്ഞെടുക്കുക. നീ സ്വർഗ്ഗം ആഗ്രഹിക്കുന്നുവെങ്കിൽ, സ്വർഗ്ഗത്തിലേക്കു നയിക്കുന്ന വഴിയിലൂടെ നീ നടക്കണം; നരകത്തിലേക്കു നയിക്കപ്പെടുന്ന വഴിയിൽക്കൂടി നടക്കുന്ന പക്ഷം, ഒരു ദിവസം അവിടെത്തന്നെ എത്തിപ്പെട്ടതായി നീ കാണും. ഓ യേശുവേ, എന്നെ പ്രകാശിപ്പിക്കണമേ; യേശുവേ, എന്നെ ശക്തിപ്പെടുത്തണമേ. അങ്ങയിൽനിന്നു വേർപെടുത്തപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ.
3. മനുഷ്യൻ അവൻറെ നിത്യതയുടെ ഭവനത്തിലേക്കു പോകണം. അപ്പോൾ ഞാൻ രക്ഷിക്കപ്പെട്ട് നിർവൃതിയുടെ ഭവനത്തിൽ കടന്നുവെങ്കിൽ, ഞാൻ അവിടെ എന്നേക്കും സന്തോഷവാൻ ആയിരിക്കും; എന്നാൽ ഞാൻ നഷ്ടപ്പെട്ട്, കഷ്ടതയുടെ ഭവനത്തിൽ പ്രവേശിച്ചാൽ ഞാൻ എന്നേക്കും ദുഃഖിതനായിരിക്കും. അതിനാൽ, ഞാൻ രക്ഷിക്കപ്പെടണമെങ്കിൽ, ഞാൻ എൻറെ കൺമുന്നിൽ എപ്പോഴും നിത്യത കാത്തുസൂക്ഷിക്കണം. നിത്യതയെക്കുറിച്ചു പതിവായി ധ്യാനിക്കുന്നവൻ ഈ ലോകത്തിലെ വസ്തുക്കളിൽ ആകൃഷ്ടനാകുന്നില്ല, അങ്ങനെ അവൻറെ രക്ഷ അവൻ നേടിയെടുക്കുന്നു. അതിനാൽ, സന്തോഷകരമായ നിത്യതയിലേക്കുള്ള ചുവടുകളാകുന്നതിനുവേണ്ടി എൻറെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ഞാൻ ശ്രമിക്കും. ദൈവമേ! നിത്യജീവിതത്തിൽ ഞാൻ വിശ്വസിക്കുന്നു. ഇനിമേലിൽ ഞാൻ അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കും; ഇതുവരെ ഞാൻ എനിക്കുവേണ്ടി ജീവിക്കുകയും എൻറെ പരമനന്മയായ അങ്ങയെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇനി ഒരിക്കലും ഞാൻ അങ്ങയെ നഷ്ടപ്പെടുത്തുകയില്ല; മറിച്ച് എന്നേക്കും അങ്ങയെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യും. ഓ യേശുവേ! എന്നെ സഹായിക്കണമേ, എന്നെ ഉപേക്ഷിക്കരുതേ. പരിശുദ്ധ മറിയമേ, എൻറെ അമ്മേ, എന്നെ സംരക്ഷിക്കണമേ.