തനതുവിധി സമയത്തെ പരിശോധന
1. ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുന്ന അതേ നിമിഷത്തിലും അതേ സ്ഥലത്തും ദിവ്യ ന്യായാസനം സ്ഥാപിക്കപ്പെടുന്നു, കുറ്റപത്രം വായിക്കപ്പെടുന്നു, പരമോന്നത ന്യായാധിപൻ വിധി പ്രഖ്യാപിക്കുന്നു. വിശുദ്ധ പൗലോസ് പറയുന്നു: “താൻ തെരഞ്ഞെടുത്തവരെ ദൈവം അവിടുത്തെ പുത്രന് അനുരൂപരാക്കി. അങ്ങനെ അനുരൂപരാക്കിയവരെ അവിടുന്നു നീതീകരിച്ചു”. അതിനാൽ, നാം മഹത്വത്തിന് അർഹരാക്കപ്പെടണമെങ്കിൽ, നമ്മുടെ ജീവിതം യേശുക്രിസ്തുവിൻറെ ജീവിതത്തിന് അനുരൂപമാക്കണം. ന്യായവിധിയുടെ ദിനത്തിൽ നീതിമാൻ കഷ്ടിച്ചുമാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നു വിശുദ്ധ പത്രോസ് പറയുന്നു. എൻറെ രക്ഷകനും ന്യായാധിപനുമായ യേശുവേ! ഞാൻ ഇതുവരെ – എൻറെ ജീവിതകാലം മുഴുവനും – അങ്ങയുടെ ജീവിതത്തിൻറെ നേർവിപരീതമായിരുന്നതിനാൽ എനിക്കെന്തു സംഭവിക്കും? എന്നാൽ അങ്ങയുടെ പീഡാസഹനമാണ് എൻറെ പ്രത്യാശ. ഞാൻ ഒരു പാപിയാണ്, എന്നാൽ എന്നെ ഒരു വിശുദ്ധനാക്കാൻ അങ്ങേയ്ക്കു കഴിയും, ഈ അനുഗ്രഹം അങ്ങയുടെ സമ്പന്നതയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നു.
2. ധന്യനായ ലൂയിസ് ദെപോണ്ടെ അച്ചൻ, മരണസമയത്തു തൻറെ ജീവിതകാലം മുഴുവൻറെയും കണക്കു നൽകേണ്ടതിനെക്കുറിച്ച് ധ്യാനിച്ചപ്പോൾ, മുറി മുഴുവൻ കുലുങ്ങുന്ന വിധത്തിൽ അദ്ദേഹം വിറച്ചു. അപ്പോൾ ഈ കാര്യത്തെക്കുറിച്ചുള്ള ചിന്തയിൽ നാം എത്രമാത്രം വിറയ്ക്കേണ്ടിയിരിക്കുന്നു! കർത്താവിനെ കണ്ടെത്താമെന്നുള്ള ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുന്നതിൽ നാം എത്രയധികം ജാഗ്രത പുലർത്തുന്നവരായിരിക്കണം! നമ്മുടെ പാപങ്ങളിൽതന്നെ മുന്നോട്ടുപോയാൽ മരണസമയത്ത് കർത്താവിനെ കണ്ടെത്താൻ പ്രയാസമായിരിക്കും; എന്നാൽ ഇപ്പോളാകട്ടെ, അനുതാപവും സ്നേഹവും കൊണ്ടു നമുക്ക് അവിടുത്തെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതെ, എൻറെ ദൈവമേ, എല്ലാ പാപങ്ങളെക്കാളുമുപരിയായി,അങ്ങയെ നിന്ദിച്ചതോർത്തു ഞാൻ ഖേദിക്കുന്നു. ഇപ്പോൾ ഞാൻ എല്ലാ നന്മകൾക്കും ഉപരിയായി അങ്ങയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
3. ജോബ് പറഞ്ഞു: ദൈവം വിധി പ്രസ്താവിക്കുമ്പോൾ ഞാൻ എന്തുചെയ്യും? അവിടുന്ന് എന്നെ പരിശോധിക്കുമ്പോൾ ഞാൻ അവിടുത്തോട് എന്തു ഉത്തരം പറയും? ഇത്രയധികം കാരുണ്യത്തിനും ഇത്രയധികം വിളികൾക്കും ശേഷവും അവിടുത്തോടു മറുതലിച്ചുനിന്നാൽ, ഞാൻ അവിടുത്തോട് എന്തു മറുപടി പറയും? ഇല്ല, കർത്താവേ, ഞാൻ ഇനി മേലിൽ അങ്ങയെ എതിർക്കുകയില്ല, ഇനി ഒരിക്കലും ഞാൻ അങ്ങയോടു കൃതഘ്നനായിരിക്കുകയുമില്ല. ഞാൻ അങ്ങേയ്ക്കെതിരായി അനേകം പാപങ്ങൾ ചെയ്തു, അങ്ങയോട് അവിശ്വസ്തത കാണിച്ചു. എന്നാൽ എൻറെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കാനായി അങ്ങ് അങ്ങയുടെ രക്തം ചൊരിഞ്ഞു. “അങ്ങയുടെ വിലയേറിയ രക്തം ചിന്തിക്കൊണ്ട് അങ്ങ് വീണ്ടെടുത്ത അങ്ങയുടെ ദാസനെ സഹായിക്കണമേ.” എൻറെ പരമ നന്മയേ, അങ്ങയെ വ്രണപ്പെടുത്തിയതിനു ഞാൻ മാപ്പുചോദിക്കുന്നു, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു; എൻറെമേൽ കരുണയായിരിക്കണമേ. എൻറെ അമ്മയായ പരിശുദ്ധ മറിയമേ, എന്നെ ഉപേക്ഷിക്കരുതേ.