പാപം മൂലം ദൈവത്തിൽ നിന്ന് അകന്നുപോകുന്നത്
1. ദൈവത്തിൽ നിന്നു പിന്തിരിയുന്നതാണു മാരക പാപം എന്നു വിശുദ്ധ അഗസ്റ്റിനും വിശുദ്ധ തോമസും നിർവചിക്കുന്നു; അതായത്, ഒരു സൃഷ്ടവസ്തുവിനുവേണ്ടി വേണ്ടി സ്രഷ്ടാവിനെ ഉപേക്ഷിച്ചുകൊണ്ട് ഒരാൾ ദൈവത്തെ കൈവെടിയുന്നു. രാജാവ് ഒരു കൽപന നൽകുമ്പോൾ, ഒരുവൻ അതിനെ പുച്ഛത്തോടെ അവഗണിച്ച് രാജകല്പന ലംഘിക്കാൻ തുനിഞ്ഞാൽ ആ മനുഷ്യൻ എന്തു ശിക്ഷയാണ് അർഹിക്കുന്നത്? പാപി ചെയ്യുന്നതും ഇതുതന്നെയാണ്. അതിനാൽ എന്നേയ്ക്കുമായി ദൈവത്തെ നഷ്ടമാകുക എന്ന വേദന കൊണ്ട് അവൻ നരകത്തിൽ ശിക്ഷിക്കപ്പെടുന്നു, അത് ഈ ജീവിതത്തിൽ തൻറെ പരമ നന്മയായവനെ കൈവെടിഞ്ഞ മനുഷ്യൻ തീർച്ചയായതും അർഹിക്കുന്ന ശിക്ഷ തന്നെ! ഓ എൻറെ ദൈവമേ! ഞാൻ പലപ്പോഴും അങ്ങയെ ഉപേക്ഷിച്ചിരുന്നു; എന്നാൽ അങ്ങ് എന്നെ ഇതുവരെയും കൈവിട്ടിട്ടില്ല എന്നു ഞാൻ അറിയുന്നു; അങ്ങ് എൻറെ അടുത്തേക്കു വരുന്നതും മാനസാന്തരത്തിലേക്ക് എന്നെ ക്ഷണിക്കുന്നതും പാപക്ഷമ എനിക്കു വാഗ്ദാനം ചെയ്യുന്നതും ഞാൻ കാണുന്നു. എല്ലാ തിന്മകൾക്കും ഉപരിയായി അങ്ങയെ ദ്രോഹിച്ചതോർത്തു ഞാൻ ഖേദിക്കുന്നു, അങ്ങ് എൻറെമേൽ കരുണയായിരിക്കണമേ.
2. ‘നീ എന്നെ കൈവിട്ടു, നീ പിറകോട്ടു പോയി’ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; ദൈവം വിലപിക്കുന്നു; ‘നന്ദിഹീനനായ ആത്മാവേ, നീ എന്നെ ഉപേക്ഷിച്ചു. ആദ്യം നീയാണ് എന്നെ ഉപേക്ഷിച്ചത്, അല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിന്നെ കൈവിടുകയില്ലായിരുന്നു; നീ പുറകോട്ടു പോയി’. ദൈവമേ, അങ്ങയുടെ ദിവ്യ ന്യായാസനത്തിൻറെ മുമ്പാകെ വിധിക്കപ്പെടുവാനായി നിൽക്കുമ്പോൾ ഈ വാക്കുകൾ പാപിയായ മനുഷ്യൻറെ ആത്മാവിനെ എന്തുമാത്രം പരിഭ്രാന്തിയിലാഴ്ത്തും! ഓ എൻറെ രക്ഷകനേ, ആ വാക്കുകൾ അങ്ങ് ഇപ്പോൾതന്നെ എന്നെ കേൾപ്പിക്കുന്നു. എന്നാൽ അത് എന്നെ കുറ്റം വിധിക്കാനല്ല, മറിച്ചു ഞാൻ അങ്ങയോടു ചെയ്ത കുറ്റങ്ങൾ ഓർമ്മിപ്പിച്ച് എന്നെ പശ്ചാത്താപത്തിലേക്കു നയിക്കാനാണ്. യേശുവേ! അങ്ങേയ്ക്ക് അപ്രീതി വരുത്തിയ എല്ലാക്കാര്യങ്ങൾക്കുമായി ഞാൻ ആത്മാർത്ഥമായി അനുതപിക്കുന്നു. എൻറെ ദൈവവും എൻറെ പരമാധികാരിയും അനന്ത നന്മയുമായ അങ്ങയെ എൻറെ നികൃഷ്ടമായ സ്വാർത്ഥലാഭത്തിനുവേണ്ടി ഞാൻ ഉപേക്ഷിച്ചു. പശ്ചാത്തപിച്ചുകൊണ്ട് അങ്ങയിലേക്കു മടങ്ങിവരുന്ന എന്നെ കടാക്ഷിക്കണമേ. എന്നെ തള്ളിക്കളയരുതേ.
3. ഇസ്രായേൽ ഭവനമേ, നിങ്ങൾ എന്തിനു മരിക്കണം? നിങ്ങൾ മടങ്ങിവന്നു ജീവിക്കുക. യേശുക്രിസ്തു പറയുന്നു; നിങ്ങളുടെ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ഞാൻ മരിച്ചു, എന്നിട്ടും എന്തുകൊണ്ടാണു നിങ്ങളുടെ പാപങ്ങൾകൊണ്ടു നിങ്ങൾ നിങ്ങളെത്തന്നെ നിത്യമരണത്തിനു അർഹരെന്നു വിധിക്കുന്നത്? എൻറെ അടുക്കലേക്കു മടങ്ങുക, അങ്ങനെയെങ്കിൽ നിങ്ങൾ എൻറെ കൃപ നിറഞ്ഞ ജീവൻ വീണ്ടെടുക്കും. ഓ യേശുവേ! എനിക്കു പാപമോചനം നേടിത്തരാനാണ് അങ്ങു മരിച്ചത് എന്നു ഞാനറിഞ്ഞില്ലായിരുന്നെങ്കിൽ അങ്ങയോടു പാപപ്പൊറുതിയ്ക്കായി യാചിക്കാൻ ഞാൻ ധൈര്യപ്പെടുമായിരുന്നില്ല. കഷ്ടം! അങ്ങയുടെ കൃപയെയും അങ്ങയുടെ സ്നേഹത്തെയും ഞാൻ എത്രയോ തവണ നിന്ദിച്ചു! ഇനിയും അങ്ങയെ ദ്രോഹിക്കുന്നതിനു മുൻപായി ഞാൻ മരിച്ചിരുന്നുവെങ്കിൽ! എന്നാൽ ഞാൻ അങ്ങയെ ദ്രോഹിച്ചപ്പോൾ പോലും എൻറെ അടുത്തുവന്ന അങ്ങ്, ഞാൻ ഇപ്പോൾ അങ്ങയെ സ്നേഹിക്കുകയും അങ്ങയെയല്ലാതെ മറ്റാരെയും അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്നെ തള്ളിക്കളയുകയില്ല. എൻറെ എല്ലാമായ എൻറെ ദൈവമേ, ഞാൻ അങ്ങയോടു കൃതഘ്നനായിരിക്കാൻ ഇനി ഒരിക്കലും എന്നെ അനുവദിക്കരുതേ. എൻറെ രാജ്ഞിയും അമ്മയുമായ പരിശുദ്ധ മറിയമേ, പരിശുദ്ധമായ സ്ഥിരോത്സാഹമെന്ന കൃപ എനിക്കായി നേടിത്തരണമേ.