പാപിയുടെ അസന്തുഷ്ടജീവിതം
1. ദുഷ്ടന്മാർക്കു സമാധാനമില്ല. തങ്ങളുടെ ഇന്ദ്രിയ മോഹങ്ങളെ തൃപ്തിപ്പെടുത്തുകയോ, പ്രതികാരം ചെയ്യുകയോ, മറ്റൊരാൾക്ക് അവകാശപ്പെട്ടത് എടുക്കുകയോ ചെയ്താൽ സംതൃപ്തി ലഭിക്കുകയും സമാധാനം നേടുകയും ചെയ്യാം എന്നു വിശ്വസിപ്പിച്ചുകൊണ്ടു പാവപ്പെട്ട മനുഷ്യരെ പിശാചു വഞ്ചിക്കുന്നു. എന്നാൽ അതിൻറെ എതിരായിരിക്കും എല്ലായ്‌പ്പോഴും അവർക്കു ലഭിക്കുക, പാപത്തിനു ശേഷം ആത്മാവ് മുൻപത്തേതിനേക്കാൾ അസ്വസ്ഥവും ദുഃഖപൂരിതവുമാകുന്നു. ലോകത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട മൃഗങ്ങൾക്കേ ലോകസുഖങ്ങളിൽ നിന്നു സംതൃപ്തി നേടാൻ കഴിയുകയുള്ളു; എന്നാൽ ദൈവത്തെ ആസ്വദിക്കാനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്, ദൈവത്തിൻറെ ഒരു സൃഷ്ടിയിൽ നിന്നോ അതുമല്ലെങ്കിൽ എല്ലാ സൃഷ്ടികളിലും നിന്നോ പോലും സംതൃപ്തി നേടാൻ കഴിയില്ല; അവൻറെ സന്തോഷത്തിൻറെ ഏക ഉറവിടം ദൈവം മാത്രമാണ്. ഓ എൻറെ ദൈവമേ! ഞാൻ അങ്ങയെ വേദനിപ്പിച്ചുകൊണ്ടു നേടിയ എല്ലാ ആനന്ദങ്ങളിലും ഇപ്പോൾ അവശേഷിക്കുന്നത് എന്നെ വേദനിപ്പിക്കുന്ന കയ്പ്പും സങ്കടവും അല്ലാതെ മറ്റെന്താണ്? എന്നെ വളരെയധികം സ്നേഹിച്ച അങ്ങേയ്ക്ക് അവ നൽകിയ അപ്രീതിയിലല്ലാതെ എനിക്കുണ്ടാകുന്ന വേദനയിൽ ഞാൻ ഖേദിക്കുന്നില്ല.
2. ദുഷ്ടന്മാർ, ശാന്തമാകാൻ കഴിയാത്ത, ഇളകിമറിയുന്ന കടൽ പോലെയാണ്. ദൈവത്തിൻറെ പ്രീതി നഷ്ടപ്പെട്ട ഒരു ആത്മാവ് എപ്പോഴും പ്രക്ഷുബ്ധമായ ഒരു കടൽ പോലെയല്ലാതെ മറ്റെന്താണ്? ഒരു തിരമാല ഉയരുന്നു, അതിനു പിറകേ മറ്റൊന്ന്. എല്ലാം വേദനയുടെയും മനഃക്ലേശത്തിൻറെയും തിരമാലകളാണ്. ലോകത്തിലെ ഒരാൾക്കും സ്വന്തം ഹിതമനുസരിച്ച് എല്ലാം നേടാനാവില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ, പ്രതികൂലസാഹചര്യം വരുമ്പോൾ ദൈവത്തിൻറെ അനുഗ്രഹപൂർണ്ണമായ ഇച്ഛയ്ക്ക് സ്വയം വിട്ടുകൊടുക്കുകയും അങ്ങനെ അവൻറെ ആത്മാവിനു സമാധാനം ഉറപ്പാക്കുകയും ചെയ്യുന്നു; എന്നാൽ ഒരു പാപി, അവൻ ദൈവത്തിൻറെ ശത്രുവായ ഒരു പാപിയ്ക്ക് , ദൈവഹിതത്തെ അവഗണിച്ചുകൊണ്ട് എങ്ങനെ സമാധാനത്തിലായിരിക്കാൻ കഴിയും? കൂടാതെ, എല്ലായ്‌പ്പോഴും പാപത്തോടൊപ്പം ദൈവത്തിൽ നിന്നുള്ള പ്രതികാരത്തെക്കുറിച്ചുള്ള ഭയവും ഉണ്ടാകുന്നു. ആരും പിന്തുടരാത്തപ്പോഴും ദുഷ്ടനായ മനുഷ്യൻ ചെയ്യുന്നു. കാരണം അവൻറെ സ്വന്തം പാപം അവനെ പിന്തുടരുന്നു. അവൻറെ കുറ്റബോധം അവനെ ആധിപിടിപ്പിക്കുകയും വരാനിരിക്കുന്ന നരകശിക്ഷയുടെ മുന്നനുഭവം രുചിക്കുവാൻ അവന് ഇടവരുത്തുകയും ചെയ്യുന്നു. എൻറെ കർത്താവേ, എൻറെ ദൈവമേ! അങ്ങയെ ഉപേക്ഷിച്ചതിനു ഞാൻ അതിയായി ഖേദിക്കുന്നു; അങ്ങ് എന്നോടു ക്ഷമിക്കണമേ, അങ്ങയെ നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ.
3. കർത്താവിൽ ആനന്ദിക്കുക, അവിടുന്നു നിൻറെ ഹൃദയത്തിൻറെ അപേക്ഷകൾ സാധിച്ചുതരും. മനുഷ്യാ, സംതൃപ്തി തേടി നീ എവിടെ പോകുന്നു? ദൈവത്തെ അന്വേഷിക്കുക, അവിടുന്നു നിൻറെ ആത്മാവിൻറെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “മറ്റെല്ലാ നന്മകളും അടങ്ങിയിരിക്കുന്ന ഏക നന്മ മാത്രമായതിനെ അന്വേഷിക്കുക”. വിശുദ്ധ ഫ്രാൻസിസിനെ നോക്കുക: ദൈവവുമായുള്ള ഐക്യത്തിൽ നിലനിന്നുകൊണ്ട് എല്ലാ ലൗകികവസ്തുക്കളും ഉപേക്ഷിച്ചപ്പോൾ, ആ വിശുദ്ധന് ഈ ഭൂമിയിൽത്തന്നെ ഒരു സ്വർഗം കണ്ടെത്താൻ കഴിഞ്ഞു; “എൻറെ ദൈവമേ! എൻറെ ദൈവവും എൻറെ സർവ്വസ്വവുമേ” എന്നു കൂടെക്കൂടെ വിളിച്ചുപറഞ്ഞു, എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയായില്ല. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്ന ആത്മാവു സന്തുഷ്ടനാണ്, എന്തെന്നാൽ ആ ആത്മാവു ദൈവത്തിൽ എല്ലാം കണ്ടെത്തുന്നു.
യേശുവേ! ഞാൻ അർഹിച്ചതുപോലെ എന്നെ ഉപേക്ഷിക്കുന്നതിനുപകരം, അങ്ങ് എനിക്കു പാപക്ഷമ വാഗ്ദാനം ചെയ്യുകയും അങ്ങയുടെ സ്നേഹത്തിലേക്ക് എന്നെ വിളിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത തിന്മയെപ്രതിയുള്ള അതിയായ ദുഃഖഭാരത്താലും, അങ്ങേയ്‌ക്കെതിരായി പല പാപങ്ങൾ ചെയ്തിട്ടും അങ്ങ് എന്നെ സ്നേഹിക്കുന്നു എന്നതിൽ വല്ലാതെ ആകൃഷ്ടനായും അങ്ങയിലേക്കു തിരിച്ചുവരുന്നതു കാണണമേ. അങ്ങ് എന്നെ സ്നേഹിക്കുന്നു, ഞാനും അങ്ങയെ സ്നേഹിക്കുന്നു, എന്നെക്കാളധികമായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ പ്രീതിയിലേക്ക് എന്നെ സ്വീകരിക്കണമേ, അങ്ങയുടെ ഇഷ്ടം പോലെ എന്നോടു ചെയ്യണമേ; അങ്ങയുടെ സ്നേഹം നഷ്ടമാകാൻ മാത്രം എന്നെ അനുവദിക്കരുതേ. പരിശുദ്ധ മറിയമേ, അമ്മേ, എൻറെമേൽ കരുണയായിരിക്കണമേ.