വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 31

രക്ഷ  എന്ന മഹാകാര്യം 

1. എല്ലാ കാര്യങ്ങളിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടതു   നമ്മുടെ നിത്യരക്ഷയുടെ കാര്യമാണ്. എന്നാൽ, വ്യവഹാരം വിജയിക്കുന്നതിനോ, വിവാഹം നടത്തുന്നതിനോ, അഭിലഷണീയമായ ഒരു കാര്യസാധ്യത്തിനോ വേണ്ടി, ഒരു മാർഗവും അവഗണിക്കാതെ, ഉണ്ണാതെ, ഉറങ്ങാതെ, ഉപദേശം നിരസിക്കാതെ മനുഷ്യർ അധ്വാനിക്കുന്നു., എന്നാൽ നിത്യരക്ഷ നേടാനായി ഒന്നും  തന്നെ ചെയ്യുന്നില്ല.  നരകം, സ്വർഗം, നിത്യത എന്നിവയെല്ലാം വിശ്വാസസത്യങ്ങളല്ല, മറിച്ചു കെട്ടുകഥകളാണെന്ന വിധത്തിൽ, നിത്യരക്ഷ നഷ്ടമാക്കുന്ന വിധത്തിൽ, ഈ ലോകകാര്യങ്ങളിൽ നേട്ടം കൊയ്യാൻ വേണ്ടി മാത്രം  മനുഷ്യർ ഉൽസുകരായിരിക്കുന്നതെന്തുകൊണ്ട്!  ദൈവമേ! അങ്ങയുടെ ദിവ്യപ്രകാശത്താൽ എന്നെ സഹായിക്കണമേ; ഞാൻ ഇതുവരെയും ആയിരുന്നതുപോലെ ഇനിമേലിലും  അന്ധനാകാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ. 

2. ഒരു വീടിന്  അപകടം സംഭവിക്കുകയാണെങ്കിൽ,  നാം അത് ഉടനടി നന്നാക്കാതിരിക്കുമോ?  ഒരു രത്നം നഷ്ടപ്പെടുകയാണെങ്കിൽ, അതു  കണ്ടെടുക്കാൻ വേണ്ടതു ചെയ്യുകയില്ലേ? എന്നാൽ ആത്മാവു നശിക്കുകയും, ദൈവകൃപ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യർ  അതേക്കുറിച്ചു ചിന്തിക്കാതെ ഉറങ്ങുകയും ചിരിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ ഭൗതികക്ഷേമത്തിനു  വേണ്ട കാര്യങ്ങൾ  നാം വളരെ ശ്രദ്ധാപൂർവ്വം ചെയ്യുന്നു.  എന്നാൽ നമ്മുടെ നിത്യരക്ഷയെ മിക്കവാറും പൂർണ്ണമായി അവഗണിക്കുകയും ചെയ്യുന്നു!  ദൈവത്തിനുവേണ്ടി എല്ലാം ത്യജിച്ചവരെ നാം സന്തുഷ്ടരെന്നു വിളിക്കുന്നു; എന്നിട്ടും  എന്തുകൊണ്ടാണു നാം ലൗകിക കാര്യങ്ങളിൽ ഇത്രയധികം  ഇഴുകിച്ചേർന്നുപോയത്? ഓ യേശുവേ! അങ്ങയുടെ രക്തം ചിന്തിയും അങ്ങയുടെ ജീവൻ ബലികഴിച്ചും പോലും എൻറെ ആത്മാവിനെ സുരക്ഷിതമാക്കാൻ വേണ്ടി അങ്ങ് എൻറെ രക്ഷ അത്രമാത്രം ആഗ്രഹിച്ചു; എന്നാൽ നിസ്സാര കാര്യങ്ങൾക്കുവേണ്ടി അങ്ങയുടെ കൃപയെ ഉപേക്ഷിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തുകൊണ്ട് അങ്ങയുടെ കൃപയെ കാത്തുസൂക്ഷിക്കുന്നതിൽ ഞാൻ വളരെ നിസ്സംഗനായിരിക്കുന്നു. ഇപ്രകാരം അങ്ങയോട് അനാദരവുകാണിച്ചതിനു കർത്താവേ, എന്നോടു ക്ഷമിക്കണമേ. എല്ലാ സ്നേഹത്തിനും ഏറ്റവും യോഗ്യനായ എൻറെ ദൈവമേ, അങ്ങയുടെ സ്നേഹത്തിൽ മാത്രം  ശ്രദ്ധവയ്ക്കാനായി മറ്റെല്ലാം ഞാൻ ഉപേക്ഷിക്കും

3. നമ്മുടെ ആത്മാക്കളെ രക്ഷിക്കാൻ വേണ്ടി  ദൈവപുത്രൻ സ്വന്തം  ജീവൻ നൽകുന്നു; മറുവശത്തു നമ്മുടെ ആത്മാക്കളെ നിത്യനാശത്തിലേക്കു  കൊണ്ടുപോകാനുള്ള  തൻറെ ശ്രമങ്ങളിൽ പിശാച് ഏറ്റവും ഉത്സാഹമുള്ളവനാണ്. നാം അവയെപ്പറ്റി ശ്രദ്ധിക്കുന്നില്ലേ? തൻറെ ആത്മാവിൻറെ രക്ഷയെക്കുറിച്ച് അശ്രദ്ധനായ മനുഷ്യനാണു  വിഡ്ഢിത്തത്തിൻറെ പരകോടിയിലുള്ള  മനുഷ്യൻ എന്നു വിശുദ്ധ ഫിലിപ്പ് നേരി കുറ്റപ്പെടുത്തുന്നു. നമുക്കു  നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കാം.  ഹ്രസ്വമായ ഈ  ജീവിതത്തിനുശേഷം മറ്റൊരു ജീവിതം നമ്മെ കാത്തിരിക്കുന്നുവെന്നത് ഉറപ്പാണ്, അത് ഒന്നുകിൽ നിത്യമായ സന്തോഷമോ അല്ലെങ്കിൽ നിത്യമായ ദുരിതമോ ആയിരിക്കും. നമുക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാൻ ദൈവം നമുക്കു സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മനുഷ്യനു മുമ്പിൽ ജീവിതവും മരണവും വച്ചിരിക്കുന്നു. . . . അവൻ തിരഞ്ഞെടുക്കുന്നത് അവനു നൽകപ്പെടും. നാം നിത്യത മുഴുവൻ വിലപിക്കാതിരിക്കാനായി  ഇപ്പോൾതന്നെ  നമുക്ക് അത്തരമൊരു  നല്ല തിരഞ്ഞെടുപ്പു   നടത്താം. ദൈവമേ! സൃഷ്ടവസ്തുക്കളോടുള്ള  സ്നേഹം മൂലം  അങ്ങേയ്‌ക്കെതിരായി പാപം ചെയ്‌തുകൊണ്ടും    അങ്ങയെ ഉപേക്ഷിച്ചുകൊണ്ടും  ഞാൻ ചെയ്യുന്ന  വലിയ തെറ്റിനെപ്പറ്റി എന്നെ ബോധവാനാക്കണമേ. എൻറെ പരമ നന്മയായ അങ്ങയെ നിന്ദിച്ചതിൽ ഞാൻ പൂർണ്ണഹൃദയത്തോടെ ഖേദിക്കുന്നു; ഞാൻ അങ്ങയിലേക്കു  മടങ്ങിവരുന്നതിനാൽ ഇപ്പോൾ എന്നെ നിരസിക്കരുതേ. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഭാവിയിൽ അങ്ങയുടെ കൃപ നഷ്ടപ്പെടുത്താതിരിക്കാനായി മറ്റെല്ലാം  ഞാൻ നഷ്ടപ്പെടുത്തും. എനിക്കുവേണ്ടി മരിക്കുക വഴി അങ്ങ് എന്നോടു കാണിച്ച സ്നേഹത്താൽ, അങ്ങയുടെ സഹായം കൊണ്ട് എന്നെ തുണയ്ക്കണമേ, എന്നെ കൈവിടരുതേ. ഓ മാതാവേ, ദൈവത്തിൻറെ അമ്മേ, അങ്ങ് എൻറെ അഭിഭാഷകയായിരിക്കണമേ.