വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 35

ദൈവത്തിൻറെ ന്യായാസനത്തിങ്കൽ  ആത്മാവ് ഹാജരാക്കപ്പെടുമ്പോൾ 

1.വിധികർത്താക്കളുടെ മുമ്പാകെ കുറ്റവാളികളെ ഹാജരാക്കുമ്പോൾ, അവർ ഭയപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്നുവെങ്കിലും, തങ്ങളുടെ  കുറ്റകൃത്യങ്ങൾ തങ്ങൾക്കെതിരെ തെളിയിക്കപ്പെടില്ലെന്നോ അല്ലെങ്കിൽ ആ  ന്യായാധിപന്മാർ തങ്ങൾ  അർഹിക്കുന്ന ശിക്ഷകൾ ഭാഗികമായി ഇളവുചെയ്തുകൊടുക്കുമെന്നോ ഒക്കെ  സ്വയം സമാധാനിക്കുന്നു.  കർത്താവേ, വളരെ കാർക്കശ്യത്തോടെ വിധിക്കുന്ന യേശുക്രിസ്തുവിൻറെ മുമ്പാകെ ഒന്നും മറച്ചുവെക്കാനാവാത്ത കുറ്റവാളിയായ ഒരു ആത്മാവിനെ കൊണ്ടുവരുമ്പോൾ അവൻറെ ഭയം എത്ര വലുതായിരിക്കും!   യേശുക്രിസ്തു  തന്നെയാണു  ന്യായാധിപനും സാക്ഷിയും. അവിടുന്ന് അപ്പോൾ പറയും:  “ഞാനാണു നിൻറെ ന്യായാധിപൻ, നീ എനിക്കെതിരെ ചെയ്ത എല്ലാ കുറ്റങ്ങൾക്കും ഞാൻ സാക്ഷിയാണ്.” എൻറെ യേശുവേ! ഇപ്പോൾ എൻറെ ന്യായവിധിയുടെ സമയം വന്നിരുന്നെങ്കിൽ, അങ്ങയുടെ വായിൽ നിന്ന് ഇതു  കേൾക്കാൻ ഞാൻ അർഹനാണ്. എന്നാൽ, ഇപ്പോൾ എൻറെ പാപങ്ങളെപ്രതി ഞാൻ അനുതപിച്ചാൽ അങ്ങ് ഇനി ഒരിക്കലും അവയെ ഓർക്കുകയില്ലെന്ന്, അങ്ങു സന്തോഷത്തോടെ ഉറപ്പുനൽകുന്നുവല്ലോ. ‘അവൻറെ അകൃത്യങ്ങളൊന്നും ഞാൻ ഓർക്കുകയില്ല.’

2. ആത്മാവു ശരീരത്തിൽ നിന്നു വേർപെടുത്തപ്പെട്ട അതേ സ്ഥലത്തു വച്ചു തന്നെ ആ ആത്മാവു വിധിക്കപ്പെടുമെന്നും, നിത്യജീവൻ അല്ലെങ്കിൽ നിത്യമരണം എന്ന അതിൻറെ വിധി തീരുമാനിക്കപ്പെടുമെന്നും വിശുദ്ധർ  പറയുന്നു.  എന്നാൽ നിർഭാഗ്യകരമായി,പാപാവസ്ഥയിൽ ആത്മാവ് ശരീരത്തിൽ നിന്നു   വിട്ടുപോയാൽ, യേശുക്രിസ്തു ആ ആത്മാവു ദുരുപയോഗം ചെയ്ത കരുണയെയും, അനുതപിക്കാൻ അവിടുന്ന് അനുവദിച്ച വർഷങ്ങളെയും, ആ ആത്മാവിനു നൽകിയ ആഹ്വാനങ്ങളെയും  ആ ആത്മാവിൻറെ രക്ഷ ഉറപ്പുവരുത്തുന്നതിനായി അവിടുന്ന് നൽകിയ മറ്റു പലതിനെക്കുറിച്ചും ഓർമ്മപ്പെടുത്തുമ്പോൾ, എന്തു പറയാൻ കഴിയും? ഓ യേശുവേ, എൻറെ രക്ഷകാ! കഠിന പാപികളെ ശിക്ഷിക്കുന്ന അങ്ങ്, അങ്ങയെ സ്നേഹിക്കുകയും  അങ്ങേയ്ക്കെതിരായി പാപം ചെയ്തതിൽ ദുഃഖിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുന്നില്ല. ഞാനൊരു പാപിയാണ്, എന്നാൽ ഞാൻ അങ്ങയെ എന്നെക്കാൾ സ്നേഹിക്കുന്നു, എല്ലാ തിന്മകൾക്കും ഉപരിയായി അങ്ങയെ അപ്രീതിപ്പെടുത്തിയതിന്  ഞാൻ ഖേദിക്കുകയും ചെയ്യുന്നു; ഓ, അങ്ങ് എന്നെ വിധിക്കുന്ന സമയം വരുന്നതിനുമുമ്പ് അങ്ങ് എന്നോടു ക്ഷമിക്കണമേ!

3. ‘നിങ്ങൾ ചിന്തിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്’. അതിനാൽ, എൻറെ രക്ഷകാ, എൻറെ വിധിയാളാ, എൻറെ മരണശേഷം അങ്ങ് എന്നെ വിധിക്കുമ്പോൾ, എനിക്കുവേണ്ടി പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്ത അങ്ങയുടെ എൻറെ സ്നേഹത്തോടുള്ള നന്ദികേടിന്   എന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌  എനിക്കു  ഭയകാരണമായി  അങ്ങയുടെ മുറിവുകൾ കാണപ്പെടും. എന്നാൽ ഇപ്പോൾ അങ്ങയുടെ തിരുമുറിവുകൾ  എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്നോടുള്ള സ്നേഹത്തെപ്രതി എന്നെ ശിക്ഷിക്കാതിരിക്കുന്നതിനു വേണ്ടി പീഡ സഹിക്കുകയും മരിക്കുകയും ചെയ്ത രക്ഷകനായ അങ്ങയിൽനിന്നു മാപ്പു പ്രതീക്ഷിക്കാനുള്ള ആത്മവിശ്വാസം തരുകയും ചെയ്യുന്നു. അതിനാൽ, ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു: “അങ്ങയുടെ വിലയേറിയ രക്തത്താൽ അങ്ങു വീണ്ടെടുത്ത  അങ്ങയുടെ ദാസന്മാരെ സഹായിക്കണമേ.” ഓ എൻറെ യേശുവേ! അങ്ങയുടെ വിശുദ്ധ രക്തം ആർക്കുവേണ്ടി ചിന്തപ്പെട്ടുവോ ആ ചെമ്മരിയാടുകളിൽ ഒന്നായ എൻറെമേൽ കരുണയായിരിക്കണമേ. ഞാൻ ഇതുവരെ അങ്ങയെ നിന്ദിച്ചുവെങ്കിൽ, ഞാൻ ഇപ്പോൾ അങ്ങയെ എല്ലാറ്റിനുമുപരിയായി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എൻറെ രക്ഷയ്ക്കുള്ള  മാർഗ്ഗങ്ങൾ എനിക്കു വെളിപ്പെടുത്തിത്തരുകയും അങ്ങയുടെ തിരുഹിതം  നിറവേറ്റാൻ എനിക്കു ശക്തി തരുകയും ചെയ്യണമേ. ഞാൻ അങ്ങയുടെ നന്മയെ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ല. ഞാൻ അങ്ങയോടു വളരെയധികം കടപ്പെട്ടിരിക്കുന്നു; അങ്ങയിൽനിന്ന് അകന്നു ജീവിക്കാനോ അങ്ങയുടെ സ്നേഹം നഷ്ടപ്പെടുത്താനോ ഞാൻ ഇനി ഒരിക്കലും അനുവദിക്കുകയില്ല. പരിശുദ്ധ മറിയമേ, കരുണയുടെ മാതാവേ, എന്നോടു കരുണയായിരിക്കണമേ.