മരണത്തെപ്പറ്റിയുള്ള നിരന്തര ചിന്ത
1. ഈ ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്ന മനുഷ്യർ, മരണത്തെക്കുറിച്ച് ഓർക്കാതിരിക്കുകയാണെങ്കിൽ മരണത്തെ ഒഴിവാക്കാൻ കഴിയും എന്നതരത്തിൽ അവരുടെ മനസ്സിൽ നിന്നു മരണചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു. എന്നാൽ അതു ശരിയല്ല. മരണത്തെക്കുറിച്ചുള്ള ചിന്തകളെ അവരുടെ മനസ്സിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ, അവർ ദുർമരണം എന്ന വലിയ അപകടത്തിലേക്ക് തങ്ങളെത്തന്നെ വലിച്ചിഴയ്ക്കുകയാണു ചെയ്യുന്നത്. നാം വിചാരിക്കുന്നതിനേക്കാളും നേരത്തെ. അല്ലെങ്കിൽ അതിനേക്കാൾ താമസിച്ച് നാം മരിക്കണം, അതിനു ബദലില്ല; അതിലുപരി, നമുക്ക് ഒരിക്കൽ മാത്രമേ മരിക്കാൻ സാധിക്കൂ; ഒരിക്കൽ നാം നഷ്ടപ്പെട്ടാൽ, നാം എന്നേയ്ക്കുമായി നഷ്ടപ്പെടും. എൻറെ ദൈവമേ, എനിക്ക് ഈ അറിവുതന്നതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങേയ്ക്കെതിരെ പാപം ചെയ്തുകൊണ്ടു ഞാൻ ഇതിനകം നിരവധി വർഷങ്ങൾ നഷ്ടമാക്കി. എന്നാൽ ഇനി എൻറെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയുടെ ശുശ്രൂഷയിൽ ചെലവഴിക്കും. അങ്ങ് എന്താണ് ആഗ്രഹിക്കുന്നതെന്ന് എന്നോടു കൽപിക്കുക, എന്തെന്നാൽ എല്ലാ കാര്യങ്ങളിലും അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
2. മുൻകാലങ്ങളിൽ ഒരു നല്ലമരണം ഉറപ്പാക്കാൻ വേണ്ടി ലോകകാര്യങ്ങൾ വിട്ട് മരുഭൂമിയിലേക്കു പലായനം ചെയ്ത വിശുദ്ധരായ സന്യാസികൾ, അവരുടെ അന്ത്യത്തിൻറെ ഓർമ്മ എപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിനുവേണ്ടി, ചില ആത്മീയ പുസ്തകങ്ങളും പിന്നെ ഒരു തലയോട്ടിയും അല്ലാതെ മറ്റൊന്നും അവർക്കൊപ്പം എടുത്തിരുന്നില്ല. അവർ അതിനെപ്പറ്റി ഇങ്ങനെ പറഞ്ഞുകൊണ്ടു ധ്യാനിച്ചു: “ഈ തലയോട്ടി ആരുടേതായിരുന്നുവോ, അവൻറെ അസ്ഥികൾ പോലെ, എൻറെ ശരീരത്തിലെ അസ്ഥികളും ഒരുദിവസം ആയിത്തീരും. എൻറെ ആത്മാവ് എവിടെയാണു വസിക്കാൻ പോകുന്നത് എന്ന് ആർക്കാണ് അറിയുക?” അപ്രകാരം അവർ ഈലോകവസ്തുക്കൾ നേടാൻ വേണ്ടിയല്ല, മറിച്ച് ഒരിക്കലും അവസാനിക്കാത്ത ജീവിതത്തെ നേടാൻ വേണ്ടി പ്രയത്നിച്ചു. ഓ കർത്താവേ, ഞാൻ പാപാവസ്ഥയിൽ ആയിരുന്നപ്പോൾ എന്നെ മരിക്കാനനുവദിക്കാതിരുന്നതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു, അങ്ങയുടെ വിലയേറിയ രക്തത്തിലൂടെ കരുണയും ക്ഷമയും ഞാൻ പ്രതീക്ഷിക്കുന്നു. ഓ യേശുവേ, എല്ലാം ത്യജിക്കാനും അങ്ങയെ പ്രസാദിപ്പിക്കാൻ എൻറെ കഴിവിൻറെ പരമാവധി ശ്രമിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
3. ഒരു സന്യാസി, അദ്ദേഹത്തിൻറെ മരണസമയത്തു പുഞ്ചിരിക്കുന്നതായി കണ്ടു. അടുത്തുനിന്നവർ അദ്ദേഹത്തോട് എന്തുകൊണ്ടാണ് ഇത്രയധികം സന്തോഷിക്കുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു: “ഞാൻ എപ്പോഴും മരണം എൻറെ മുമ്പിൽ കണ്ടിരുന്നു, അതുകൊണ്ടുതന്നെ മരണം ഇപ്പോൾ വരുന്നു എന്നത് എന്നെ അമ്പരപ്പിക്കുന്നില്ല.” അതായത് ജീവിതകാലത്ത് തന്നെത്തന്നെ തൃപ്തിപ്പെടുത്തുക എന്നതല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവർക്കും തങ്ങളുടെ അന്ത്യത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്തവർക്കും മരണത്തിൻറെ വരവ് അതിഭയങ്കരമാണ്; എന്നാൽ, മരണത്തെക്കുറിച്ചു കൂടെക്കൂടെ ചിന്തിക്കുകയും, എല്ലാ ഭൗമിക വസ്തുക്കളെയും അവജ്ഞയോടെ വീക്ഷിക്കാൻ പഠിക്കുകയും, ദൈവത്തെ മാത്രം സ്നേഹിക്കുകയും ചെയ്തവർക്കു മരണം കഠിനമായ ഒന്നല്ല. ഓ എൻറെ രക്ഷകനേ! മരണം ഇതാ എൻറെ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്നു ഞാൻ മനസ്സിലാക്കുന്നു, എന്നാൽ എനിക്കുവേണ്ടി മരിച്ച അങ്ങേയ്ക്കുവേണ്ടി ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇല്ല, ഓ ദൈവമേ! മരണത്തിനുമുമ്പ്, അനന്തമായ സ്നേഹത്തിനു യോഗ്യനായ അങ്ങയെ ഞാൻ സ്നേഹിക്കും. ഞാൻ ഇന്നുവരെ അങ്ങേയ്ക്കെതിരായി ചെയ്ത പാപങ്ങളാൽ അങ്ങയെ അപമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവയെപ്രതി പൂർണ്ണഹൃദയത്തോടെ ഞാൻ ഖേദിക്കുന്നു. എൻറെ ശക്തിയുടെ പരമാവധി അങ്ങയെ സ്നേഹിച്ചുകൊണ്ടു ഭാവിയിൽ ഞാൻ അങ്ങയെ ബഹുമാനിക്കും. അങ്ങനെ ചെയ്യാൻ എനിക്കു വെളിച്ചവും ശക്തിയും തരണമേ. ഞാൻ പൂർണ്ണമായും അങ്ങയുടെതായിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു, അങ്ങനെയാകാൻ ഞാനും ആഗ്രഹിക്കുന്നു. അങ്ങയുടെ കൃപയാൽ എന്നെ സഹായിക്കണമേ; അങ്ങയിൽ ഞാൻ വിശ്വസമർപ്പിക്കുന്നു. ഓ മറിയമേ, എൻറെ അമ്മേ, എൻറെ പ്രത്യാശയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.