എല്ലാവരെയും രക്ഷിക്കാനുള്ള ദൈവഹിതം
1. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നുവെന്ന് അപ്പോസ്തലനായ വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നു: ‘ദൈവത്തിന് എല്ലാ മനുഷ്യരെയും രക്ഷിക്കണം’. വിശുദ്ധ പത്രോസ് പറയുന്നു: ‘ഒരുവൻ പോലും നശിച്ചുപോകാതെ എല്ലാവരും പശ്ചാത്താപത്തിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹിച്ചുകൊണ്ടു കർത്താവ് നിങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു’. ’ ഇതു സാധിതമാക്കുന്നതിനായി ദൈവത്തിൻറെ പുത്രൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്നു മനുഷ്യനായി അവതരിക്കുകയും, മുപ്പത്തിമൂന്നു വർഷം അധ്വാനത്തിലും കഷ്ടപ്പാടുകളിലും ചെലവഴിക്കുകയും, ഒടുവിൽ നമ്മുടെ രക്ഷയ്ക്കായി സ്വന്തം രക്തം ചിന്തി അവിടുന്നു ജീവൻ വെടിയുകയും ചെയ്തു. അങ്ങനെയെങ്കിൽ നമ്മുടെ രക്ഷ നാം നഷ്ടപ്പെടുത്താമോ? എൻറെ രക്ഷകനായ അങ്ങ്, അങ്ങയുടെ ജീവിതകാലം മുഴുവൻ എൻറെ രക്ഷ നേടിയെടുക്കാൻ വേണ്ടി ചെലവഴിച്ചു, എന്നാൽ എൻറെ ജീവിതത്തിൻറെ ഇത്രയധികം വർഷങ്ങൾ ഞാൻ എന്തിനുവേണ്ടിയാണ് ചെലവഴിച്ചത്? ഇതുവരെ എന്നിൽ നിന്ന് എന്തു ഫലമാണ് അങ്ങേയ്ക്കു ലഭിച്ചത്? അങ്ങയിൽ നിന്നു വിച്ഛേദിക്കപ്പെട്ട് നരകത്തിൽ എറിയപ്പെടാൻ ഞാൻ അർഹനാണ്. എന്നാൽ പാപി മരിക്കണമെന്നല്ല, മറിച്ച് അവൻ മാനസാന്തരപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്. അതേ, ദൈവമേ! ഞാൻ എല്ലാം ഉപേക്ഷിച്ച് അങ്ങയിലേക്ക് തിരിയുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ അങ്ങയെ മുറിവേൽപ്പിച്ചതോർത്ത് ഞാൻ ഖേദിക്കുന്നു. എന്നെ സ്വീകരിക്കണമേ, ഇനി ഒരിക്കലും അങ്ങയെ കൈവിടാതിരിക്കാൻ എന്നെ സഹായിക്കണമേ.
2. വിശുദ്ധർ തങ്ങളുടെ നിത്യരക്ഷ നേടുന്നതിനുവേണ്ടി എത്രമാത്രം അധ്വാനിച്ചു! എത്രയോ പ്രഭുക്കന്മാരും രാജാക്കന്മാരും തങ്ങളുടെ രാജ്യത്തെയും ഭൂസ്വത്തുക്കളെയും ഉപേക്ഷിച്ച് ഏകാന്തവാസത്തിൽ ചിലവഴിച്ചു! എത്രയോ യുവാക്കൾ തങ്ങളുടെ നാടിനെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച്, ഗുഹകളിലും മരുഭൂമികളിലും താമസിച്ചു! എത്രയോ രക്തസാക്ഷികൾ അതിക്രൂരമായ പീഡനങ്ങൾ സഹിച്ചുകൊണ്ടു ജീവൻ ബലികഴിച്ചു! എന്തുകൊണ്ട്? അവരുടെ ആത്മാക്കളെ രക്ഷിക്കാൻവേണ്ടിത്തന്നെ. എന്നാൽ നാം എന്തു ചെയ്തു? മരണം വളരെ അടുത്തെത്തിയിരിക്കുന്നുവെന്ന് എനിക്കറിയാമെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാത്ത എനിക്കു ദുരിതം! ഇല്ല, എൻറെ ദൈവമേ, ഞാൻ മേലിൽ ഒരിക്കലും അങ്ങയിൽനിന്ന് അകന്നിരിക്കുകയില്ല. എന്തുകൊണ്ടാണ് ഞാൻ ഇനിയും വൈകിക്കുന്നത്? ഞാൻ ഇപ്പോൾ ആയിരിക്കുന്ന ദയനീയമായ അവസ്ഥയിൽ മരണം എന്നെ കീഴടക്കുമോ? ഇല്ല, എൻറെ ദൈവമേ, മരണത്തിനായി ഒരുങ്ങാൻ അങ്ങ് എന്നെ സഹായിക്കണമേ.
3. ഓ ദൈവമേ, ആത്മാവിനെ രക്ഷിക്കാൻ എന്നെ പ്രാപ്തനാക്കുന്നതിനുവേണ്ടി എൻറെ രക്ഷകൻ എത്രയധികമായി കൃപകൾ എനിക്കു നൽകിയിട്ടുണ്ട്! അവിടുന്ന് സത്യസഭയിൽ ജനിക്കാൻ എന്നെ അനുവദിച്ചു; എൻറെ അതിക്രമങ്ങൾ അവിടുന്ന് എന്നോടു ക്ഷമിച്ചു; പ്രഭാഷണങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ധ്യാനങ്ങളിലൂടെയും പരിശുദ്ധകുർബാനസ്വീകരണത്തിലൂടെയും ആത്മീയാനുഷ്ഠാനങ്ങളിലൂടെയും അവിടുന്നു പലവിധത്തിൽ എൻറെ മനസ്സിനെ പ്രകാശിപ്പിച്ചുകൊണ്ട് എന്നോട് അനുകമ്പ കാണിച്ചു. എല്ലായ്പ്പോഴും അവിടുന്ന് എന്നെ അവിടുത്തെ സ്നേഹത്തിലേക്കു വിളിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, മറ്റുള്ളവർക്കു നൽകാത്ത എത്രയോ രക്ഷാമാർഗങ്ങളാണ് അവിടുന്ന് എനിക്ക് നൽകിയിട്ടുള്ളത്! എന്നിട്ടും, ഓ ദൈവമേ, എപ്പോഴാണ് ഞാൻ എന്നെത്തന്നെ പൂർണമായും ഈ ലോകത്തിൽ നിന്നു വേർപെടുത്തി അങ്ങേയ്ക്കു സമർപ്പിക്കുന്നത്? ഓ യേശുവേ, എന്നെ കടാക്ഷിക്കണമേ! ഞാൻ ഇനിയും മറുതലിക്കില്ല. അങ്ങയെ സ്നേഹിക്കാൻ അങ്ങ് എന്നെ നിർബന്ധിച്ചിരിക്കുന്നു. പൂർണ്ണമായും അങ്ങയുടെതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: അങ്ങ് എന്നെ സ്വീകരിക്കണമേ, ഇതുവരെ അങ്ങയെ വളരെയധികം നിന്ദിച്ച ഒരു പാപിയുടെ സ്നേഹത്തെ അവഗണിക്കരുതേ. എൻറെ ദൈവവും എൻറെ സ്നേഹവും എൻറെ എല്ലാമായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു; എൻറെമേൽ കരുണയായിരിക്കണമേ. ഓ പരിശുദ്ധ മറിയമേ, അങ്ങാണ് എൻറെ പ്രത്യാശ.