വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 37

ക്രൂശിതനായ കർത്താവിൻറെ സ്നേഹം

1. ദിവ്യസ്നേഹത്തെ ജ്വലിപ്പിക്കാനാണ് അവിടുന്നു ഭൂമിയിൽ വന്നതെന്നും ഈ പവിത്രമായ അഗ്നി നമ്മുടെ ഹൃദയത്തിൽ  ജ്വലിക്കുന്നതു  കാണാനല്ലാതെ മറ്റൊന്നും അവിടുന്ന്‌ ആഗ്രഹിച്ചില്ലെന്നും നമ്മുടെ സ്നേഹമുള്ള രക്ഷകൻ പ്രഖ്യാപിക്കുന്നു: ‘ഭൂമിയിൽ തീയിടാനാണു  ഞാൻ വന്നത്, അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ!’  സത്യത്തിൽ, മറ്റെല്ലാം ഉപേക്ഷിച്ച്, ക്രൂശിക്കപ്പെട്ട ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകളാൽ അവിടുത്തെ പരിശുദ്ധസ്നേഹത്തിനു സ്വയം സമർപ്പിക്കാൻ  വേണ്ടി എത്ര ആത്മാക്കൾ അപ്രകാരം സന്തോഷത്തോടെ  ജ്വലിച്ചിട്ടുണ്ട്? ക്രൂശിൽ പീഡകൾ സഹിച്ചു മരിച്ചതിനേക്കാൾ കൂടുതൽ മറ്റെന്താണ്  നമ്മെ താൻ  എത്രമാത്രം  സ്നേഹിച്ചുവെന്നു തെളിയിക്കാനും അതുവഴിയായി  അവിടുത്തെ  സ്നേഹിക്കാൻ നമ്മെ  പ്രേരിപ്പിക്കാനുമായി    യേശുവിനു  ചെയ്യുവാൻ കഴിയുമായിരുന്നത്?  പൗളയിലെ വിശുദ്ധ ഫ്രാൻസിസ്, ക്രൂശിതനായ യേശുവിനെ ആദരവോടെ ധ്യാനിച്ചപ്പോൾ, സ്നേഹത്തിൻറെ നിർവൃതിയിൽ, ആശ്ചര്യത്തോടെ  “ഓ സ്നേഹം, സ്നേഹം, സ്നേഹമേ!”  പറഞ്ഞത് കാരണമില്ലാതെയല്ല.

2. എന്നാൽ കഷ്ടമേ, അത്രമേൽ  സ്നേഹിക്കുന്ന ഒരു ദൈവത്തെ മറന്നുകൊണ്ടാണല്ലോ  മനുഷ്യർ  പൊതുവേ  ജീവിക്കുന്നത്‌!  യേശുക്രിസ്തു എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളും  എനിക്കുവേണ്ടി ഏറ്റെടുത്ത സഹനങ്ങളും  ,  ഏറ്റവും നികൃഷ്ടനായ  ഒരു മനുഷ്യനോ,   അല്ലെങ്കിൽ  ഒരു  അടിമയോ  ചെയ്തിട്ടുണ്ടെങ്കിൽ, അവനെ സ്നേഹിക്കാതെ എനിക്ക് എങ്ങനെ ജീവിക്കാൻ കഴിയും? ഓ ദൈവമേ! ക്രൂശിൽ തൂങ്ങിക്കിടക്കുന്നവൻ ആരാണ്?  എന്നെ സൃഷ്ടിച്ചവൻ തന്നെ ഇപ്പോൾ എനിക്കുവേണ്ടി മരിക്കുന്നു, ആ കുരിശും ആ മുൾക്കിരീടവും , ആ ആണികളും, ആശ്ചര്യപ്പെടുത്തുന്നു.  ആ മുറിവുകൾ ഉച്ചസ്വരത്തിൽ  നമ്മുടെ സ്നേഹം യാചിച്ചുകൊണ്ട്  നിലവിളിക്കുന്നു. 

3. അസ്സീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ് പറയുന്നു:’ ഓ, എന്നോടുള്ള  സ്നേഹം നിമിത്തം മരിച്ച യേശുവേ, അങ്ങയോടുള്ള സ്നേഹത്താൽ ഞാൻ മരിക്കട്ടെ’. നമുക്കുവേണ്ടി മരിച്ച ദൈവത്തിൻറെ സ്നേഹത്തിനു മതിയായ പ്രതിഫലം കൊടുക്കണമെങ്കിൽ  മറ്റൊരു ദൈവം അഅതിനായി  മരിക്കേണ്ടിയിരിക്കുന്നു. യേശുക്രിസ്തുവിൻറെ സ്നേഹത്തിനു പ്രതിഫലമായി നാം ഓരോരുത്തരും ആയിരം പ്രാവശ്യം ജീവൻ നൽകിയാലും അത് ഒന്നുമാവില്ല, അതു വളരെ കുറവായിരിക്കും. എന്നാൽ, നമ്മുടെ ഹൃദയങ്ങൾ യേശുവിനു നൽകുകയാണെങ്കിൽ  യേശു അതിൽ  സംതൃപ്തനാകും. എന്നുവരികിലും അവ പൂർണമായും യേശുവിനു നൽകാതെ അവിടുന്നു തൃപ്തനാകുകയില്ല. ഈ ലക്ഷ്യത്തോടെ അപ്പസ്തോലൻ പറയുന്നു: നമ്മുടെ ഹൃദയങ്ങളുടെ മേൽ പൂർണ്ണമായ  ആധിപത്യം നേടുവാൻ  വേണ്ടിയാണ് അവിടുന്നു  മരിച്ചത്: അവിടുന്ന് മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നാഥൻ ആകേണ്ടതിന്നു തന്നെ. എൻറെ പ്രിയപ്പെട്ട രക്ഷകാ, എങ്ങനെയാണ് എനിക്ക് അങ്ങയെ  എപ്പോഴും മറക്കാൻ കഴിയുക? എൻറെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്നതിനായി പരിഹാസ്യമായ  ഒരു കഴുമരത്തിൽ അങ്ങു പീഡകളേറ്റു മരിക്കുന്നതു കണ്ടതിനു ശേഷവും  എനിക്ക് എങ്ങനെ വേറൊന്നിനെ സ്നേഹിക്കാൻ കഴിയും? എൻറെ പാപങ്ങൾ എങ്ങനെ അങ്ങയെ ഇപ്രകാരം പീഡിപ്പിച്ചുവെന്ന്  അറിയുകയും    അങ്ങേയ്ക്കെതിരായി ചെയ്ത പാപങ്ങളെ ഓർക്കുകയും ചെയ്യുമ്പോൾ   ഞാൻ  അതേക്കുറിച്ചുള്ള ദുഖത്താൽ മരിച്ചുപോകാതിരിക്കുന്നതെങ്ങനെ!  യേശുവേ, എന്നെ സഹായിക്കണമേ; ഞാൻ അങ്ങയെയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല; എന്നെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യണമേ. ഓ പരിശുദ്ധ മറിയമേ, എൻറെ പ്രത്യാശയേ! അങ്ങയുടെ പ്രാർത്ഥനകളാൽ എന്നെ സഹായിക്കണമേ.