വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 27

ലോകവസ്തുക്കളുടെ മിഥ്യ 

1. ഹ്രസ്വകാലത്തേക്കു  കാണപ്പെടുന്നതും  പിന്നീട്  അപ്രത്യക്ഷമാകുന്നതുമായ  നീരാവിയല്ലാതെ എന്താണു ജീവിതം? എന്താണു  നിൻറെ ജീവിതം? വിശുദ്ധ യാക്കോബ്  പറയുന്നു; കുറച്ചുനേരം പ്രത്യക്ഷപ്പെടുന്നതും അതിനുശേഷം അപ്രത്യക്ഷമാകുന്നതുമായ ഒരു നീരാവി. ഭൂമിയിൽ നിന്നു ഉയർന്നുവരുന്ന ബാഷ്പകണങ്ങൾ അന്തരീക്ഷത്തിലേക്ക്  ഉയരുകയും  സൂര്യരശ്മികളാൽ പ്രകാശിക്കപ്പെടുകയും  ചെയ്യുമ്പോൾ  അതു 

 തിളക്കമാർന്നതും മനോഹരവുമായി കാണപ്പെടും. എന്നാൽ ചെറിയൊരു കാറ്റു പോലും  അവയെ ചിതറിക്കുന്നു, അവ പിന്നീടു കാണപ്പെടുന്നില്ല. ഈ ലോകത്തിൻറെ മഹത്വം ഇതുപോലെതന്നെയാണ്.  ഇന്ന്, ആയിരക്കണക്കിന് ആളുകൾ ഭയപ്പെടുകയും പരിചരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആ പ്രഭുവിനെ കാണുക; നാളെ അവൻ മരിക്കും, എല്ലാവരാലും നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യും. ഒറ്റവാക്കിൽ പറഞ്ഞാൽ, ബഹുമാനം, ആനന്ദം, ധനം എന്നിവയെല്ലാം മരണത്തിൽ അവസാനിക്കണം. ഓ എൻറെ ദൈവമേ! ഞാൻ അങ്ങയെയല്ലാതെ മറ്റൊന്നിനെയും സ്നേഹിക്കാതിരിക്കേണ്ടതിന് അങ്ങയുടെ നന്മയുടെ വലിപ്പത്തെപ്പറ്റി എന്നെ ബോധവാനാക്കണമേ.

2. ഈ ലോകത്തു  മനുഷ്യനു കൈവശമുള്ളതെന്തും മരണം നഷ്ടപ്പെടുത്തുന്നു. ധനവാനായ ഒരു മനുഷ്യനെ മരണശേഷം അവൻറെ കൊട്ടാരത്തിലേക്ക്  ഒരിക്കലും   മടങ്ങിവരാതിരിക്കാൻവേണ്ടി  പുറത്തേക്കു  കൊണ്ടുപോകുന്നതു  കാണുന്നത് എത്ര സങ്കടകരമായ കാഴ്ചയാണ്!  അവൻ അവശേഷിപ്പിച്ച കൃഷിയിടങ്ങൾ, സമ്പത്ത്, അവൻ ഈ അടുത്തകാലത്ത് ആസ്വദിച്ച മറ്റു വസ്തുക്കൾ എന്നിവയെല്ലാം മറ്റുള്ളവർ കൈവശപ്പെടുത്തുന്നതു കാണുക എത്ര സങ്കടകരമാണ്!  അവൻറെ ദാസന്മാർ അവനെ ശവക്കുഴി വരെ  അനുഗമിച്ചതിനു ശേഷം പുഴുക്കൾ  തിന്നുകളയാൻ വേണ്ടി  അവനെ അവിടെ ഉപേക്ഷിക്കുന്നു; പിന്നെ ആരും അവനെ ബഹുമാനിക്കുന്നില്ല, ആരും അവനെ പ്രശംസിക്കുന്നില്ല. പണ്ട് എല്ലാവരും അവൻറെ നിർദ്ദേശം അനുസരിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആരും അവൻറെ ഉത്തരവുകൾ   ശ്രദ്ധിക്കുന്നില്ല. ഓ കർത്താവേ, ഞാൻ എത്ര നികൃഷ്ടനായിപ്പോയി; വളരെയധികം വർഷങ്ങൾ ലോകത്തിൻറെ വ്യർഥതകളെ പിന്തുടർന്ന്, എൻറെ പരമനന്മയായ അങ്ങയെ ഞാൻ ഉപേക്ഷിച്ചു! എന്നാൽ ഇന്നുമുതൽ ഞാൻ എൻറെ ഒരേയൊരു നിധിയായി, എൻറെ ആത്മാവിൻറെ  ഒരേയൊരു സ്നേഹമായി അങ്ങയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.

3. പൊടിയും ചാരവുമായ നീ എന്തുകൊണ്ടാണ് അഹങ്കരിക്കുന്നത്?  സർവ്വശക്തൻ പറയുന്നു: ‘മനുഷ്യാ, ചുരുങ്ങിയ സമയത്തിനുള്ളിൽ നീ പൊടിയും ചാരവും ആയിത്തീരുമെന്നു നീ അറിയുന്നില്ലേ? നിൻറെ ചിന്തകളും ആഗ്രഹങ്ങളും എവിടെയാണു നീ ഉറപ്പിച്ചുവച്ചിരിക്കുന്നത്? മരണം പെട്ടെന്നുതന്നെ നിന്നെ എല്ലാ വസ്തുക്കളിലും നിന്നു കവർന്നെടുക്കുമെന്നും നിന്നെ ഈ ലോകത്തിൽ നിന്നും വേർപെടുത്തുമെന്നും നീ ചിന്തിക്കുക. നീ നിൻറെ ജീവിതത്തിൻറെ കണക്കു നൽകുമ്പോൾ നിന്നിൽ കുറവുള്ളതായി കണ്ടാൽ, നിത്യതയിൽ നിനക്ക് എന്തു സംഭവിക്കും?’  എൻറെ കർത്താവേ, എൻറെ ദൈവമേ, ഞാൻ അങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു. അങ്ങ് എന്നെ രക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാൽ അങ്ങ് എന്നോടു ഇപ്രകാരം സംസാരിക്കുന്നു. അങ്ങയുടെ കരുണ ഇപ്പോൾ ജയിക്കട്ടെ. അങ്ങേക്കെതിരായി പാപം ചെയ്തവർ അനുതപിക്കുന്ന മുറയ്ക്ക് അവർക്കു  മാപ്പു നൽകുമെന്ന് അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നു ഞാൻ പശ്ചാത്തപിക്കുന്നു: അതിനാൽ എനിക്കു  മാപ്പു നൽകണമേ. അങ്ങയെ സ്നേഹിക്കുന്നവരെ  അങ്ങും സ്നേഹിക്കുമെന്നു  വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; എല്ലാറ്റിനുമുപരിയായി ഞാൻ ഇപ്പോൾ അങ്ങയെ സ്നേഹിക്കുന്നു; ആകയാൽ അങ്ങ് എന്നെയും സ്നേഹിക്കുന്നു; ഞാൻ അർഹിക്കുന്നതുപോലെ അങ്ങ് എന്നെ ഇനിയൊരിക്കലും വെറുക്കുകയില്ല. എൻറെ അഭിഭാഷകയായ പരിശുദ്ധ മറിയമേ, അങ്ങയുടെ സംക്ഷണത്തിലാണ് എൻറെ പ്രത്യാശ.